TopTop
Begin typing your search above and press return to search.

രാഹുല്‍ ഗാന്ധി ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയ അധീര്‍ രഞ്ജന്‍ ചൗധരി ലോക്‌സഭ നേതാവാകുമ്പോള്‍

രാഹുല്‍ ഗാന്ധി ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയ അധീര്‍ രഞ്ജന്‍ ചൗധരി ലോക്‌സഭ നേതാവാകുമ്പോള്‍
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദിനൊപ്പം അധീര്‍ രഞ്ജന്‍ ചൗധരിയും കൊടിക്കുന്നില്‍ സുരേഷും സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്തത്, ഇവരില്‍ ഒരാളായിരിക്കും ലോക്‌സഭ കക്ഷി നേതാവ് എന്ന അഭ്യൂഹങ്ങള്‍ ഉയര്‍ത്തിയിരുന്നു. രാഹുല്‍ ഗാന്ധി ലോക്‌സഭ നേതാവാകാന്‍ വിസമ്മതിച്ച സാഹചര്യത്തിലായിരുന്നു ഇത്. ഇരുവരും എംപിയാകുന്നത് ഇത് അഞ്ചാം തവണ.

പ്രതിപക്ഷ നേതൃസ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും അവകാശപ്പെടുമെന്ന് പറയുകയും ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്യുകയും ഇതിന്റെ പേരില്‍ സോണിയ ഗാന്ധിയുടെ ശാസന ഏറ്റുവാങ്ങുകയും ചെയ്ത കൊടിക്കുന്നില്‍ സുരേഷ് ലോക്‌സഭ കക്ഷി നേതാവ് സ്ഥാനം ലക്ഷ്യം വച്ചിരുന്നു എന്നാണ് സൂചന. തുടര്‍ച്ചയായ മൂന്നാം തവണ ലോക്‌സഭയിലെത്തുന്ന ശശി തരൂരും കക്ഷി നേതാവ് സ്ഥാനം മോഹിച്ചിരുന്നു. തരൂര്‍ ഇത് മറയില്ലാതെ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ താന്‍ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണ് എന്ന് ശശി തരൂര്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ സോണിയ തിരഞ്ഞെടുത്തത് അധീര്‍ രഞജനെ. പാര്‍ട്ടിക്ക് ഏറ്റവുമധികം ലോക്‌സഭ സീറ്റ് നല്‍കിയ കേരളത്തില്‍ നിന്നുള്ള ശശി തരൂരിനേയും കൊടിക്കുന്നില്‍ സുരേഷിനേയും പഞ്ചാബില്‍ നിന്നുമുള്ള മനീഷ് തിവാരിയേയും ഒഴിവാക്കിയാണ് അധീര്‍ രഞ്ജനെ സോണിയ ഗാന്ധി തിരഞ്ഞെടുത്തത്.
മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയേക്കാള്‍ ഊര്‍ജ്ജസ്വലമായ നേതൃത്വമാണ് ലോക്‌സഭയില്‍ ദേശീയ നേതൃത്വം അധീര്‍ രഞ്ജന്‍ ചൗധരിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

പശ്ചിമ ബംഗാളില്‍ ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസിനെ ഒറ്റയ്ക്ക് നയിച്ച നേതാവാണ് അധീര്‍ രഞ്ജന്‍ ചൗധരി. കഴിഞ്ഞ തവണ ബംഗാളില്‍ നാല് സീറ്റ് നേടിയ കോണ്‍ഗ്രസ് ഇത്തവണ രണ്ടിലേയ്ക്ക് ചുരുങ്ങി. രണ്ട് സീറ്റുണ്ടായിരുന്ന ബിജെപി 18ലേയ്ക്ക് കുതിച്ചുചാടുകയും ചെയ്തു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അപൂര്‍ബ സര്‍ക്കാരിനെ 78,000ല്‍ പരം വോട്ടിന് തോല്‍പ്പിച്ചാണ് അധീര്‍ രഞ്ജന്‍ ചൗധരി ഇത്തവണ ലോക്‌സഭയിലെത്തിയത്. ബേറാംപൂരില്‍ അധീര്‍ രഞ്ജനും മാള്‍ഡയിലെ അബു ഹസന്‍ ഖാനുമാണ് ബംഗാളില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍.

രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 80കളുടെ അവസാനമാണ് അധീര്‍ രഞ്ജന്‍ ചൗധരി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 1991ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ നബാഗ്രാം മണ്ഡലത്തിലാണ് ആദ്യ മത്സരം. 1401 വോട്ടിന് സിപിഎം സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടു. സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ സിപിഎമ്മുകാര്‍ അധീര്‍ രഞ്ജനെ ബന്ദിയാക്കി വച്ചതായി അക്കാലത്ത് കോണ്‍ഗ്രസ് പരാതിപ്പെട്ടിരുന്നു. 1996ല്‍ നിയമസഭയിലേയ്ക്ക് വിജയിച്ചു. 1999ല്‍ ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ നിയമസഭാംഗത്വം രാജി വച്ചു.

തുടര്‍ച്ചയായി മൂന്ന് തവണ വിജയം നേടിയിരുന്ന ആര്‍ എസ് പിക്കാരനായ സിറ്റിംഗ് എംപി പ്രമോതസ് മുഖര്‍ജിയെ ഒരു ലക്ഷത്തിനടുത്ത് വോട്ടിന് അട്ടിമറിച്ചാണ് 1999ല്‍ ലോക്‌സഭ വിജയങ്ങളുടെ തുടക്കം. 1952 മുതലുള്ള ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ ഒരു തവണ മാത്രം കോണ്‍ഗ്രസ് ജയിച്ച, ബാക്കിയെല്ലാ തിരഞ്ഞെടുപ്പുകളിലും ആര്‍ എസ് പി സ്ഥാനാര്‍ത്ഥികളെ മാത്രം ജയിപ്പിച്ച മണ്ഡലമായിരുന്നു ഇത്. 1989 മുതല്‍ 99 വരെയുള്ള അഞ്ച് ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ആര്‍ എസ് പി ജയിച്ച സീറ്റ്. ഈ സീറ്റാണ് 1984ന് ശേഷം അധീര്‍ രഞ്ജന്‍ അന്ന് പിടിച്ചെടുത്തത്. 1999 മുതല്‍ ബേറാംപൂരിനെ ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്നത് അധീര്‍ രഞ്ജനാണ്. ഓരോ തിരഞ്ഞെടുപ്പിലും അധീര്‍ രഞ്ജന്‍ ഭൂരിപക്ഷം കൂട്ടിക്കൊണ്ടിരുന്നു.

അധീര്‍ രഞ്ജന്റെ പോരാട്ടവീര്യമാണ് ലോക്‌സഭ നേതൃത്വം ഏല്‍പ്പിക്കാന്‍ സോണിയയ്ക്ക് ധൈര്യം നല്‍കുന്നത്. 2003ല്‍ അധീര്‍ രഞ്ജന്‍ ചൗധരിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സില്ല പരിഷദ് തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയിരുന്നു. 33 സീറ്റില്‍ 23 സീറ്റും നേടി. 26 പഞ്ചായത്ത് സമിതികളില്‍ 13 എണ്ണം അന്ന് കോണ്‍ഗ്രസ് നേടി. മുര്‍ഷിദാബാദ് ജില്ലയിലെ 254 വില്ലേജ് കൗണ്‍സിലുകളില്‍ 104ഉം കോണ്‍ഗ്രസ് നേടി. ഉത്തര ബംഗാളിലെ പരമ്പരാഗത ശക്തി കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസിന്റെ ശക്തി ചോര്‍ന്നപ്പോളും അധീര്‍ രഞ്ജന്‍ ചൗധരിയുടെ ജനപ്രീതിയില്‍ കാര്യമായ ഇടിവുണ്ടായില്ല. 2014 ഫെബ്രുവരിയിലാണ് ബംഗാള്‍ പിസിസി പ്രസിഡന്റായത്.

രാഹുല്‍ ഗാന്ധി അകാരണമായി പിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയ നേതാവ് എന്ന വിലയിരുത്തലും അധീര്‍ രഞ്ജന്‍ ചൗധരിയെ സംബന്ധിച്ചുണ്ട്. 2018 സെപ്റ്റംബറില്‍ രാഹുല്‍ ഗാന്ധി ഏകപക്ഷീയമായി അധീര്‍ രഞ്ജന്‍ ചൗധരിയെ പിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു എന്ന പരാതിയുണ്ട്. സോമേന്ദ്രനാഥ് മിത്രയെ ആണ് പകരം പ്രസിഡന്റ് ആക്കിയത്. ചൗധരിയെ രാഹുല്‍ ഗാന്ധി, പ്രചാരണ കമ്മിറ്റി ചെയര്‍മാനാക്കി. ബംഗാളിലെത്തിയപ്പോള്‍ തന്നെ മാറ്റുന്ന കാര്യം എന്തുകൊണ്ട് അറിയിച്ചില്ല എന്ന് അധീര്‍ രഞ്ജന്‍ ചൗധരി രാഹുല്‍ ഗാന്ധിയോട് നേരിട്ട് ചോദിച്ചിരുന്നു. ഈ നടപടിയില്‍ പിന്നീട് രാഹുല്‍ അധീര്‍ രഞ്ജനോട് ക്ഷമ ചോദിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അധീര്‍ രഞ്ജന്‍ ചൗധരി ബിജെപിയിലേയ്ക്ക് ചേക്കേറാന്‍ ഒരുങ്ങുന്നു എന്ന അഭ്യൂഹം ശക്തമായിരുന്നു. അധീര്‍ രഞ്ജന്‍ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയതായി വാര്‍ത്തകള്‍ പരന്നിരുന്നു.

മമത ബാനര്‍ജിക്കെതിരായ ശക്തമായ നിലപാടാണ് അധീര്‍ രഞ്ജനെ നീക്കാന്‍ രാഹുലിനെ പ്രേരിപ്പിച്ചത് എന്ന വിലയിരുത്തലുണ്ട്. സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണിയുമായി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സഖ്യം വേണം എന്ന് ശക്തമായി വാദിച്ചിരുന്ന നേതാവാണ് അധീര്‍ രഞ്ജന്‍ ചൗധരി. തൃണമൂല്‍ കോണ്‍ഗ്രസുമായി ദേശീയ നേതൃത്വം അടുത്തപ്പോളെല്ലാം അധീര്‍ രഞ്ജന്‍ ഇത് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സോമേന്ദ്ര മിത്രയുടെ സംസ്ഥാന നേതൃത്വം, സിറ്റിംഗ് സീറ്റുകളില്‍ പരസ്പരം മത്സരിക്കാതെ സഹകരിക്കാം എന്നതടക്കമുള്ള സിപിഎം ഫോര്‍മുല അവഗണിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ സീറ്റ് നില രണ്ടായി ചുരുങ്ങുകയും ഇടതുപക്ഷം തുടച്ചുനീക്കപ്പെടുകയും ചെയ്തു.

Next Story

Related Stories