TopTop
Begin typing your search above and press return to search.

ആ ചെറുപ്പക്കാരന്‍ ഒഴിച്ച ആസിഡ് പൊള്ളിച്ചത് നമ്മുടെ മുഖമാണ്

ആ ചെറുപ്പക്കാരന്‍ ഒഴിച്ച ആസിഡ് പൊള്ളിച്ചത് നമ്മുടെ മുഖമാണ്

രാകേഷ് നായര്‍

കഴിഞ്ഞ മാസം ചേര്‍ത്തലയില്‍ സംഭവിച്ച ആസിഡ് ആക്രമണം അക്ഷരാര്‍ത്ഥത്തില്‍ കേരളത്തെ ആകെയാണ് പൊള്ളിച്ചത്. ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന ആസിഡ് ആക്രമണങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ നാം പലകുറി വായിച്ചിട്ടുണ്ട്. ആദ്യമുണ്ടാകുന്നൊരു ഞെട്ടല്‍. തൊട്ടുപിന്നാലെ നാം നിസ്സംഗരാകും, ഇങ്ങനെയൊന്നു നമ്മുടെ നാട്ടില്‍ നടക്കുമോ! ആ നിസ്സംഗതയ്ക്കുമേലാണ് ഇരുപതുപോലും തികയാത്തൊരു പയ്യന്‍ പ്രതികാരദ്രാവകം ഒഴിച്ചത്. ഈ സംഭവം നല്‍കുന്ന സൂചന എന്താണ്? ഒരുതരത്തിലുള്ള സാമൂഹികവിപത്തുകളില്‍ നിന്നും സുരക്ഷിതമല്ല നമ്മുടെ കേരളവും എന്നു തന്നെ. എപ്പോള്‍ വേണമെങ്കിലും ഏതുതരത്തിലുള്ള ആക്രമണവും ആര്‍ക്കുനേരയും ആരും നടത്താം. കേസ് അന്വേഷിച്ച ചേര്‍ത്തല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി എസ് നവാസുമായി സംസാരിച്ച് തയ്യാറാക്കിയത്.

മനുഷ്യന്‍ അവനവന്‍ തുരുത്തുകളായി മാറപ്പെടുന്ന സമൂഹത്തിലാണ് ഇത്തരം ആപത്തുകള്‍ ഏറിവരുന്നത്. നമുക്ക് പരസ്പരം ആരെയും മനസ്സിലാക്കാന്‍ കഴിയുന്നില്ല. സ്വന്തം മക്കളെ മനസ്സിലാക്കാന്‍ അവരുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിയാന്‍ മാതാപിതാക്കള്‍ക്കു കഴിയുന്നില്ല, മക്കള്‍ക്ക് മാതാപിതാക്കളോട് അവരുടെ ആകുലതകള്‍ പങ്കുവയ്ക്കാന്‍ സാധിക്കുന്നില്ല. രക്തബന്ധങ്ങള്‍ക്കിടയില്‍ പോലും വേര്‍തിരിക്കപ്പെട്ട മുറികളായി മനുഷ്യന്‍ മാറുന്നതിന്റെ പ്രശ്‌നമാണിത്. ഒറ്റപ്പെടല്‍, അപമാനം, ദേഷ്യം, വിഷമം എന്നീ വികാരങ്ങളെല്ലാം മനുഷ്യനെ യുക്തിബോധമില്ലാത്ത മൃഗമാക്കി മാറ്റുകയാണ്. അവിടെയാണവന്‍ അസ്ഥിപോലും തുളച്ചുകളയുന്ന ആസിഡ് വരെ ആയുധമാക്കുന്നത്.

കാശുവാങ്ങിച്ച് ജീവിതത്തില്‍ ഒരുതവണപോലും നേരില്‍ കണ്ടിട്ടില്ലാത്തൊരാളെ കൊന്നു കളയുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. അതിലുമൊക്കെ നീചമായ ഒന്നാണ് ആസിഡ് ആക്രമണം എന്ന് എനിക്കു തോന്നിയിട്ടുണ്ട്. ഇരയാകുന്നവന്റെ വേദന, നഷ്ടം; ഏറ്റവും കഠിനമായ ക്രൂരതയുടെ ഇരകളാണവര്‍. പകയാണ് ഇത്തരം നീചപ്രവര്‍ത്തികള്‍ക്കുള്ള പ്രേരണ. പ്രണയനൈരാശ്യം, തിരസ്‌കരണം, അപമാനം എന്നിവയെല്ലാം പല ആസിഡ് ആക്രമണങ്ങളുടെയും പിറകില്‍ നാം കേട്ടിട്ടുണ്ട്.

ചേര്‍ത്തലയില്‍ സംഭവിച്ചതും അങ്ങനെയൊന്നായിരുന്നു.

ഇരിങ്ങാലക്കുട കോടതിയില്‍ നിന്നു ചേര്‍ത്തലയ്ക്ക് മടങ്ങും വഴി ഇടപ്പള്ളി എത്തുമ്പോഴാണ് ആ ഫോണ്‍കോള്‍ വരുന്നത്. ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഒരു പെണ്‍കുട്ടിയെ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു. ചേര്‍ത്തലയില്‍വച്ചാണ് സംഭവം. വീട്ടിലേക്കു നടന്നുപോകുംവഴിയാണ് ആക്രമണത്തിന് ഇരയായത്. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ പ്രാഥമിക ശുശ്രൂഷകള്‍ ചെയ്തശേഷമാണ് എറണാകുളത്തേക്കു കൊണ്ടു വന്നിരിക്കുന്നത്. വിവരം അറിഞ്ഞയുടനെ ഇഎംസിയേലക്കു തിരിച്ചു. ഞാന്‍ ചെല്ലുമ്പോള്‍ അവളെ ഒരു സ്‌ട്രെച്ചറില്‍ കിടത്തി അകത്തേക്കു കൊണ്ടുപോവുകയാണ്. അവളുടെ കൂടെ വന്നവരാകണം, തനിസാധാരക്കാരായ ഒരു സ്ത്രീയും പുരുഷനും. അമ്മയുടെ അനിയത്തിയും ഭര്‍ത്താവുമാണ്. നിന്നനില്‍പ്പില്‍ പോന്നതാകണം; അവരുടെ വസ്ത്രങ്ങളില്‍ നിന്നത് മനസ്സിലാകും. അവരുടെ മുഖത്തെ പരിഭ്രമത്തില്‍ നിന്ന് ഒരുകാര്യംകൂടി മനസ്സിലായി. സ്വകാര്യാശുപത്രിയാണ്. വേണ്ടത്ര പണം അവര്‍ കരുതിയിട്ടുണ്ടാകില്ല. ഭാഗ്യം, പാലാരിവട്ടം സ്റ്റേഷനില്‍ ഞാന്‍ ജോലി നോക്കിയ കാലത്തുണ്ടായ പരിചയം ഇഎംസിയിലെ ചിലരുമായി ഇപ്പോഴുമുണ്ട്. അതിന്റെ സ്വാതന്ത്ര്യത്തിലും പിന്നെ മൂന്നു പെണ്‍മക്കളുടെ പിതാവെന്ന നിലയില്‍ എനിക്കുണ്ടായ ഉത്കണ്ഠയോടുകൂടി ഞാന്‍ ആവിശ്യപ്പെട്ടത്, അവളുടെ ജീവന് ഒരുതരത്തിലുള്ള ആപത്തും ഉണ്ടാകാതെ കാത്തുകൊള്ളണമെന്നായിരുന്നു.അവള്‍ക്കെങ്ങനെ ഇതു സംഭവിച്ചു?

അതുവരെ ഉണ്ടായിരുന്ന എന്നിലെ ഉത്കണ്ഠ വേഗം തന്നെ ഒരു പിതാവില്‍ നിന്നും പൊലീസ് ഓഫീസറിന്റെതായി മാറി. എനിക്ക് ആ പെണ്‍കുട്ടിയുടെ മൊഴിയെടുക്കേണ്ടതായാരിക്കുന്നു (മനപൂര്‍വം അവളുടെ പേര് ഞാന്‍ ഒഴിവാക്കുകയാണ്, പ്രതിയുടെയും). ഡോക്ടറോട് ആവശ്യം പറഞ്ഞു. ഞനാ കുട്ടിയോട് സാംസാരിക്കാനിരിക്കുമ്പോള്‍ അതിഭയങ്കരമായ വേദന അവളെ പ്രയാസപ്പെടുത്തുന്നുണ്ടായിരുന്നു. ആര്‍ക്കാണു കുട്ടി നിന്നോട് ഇങ്ങനെ ചെയ്യാന്‍ തക്ക വൈരാഗ്യം? അതിനുത്തരം അവള്‍ക്കും അറിയില്ലായിരുന്നു. അറിഞ്ഞോ അറിയാതെയോ ആരോടും ശത്രുത ഉണ്ടാക്കിയിരുന്നില്ല. ആകെ ഉണ്ടായിരുന്നെന്നു പറയാന്‍ കുടുംബപരമായി ഒരു അമ്മാവനുമായി ഉള്ള പിണക്കമാണ്. അതിന്റെ വൈരാഗ്യം അല്ല. പിന്നെ ആര്? ആ സംശയം അവളെന്റെ മനസ്സില്‍ ബാക്കി നിര്‍ത്തി.

സംഭവം നടന്ന സ്ഥലത്ത് നിന്നു കിട്ടിയ ഒരു പേഴ്‌സും മൊബൈല്‍ ഫോണും ഞങ്ങള്‍ക്ക് ആ സംശയത്തിലേക്കുള്ള വഴി തെളിച്ചു.

മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് ആ പയ്യനിലേക്ക് എത്തിയത്. അവനെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ചു ഞങ്ങള്‍ ഇലഞ്ഞിയില്‍ എത്തി. ഐ എസ് ആര്‍ ഒയില്‍ ട്രെയിനിയായി വര്‍ക് ചെയ്തിരുന്നു എന്നയറിവില്‍ അവന്റെ സഹപ്രവര്‍ത്തകന്റെ അടുക്കല്‍ ഞങ്ങളെത്തി. സംഭവശേഷം അവന്‍ ഈ സുഹൃത്തിനെ സമീപിക്കുകയും കുറച്ചു പണം കടം വാങ്ങി ധര്‍മപുരിക്കു പോയി എന്നും വിവരം കിട്ടി. ഉടന്‍ തന്നെ ഞങ്ങള്‍ ധര്‍മപുരിക്കു പോയി. അവിടെയെത്തുമ്പോള്‍ പ്രതി പാലക്കാട്ടേക്കു പോയതായി വിവരം കിട്ടി. പാലക്കാട്ടേയ്ക്കുള്ള യാത്രയ്ക്കിടയില്‍ ആയിരുന്നു അവന്‍ ഞങ്ങളുടെ പിടിയില്‍ ആകുന്നത്. അപ്പോഴത്തെ അവന്റെ അവസ്ഥ ഞങ്ങളെയും ഞെട്ടിക്കുന്നതായിരുന്നു. ഇടതു കൈയും ഇടതു കാല്‍മുട്ടും ആസിഡ് വീണു പൊള്ളിയ നിലയില്‍. അതിലും ഭീകരമായിരുന്നു അവന്റെ നിതംബത്തിന്റെ ഒരു ഭാഗം. അവിടമാകെ പൊള്ളിയളിഞ്ഞ അവസ്ഥയില്‍. ആ പെണ്‍കുട്ടിക്കു മേല്‍ ഒഴിച്ചതിന്റെ ബാക്കി ആസിഡ് ചെറിയൊരു കന്നാസില്‍ ആക്കി ഷോള്‍ഡര്‍ ബാഗിലാണ് അവന്‍ സൂക്ഷിച്ചത്. കന്നാസ് ബാഗില്‍ കിടന്നു മറിഞ്ഞു ലീക്കായി. അവന്റെ പിറക് ഭാഗത്തു പടര്‍ന്നു. ആ പൊള്ളല്‍ ഒരിടത്തും കാണിച്ചു ചികിത്സിക്കാന്‍ അവന്‍ ധൈര്യപ്പെട്ടില്ല. ദിവസങ്ങള്‍ കഴിയും തോറും വൃണം കൂടുതല്‍ വഷളായി വരികയായിരുന്നു,

പിടിയിലാകുമ്പോള്‍ അവന്‍ പറഞ്ഞൊരു വാചകമുണ്ട്;

സാര്‍, ഇന്നു നിങ്ങള്‍ എന്നെ പിടിച്ചില്ലായിരുന്നെങ്കില്‍ നാളെ ഞാന്‍ ആത്മഹത്യ ചെയ്യുമായിരുന്നു...

അവന്‍ എന്തിനതു ചെയ്തു!

ഈ ചോദ്യത്തിനു ഇപ്പോഴും ഞങ്ങള്‍ക്ക് വ്യക്തമായ ഉത്തരം കിട്ടിയിട്ടില്ല. വ്യക്തതയില്ലാത്ത ഈ ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത് നമ്മള്‍ സമൂഹം തന്നെയാണെന്നു ഞാന്‍ കരുതുന്നു.

അവന്റെ കുട്ടിക്കാലം അത്ര സുഖകരമായ ഒന്നല്ലായിരുന്നു. ചെറുപ്രായത്തില്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ടു വന്നതാണവന്‍. സഹോദരിക്കും അവനും വിഷം നല്‍കി അമ്മ ആത്മഹത്യാശ്രമം നടത്തി. മരണത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടത് അവന്‍ മാത്രം. പിന്നീട് പിതാവിന്റെയും ബന്ധുക്കളുടെയും സഹായത്താല്‍ ജീവിതം. നല്ല നിലയില്‍ പഠനം നടത്തിവന്നതിനാല്‍ ഡിപ്ലോമ കഴിഞ്ഞ് എഞ്ചിനീയറിംഗിന് ഭാരിച്ച ഡൊണേഷനൊന്നും കൊടുക്കാതെ തന്നെ അഡ്മിഷന്‍ കിട്ടി. അവിടെവച്ചാണ് ഈ പെണ്‍കുട്ടിയുമായി അടുപ്പമുണ്ടാകുന്നത്. ആ അടുപ്പം ഒരിക്കലും പ്രണയത്തിലേക്കോ മറ്റേതെങ്കിലും തരത്തിലുള്ള ബന്ധത്തിലേക്കോ വഴുതി വീണിട്ടില്ലെന്ന് അവന്‍ ഉറപ്പിച്ചു പറയുന്നു. അവര്‍ക്കിടയില്‍ ഉണ്ടായിരുന്നത് സൗഹൃദമായിരുന്നു. കലര്‍പ്പില്ലാത്ത സൗഹൃദം.

അവള്‍ക്ക് എന്തിനും ഏതിനും ഈ പയ്യന്‍ തുണയായിരുന്നു. പൊതുവെ ഉള്‍വലിഞ്ഞ സ്വഭാവമുള്ള അവന്‍ ആകെ മനസുതുറക്കുന്നതും അടുത്തിടപഴകുന്നതും അവളോടുമാത്രം. ഈ കുട്ടിക്കുവേണ്ടി എന്തു ചെയ്യാനും ഉത്സാഹമായിരുന്നു അവന്. ഇതിനിടയില്‍ അവന്‍ ഒരു പ്രണയബന്ധത്തില്‍പ്പെട്ടു. പക്ഷേ അവിടെ കാര്യങ്ങള്‍ അവന് പ്രതികൂലമായിരുന്നു. ആ ബന്ധം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞു. അവര്‍ ഇവനെ മര്‍ദ്ദിച്ചു. പ്രണയിനി ആത്മഹത്യാശ്രമം നടത്തി. ഈ കാര്യങ്ങളൊക്കെ ആ പയ്യനെ കൂടുതല്‍ സംഘര്‍ഷഭരിതനാക്കി. ഇതിനിടയില്‍ കോഴ്‌സ് കഴിഞ്ഞു. ആ പെണ്‍കുട്ടിക്കു നേവിയില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ജോലി കിട്ടി. അയാളാകട്ടെ കൂടുതല്‍ കൂടുതല്‍ സംഘര്‍ഷങ്ങളിലേക്കു വീണുകൊണ്ടിരുന്നു. പുതിയൊരു ജീവിതത്തിലേക്കു പ്രവേശിച്ച അവന്റെ സുഹൃത്തിനു പഴയപോലെ അവനെ കേള്‍ക്കാനോ കാണാനോ സാധിക്കാതെ വന്നതോടെ, കൂടുതല്‍ ഒറ്റപ്പെടലിന്റെ ഫലമായി രൂപപ്പെട്ട വകതിരിച്ചു പറയാനാവാത്ത ഒരു വികാരത്തിന്റെ പ്രതിഫലനം പ്രതികാരരൂപത്തില്‍ അവനില്‍ രൂപപ്പെടുകയായിരുന്നു.

കൃത്യമായ പ്ലാനിംഗ് ഓടുകൂടിയായിരുന്നു അവന്‍ എത്തിയത്. മറ്റൊരാളുടെ സഹായം അവനുണ്ടായിരുന്നു എന്ന സംശയിക്കാന്‍ വയ്യ. അവന്‍ പറഞ്ഞതിന്‍ പ്രകാരം സ്‌കൂട്ടറില്‍ പ്രത്യേകം ബോട്ടില്‍ വയ്ക്കാന്‍ പാകത്തില്‍ ഒരു കാരിയര്‍ പിടിപ്പിച്ചിരുന്നു. ഇതിനകത്ത് ഒരു കുപ്പിവച്ച് അതിലേക്കാണ് ആസിഡ് നിറച്ചത്. ബാക്കി വന്നതാണ് ഷോള്‍ഡര്‍ ബാഗില്‍ സൂക്ഷിച്ചത്. പിറകില്‍ എത്തി പെണ്‍കുട്ടിയുടെ മുതുക് ഭാഗത്ത് ഒഴിക്കാനായിരുന്നു പദ്ധതി. ഒരു കൈകൊണ്ട് വണ്ടിയുടെ ആക്‌സിലേറ്ററില്‍ പിടിച്ച് ഇടതു കൈകൊണ്ട് ആസിഡ് ഒഴിക്കുക, ചെറിയ പാളിച്ചയില്‍ ആസിഡ് വീണത് പെണ്‍കുട്ടിയുടെ ഇടുപ്പിന്റെ ഭാഗത്ത്. ആ ശ്രമത്തിലാണ് അവന്റെ ഇടതു കൈത്തണ്ടിലും ഇടതു കാല്‍മുട്ടിലും ആസിഡ് വീഴുന്നത്.

എന്തിനതു ചെയ്തു എന്നതിന് വ്യക്തമായ ഉത്തരം അവന്‍ തന്നില്ല. പക്ഷെ ഒന്നു പറഞ്ഞു; വീര്യം കൂടിയ ഒന്നായിരുന്നില്ല അവന്‍ ഒഴിച്ചത്. അതുകൊണ്ട് തന്നെ ഇത്രയധികം അപകടം ഉണ്ടാകുമെന്ന് കരുതിയതുമില്ല.ഒരു പൊലീസ് ഓഫീസര്‍ എന്ന നിലയില്‍ ഈ കേസ് അന്വേഷിച്ചു പ്രതിയെ കണ്ടെത്താന്‍ എനിക്കു സാധിച്ചു. ആ പെണ്‍കുട്ടി ജീവനു ഭീഷണിയില്ലാതെ മടങ്ങിവരുമെന്നും പ്രതീക്ഷിക്കാം. പക്ഷെ എന്നെ ഭയപ്പെടുത്തുന്നത് ഇതൊന്നുമല്ല. എന്തുകൊണ്ട് ഇങ്ങനെയൊക്കെ നമുക്കിടയില്‍ സംഭവിക്കുന്നു? ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. നാളെയും ഇങ്ങനെ സംഭവിക്കാം. ഒരുപക്ഷേ ഇതിലും ക്രൂരമായി. നമ്മളൊക്കെ നിസ്സഹായരായി പോയേക്കാവുന്ന അവസ്ഥയില്‍.

ഇതൊരു പൊലീസ് ഉദ്യോഗസ്ഥന്റെ മാത്രം ആശങ്കയല്ല. ഒരു പിതാവിന്റെ, ഈ സമൂഹത്തില്‍ ജീവിക്കുന്ന ഒരു വ്യക്തിയുടെ ആശങ്കയാണ്. എന്താണ് നമുക്ക് സംഭവിക്കുന്നത്?

കുറ്റവാളികളെ പിടിക്കുക എന്നത് പൊലീസിന്റെ ഉത്തരവാദിത്വമാണ്. അതു ചെയ്തില്ലെങ്കില്‍ സമൂഹത്തിന് ഞങ്ങളെ വിമര്‍ശിക്കാം. എന്നാല്‍ കുറ്റങ്ങള്‍ ചെയ്യാന്‍ സമൂഹം തന്നെ കാരണമാകുമ്പോള്‍ ആര്‍ക്ക് ആരെയാണ് കുറ്റപ്പെടുത്താന്‍ സാധിക്കുക?

നിസ്സാരമായ പ്രശ്‌നങ്ങള്‍ക്കാണ് പലപ്പോഴും ഇന്നത്തെ യുവാക്കള്‍ പ്രകോപിതരാകുന്നത്. അവര്‍ക്ക് മനസ് തുറക്കാന്‍ സാധിക്കുന്നില്ല. സ്വന്തം വീടുകളില്‍പോലും അവരെ കേള്‍ക്കാന്‍ ആരും തയ്യാറാകുന്നില്ല. അതല്ലെങ്കില്‍ തങ്ങളുടെ ജീവിതത്തിനുമേല്‍ റസ്ട്രിക്ഷന്‍സ് അടിച്ചേല്‍പ്പിക്കുന്ന മാതാപിതാക്കളില്‍ നിന്നകന്ന് ഒരുവിധ പരിധികളും പരിമിതികളും വയ്ക്കാത്ത പുറംസമൂഹവുമായി കുട്ടികള്‍ അടുക്കുന്നു. അവിടെയവര്‍ മറ്റൊരു ജീവിതത്തിന്റെ അടിമകളാകുന്നു.

വിദ്യാസമ്പന്നരായ യുവാക്കളാണ് കുറ്റകൃത്യങ്ങളുടെ പേരില്‍ പിടിയിലാകുന്നവരിലേറെയും. കഞ്ചാവ് വിറ്റകേസില്‍ കഴിഞ്ഞിടയ്ക്ക് ഒരു പയ്യനെ പിടികൂടി. ബിടെക് കഴിഞ്ഞതാണവന്‍. അമ്മയും അച്ഛനും സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് ഉയര്‍ന്ന റാങ്കില്‍ പെന്‍ഷന്‍ പറ്റിയവര്‍. എവിടെയാണ് നമ്മുടെ കുട്ടികള്‍ക്കു പിഴയ്ക്കുന്നതെന്നു നാം മനസ്സിലാക്കണം.

മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി മാറുകയാണ് നമ്മുടെ കുട്ടികള്‍. ലഹരിയില്‍ മുങ്ങിയൊരു തലമുറയാണ് ഇവിടെ വളര്‍ന്നു വരുന്നത്. അവരില്‍ നിന്നും സമൂഹത്തിന് എന്ത് നന്മയാണ് പ്രതീക്ഷിക്കാന്‍ കഴിയുക.???ഞാനെന്റെ കുട്ടികളോടു പറഞ്ഞു പരിശീലിപ്പിച്ചിരിക്കുന്നൊരു കാര്യമുണ്ട്. നിങ്ങള്‍ ക്വാര്‍ട്ടേഴ്‌സില്‍ നിന്നിറങ്ങി സ്‌കൂളിലെത്തി, തിരിച്ച് ക്വാര്‍ട്ടേഴ്‌സില്‍ മടങ്ങിയെത്തുന്നതുവരെയുള്ള കാര്യങ്ങള്‍ അമ്മയോടു ഷെയര്‍ ചെയ്യണം. അതവര്‍ ഇന്നും അനുസരിക്കുകയാണ്. ഇത് കുട്ടികളുടെ സ്വാതന്ത്ര്യബോധത്തിനുമേലുള്ള മാതാപിതാക്കളുടെ കടന്നുകയറ്റമല്ല. മറിച്ച് അവര്‍ക്ക് ഞങ്ങളോട് എല്ലാകാര്യങ്ങളും തുറന്നു പറയാനുള്ള അന്തരീക്ഷം ഒരുക്കിക്കൊടുക്കലാണ്. ഇന്ന് പല കുട്ടികളും പത്തുപതിമൂന്നു വയസുകഴിഞ്ഞാല്‍ മാതാപിതാക്കളില്‍ നിന്ന് അകലുകയാണ്. തന്റെ ദൈന്യംദിന ജീവിതകാര്യങ്ങള്‍ എങ്ങനെ മാതാപിതാക്കളോടു പറയും? അല്ലെങ്കില്‍ എന്തിന് പറയണം? എന്നാണ് അവര്‍ ചോദിക്കുന്നത്. കുട്ടികള്‍ വളര്‍ന്നില്ലേ അവരുടെകാര്യങ്ങള്‍ സ്വയം നോക്കിക്കോളും എന്നാണ് മതാപിതാക്കളും ചിന്തിക്കുന്നത്. എന്താണതിന്റെ ഫലം? കുട്ടികളും അച്ഛ•മ്മാരും തമ്മില്‍ ആശയവിനിമയം നടക്കാതെപോകുന്നു. കുട്ടികളുടെ പ്രശ്‌നങ്ങള്‍ മാതാപിതാക്കള്‍ അറിയാതെ പോകുന്നു. ഒടുവില്‍ ഏതെങ്കില്‍ ദുര്‍ഘടമായ സാഹചര്യത്തിന്റെ ഇരകളായി അവര്‍ മാറുമ്പോഴാണ് പലപ്പോഴും മാതാപിതാക്കള്‍ അവര്‍ക്കുണ്ടായിരിക്കുന്ന നഷ്ടത്തെ കുറിച്ച് അറിയുന്നത്.

അറിയാതെ പോകുന്നതുപോലെ അറിഞ്ഞുകൊണ്ട് തെറ്റിലേക്കു കുട്ടികളെ പറഞ്ഞുവിടുന്നവരും ഉണ്ട്. ഒരു ദിവസം ഒരാള്‍ കടന്നു വന്ന് തന്റെ മകളെ കാണാന്‍ ഇല്ലെന്ന പരാതി പറഞ്ഞു. ഞാന്‍ ഉടനെ തന്നെ കുട്ടിയെ അന്വേഷിക്കാനുള്ള നിര്‍ദേശം സഹപ്രവര്‍ത്തകര്‍ക്കു നല്‍കി. അപ്പോള്‍ വന്നയാള്‍ പറഞ്ഞു, കുട്ടിയെവിടെ ഉണ്ടെന്ന് അമ്മയ്ക്കറിയാം. ഞാനുടനെതന്നെ എസ് ഐ യോടു ആ സ്ത്രീയെ ബന്ധപ്പെടാന്‍ പറഞ്ഞു. അവരെ ബന്ധപ്പെട്ടപ്പോള്‍ പറഞ്ഞത്, കുട്ടി അവരുടെയൊരു കുടുംബസുഹൃത്തിനോടൊപ്പം അവരുടെ ബന്ധുവിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ പോയിരിക്കുകയാണെന്നാണ്. സ്വന്തം അമ്മയാണ് പറയുന്നത്. സംശയിക്കാന്‍ വേറെ കാര്യങ്ങളൊന്നുമില്ല. എങ്കിലും അമ്മ പറഞ്ഞ കാര്യങ്ങള്‍ അവരുടെ മൊഴിയായി രേഖപ്പെടുത്താന്‍ ഞാന്‍ ആവശ്യപ്പെട്ടു. ഈ പെണ്‍കുട്ടി നാലഞ്ച് ദിവസങ്ങള്‍ കഴിഞ്ഞു മടങ്ങി വന്നു.അവള്‍ എവിടെയായിരുന്നു. ഒരു പുരുഷനൊപ്പം അവള്‍ ബെംഗളരൂവിലും മറ്റും പോയിരിക്കുകയായിരുന്നു. അവന്‍ അവളെ ലൈംഗികമായും ഉപയോഗിച്ചു. പത്തു പതിമൂന്നു വയസ്സുള്ളൊരു കുട്ടിയാണെന്നോര്‍ക്കണം. ഇവിടെ ആരാണ് കുറ്റക്കാര്‍? ആ കുട്ടിയോ? ഞങ്ങള്‍ പൊലീസുകാരോ? അതോ ആ മാതാപിതാക്കളോ?

ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളായി നമുക്ക് കാണാന്‍ കഴിയില്ല. സമൂഹത്തിന്റെ കുറ്റകൃത്യം തടയാന്‍ പൊലീസ് ആവുന്നതും ചെയ്യുന്നുണ്ട്. അതുമതിയോ? പോരാ, സമൂഹം തന്നെയാണ് ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തേണ്ടത്.

സമൂഹത്തിനുമേല്‍ ആണ് ആ ചെറുപ്പക്കാരന്‍ ആസിഡ് ഒഴിച്ചതെന്ന് എനിക്കു തോന്നുന്നു.ഇനിയും നമ്മുടെ മകളുടെ സഹോദരിയുടെ ഭാര്യയുടെ അമ്മയുടെ നേരെ ആരും ആസിഡ് ഒഴിക്കരുത്, ഒരു ചെറുപ്പക്കാരനും തന്റെ മനസ് ക്രൂരതയുടെ പരീക്ഷണശാലയാക്കരുത്. നമുക്ക് അതിനായി ജാഗ്രതയോടെ കാത്തുനില്‍ക്കാം...


അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories