TopTop

മട്ടാഞ്ചേരി ടു തിരുവണ്ണാമലൈ; തെറ്റായ ചരിത്ര, സാംസ്കാരിക നിര്‍മ്മിതികള്‍ക്ക് ക്യാമറകൊണ്ടൊരു തിരുത്ത്

മട്ടാഞ്ചേരി ടു തിരുവണ്ണാമലൈ; തെറ്റായ ചരിത്ര, സാംസ്കാരിക നിര്‍മ്മിതികള്‍ക്ക് ക്യാമറകൊണ്ടൊരു തിരുത്ത്
മട്ടാഞ്ചേരിക്കാരന്‍ അബുള്‍ കലാം ആസാദിന് പുരാതന തീര്‍ഥാടന നഗരമായ തിരുവണ്ണാമലൈയുമായി എന്തു ബന്ധം? പ്രോജക്റ്റ് 365 തിരുവണ്ണാമലൈ’ എന്ന ഫോട്ടോഗ്രാഫി പ്രോജക്റ്റിനെ കുറിച്ചും തിരുവണ്ണാമലൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന 'ഏകലോകം ട്രസ്റ്റ് ഫോര്‍ ഫോട്ടോഗ്രാഫി (ഇ.ടി.പി),' എന്ന സംഘടനയെ കുറിച്ചും കേട്ടപ്പോള്‍ തോന്നിയ സംശയമായിരുന്നു. പ്രമുഖ മാധ്യമങ്ങളുടെയും വാര്‍ത്താ ഏജന്‍സികളുടെയും ജേര്‍ണലിസ്റ്റായും ഫോട്ടോജേര്‍ണലിസ്റ്റായും ഇന്ത്യയിലും വിദേശത്തും ദീര്‍ഘകാലം പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുമായാണ് 2010ല്‍ അബുള്‍ തിരുവണ്ണാമലൈയിലേക്ക് കുടിയേറിയത്.'ഏകലോകം ട്രസ്റ്റ് ഫോര്‍ ഫോട്ടോഗ്രാഫി’ എന്ന സംഘടന രൂപീകരിച്ചുകൊണ്ട് പ്രോജക്റ്റ് 365 തിരുവണ്ണാമലൈ എന്ന പേരില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള 25 ഓളം ഫോട്ടോഗ്രാഫർമാരെ പങ്കെടുപ്പിച്ചുകൊണ്ട് 3000-ത്തിലധികം ദൃശ്യബിംബങ്ങള്‍ സമാഹരിച്ചു കഴിഞ്ഞു. ഇ.ടി.പിയുടെ രണ്ടാമത്തെ പ്രൊജെക്ടാണ് ‘പ്രോജക്റ്റ് 365സംഘകാല തുറമുഖങ്ങൾ’. സംഘ കാലഘട്ടത്തിലെ മൂന്നു പ്രമുഖ തുറമുഖങ്ങളെ അടയാളപ്പെടുത്തുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.


കൊച്ചിയുടെ ചരിത്രഹൃദയമായ മട്ടാഞ്ചേരിയിലാണ് അബുള്‍ കലാം ആസാദ് വളര്‍ന്നത്. ബാല്യകാലം മുതല്‍ ഫോട്ടോഗ്രാഫിയില്‍ പ്രതിഭ തെളിയിച്ച ആസാദ്, അവിടത്തെ ഒരു സ്റ്റുഡിയോയില്‍ അപ്രന്റിസായി ചേര്‍ന്നു. 1980-കളില്‍ മട്ടാഞ്ചേരിയില്‍ 'സെന്‍ സ്റ്റുഡിയോ' തുടങ്ങി. ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ വാര്‍ത്ത ഏജന്‍സികള്‍, വര്‍ത്തമാന പത്രങ്ങള്‍, ആനുകാലികങ്ങള്‍ എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു. 1990മുതൽ 1996വരെ പിടിഐയുടെ ന്യൂഡല്‍ഹി ബ്യൂറോയിലെ ഫോട്ടോജേര്‍ണലിസ്റ്റായി പ്രവര്‍ത്തിച്ചു. ഇതേ സമയം ഉപരിപഠനത്തിനായി ആസാദ് യൂറോപ്പിലേക്ക് പോയി. ഫ്രഞ്ച് സര്‍ക്കാരിന്റെതുള്‍പ്പെടെ നിരവധി സ്‌കോളര്‍ഷിപ്പുകളും യുകെയിലെ ചാള്‍സ് വാലസ് അവാര്‍ഡും നേടി. പിന്നീട് വാർത്താഫോട്ടോഗ്രാഫി മേഖലവിട്ട് ആസാദ് തന്റെ അഭിനിവേശമായിരുന്ന കലാഫോട്ടോഗ്രാഫിയിലേക്ക്കുടിയേറി. 1994ല്‍ കേരള കലാപീഠത്തില്‍ വച്ച് 'ഫ്രൊണ്ടിയര്‍ പീപ്പിള്‍' എന്ന പേരില്‍ ആദ്യ പ്രദര്‍ശനം നടന്നു. 1996-ല്‍ ഡല്‍ഹിയിലെ മാക്‌സ് മുള്ളര്‍ ഭവനിലാണ് ആദ്യ ദേശീയ പ്രദര്‍ശനമായ 'വയലന്‍സ് അണ്‍ഡണ്‍' നടന്നത്. കൂടാതെ നിരവധി ചിത്രപ്രദര്‍ശനങ്ങള്‍ ഇന്ത്യയിലും വിദേശത്തും നടന്നിട്ടുണ്ട്. 2000-ല്‍ മട്ടാഞ്ചേരിയില്‍ തിരിച്ചെത്തിയ ആസാദ് ബസാര്‍ റോഡിനും ഹാര്‍ബറിനും ഇടയിലുള്ള ഒരു പുരാതന പാണ്ടികശാലയിലെ കോട്ടയില്‍ 'മായാലോകം' എന്ന പേരില്‍ മട്ടാഞ്ചേരിയിലെ ആദ്യ കലാ സ്റ്റുഡിയോ സ്ഥാപിച്ചു. സുഹൃത്തുക്കളോടൊപ്പം മായാലോകം ആര്‍ട്ട് കലക്ടീവ് രൂപീകരിച്ചു. മായാലോകം സ്റ്റുഡിയോ, ലില പ്രദര്‍ശനശാല, മസാല കമ്പനി, എന്ന സമാന്തരഡിസൈൻ വില്‍പനശാല എന്നിവ ഉള്‍ക്കൊള്ളുന്നതായിരുന്നു മായാലോകം ആര്‍ട്ട് കളക്ടീവ്. കലാപ്രദര്‍ശനങ്ങളും സൗജന്യ സംഗീതപരിപാടികളും ഇവിടെ പതിവായി സംഘടിപ്പിച്ചു.മായാലോകം കലാ കളക്ടീവ് 2005-ല്‍ ഔദ്ധ്യോഗികമായി പിരിച്ചുവിട്ടെങ്കിലും അതേ കെട്ടിടത്തില്‍ 2010 വരെ ആസാദിന്റെ മായാലോകം സ്റ്റുഡിയോ തുടര്‍ന്നു. 2010-ല്‍ തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലേക്ക് പോയ അബുള്‍ കലാം ആസാദ് സമകാലീന ഫോട്ടോഗ്രാഫുകളും മറ്റ് പ്രസക്ത കലാരൂപകങ്ങളും ശേഖരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിനായി തിരുവണ്ണാമലയില്‍ 2013-ല്‍ 'ഏകലോകം ട്രസ്റ്റ് ഫോര്‍ ഫോട്ടോഗ്രാഫി,' എന്ന സംഘടന രൂപീകരിച്ചു.


സമകാലിക ഫോട്ടോഗ്രാഫിയെക്കുറിച്ചും ഏകലോകം ട്രസ്റ്റ് ഫോര്‍ ഫോട്ടോഗ്രാഫിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളെയും പ്രവര്‍ത്തനങ്ങളെയും  കുറിച്ചും ‘പ്രോജക്റ്റ് 365സംഘകാല തുറമുഖങ്ങൾ’ എന്ന പുതിയ പ്രോജക്റ്റിനെ കുറിച്ചും അബുള്‍ കലാം ആസാദ് സഫിയയോട് സംസാരിക്കുന്നു.സഫിയ: എങ്ങനെയാണ് ഫോട്ടോഗ്രാഫിയോട് താത്പര്യം ഉണ്ടാകുന്നത്? അങ്ങനെ ഒരു പശ്ചാത്തലം ഉണ്ടായിരുന്നോ?

അബുള്‍: എന്റെ ഉപ്പ (ഹനീഫ് റഹ്മാൻ) ഫോട്ടോഗ്രാഫിയില്‍ വളരെ അധികം താത്പര്യമുണ്ടായിരുന്നു. വീട്ടില്‍ അനേകം ഫോട്ടോ ആൽബങ്ങൾ സൂക്ഷിച്ചിരുന്നു. കുമാരനാശാന്‍, നാരായണ ഗുരു, പി കൃഷ്ണപിള്ള, ഇ എം എസ്, എ കെ ജി, നാരായണ ഗുരു, അങ്ങനെ ഒരുപാട് പേരുടെ ഫോട്ടോസ് ശേഖരിച്ചു ഒട്ടിച്ചു വെക്കുമായിരുന്നു. അന്നത്തെ കാലത്ത് അങ്ങനെയാണ് -നേതാക്കന്മാരും കുടുംബക്കാരാണ്, അവരുടെ ചിത്രങ്ങൾ ആയിരുന്നു ആദ്യം. അതുകഴിഞ്ഞിട്ടേയുള്ളൂ ബാപ്പാന്റെയും ഉമ്മാന്റെയും ചിത്രങ്ങൾ. ഇതൊക്കെ ചെറുപ്പത്തിലെ കണ്ടു പരിചയമായിരുന്നു. പിന്നെ ആര്‍ട്ട് പഠിക്കണം എന്നു ആഗ്രഹം ഉണ്ടായിരുന്നു. അപ്പോഴാണ് തിരുവനന്തപുരത്ത് കോളേജ് തുടങ്ങുന്നത്. അത് പറഞ്ഞപ്പോള്‍ വീട്ടില്‍ തര്‍ക്കം ഉണ്ടായി..“അത് വേണോ?” “അത് പഠിച്ചിട്ടു എന്തു ഗുണം?” “ആര്‍ട്ടിസ്റ്റായിട്ടു എന്താ കാര്യം?”- അങ്ങനെ പലചോദ്യങ്ങൾ. അതോടെ ആ ആശയും ഞാൻ ഉപേക്ഷിച്ചു. പിന്നെ കുറെക്കാലം എസ്.എഫ്.ഐ പ്രവർത്തനവുമായി നടന്നു, ഡ്രോപ് ഔട്ട് ചെയ്തു. അതുകഴിഞ്ഞു ഒരു സമ്മര്‍ വെക്കേഷന് ഞാന്‍ അടുത്തുള്ള ഒരു ലോക്കല്‍ സ്റ്റുഡിയോയില്‍ ഫോട്ടോഗ്രാഫി പഠിക്കാന്‍ നിന്നു. അന്നൊക്കെ സമ്മര്‍ വെക്കേഷന് കുട്ടികള്‍ ഏതെങ്കിലും കൈതൊഴിൽ പഠിക്കാന്‍ പോവുകയാണ് പതിവ്. ആ സമയത്ത് എന്റെ വാപ്പ എനിക്കൊരു പ്രചോദനം ആയിരുന്നു. അദ്ദേഹം വളരെ അധികം എന്നെ ഫോട്ടോ എടുക്കാന്‍ പ്രോത്സാഹിപ്പിക്കും. അന്നത്തെ കാലത്ത് കല്യാണം പോലെയുള്ള ചില ഇവെന്‍റ് ഒക്കെ ഫോട്ടോ എടുത്തു കാശ് സമ്പാദിക്കുമായിരുന്നു. അക്കാലത്ത് നിരവധി കല്യാണങ്ങൾ ഫോട്ടോ എടുത്തിട്ടുണ്ട്.

സഫിയ: പത്രപ്രവര്‍ത്തനത്തിലേക്ക് വന്നത് എങ്ങനെയാണ്?

അബുള്‍: കമ്മ്യൂണിസ്റ്റ് ചിന്തകളുള്ളത് കാരണം എനിക്കു പത്രപ്രവര്‍ത്തനത്തിനോട് ഒരു താത്പര്യം ഉണ്ടായിരുന്നു. സത്യം പുറത്തു കൊണ്ടുവരണം എന്ന ആഗ്രഹമായിരുന്നു അതിനു പുറകിൽ. പിന്നീട് പത്തിരുപതു വർഷം ഫോട്ടോജേർണലിസ്റ്റായി പ്രവർത്തിച്ചപ്പോഴാണ് പത്രങ്ങളിലൂടെ സത്യം പുറത്തേക്കു വരില്ല എന്നൊരു ബോധ്യം വന്നത്. കൃത്യമായി മനസിലായത് 1991-ല്‍ കാശ്മീരിലും മറ്റും ജോലി എടുക്കുന്ന സമയത്താണ്. ജേര്‍ണലിസ്റ്റുകൾ എഴുതി കൊടുക്കുന്നതിനോട് ഒരു തരത്തിലും സാമ്യം ഇല്ലാതെയും, പല വസ്തുതകൾ മറച്ചു വെച്ചും വളച്ചൊടിച്ചുമാണ് വാർത്തകൾ അച്ചടിച്ച് വന്നുകൊണ്ടിരുന്നത്.

പത്രപ്രവര്‍ത്തനം തുടങ്ങിയത് മാതൃഭൂമിയിലാണ്.  ഹിന്ദുവില്‍ ജോലി ചെയ്തിട്ടുണ്ട്. പി.ടി.ഐയിലാണ് ഞാന്‍ അധികകാലം ജോലി ചെയ്തത്. ആ കാലഘട്ടം അസ്വസ്ഥമായൊരു രാഷ്ട്രീയ അന്തരീക്ഷത്തിന്റേതായിരുന്നു. മണ്ഡൽ കമ്മീഷൻ, ബാബരി മസ്ജിദ് പോലുള്ള രാഷ്ട്രീയ സമരങ്ങൾ. ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്നത് ആ കാലങ്ങളിലാണ്. അന്ന് ‘സ്വത്വ വിചാരം’എന്നൊന്ന് നമുക്കിടയിൽ ഇല്ല. കേരളത്തില്‍ നിന്നു പോയ, എസ്.എഫ്.ഐ പശ്ചാത്തലമുള്ള എനിക്ക് പ്രത്യേകമായ ഒരു ഇസ്ലാമിക് വിചാരമൊന്നും ഇല്ല. അപ്പോഴാണ് പള്ളി പൊളിക്കുന്നത്. അന്ന് ശശികുമാര്‍, ജോൺ ചെറിയാൻ, സുഹൈൽ ഹാഷ്മി, ചിന്ത രവി, കെ പി കുമാരൻ, സക്കറിയ -ഇവരെല്ലാം പി.ടി.ഐക്ക് ജോലി ചെയ്യുന്നുണ്ട്. ആ  കാലവുമായി ബന്ധപ്പെട്ടു‘വിശുദ്ധ പൂമുഖങ്ങള്‍’ എന്നൊരു ഫോട്ടോപരമ്പര ആ സമയത്ത് ഞാന്‍ ചെയ്തിരുന്നു. പി.ടി.ഐ വിട്ട ശേഷം പല സംഘടനകൾക്ക് വേണ്ടിയും ജോലി ചെയ്തു. ഫോട്ടോജേര്‍ണലിസ്റ്റായി ഇന്ത്യയിലെ ഒന്നാം നിര സ്ഥാപനങ്ങളില്‍ ഒട്ടുമിക്കതിലും ഞാൻ ജോലി ചെയ്തിട്ടുണ്ട്. ആ സമയത്താണ് ടെലിവിഷൺ ചാനലുകൾവരുന്നത്. ധാരാളം പണം ഉള്ള മേഖലയായതുകൊണ്ട്സുഹൃത്തുക്കൾ പലരും ടെലിവിഷൻ ചാനലുകളിൽ ചേർന്നു, എന്നെയും വിളിച്ചു. നിശ്ചല ചിത്രങ്ങളോടുള്ള ഇഷ്ടം കാരണം ഞാന്‍ പോയില്ല.

[caption id="attachment_61712" align="aligncenter" width="550"] Landmarks of my memories-Abul Kalam Azad-1980s to 2010-EtP Photo Archive[/caption]

സഫിയ: മട്ടാഞ്ചേരിയിലേക്കുള്ള തിരിച്ചുവരവ്...?

അബുള്‍: പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യവിട്ട ശേഷമാണ് ഞാന്‍ കൊച്ചിയില്‍ വന്നു ശാന്ത ജീവിതം തുടങ്ങുന്നത്. 1999 മുതല്‍ 2010 വരെ കൊച്ചിയില്‍ ഉണ്ടായിരുന്നു. സ്വന്തമായി ഒരു സ്റ്റുഡിയോ തുടങ്ങി. ഫോർട്ടികോച്ചിയിൽ കാശിയും  കാൽവത്തിയിൽ ദ്രാവിഡിയയും രണ്ടു സമകാല ഗ്യാലറികൾ അപ്പോൾ തന്നെ പ്രവർത്തിച്ചുകൊണ്ടിരുന്നു. ഫോട്ടോഗ്രാഫിയിൽ ആശയപരമായി പ്രാദേശിക ചരിത്രമായിരുന്നു എനിക്കു താത്പര്യമുള്ള ഏരിയ. ആന്ത്രോപോളജിക്കല്‍ ആയിട്ടാണ് ഞാന്‍ ഇതിനെ കൈകാര്യം ചെയ്യുന്നത്. മട്ടാഞ്ചേരി എന്റെ നാടായതുകൊണ്ട് എനിക്കു കൂടുതല്‍ സൌകര്യമാണ്. ആരുടെ ഫോട്ടോ എടുത്താലും കണ്ടു പരിചയം ഉള്ള മുഖമായതുകൊണ്ട് അരുത് എന്നുപറയില്ല.

മട്ടാഞ്ചേരിയില്‍ ടൂറിസം വളരുന്നത് അപ്പോഴാണ്. നിരവധി പേര്‍ പല സ്ഥലങ്ങളില്‍ നിന്നായി വരാന്‍ തുടങ്ങി. ഞാന്‍ ചെല്ലുന്ന സമയത്ത് മട്ടാഞ്ചേരിയിൽ ടൂറിസം എന്ന സാധനമേയില്ല. പെട്ടെന്നാണ് ഒരു ടൂറിസം ബൂം ഉണ്ടാകുന്നത്. കൊച്ചിക്കാരല്ലാത്ത ആളുകള്‍ വരുന്നു, പ്രാദേശികമായ കള്‍ച്ചര്‍ മാറുന്നു, ശാന്തമായി കിടന്നിരുന്ന പലതും ചിതറാൻ തുടങ്ങി. പല മതങ്ങൾ ഒരുമിച്ച് കഴിയുന്ന ഇടം ആണല്ലോ മട്ടാഞ്ചേരി. കൊങ്ങിണികള്‍, ജൂതന്മാര്‍, പട്ടന്‍മാര്‍, കാക്കാമാര്‍, അവരുടെ ഇടയില്‍ തന്നെ റാവുത്തര്‍മാര്‍, തങ്ങന്‍മാര്‍ വേറെ പല വിഭാഗങ്ങളുമുണ്ട്.  ഇവരുടെയൊക്കെ ഇടയില്‍ ഞാന്‍ ജീവിച്ചു വന്നത്. ഇത്തരം മതസൗഹാർദ ബോധം ചോർന്നു തുടങ്ങി. കൊച്ചി തന്നെ ഈ പത്തു വര്‍ഷത്തിനിടയില്‍ ഒരുപാട് മാറി. നമ്മുടെ നാട്ടുകാർ ആരെങ്കിലും, സമഗ്രമായി ഡോക്യുമെന്‍റ് ചെയ്തിരുന്നെങ്കില്‍ ആ രേഖകൾക്കു ഇന്ന് വല്യ പ്രസക്തിയുണ്ടായേനെ. പുറത്തു നിന്നു ആളെ വിളിച്ചുകൊണ്ട് വന്നിട്ട് ഡോക്യുമെന്‍റ് ചെയ്യിച്ചാൽ അത് വീണ്ടും നമ്മുടെ നാടിനെ വിദേശികൾക്ക് കൊള്ളയടിക്കാന്‍ അവസരം ഉണ്ടാക്കിക്കൊടുക്കലാണ്.

[caption id="attachment_61713" align="aligncenter" width="550"] My anger and other stories-Abul Kalam Azad 2010-EtP Photo Archive[/caption]

കൊച്ചിയിൽനിന്നു ഞാന്‍ പോയതിന് ശേഷം വലിയ രീതിയിൽ ടൂറിസം വളർന്നുകൊണ്ടിരിക്കുന്നു. വല്യ മാറ്റങ്ങളാണ് വരുന്നത്. മെട്രോവരുന്നു, വലിയ റോഡു വരുന്നു, കടകള്‍ മാറുന്നു, മാളുകൾ, മൾട്ടിപ്ലക്സുകൾ... ആളുകളുടെ വസ്ത്രധാരണ രീതി മാറുന്നു, പെണ്ണുങ്ങളുടെ ജീവിതരീതി മാറുന്നു, അകത്തുള്ള സ്ത്രീകള്‍ പുറത്താവുന്നു -അതൊന്നും ഡോക്യുമെന്‍റ് ചെയ്യപ്പെട്ടില്ല. പിന്നെ ബിനാലെ വരുന്നു, വിദേശ കലാകാരന്മാര്‍ വരുന്നു, അനിഷ് കപൂര്‍ എക്സിബിറ്റ് ചെയ്യുന്നു, മറ്റുപല പ്രമുഖ കലാകാരൻമാർ വരുന്നു, അവരുടെയൊക്കെ ഷോ ഇങ്ങനെയൊരു പ്രാദേശിക സ്ഥലത്തു വരുമ്പോള്‍ അവിടെയുള്ള പ്രാദേശിക കലാകാരന്‍മാര്‍ക്ക് അങ്കലാപ്പ് ഉണ്ടാവുന്നു. വിദേശ കലാകാരന്മാരെപ്പോലെ ഇത്ര അധികം പണം ചെലവഴിച്ചു വലിയ സാധനമൊന്നും കെട്ടിത്തൂക്കാൻ അവരുടെ കയ്യില്‍ കാശുണ്ടാവില്ല. അങ്ങനെ ഒരു മ്ളേച്ഛത എപ്പോഴും അവരെ ഹോണ്ട് ചെയ്തുകൊണ്ടിരിക്കും. പണ്ട് കല സവര്‍ണ്ണ ജാതിയില്‍പ്പെട്ട ആൾക്കാർ ചെയ്യില്ല. ആശാരിമാരൊക്കെയാണ് ഇതിന്റെ ആൾക്കാർ. അന്ന് ആര്‍ട്ട് പഠിക്കാന്‍ അഡ്മിഷന്‍ കിട്ടുന്നത് തന്നെ വിശ്വകര്‍മ്മ പോലുള്ള സമുദായങ്ങള്‍ക്കാണ്. മറ്റുള്ളവരൊന്നും ആര്‍ട്ട് പഠിക്കില്ല. ഇന്ന് അങ്ങനെയല്ല - എല്ലാരും ആര്‍ട്ട് പഠിക്കുന്നുണ്ട്; ഇന്ന് വലിയ പണക്കാരുടെ മക്കളൊക്കെയാണ് ആര്‍ട്ട് പഠിക്കുന്നത്. അവരോടു മത്സരിക്കാന്‍ നമ്മുടെ പ്രാദേശിക കലാകാരന്‍മാര്‍ക്ക് ശക്തിയുണ്ടാവുമോ? ഉദാഹരണത്തിന്, അനിഷ് കപൂര്‍ ഒരു കമ്പനിയിൽ നിന്നും ഒരു നിറം മുഴുവനായി കാശുകൊടുത്തു ആഗോള അവകാശം വാങ്ങുന്നു. ഇനി ലോകത്ത് ആര്‍ക്കും ആ നിറം ഉപയോഗിക്കാന്‍ പറ്റില്ല; അത്ര പണം വേണം ഒരു കലാസൃഷ്ടിക്കു. എന്നാലെ ഒരു വ്യക്തിത്വം ഉണ്ടാക്കാന്‍ പറ്റുകയുള്ളൂ.സഫിയ: ഏകലോകം ട്രസ്റ്റ് ഫോര്‍ ഫോട്ടോഗ്രാഫിയുടെ ആദ്യ ഫോട്ടോ–ആര്‍ട്ട് സംരംഭമായ പ്രോജക്റ്റ് 365 തിരുവണ്ണാമലൈയുടെ ലക്ഷ്യം? എങ്ങനെയാണ് ഇതിലേക്ക് എത്തുന്നത്?

അബുള്‍: ഞാന്‍ മട്ടാഞ്ചേരിയില്‍ വരുമ്പോള്‍ അത് ഒരു തരത്തിൽ ‘അജ്ഞാതവാസ’മായിരുന്നു. അധികം കാശ് ഇല്ല, ചിലവില്ല, വാടകയില്ല. എന്നെ പോലെ ഡെയിലി വരുമാനം ഇല്ലാത്ത കലാകാരന് ജീവിക്കാനുള്ള നല്ല സ്ഥലം എന്ന രീതിയിലാണ് ഞാന്‍ അവിടെ എത്തുന്നത്. ഞാന്‍ അന്ന് 5,000 രൂപ കൊടുത്തു താമസിച്ച സ്റ്റുഡിയോപിന്നീട് 50,000 രൂപയാണ് വാടക വരുന്നത്. രണ്ടായിരം ചതുര അടിയുള്ള സ്റ്റുഡിയോ. എനിക്കവിടെ സുഖമായി താമസിക്കാം, പാട്ടുകേള്‍ക്കാം; രാത്രിയായിക്കഴിഞ്ഞാല്‍ ബസാറില്‍ ആരും ഇല്ല. ഉച്ചത്തില്‍ പാട്ടുവെക്കാം. തുണി അഴിച്ചിട്ടു നടക്കാം, എന്തുവേണമെങ്കിലും ചെയ്യാം...പിന്നീടുള്ള കാലം കൊച്ചി കലാകാരന്മാരുടെ ഒരു ഗംഭീര ഡെസ്റ്റിനേഷന്‍ ആയി മാറി. പക്ഷേ അത് പോകെ പോകെ മാറിവന്നു. പല ആര്‍ട്ട് ഗ്യാലറികൾ വരുന്നു, പിന്നെ അവര്‍ ബിസിനസ് ചെയ്യുന്നു. ആ സമയത്ത് ഇന്ത്യൻ കലയുടെലോ കമ്പോളം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. അതിനെ ഒന്നു പൊക്കി എടുക്കണം, അപ്പോ ഇത് തന്നെയേ ഉള്ളൂ മാര്‍ഗ്ഗം. അങ്ങനെ ബിനാലെയും വന്നു; പിന്നെ  എല്ലാ കലാകാരന്മാരും മത്സരമായി. അതിനിടയില്‍ എനിക്കു ഒരു കുടുംബപ്രശ്നം ഉണ്ടായി. കലയിലും കുടുംബജീവിതത്തിലും പ്രശ്നങ്ങൾ നേരിട്ടപ്പോൾ മട്ടാഞ്ചേരിയിൽ നിന്നാല്‍ ശരിയാവില്ലെന്ന് ഞാന്‍ വിചാരിച്ചു. മൊത്തം ‘അരക്ഷിതാവസ്ഥ’. അങ്ങനെ ഞാന്‍ അവിടം വിട്ടു തിരുവണ്ണാമലൈക്കു പോയി. അപ്പോൾ എനിക്ക് ധാരാളം കുട്ടുകാർ  തിരുവണ്ണാമലൈയിൽ ഉണ്ടായിരുന്നു.“ഈ പരിപാടി നിര്‍ത്തിയേക്കാം”എന്ന നിലയിലാണ് ഞാന്‍ തിരുവണ്ണാമലയില്‍ എത്തുന്നത്. വീണ്ടും ‘അജ്ഞാതവാസം.’എനിക്കു അത്രയ്ക്ക്  ബോറടിച്ചിരുന്നു’’.

[caption id="attachment_61715" align="aligncenter" width="550"] Photographic series of Abul Kalam Azad using digital and analog medium / print on canvas[/caption]

തിരുവണ്ണാമലയില്‍ വന്നപ്പോഴാണ് തുളസിയെ (തുളസി സ്വര്‍ണ്ണ ലക്ഷ്മി) കണ്ടുമുട്ടുന്നത്. വേറെ എന്തെങ്കിലും പണിനോക്കാം, പുട്ടുകട തുടങ്ങാം എന്നൊക്കെ ഞാന്‍ തുളസിയോട് പറഞ്ഞു. തുളസിയാണെങ്കില്‍ പല വിദേശ സ്ഥാപനങ്ങളിലും ജോലി ചെയ്തിരുന്ന ആളായിരുന്നു. ആ ജോലിയൊക്കെ വിട്ട് വന്നതാണ്. “നിങ്ങള്‍ ഇങ്ങനെ പോയാല്‍ ശരിയാവില്ല, നിങ്ങളുടെ കഴിവുകൾ ഇങ്ങനെ കളയരുത്, അത് മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുമല്ലോ, ജീവിച്ചിരിക്കുന്ന കാലം വരെ നിങ്ങള്‍ അത് ചെയ്യൂ” എന്നായി തുളസിയുടെ വാദം. അങ്ങനെ എനിക്ക് തന്നെ ഒരു ബോധ്യം വന്നു. ഞാനും തുളസിയും സുഹൃത്തായ കുളന്തവേലും (തുണിക്കച്ചവടക്കാരനാണ്) ചേര്‍ന്നാണ് ഇ.ടി.പി തുടങ്ങുന്നത്. ഫോട്ടോഗ്രാഫിക്ക് ഒരു സ്ഥാപനം. ഞങ്ങൾ ആരംഭിച്ച  ആദ്യത്തെ പബ്ലിക് ഫോട്ടോ ആര്‍ട്ട്  പ്രൊജക്റ്റ്, തിരുവണ്ണാമലൈ എന്ന പ്രാചീന നഗരത്തെ കുറിച്ചായിരുന്നു. തിരുവണ്ണാമലൈ എന്നുകേട്ടാല്‍ പെട്ടെന്നു ആര്‍ക്കും അതൊരു തീർത്ഥാടനകേന്ദ്രം ആയിട്ടാണ് തോന്നുക. അതുമാത്രമല്ല  തിരുവണ്ണാമലൈ.. കാലാകാലങ്ങളായിട്ട് പല ബുദ്ധിജീവികൾ, കവികൾ, ഫോട്ടോഗ്രാഫേഴ്സ്, ബുദ്ധിസ്റ്റുകള്‍, ജൈനന്‍മാര്‍, സൂഫികൾ, ശൈവ സന്യാസിമാർ അങ്ങനെ പലജാതി ആളുകള്‍ വരികയും താമസിക്കുകയും ചെയ്ത ഇടമാണ്. ആ മലയുടെ വയസ്സു എന്നുപറഞ്ഞാല്‍ 33,000 ദശലക്ഷം വര്‍ഷങ്ങളാണ്. ഹിമാലയത്തേക്കാള്‍ പഴക്കമുണ്ടതിന്. ഫോട്ടോഗ്രാഫിക്ക് പറ്റിയ പ്രകാശം ഉള്ള സ്ഥാലമാണ് തിരുവണ്ണാമലൈ. എന്‍റെ കയ്യില്‍ ക്യാമറ ഒന്നും ഉണ്ടായിരുന്നില്ല. ക്യാമറകളൊക്കെ ആസമയത്ത് ഞാന്‍ പലർക്കായി കൊടുത്തിരുന്നു. പിന്നെ തുളസിയാണ് ഒരു ചെറിയ ക്യാമറ വാങ്ങിത്തന്നത്. അങ്ങനെ ഞങ്ങള്‍ ട്രസ്റ്റ് തുടങ്ങി എന്റെ പ്രിന്റുകളും നെഗറ്റിവുകളും ശേഖരിക്കുകയാണ് ഞങ്ങളുടെ ആദ്യത്തെ പ്രോജക്റ്റ്. വളരെ ശ്രമകരമായ ഈ പ്രോജക്റ്റിൽ തുളസി തന്നെ മുൻകൈ എടുത്തു. കുറച്ചു പ്രിന്റുകളും നെഗറ്റീവുകളും കിട്ടി, മറ്റുള്ളവയ്ക്കായി തിരച്ചിൽ തുടരുന്നു.‘പ്രോജക്റ്റ് 365 തിരുവണ്ണാമലൈ’ 25ഫോട്ടോഗ്രാഫർമാരെ പങ്കെടുപ്പിച്ചാണ് തുടങ്ങിയത്. ഗവണ്‍മെന്‍റിന്റെയോ മറ്റ് സ്ഥാപനങ്ങളുടെയോ ഒന്നും സഹായം ഇല്ലാതെയാണ് ഞങ്ങളത് വിജയിപ്പിച്ചത്. ആ പ്രോജക്റ്റിന്റെ ഭാഗമായി 3000-ത്തോളം ഫോട്ടോസ് പൊതുജനത്തിന് കാണാൻ പറ്റുന്ന രീതിയില്‍ ഇപ്പോള്‍ ഉണ്ട്.

(തുടരും)

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് സഫിയ)

Next Story

Related Stories