TopTop
Begin typing your search above and press return to search.

ഓസ്കര്‍ ഗ്രോനിംഗ്; ഓഷ്വിറ്റ്സിലെ കണക്കപ്പിള്ള; മൂന്നുലക്ഷം കൊലപാതകങ്ങളിലെ പ്രതി

ഓസ്കര്‍ ഗ്രോനിംഗ്; ഓഷ്വിറ്റ്സിലെ കണക്കപ്പിള്ള; മൂന്നുലക്ഷം കൊലപാതകങ്ങളിലെ പ്രതി

ലിന്‍ഡ്‌സെ ബീവെര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഓസ്‌കാര്‍ ഗ്രോനിംഗ് അന്ന് അദ്ദേഹത്തിന്റെ ഇരുപതുകളില്‍ ആയിരുന്നിരിക്കണം. അന്ന് എന്നുപറഞ്ഞാല്‍ 1944 ല്‍. ഇന്ന് 93 വയസുള്ള അദ്ദേഹത്തിനെതിരെ അക്കാലത്ത് നടന്ന 3 ലക്ഷം കൊലപതകങ്ങളുടെ കൂട്ടുപ്രതി എന്ന ആരോപണം ചുമത്തപ്പെട്ട് ഇപ്പോള്‍ കോടതിയില്‍ വാദം നടന്നു കൊണ്ടിരിക്കുകയാണ്. ഗ്രോനിംഗ് , അക്കാലത്ത് പോളണ്ടിലെ ഓഷ്‌വിട്ട്‌സിലെ (ജര്‍മന്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പ്) കണക്കപിള്ള ആയിരുന്നുവെന്നും, അവിടെയെത്തുന്ന തടവുകാരുടെ പണം ശേഖരിച്ചു ബെര്‍ലിനിലെ നാസി അധികാരികള്‍ക്ക് കൈമാറുകയും ചെയ്തു എന്നുമാണ് വാദിഭാഗം ആരോപിക്കുന്നത്.

ഹാംബര്‍ഗിനു 30 മൈല്‍ തെക്കുവശത്ത് ജര്‍മന്‍ പട്ടണമായ ലുനെബര്‍ഗില്‍ വച്ച് ഏപ്രില്‍ 21 മുതല്‍ കുപ്രസിദ്ധ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ മുന്‍ എസ് എസ് ഗാര്‍ഡായ ഗ്രോനിംഗ് വിചാരണയ്ക്ക് വിധേയനാകും എന്ന് ജര്‍മന്‍ കോടതി അറിയിച്ചു. 1944 മെയ് മുതല്‍ ജൂലൈ മാസങ്ങള്‍ക്കിടയില്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ നടന്ന കൂട്ടക്കൊലയ്ക്ക് സഹായം ചെയ്തു എന്നാണ് നിലവിലെ ആരോപണം. ഇക്കാലത്ത് പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന 4,25,000 ആളുകളെ ക്യാമ്പിലേക്ക് അയക്കുകയും അതില്‍ 3 ലക്ഷം പേരെ ഗ്യാസ് ചേംബറില്‍ കുരുതി നല്‍കുകയും ചെയ്തിരുന്നു. ഈ കുരുതികളെ കുറിച്ചുള്ള വിവരങ്ങള്‍ പുതിയ തടവുകാരില്‍ നിന്ന് മറച്ചുവച്ചു എന്ന ആരോപണവും ഇദ്ദേഹത്തിനു മേല്‍ ചുമത്തപ്പെട്ടിരിക്കുന്നു.ഇദ്ദേഹം സ്വയം കൊലനടത്തി എന്ന് ആരും പറയുന്നില്ല. പക്ഷെ ക്യാമ്പില്‍ ജോലി ചെയ്യാന്‍ സാധിക്കാത്തവരെ അപ്പോള്‍ തന്നെ കൊല്ലുമായിരുന്നു എന്ന വിവരം അദേഹത്തിന് ഉണ്ടായിരുന്നു എന്ന് ബി ബി സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

'ഞാന്‍ ഗ്യാസ് ചേംബര്‍ കണ്ടിട്ടുണ്ട്, ചുടലകള്‍ കണ്ടിട്ടുണ്ട്, ഞാന്‍ ചിതയൊരുക്കുന്നത് കണ്ടിട്ടുണ്ട്. ഗ്യാസ് ചേമ്പറിലേക്കുള്ള 'തിരഞ്ഞെടുപ്പുകള്‍' നടത്തുമ്പോള്‍ എന്റെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നു' 2005 ല്‍ അദ്ദേഹം ഒരു വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. 'ക്യാമ്പുകളില്‍ നടന്ന കാര്യങ്ങള്‍ സത്യമായിരുന്നു എന്ന് നിങ്ങള്‍ വിശ്വസിക്കണം. കാരണം ഞാന്‍ അതിനു സാക്ഷിയാണ്' .

ഇതേ വര്‍ഷം തന്നെ ജര്‍മന്‍ പത്രമായ ബില്‍ഡിനോട് താന്‍ പശ്ചാത്താപവിവശനാണ് എന്നും അദേഹം പറഞ്ഞു. ' ഞാന്‍ ആരെയും കൊന്നിട്ടില്ല. പക്ഷെ ഞാന്‍ അതിനു സഹയം ചെയ്തു. ദശകങ്ങളായി ഞാനീ കുറ്റബോധത്താല്‍ നീറുകയാണ്. ഇന്നും ഞാന്‍ അതനുഭവിക്കുന്നു. നിരപരാധികളായ ലക്ഷക്കണക്കിന് ആളുകളെ കൊല്ലുന്ന യന്ത്രത്തിലെ ഒരു കണ്ണിയായിരുന്നു ഞാനും' എന്ന് അദ്ദേഹം പറഞ്ഞതായി എജന്‍സി ഫ്രാന്‍സ്‌ക പ്രസ് വെളിപ്പെടുത്തുന്നു.ഓഷ്‌വിട്ട്‌സില്‍ 1940 മുതല്‍ 1945 വരെ എകദേശം 1.1 മില്യണ്‍ ആളുകള്‍-കൂടുതലും ജൂതന്മാര്‍, കൊല്ലപ്പെട്ടു. ഇതോടനുബന്ധിച്ച് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി വിചാരണയും തടവും അനുഭവിക്കുന്ന 30 ഓഷ്‌വിട്ട്‌സ് ജീവനക്കാരക്കാരില്‍ ഒരാളാണ് ഗ്രോനിംഗ്.

കുറച്ചുകാലം മുമ്പുുവരെ കൂട്ടക്കുരുതിയില്‍ നേരിട്ട് പങ്കെടുത്തവരെ മാത്രമേ ജര്‍മന്‍ കോടതികള്‍ വിചാരണ ചെയ്തിരുന്നുള്ളൂ. എന്നാല്‍ 2011നു ശേഷം നിലവില്‍ വന്ന ചട്ടഭേദഗതി കുരുതികളില്‍ സഹായം ചെയ്തവരെയും വിചാരണ ചെയ്യാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കി.

പോളണ്ടിന്റെ കിഴക്കേ അതിര്‍ത്തിയിലെ ഒരു ചെറുഗ്രാമത്തില്‍ നടന്നിരുന്ന സോബിബോര്‍ നാസി ക്യാമ്പില്‍ നടന്ന കൂട്ടക്കൊലയ്ക്ക് സഹായം ചെയ്ത ജോണ്‍ ഡെംജാന്‍ജുക്ക് എന്ന വ്യക്തിയെ 2011ല്‍ 5 കൊല്ലത്തേക്ക് ശിക്ഷിച്ചിരുന്നു. ഇത്തരത്തില്‍ സഹായം ചെയ്ത എല്ലാവര്‍ക്കും ഈ നിയമം ബാധകമാണെന്ന വിധിയും ഇതോടൊപ്പം തന്നെ പുറത്തുവന്നു. ഗ്രോനിങ്ങിന്റെ ഈ കേസിലാകട്ടെ അന്നത്തെ കുരുതിയില്‍ നിന്ന് രക്ഷപ്പെട്ട 55 ആളുകളും കുടുംബങ്ങളും പരാതിക്കാരായി രംഗത്തുണ്ട്. കൂടുതല്‍ വ്യക്തികള്‍ വിചാരണയ്ക്കിടെ പങ്കുചേരുമെന്നും പ്രതീക്ഷിക്കുന്നു.


Next Story

Related Stories