TopTop
Begin typing your search above and press return to search.

ആദിവാസി മന്ത്രി മറുപടി പറയണം; വേഗം വേണം, തെരഞ്ഞെടുപ്പാണ് വരുന്നത്

ആദിവാസി മന്ത്രി മറുപടി പറയണം; വേഗം വേണം, തെരഞ്ഞെടുപ്പാണ് വരുന്നത്

എം.കെ. രാമദാസ്

ആംബുലന്‍സില്‍ പ്രസവം. വയനാട്ടിലെ ആദിവാസികള്‍ക്ക് ഒരു സാധാരണ സംഭവമാണ്. മാധ്യമങ്ങള്‍ക്ക് അരമണിക്കൂര്‍ നേരത്തേക്കുള്ള ബ്രേക്കിംഗ് ന്യൂസും രാത്രിയില്‍ വേറെ വിഷയങ്ങള്‍ ഒന്നുമില്ലെങ്കില്‍ ന്യൂസ് അവറില്‍ ചര്‍ച്ച ചെയ്യാനൊരു വിഷയവും. തീരുന്നു വയനാട്ടിലെ ആദിവാസികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ചര്‍ച്ചകള്‍.

ദാസനക്കര ചാമക്കര കോളനിയിലെ ഉണ്ണികൃഷ്ണന്റെ ഭാര്യ പ്രിയയാണ് ഈ പട്ടികയിലെ ഏറ്റവും പുതിയ എന്‍ട്രി. വെള്ളിയാഴ്ച പുലര്‍ച്ചെ പ്രസവവേദന അനുഭവപ്പെട്ടെങ്കിലും വാഹനം കിട്ടാത്തതു കൊണ്ട് ശനിയാഴച രാവിലെയാണ് പ്രിയയെ മാനന്തവാടിയിലുള്ള ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. വൈകുന്നേരത്തോടെ വേദന കലശലായി. ബന്ധുക്കള്‍ അധികൃതരെ വിവരം അറിയിച്ചെങ്കിലും പ്രസവചികിത്സാ വിദഗ്ധരില്ലെന്നായിരുന്നു മറുപടി.

ഗര്‍ഭസ്ഥശിശുവിന്റെ നില ആശങ്കാജനകമാണെന്നും 100 കിലോമീറ്റര്‍ അകലെയുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കണമെന്നുമായിരുന്നു നിര്‍ദ്ദേശം. രാത്രി ഒമ്പതു മണിയോടെ ബന്ധുക്കള്‍ പ്രിയയെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. 25 കിലോമീറ്റര്‍ പിന്നിട്ട് കല്‍പ്പറ്റയില്‍ എത്തുന്നതിനു മുമ്പേ വേദന വര്‍ദ്ധിച്ചു. അവിടെ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

വിദഗ്ധ ചികിത്സക്കായി നേഴ്‌സിനോടൊപ്പം തുടര്‍ന്നും കോഴിക്കോട് യാത്ര. 10 കിലോ മീറ്റര്‍ പിന്നിട്ട് വൈത്തിരിയിലെത്തുന്നതിനു മുമ്പേ വേദന കഠിനമായി. ആംബുലന്‍സ് വഴിയരികിലേക്ക് മാറ്റിയിട്ടു. നേഴ്‌സിന്റെ പരിചരണത്തില്‍ രാത്രി പതിനൊന്നരയോടെ വാഹനത്തില്‍ പ്രിയ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. തുടര്‍ന്ന് ഇവരെ കല്‍പ്പറ്റയിലെ ജനറല്‍ ആശുപത്രിയില്‍ തിരികെ പ്രവേശിപ്പിച്ചു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരം.


നല്ലൂര്‍ നാട് ട്രൈബല്‍ ഹോസ്പിറ്റല്‍

മാനന്തവാടി വാളാട് എടത്തറ കോളനിയിലെ അനിത 2015-ന് സെപ്തംബര്‍ രണ്ടിന് മൂന്നു കുഞ്ഞുങ്ങളില്‍ ഒരാള്‍ക്ക് ജന്മം നല്‍കിയത് ആംബുലന്‍സിലായിരുന്നു. അതും വിദഗ്ധചികിത്സ തേടിയുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രാ മധ്യേ. ജില്ലാ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരു ഡോക്ടറുടെ സസ്‌പെന്‍ഷനിലാണ് അന്ന് സംഭവം അവസാനിച്ചത്. ആംബുലന്‍സിലോ ചികിത്സ തേടിയുള്ള യാത്രക്കിടെ വാഹനത്തിലോ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന സംഭവങ്ങളുടെ ഒടുവിലത്തെ ഉദാഹരണമായിരിക്കില്ല പ്രിയയുടെതെന്ന് ഉറപ്പ്. കാരണം ആദിവാസികളുടെ ജീവിതം അത്രമേല്‍ ദുരിതമയമാണ്. ഗര്‍ഭം ധരിക്കലും പ്രസവവും വലിയ രോഗമെന്ന കാഴ്ചപ്പാടൊന്നും ആദിവാസികള്‍ക്കില്ല.

ആരോഗ്യപ്രവര്‍ത്തകരുടെ നിരന്തര സമ്മര്‍ദങ്ങളെ അതിജീവിച്ചും ഊരുകളില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നവര്‍ ഇപ്പോഴും ധാരാളമുണ്ട്. കുഞ്ഞിനൊപ്പം അമ്മയ്ക്കും ചിലപ്പോള്‍ ജീവന്‍ നഷ്ടമായെന്നും വരും. ഈ അപകട സാധ്യത തള്ളിക്കളഞ്ഞും അവര്‍ കുടിലുകളില്‍ കഴിയുന്നു.

സംസ്ഥാനത്താകെ ഇതാണ് അവസ്ഥയെങ്കിലും ആദിവാസികളില്‍ ചില വിഭാഗങ്ങളുടെ ജിവിതാവസ്ഥ 'വള്‍നറിബിളാണ്'. വയനാട്ടില്‍ കാട്ടുനായ്ക്കര്‍, പണിയര്‍, അടിയര്‍ തുടങ്ങിയവരെല്ലാം ഈ അരക്ഷിത ഗണത്തില്‍പ്പെടും. ജനസംഖ്യയില്‍ 30%ത്തോളെം ആദിവാസികളുള്ള വയനാട്ടില്‍ ചികിത്സാസൗകര്യങ്ങളുടെ അഭാവം തന്നെയാണ് പ്രധാന വില്ലന്‍. പഞ്ചായത്തുകള്‍ തോറും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും താലൂക്കുകളില്‍ താലൂക്കാശുപത്രിയും ജില്ലാ ആശുപത്രിയും അതിനിടയില്‍ സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളുമുണ്ടെങ്കിലും ക്ഷയിച്ചിരിക്കുന്നു സ്ഥാപനാരോഗ്യവും. ആദിവാസികളുടെ ആരോഗ്യ സംരക്ഷണത്തിനായി ആരംഭിച്ച ട്രൈബല്‍ ആശുപത്രിയുടെ നില പരിശോധിച്ചാല്‍ കാര്യങ്ങള്‍ എളുപ്പം ബോധ്യമാവും.

തദ്ദേശിയ ജനതകളുടെ ജീവിതസുരക്ഷിതത്വത്തിന് ഊന്നല്‍ നല്‍കിയാണ് ട്രൈബല്‍ ആശുപത്രി എന്ന ആശയം ആവിഷ്‌ക്കരിക്കപ്പെട്ടത്. പാലക്കാട്ട് അട്ടപ്പാടിയിലും വയനാട്ടില്‍ നല്ലൂര്‍നാട്ടിലുമാണ് ട്രൈബല്‍ ആശുപത്രികള്‍ തുടങ്ങിയത്. സ്‌പെഷ്യലിറ്റി സംവിധാനങ്ങളോട് കൂടിയ ചികിത്സയാണ് ജനറല്‍ ആശുപത്രി പരിഗണന നല്‍കിയ ഇത്തരം കേന്ദ്രങ്ങള്‍ക്ക് അധികൃതര്‍ നിഷ്‌ക്കര്‍ഷിച്ചത്. ആദിവാസി ക്ഷേമ വകുപ്പിനാണ് ഇത്തരം ചികിത്സാലയങ്ങളുടെ നിയന്ത്രണവും മേല്‍നോട്ടവും. ആദിവാസി ക്ഷേമപദ്ധതികളുടെ പതിവ് ദുരന്തം ഇവിടെയും സംഭവിച്ചു. സഹസ്രകോടികള്‍ ചെലവഴിച്ച് പൂര്‍ത്തിയാക്കപ്പെട്ട കെട്ടിടങ്ങള്‍ നോക്കുകുത്തികളാണ്.

പാലക്കാട് അട്ടപ്പാടി ട്രൈബല്‍ ഹോസ്പിറ്റലിന് ആദിവാസികള്‍ക്ക് അല്‍പ്പം കരുണ പകര്‍ന്ന് നല്‍കാനായതെന്ന് ആശ്വാസം. വയനാട്ടിലിന്നത് നേരെമറിച്ചാണ്. മാനന്തവാടി നല്ലൂര്‍നാട്ടില്‍ ദശകോടികള്‍ ചെലവഴിച്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പണിത ട്രൈബല്‍ ഹോസ്പിറ്റല്‍ ആദിവാസി വിരുദ്ധ പൊതുസമീപനത്തിന്റെ കൃത്യമായ ഉദാഹരണമാണ്. എടവക പഞ്ചായത്തിലെ നല്ലൂര്‍നാട്ടില്‍ ഏഴരയേക്കര്‍ സ്ഥലത്താണ് കെട്ടിട സമുച്ചയം നിര്‍മ്മിച്ചത്. 1000-ലധികം രോഗികള്‍ക്കുള്ള കിടക്കയുള്‍പ്പെടുന്ന മുഴുവന്‍ സൗകര്യവും കോര്‍ത്തിണക്കിയാണ് കെട്ടിടങ്ങള്‍ പണിതത്.

ആവശ്യമായ മുഴുവന്‍ ഫര്‍ണിച്ചറുകളും ക്രമീകരിച്ചു. നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യപ്പെട്ട ഈ ചികിത്സാലയം ഒരിക്കല്‍ പോലും പൂര്‍ണ്ണതയിലെത്തിയില്ല. മാനന്തവാടിയിലെ ജില്ലാ ആശുപത്രി വരാന്തകളില്‍ രോഗികള്‍ ഒട്ടിച്ചേര്‍ന്ന് കിടപ്പോഴും അടുത്തുതന്നെയുള്ള ട്രൈബല്‍ ഹോസ്പിറ്റല്‍ കെട്ടിടങ്ങള്‍ ഉപയോഗിക്കാനും ശ്രമിച്ചില്ല. സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരില്‍ ഭൂരിഭാഗവും ആദിവാസികളാണെന്നതാണ് ഈ വൈമുഖ്യത്തിനും കാരണം.


പി കെ ജയലക്ഷ്മി

നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടങ്ങള്‍ തകര്‍ന്നു കൊണ്ടിരിക്കുന്നതിനിടെ 2007-ല്‍ ആശുപത്രി ആരോഗ്യവകുപ്പിന് കൈമാറി. ആശുപത്രി വികസനത്തിനായി മൂന്നരകോടി രൂപ 2008-ല്‍ ജില്ലാ ഭരണകൂടത്തെ ഏല്‍പ്പിച്ചു. ജില്ലയിലെ കാന്‍സര്‍ കെയര്‍ സെന്റര്‍ എന്നു പരിഗണിച്ചാണ് പണം നല്‍കിയത്. ആരോഗ്യ, ആദിവാസി വകുപ്പ് മന്ത്രിമാര്‍ പങ്കെടുത്ത വിപുലമായ കൈമാറ്റചടങ്ങും നടന്നു. സര്‍ക്കാര്‍ ഏജന്‍സിയായ കെഎംസിഎല്ലിനാണ് ജില്ലാ ഭരണകൂടം ഈ തുകയേല്‍പ്പിച്ചത്. അവര്‍ പണം ബാങ്കില്‍ നിക്ഷേപിച്ചു. ടെലി കോബാള്‍ട്ട് യൂണിറ്റ് സ്ഥാപിക്കുന്നതിനാണ് ശ്രമം നടത്. കാന്‍സര്‍ ചികിത്സയുടെ ഭാഗമായുള്ള റേഡിയേഷന്‍ നല്‍കുന്നതിനുള്ള പ്രാഥമിക സംവിധാനമാണിത്. നടപടിക്രമങ്ങളുടെ നൂലാമാലകളില്‍പ്പെട്ടും ചുവപ്പ് നാടകളില്‍ കുരുങ്ങിയും യന്ത്രംവാങ്ങല്‍ തടസ്സപ്പെട്ടു. ഇപ്പോഴും തുടരുന്നു.

ദേശീയ കാന്‍സര്‍ നിയന്ത്രണ പദ്ധതിയുടെ ജില്ലാ കേന്ദ്രമായും നല്ലൂര്‍നാട് ട്രൈബല്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ആയിരത്തോളം രോഗികള്‍ക്ക് ചികിത്സനല്‍കാന്‍ കഴിഞ്ഞത് മാത്രമാണ് നേട്ടം. ഡോക്ടര്‍മാരുടെ അഞ്ച് തസ്തികകളാണ് അനുവദിച്ചത്. കൂടാതെ മൂന്ന് നേഴ്‌സുമാരുടെ സേവനവും ഉറപ്പാക്കി. എന്നാല്‍ ഒരിക്കല്‍ പോലും സമ്പൂര്‍ണ്ണ നിയമനം നടന്നില്ല. ഇവിടെയിപ്പോള്‍ ഒരു ഡോക്ടര്‍മാത്രം. ചില നിയമനങ്ങള്‍ നടക്കുമെങ്കിലും വര്‍ക്കിങ്ങ് അറേഞ്ച്‌മെന്റ് സംവിധാനത്തില്‍ ജോലി മറ്റൊരിടത്താവും. പ്രത്യേക ചികിതസാ കേന്ദ്രമെന്ന നിലയില്‍ ലഭിക്കുന്ന 3000 രൂപയുടെ അധികശമ്പളം കൈപ്പറ്റി മറ്റിടങ്ങളില്‍ ജോലി ചെയ്യുവരുമുണ്ട്.

പോസ്റ്റുഗ്രാജുവേറ്റ് പ്രവേശനത്തിന് മുന്‍ഗണന ലഭിക്കുതിനുള്ള കുറുക്കുവഴിയായാണ് ചിലര്‍ ഇവിടുത്തെ നിയമനത്തെ കാണുന്നത്. ശിക്ഷാനടപടികള്‍ക്ക് വിധേയരാകുന്നവര്‍ക്കുള്ള അഭയകേന്ദ്രം കൂടിയാണിത്. ലാസ്റ്റ്‌ ഗ്രേഡ് ജീവനക്കാരന്‍ മുതല്‍ ഡോക്ടര്‍മാര്‍ വരെയുള്ള വിവിധവിഭാഗങ്ങളില്‍ ആരോപണ വിധേയരെ നിയമിക്കുക വഴിയില്‍ ആശുപത്രിയുടെ പ്രവര്‍ത്തനം താറുമാറാകുന്നു.

ആദിവാസി ക്ഷേമപദ്ധതികളുടെ പൊള്ളത്തരത്തിന് പൊള്ളുന്ന ഉദാഹരണങ്ങള്‍ യഥേഷ്ടമുണ്ട്. പറഞ്ഞും കേട്ടും പഴകിയ കഥകള്‍ ബോറടിക്കും. നല്ലൂര്‍നാട്ടിലെ ട്രൈബല്‍ ഹോസ്പിറ്റല്‍ അനാഥമാണെ് ഒറ്റനോട്ടത്തില്‍ പറയാം. ആദിവാസി ക്ഷേമപദ്ധതികള്‍ അവതരിപ്പിച്ച് മേനിനടിക്കുന്ന പട്ടികവര്‍ഗ്ഗക്ഷേമവകുപ്പ് മന്ത്രി പി.കെ.ജയലക്ഷമി ഇക്കാര്യത്തില്‍ മറുപടി പറയണം. അതും വേഗം വേണം. കാരണം, തിരഞ്ഞെടുപ്പുകാലം വരവായി.

(അഴിമുഖം കണ്‍സള്‍ട്ടന്‍റ് എഡിറ്ററാണ് രാമദാസ്)


Next Story

Related Stories