TopTop

കഥ ആരംഭിച്ചിട്ടേയുള്ളു; പള്‍സറിന് പിന്നാലെ പോലീസ് ഓടിയതിങ്ങനെ

കഥ ആരംഭിച്ചിട്ടേയുള്ളു; പള്‍സറിന് പിന്നാലെ പോലീസ് ഓടിയതിങ്ങനെ
പ്രമുഖ മലയാള നടിയെ വെള്ളിയാഴ്ച രാത്രി ഒരു സംഘം ആളുകള്‍ കാറില്‍ അതിക്രമിച്ച് കയറി തട്ടിക്കൊണ്ട് പോയി ആക്രമിച്ചെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. തൊട്ടുപിന്നാലെ കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെന്ന സുനില്‍കുമാറിന്റെ പേരും മലയാളികള്‍ക്കിടയില്‍ ആഴത്തില്‍ പതിഞ്ഞു.

പിന്നീടുള്ള ദിവസങ്ങളില്‍ സുനിയെക്കുറിച്ചുള്ള നിറംപിടിപ്പിച്ച കഥകളാണ് പ്രചരിപ്പിച്ചത്. പശ്ചാത്തലം സിനിമയായതിനാലാകും പല കഥകളും സിനിമയെ വെല്ലുന്നവയായിരുന്നു. നടിയുടെ മുന്‍ ഡ്രൈവറും പെരുമ്പാവൂര്‍ സ്വദേശിയുമായ സുനിക്ക് കൊച്ചി കേന്ദ്രീകരിച്ച ക്വട്ടേഷന്‍ സംഘങ്ങളുമായി അടുത്ത ബന്ധമാണുള്ളത് എന്നതായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്ത. ആഡംബര കാറുകളില്‍ ഇടയ്ക്കിടെ നാട്ടിലെത്താറുള്ള ഇയാള്‍ അയല്‍വാസികളോടും സുഹൃത്തുക്കളോടുമൊപ്പം 'കമ്പനി' കൂടിയ ശേഷം തിരികെ പോയാല്‍ പിന്നീട് മാസങ്ങള്‍ക്ക് ശേഷമാണ് തിരികെയെത്തുന്നതെന്നും ആദ്യഘട്ട അന്വേഷണത്തില്‍ തെളിഞ്ഞു.

ബൈക്കുകളില്‍ ഇഷ്ടവാഹനം പള്‍സര്‍ ആയതിനാലാണ് ഇയാള്‍ക്ക് പള്‍സര്‍ സുനിയെന്ന് പേര് വീണത്. മോഷ്ടിച്ചതും അല്ലാത്തതുമായ ബൈക്കുകളിലാണ് ഇയാള്‍ നാട്ടില്‍ കറങ്ങുന്നത്. പലതവണ ജയിലില്‍ കഴിഞ്ഞിട്ടുള്ളതായും പഠനകാലം മുതല്‍ കേസിലും അക്രമ സംഭവങ്ങളിലും ഉള്‍പ്പെട്ടിരുന്നതായും നാട്ടുകാര്‍ അറിയിച്ചു. അതേസമയം ഇയാളുടെ വീട് സ്ഥിതിചെയ്യുന്ന കോടനാട് സ്‌റ്റേഷന്‍ പരിധിയില്‍ 2006ല്‍ രജിസ്റ്റര്‍ ചെയ്ത കേസ് മാത്രമാണ് നാട്ടില്‍ ഇയാള്‍ക്കെതിരെയുള്ളത്. അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്നതാണ് കുടുംബം. അച്ഛന്‍ കൂലിപ്പണിയെടുത്താണ് കുടുംബം പുലര്‍ത്തുന്നത്.

കളമശേരി, ഏലൂര്‍ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകളാണ് ഉള്ളത്. പണം തട്ടല്‍, വാടകയ്‌ക്കെടുത്ത കാറുകള്‍ തിരികെ നല്‍കാതെ കബളിപ്പിക്കല്‍ തുടങ്ങിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലും ഇയാള്‍ക്ക് പങ്കുണ്ടായിട്ടുണ്ട്.സംഭവം നടന്ന ദിവസം തന്നെ നടിക്കൊപ്പമുണ്ടായിരുന്ന ഡ്രൈവര്‍ മാര്‍ട്ടിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിറ്റേദിവസം സുനിയുടെ ക്രിമിനല്‍ സംഘത്തിലുണ്ടായിരുന്ന രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശി വടിവാള്‍ സലിം, കണ്ണൂര്‍ സ്വദേശി പ്രദീപ് എന്നിവരെ കോയമ്പത്തൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇതിനിടെ സംഘത്തിലുണ്ടായിരുന്ന മണികണ്ഠന്‍, വിജേഷ് എന്നിവരെയും പോലീസ് തിരിച്ചറിഞ്ഞു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും മാസങ്ങള്‍ നീണ്ട ഗൂഢാലോചനയ്ക്ക് ശേഷമാണ് തട്ടിക്കൊണ്ട് പോകല്‍ ആസൂത്രണം ചെയ്തതെന്നും പിടിയിലായ പ്രതികള്‍ പോലീസിനോട് വെളിപ്പെടുത്തി. പ്രതികള്‍ സഞ്ചരിച്ച വാനും ഈ ഘട്ടത്തിലാണ് പോലീസ് പരിശോധിച്ചത്.

കൂടാതെ നടിയില്‍ നിന്നും അറുപത് ലക്ഷം രൂപയെങ്കിലും വാങ്ങുമെന്നും അതില്‍ പകുതി കൂട്ടാളികള്‍ക്ക് നല്‍കുമെന്ന് സുനില്‍ വാഗ്ദാനം ചെയ്തതായും ഇവര്‍ വെളിപ്പെടുത്തി. ഇതിനായുള്ള ബ്ലാക്‌മെയിലിംഗിനാണ് നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് പോലീസ് ആദ്യം കരുതിയത്. നടിയെ ഉപേക്ഷിച്ച ശേഷം പ്രദീപും സലിമും ഒന്നിച്ചും സുനി, വിജേഷ്, മണികണ്ഠന്‍ എന്നിവര്‍ മറ്റൊരു സംഘമായും ഒളിവില്‍ പോയെന്നും പോലീസ് ഇവരില്‍ നിന്നും മനസിലാക്കി.

ആക്രമണത്തിന് പിന്നില്‍ ബ്ലാക്ക്‌മെയിലിംഗ് എന്ന നിഗമനത്തിലിരിക്കുമ്പോഴാണ് സംഭവം ക്വട്ടേഷനാണെന്ന സൂചനയുമായി പോലീസിന് നടിയുടെ മൊഴി ലഭിക്കുന്നത്. തനിക്ക് ഒരു ക്വട്ടേഷന്‍ ഉണ്ടെന്നും നടിയുടെ നഗ്ന വീഡിയോ എടുത്തുകൊടുക്കണം അല്ലെങ്കില്‍ തനിക്ക് പ്രശ്‌നമാണെന്ന് സുനി പറഞ്ഞതായാണ് നടി മൊഴി നല്‍കിയത്. അതിക്രമത്തിന് ശേഷം ഇയാള്‍ ആരെയോ വിളിച്ച് നടന്ന കാര്യങ്ങള്‍ പറഞ്ഞ് പൊട്ടിച്ചിരിച്ചതായും നടി വെളിപ്പെടുത്തിയതായി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്തകൾ പുറത്തുവന്നു. ഇതാണ് ക്വട്ടേഷന്‍ സാധ്യതകളിലേക്ക് വിരല്‍ചൂണ്ടിയത്.

ഇതിനിടെ സുനില്‍കുമാറിന്റെ ഒരുമാസത്തെ ടെലഫോണ്‍ സംഭാഷണ രേഖകള്‍ ശേഖരിക്കാനുള്ള നീക്കവും പോലീസ് ആരംഭിച്ചു. സുനി കറുകുറ്റിയിലെ ഒരു അഭിഭാഷകന്റെ വീട്ടിലെത്തി ഫോണ്‍ കൈമാറുകയും മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് വക്കാലത്ത് ഒപ്പിട്ടതായും അഭിഭാഷകന്‍ വെളിപ്പെടുത്തി. അഭിഭാഷകന്‍ ഈ അപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. സുനി, മണികണ്ഠന്‍, വിജേഷ് എന്നിവരാണ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചത്. ഫോണ്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. ഫോണ്‍ പരിശോധിച്ച പോലീസ് സംഘം അതിക്രമത്തിന് ശേഷം സുനിയെ ഈ ഫോണിലേക്ക് വിളിച്ച മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.

ഇവരില്‍ പുന്നപ്ര സ്വദേശിയുടെ പക്കല്‍ നിന്നും പണം വാങ്ങി സുനില്‍ കൊല്ലത്തേക്കാണ് നീങ്ങിയിരിക്കുന്നതെന്നും പോലീസ് മനസിലാക്കി. ഇതിനിടെ സംഭവത്തില്‍ മറ്റൊരു നടിക്ക് ബന്ധമുണ്ടെന്ന ആരോപണവും ഉയര്‍ന്നെങ്കിലും അത് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. ഈ സമയമെല്ലാം തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ നടന്നിരുന്നത്.

ഇതേദിവസം അമ്പലപ്പുഴയില്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ സഹായം തേടി സുനി എത്തിയതായി വാര്ത്തകള്‍ വന്നു. എന്നാല്‍ ടെലിവിഷന്‍ ചാനലുകളില്‍ തന്റെ ചിത്രം പ്രത്യക്ഷപ്പെട്ടതറിഞ്ഞ് സുനി രക്ഷപ്പെട്ടു. സുനിയുടെ ആലപ്പുഴ ബന്ധം അന്വേഷിക്കാന്‍ പോലീസ് സംഘം സ്ഥലത്തെത്തുന്നതിന് തൊട്ടുമുമ്പാണ് ഇയാള്‍ ഇവിടെ നിന്നും രക്ഷപ്പെട്ടത്. അമ്പലപ്പുഴയില്‍ ഇയാളെ പണം നല്‍കി സഹായിച്ചതായി സംശയം തോന്നിയ ചിലരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഇതിനിടെ പോലീസ് കേസില്‍ പ്രമുഖ നടന്റെ മൊഴിയെടുത്തു എന്ന വാര്‍ത്തയും പ്രചരിച്ചു. തുടക്കം മുതല്‍ ആരോപണ വിധേയനായ നടന്റെ മൊഴിയാണ് എടുത്തത്. എന്നാല്‍ സിനിമ രംഗത്തെ കുടിപ്പക തീര്‍ക്കാന്‍ ചിലര്‍ തന്റെ പേര് വലിച്ചിഴയ്ക്കുകയാണെന്ന് പറഞ്ഞുകൊണ്ടു നടന്‍ ഇത് നിഷേധിച്ചു. സുനി, മാര്‍ട്ടിന്‍ എന്നിവരെ അറിയില്ലെന്നും ഈ നടന്‍ വ്യക്തമാക്കി. അതേസമയം സുനി, മണികണ്ഠന്‍, വിജേഷ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റുകയും ചെയ്തു. ഇതോടെ ഇവര്‍ കീഴടങ്ങാന്‍ ശ്രമിക്കുന്നതായി പോലീസിന് വിവരം ലഭിച്ചു. അതോടെ എറണാകുളത്തെയും ആലപ്പുഴയിലെയും കോടതികളില്‍ പോലീസ് അതീവ ജാഗ്രത പുലര്‍ത്തി.

ഇതിനിടെ സുനിയും സംഘവും ആലുവയില്‍ ഒരു പെട്രോള്‍ പമ്പിന് സമീപം പോലീസിനെ കണ്ട് കാര്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വന്നു. സുനിയുടെ കാമുകിയും സുഹൃത്തും തമ്മിലുള്ള ഫോണ്‍ സംഭാഷണവും പോലീസിന് ലഭിച്ചു. സുനിയെ സഹോദരിയെക്കൊണ്ട് സംസാരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സംശയം തോന്നിയ അയാള്‍ ഫോണ്‍ കട്ട് ചെയ്ത് സ്വിച്ച് ഓഫ് ആക്കി.

ഇതേദിവസം തന്നെ മണികണ്ഠനെ കോയമ്പത്തൂര്‍-പാലക്കാട് റൂട്ടില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും പിടികൂടി. പാലക്കാട് ബസ് സ്റ്റാന്‍ഡിന് സമീപം വച്ചായിരുന്നു അറസ്റ്റ്. മണികണ്ഠന്‍ കൂടി അറസ്റ്റിലായതോടെ സുനിയിലേക്കുള്ള ദൂരം ഏറെയില്ലെന്ന് പോലീസിന് ഉറപ്പായി.അതേസമയം സുനി കോടതിയില്‍ ഹാജരാക്കിയത് ആക്രമണ വേളയില്‍ ഉപയോഗിക്കാത്ത ഫോണാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. മണികണ്ഠന്റെ മൊഴികളില്‍ നിന്നും കേസിലെ സൂത്രധാരനെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചുവെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ നടിയെ ആക്രമിച്ചത് ക്വട്ടേഷന്‍ എടുത്താണെന്ന് സ്ഥിരീകരിക്കാന്‍ മണികണ്ഠന്റെ മൊഴി പോലീസിനെ സഹായിച്ചു. ആക്രമണത്തിന് ശേഷം തിരികെ പോകുമ്പോള്‍ സുനി ആരെയോ വിളിച്ച് ആക്രമണ സംഭവം വിവരിച്ചതായും പണത്തിന്റെ കാര്യം സംസാരിച്ചതായും മണികണ്ഠന്‍ മൊഴി നല്‍കി. ഈ സംഭാഷണം നടന്ന ഫോണല്ല കോടതിയില്‍ ഹാജരാക്കിയതെന്നും പോലീസിന് വ്യക്തമായി. അപ്പോഴും സുനിയെ കോടതിയില്‍ കീഴടങ്ങാന്‍ അനുവദിക്കാതെ അറസ്റ്റ് ചെയ്യാന്‍ തന്നെയായിരുന്നു പോലീസിന്റെ നീക്കം. കോടതികളില്‍ പോലീസ് നിരീക്ഷണം കര്‍ക്കശമാക്കുകയും ചെയ്തു.

നാടകീയമായ അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ആറാം ദിവസമായ ഇന്നലെ രാവിലെയും കോയമ്പത്തൂരില്‍ അന്വേഷണ സംഘം എത്തിയെങ്കിലും സുനി തലനാരിഴയ്ക്ക് രക്ഷപ്പെട്ടുവെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ഉച്ചയ്ക്ക് സുനിയും വിജേഷും എറണാകുളം സിജെഎം കോടതിയില്‍ ഹാജരായി. തന്റെ പ്രിയപ്പെട്ട പള്‍സര്‍ ബൈക്കില്‍ അഭിഭാഷക വേഷത്തിലായിരുന്നു സുനി എത്തിയത്. എന്നാല്‍ ഉച്ച ഭക്ഷണ സമയത്ത് അടച്ചിട്ടിരുന്ന കോടതിക്കുള്ളില്‍ ഇവര്‍ക്ക് കയറാന്‍ സാധിക്കാതെ വരുകയും അപ്പോഴേക്കും സിവില്‍ ഡ്രസില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്തതോടെ സുനിയെയും വിജേഷിനെയും കോടതിയില്‍ നിന്നും അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിക്കുകയായിരുന്നു.

നാടകീയമെന്നോ സിനിമാറ്റിക് എന്നോ വിശേഷിപ്പിക്കാവുന്ന സംഭവങ്ങളാണ് ആറ് ദിവസങ്ങളിലായുണ്ടായത്. ഏഴാം ദിവസമായ ഇന്നു മുതല്‍ സുനിയുടെ വെളിപ്പെടുത്തലുകള്‍ക്കായി കേരളം കാത്തിരിക്കുകയാണ്. എന്താണ് ഈ ആക്രമണത്തിന് പിന്നിലെന്നും ആരാണ് ഇതിന് ഇവരെ നിയോഗിച്ചതെന്നും അറിയാന്‍. കഥ ഇവിടെ അവസാനിക്കുകയല്ല, ആരംഭിക്കുകയാണ് ചെയ്തിരിക്കുന്നത്.


Next Story

Related Stories