TopTop
Begin typing your search above and press return to search.

മാനേജർമാരുടെ ലോകം; ഈ ദുരനുഭവം മലയാള സിനിമയില്‍ ഒറ്റപ്പെട്ട ഒന്നല്ല

മാനേജർമാരുടെ ലോകം; ഈ ദുരനുഭവം മലയാള സിനിമയില്‍ ഒറ്റപ്പെട്ട ഒന്നല്ല
കോട്ടയം സ്വദേശിയായ യുവനടി. പ്രഗത്ഭനായ സംവിധായകന്റെ (തിരക്കഥാകൃത്ത എന്ന നിലയിലും പ്രശസ്തനായിരുന്നു) സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ഈ നടിക്ക് ആദ്യകാലത്തു കിട്ടിയ ചില വേഷങ്ങള്‍ ഒഴിച്ചാല്‍ പിന്നീട് മികച്ചതെന്നു പറയാനുള്ള വേഷങ്ങള്‍ കിട്ടിയില്ല. ഫീല്‍ഡില്‍ ഉണ്ടെന്നു പറയാമെങ്കിലും ഇപ്പോള്‍ അവരെ സിനിമകളില്‍ കാണുന്നതു തന്നെ കുറവാണ്. തന്റെ കരിയറില്‍ ഇങ്ങനെയൊരു തിരിച്ചടി ഉണ്ടാകാന്‍ മുഖ്യകാരണമായി നടി പറഞ്ഞത് മാനേജറായി കൂടെ ഉണ്ടായിരുന്ന വ്യക്തിയെയാണ്. അച്ഛനോ സഹോദരനോ ഇല്ലാത്തതുകൊണ്ട് തന്നെ സിനിമയില്‍ തന്റെ കാര്യങ്ങള്‍ നോക്കാന്‍ ഒരാള്‍ എന്ന നിലയിലാണ് ആ വ്യക്തിയെ കൂടെ നിര്‍ത്തിയത്. കുടുംബത്തിലെ ഒരംഗത്തെ പോലെ വിശ്വസിച്ചെങ്കിലും അയാളുടെ ഭാഗത്തു നിന്നുണ്ടായത് ചതിയായിരുന്നു. താന്‍പോലും അറിയാതെ പല അവസരങ്ങളും നഷ്ടപ്പെടുത്തുകയും പണാപഹരണം ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ നടത്തുകയും ചെയ്ത അയാൾ കാരണം സിനിമ ഫീല്‍ഡില്‍ പോലും തന്നെകുറിച്ച് തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പരക്കുകയും ചെയ്തു. ഈ വിവരങ്ങളൊക്കെ നടി അറിയുന്നത് വളരെ വൈകിയാണ്. പക്ഷേ അപ്പോഴേക്കും വലിയ നഷ്ടങ്ങളാണ് സംഭവിച്ചത്. ഒടുവില്‍ അയാളെ പറഞ്ഞുവിടുകയായിരുന്നു.

ഈ നായികനടിയുടെ അനുഭവം ഒറ്റപ്പെട്ടതായിരുന്നില്ല. പുറത്തറിഞ്ഞതും അറിയാതെപോകുന്നതുമായ നിരവധി കഥകള്‍ ഇതുപോലെയുണ്ട്. നടിമാര്‍ക്കുമാത്രമല്ല, നടന്‍മാരുടെ കൂട്ടത്തിലും മാനേജര്‍മാര്‍, അല്ലെങ്കില്‍ ഡ്രൈവര്‍മാരില്‍ നിന്നൊക്കെ നല്ല 'തട്ട്' കിട്ടിയവരുണ്ട്. തിരുവനന്തപുരത്തുകാരനായ കോമഡി നടന്റെ ഒരു കോടി രൂപ വിലവരുന്ന എസ്റ്റേറ്റ് തട്ടിയെടുത്തത് വിശ്വസിച്ചു കൂടെ നിര്‍ത്തിയ ഡ്രൈവര്‍ ആയിരുന്നു. മലയാളത്തിലെ രണ്ടു യുവനായകന്മാരുടെ മാനേജര്‍മാര്‍ ഒരു കാലത്ത് ആ നായകന്മാരെക്കാള്‍ പ്രഭാവത്തോടെയാണു സിനിമാലോകത്ത് വിലസിയത്. ഫോണ്‍ വിളിച്ചാല്‍ എടുക്കാത്തവര്‍ എന്ന ചീത്തപ്പേരിനൊപ്പം അഹങ്കാരികളെന്ന ഖ്യാതി കൂടി ഇരുവരും നേടിയെടുക്കുന്നതില്‍ മാനേജര്‍മാരുടെ സഹായം ചില്ലറയല്ലായിരുന്നു. ഒടുവില്‍ ഇരു നായകന്മാരും പശ്ചാത്താപവിവശരായി തീര്‍ന്നു. അതിലൊരാള്‍ സൂപ്പര്‍താരമായും മറ്റേയാള്‍ ആവറേജ് നായകനായും സിനിമയില്‍ ഇപ്പോഴുമുണ്ട്. കൂടെ മാനേജര്‍മാര്‍ ഉണ്ടോയെന്ന് അറിയില്ല.ഇന്നലെ രാത്രി മലയാളത്തിലെ ഒരു പ്രശസ്ത നടിക്കു നേരിടേണ്ടി വന്ന ദുരന്തം കേട്ടപ്പോള്‍ ഇത്തരം മാനേജര്‍/ ഡ്രൈവര്‍ കഥകള്‍ പലതും ഓര്‍മയിലേക്കു വന്നു. മലയാള സിനിമയില്‍ വളരെ വൈകി, ഈയടുത്തുകാലത്തായി മാത്രം ഉടലെടുത്ത പ്രതിഭാസമാണ് മാനേജര്‍മാരെ വയ്ക്കല്‍. മറ്റുഭാഷ സിനിമകളിലൊക്കെ ഇത്തരം ശിങ്കിടിമാര്‍ പണ്ടുമുതലേ ഉണ്ടായിരുന്നുവെങ്കിലും മലയാളത്തില്‍ തന്‍കാര്യം തനിച്ചു നോക്കാന്‍ അറിയുന്നവരായിരുന്നു നടന്മാരായാലും നടികളായാലും. പിന്നീടെപ്പോഴോ മാനേജര്‍മാര്‍ എന്നത് ഒരു സ്റ്റാറ്റസിന്റെ പ്രശ്‌നമായി മലയാളത്തിലെ ന്യൂജന്‍ താരങ്ങള്‍ കരുതാന്‍ തുടങ്ങി. താരങ്ങള്‍ക്കു ചുറ്റുമുള്ള മുള്ളുവേലി പോലെ സ്വയം അവരോധിക്കുന്ന മാനേജര്‍മാര്‍ അവരെ കടന്ന് ഒരാള്‍ക്കും, അതു സംവിധായകനോ തിരക്കഥാകൃത്തിനോ നിര്‍മാതാവോ ആയാല്‍പോലും താരത്തിന്റെ സമീപം എത്താന്‍ കഴിയില്ലെന്നു തിട്ടൂരം ഇറക്കാന്‍വരെ ധൈര്യം കാണിച്ചു. ഇതൊക്കെ കണ്ടിട്ടും അതിലെ മര്യാദകേട് മനസിലാകാതെ ആസ്വദിക്കുകയാണ് താരങ്ങളാണെങ്കിലും ചെയ്തത്.

കോട്ടയം സ്വദേശിയായ നായികനടിയെ പോലെ ചിലര്‍ മാനേജര്‍ പോസ്റ്റില്‍ ആളെ നിയമിച്ചത് പത്രാസ് കാണിക്കാനായിട്ടല്ലായിരുന്നു എന്നതും വാസ്തവമാണ്. സിനിമാലോകത്തേക്ക് പെട്ടെന്ന് എത്തപ്പെടുകയും അവിടുത്തെ കാര്യങ്ങള്‍ സ്വയം മാനേജ് ചെയ്യാന്‍ അറിയാതെ പകച്ചു നില്‍ക്കുകയും ചെയ്യുമ്പോള്‍ ആരെങ്കിലും ഉപദേശിക്കും, സഹായത്തിന് ഒരാളെ നിയമിക്കാന്‍. കോള്‍ഷീറ്റ് നോക്കുന്നതും കഥ കേള്‍ക്കുന്നതും പ്രതിഫലം കണക്കു പറഞ്ഞ് വാങ്ങിക്കലുമൊക്കെ അവര്‍ ചെയ്‌തോളും, മാത്രമല്ല ഒരു സംരക്ഷകനായി കൂടെ കാണുമെന്നും കേള്‍ക്കുമ്പോള്‍ പുതുമുഖ താരങ്ങള്‍ തലകുലുക്കും. മാനേജര്‍മാരായി നടിമാരുടെ കൂടെ കൂടാന്‍ തയ്യാറെടുത്ത് നില്‍ക്കുന്നവര്‍ ഏറെയുള്ളതിനാല്‍ ആ കൂട്ടത്തില്‍ നിന്നും ഒരാളെ കണ്ടെടുക്കാന്‍ വലിയ താമസമൊന്നും വേണ്ട. പലപ്പോഴും മറ്റാരുടെയെങ്കിലുമൊക്കെ റെക്കമന്‍ഡേഷന്‍ മാത്രമാണ് നിയമനത്തിന് ആധാരം. കൂടെ കൂടിയ ആദ്യനാളുകളില്‍ ഭയങ്കര ആത്മാര്‍ത്ഥതയായിരിക്കും. പിന്നീടു സ്വഭാവം മാറുന്നത് ആര്‍ക്കും കണ്ടുപിടിക്കാന്‍പോലുമാകാത്ത വിധമായിരിക്കും. മാനേജറായും ഡ്രൈവറായുമൊക്കെ കൂടെ നിര്‍ത്തിയവരുടെ ഭൂതകാലം എന്തായിരുന്നുവെന്നോ, അതല്ലെങ്കില്‍ തങ്ങളുടെ കൂടെയുള്ള ജോലിയല്ലാതെ മറ്റെന്തൊക്കെ ബിസിനസുണ്ട്, ആരെല്ലാമായിട്ടു ബന്ധമുണ്ട് എന്നതൊന്നും തിരക്കാന്‍ പോലും ആരും തയ്യാറാകില്ല. മാത്രമല്ല, പരിധികളില്ലാത്ത സ്വാതന്ത്ര്യവും കൊടുക്കും. തങ്ങള്‍ക്കെതിരായ എല്ലാ മുതലെടുപ്പുകള്‍ക്കും താരങ്ങള്‍ തന്നെ സഹായം ചെയ്തുകൊടുക്കും.

ഒരു വിഭാഗം നടിമാര്‍ക്ക് മാനേജരായും ഡ്രൈവറായുമൊക്കെ കൂടെയുണ്ടാവുക അച്ഛനമ്മമാര്‍ തന്നെയായിരിക്കും. അതുപക്ഷേ വളരെ അപൂര്‍വം പേര്‍ക്കെയുള്ളു. അല്ലെങ്കില്‍ തുടക്കകാലത്ത്. പുതിയകാല അഭിനേതാക്കളൊന്നും അധികവും അച്ഛനമ്മമാരെ കൂടെ കൂട്ടാറില്ല. പ്രതിഫലത്തിന്റെയും മറ്റു വിഷയങ്ങളില്‍ ഇടപെട്ട് സംസാരിക്കാന്‍ കുറച്ചുകൂടി നല്ലത് മാനേജര്‍മാരെ പോലുള്ളവരാണെന്നും ചിലര്‍ വിശ്വസിക്കുന്നു. ഇവര്‍ക്കിടയില്‍ നിന്നും വ്യത്യസ്തരായി മറ്റുചിലരുണ്ട്. സ്വതവേ ബോള്‍ഡായ ഇവര്‍ക്ക് തങ്ങളുടെ കാര്യം നോക്കാന്‍ മാനേജറോ ഡ്രൈവറോ വേണ്ടായെന്ന നിലപാടാണുള്ളത്. സിനിമയില്‍ അവനവനെയല്ലാതെ മറ്റാരെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്നു പറയുന്നവരാണ് ഇവര്‍. പ്രതിഫലത്തിന്റെ കാര്യമാണെങ്കിലും സിനിമയുടെ കാര്യമാണെങ്കിലും, സ്വയം നോക്കാന്‍ കഴിയില്ലെങ്കില്‍ അതിനു കാരണം ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടാണെന്ന് ഒരിക്കല്‍ ഒരു യുവനായിക പറഞ്ഞിട്ടുണ്ട്. ഒഴിവാക്കപ്പെട്ടാക്കാം, പക്ഷേ ചതിക്കപ്പെടില്ലല്ലോ; എന്നും ആ നായിക കൂട്ടത്തില്‍ പറഞ്ഞിരുന്നു. വലിയ അര്‍ത്ഥങ്ങളുണ്ട് ആ വാചകത്തിന്.

ഇപ്പോഴത്തെ സംഭവത്തില്‍ ഇരയാകേണ്ടി വന്ന നടിയുടെ കാര്യത്തിലും വില്ലനായിരിക്കുന്നത് മുന്‍ ഡ്രൈവറാണെന്നു കേള്‍ക്കുന്നു. അയാള്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായ ഒരാളെന്നും വാര്‍ത്ത വരുന്നു. ഇയാളെ പോലെ തന്നെ ക്രിമനല്‍ പശ്ചാത്തലമോ ക്രിമിനല്‍ സ്വഭാവമോ ഉള്ളവരെ തിരിച്ചറിയാന്‍ കഴിയാതെ തങ്ങളുടെ കൂടെ നിര്‍ത്തുന്നവര്‍ക്കുണ്ടാകുന്ന ദുരനുഭവത്തിനാണു നടി ഇരയായത്. ഒരുപക്ഷേ തനിക്കുണ്ടായതു പുറത്തു പറയാനും പൊലീസില്‍ പരാതി നല്‍കാനും നടി തയ്യാറായി. സാധാരണഗതിയില്‍ ഇത്തരം തട്ടിപ്പുകള്‍ക്കും ആക്രമണങ്ങള്‍ക്കും ഇരയാകുന്നവര്‍ പുറത്തു പറയാന്‍ തയ്യാറാകില്ല. ആ ആനുകൂല്യമാണ് പലരും പിന്നീട് മുതലാക്കുന്നത്.

Next Story

Related Stories