TopTop
Begin typing your search above and press return to search.

ചിരിയുടെ തമ്പുരാന്‍ എന്ന മാടമ്പി ഇമേജില്‍ അടൂര്‍ ഭാസിയെന്ന നടന്‍

ചിരിയുടെ തമ്പുരാന്‍ എന്ന മാടമ്പി ഇമേജില്‍ അടൂര്‍ ഭാസിയെന്ന നടന്‍


വി കെ അജിത് കുമാര്‍

മാര്‍ച്ച് 29, മലയാള സിനിമയിലെ ഹാസ്യസാമ്രാട്ട് എന്ന് വിശേഷിപ്പിക്കുന്ന അടൂര്‍ ഭാസിയുടെ ഇരുപത്തിയഞ്ചാം ചരമവാര്‍ഷിക ദിനം.

'അടൂര്‍' എന്ന് പേരിനു മുമ്പില്‍ എഴുതിച്ചേര്‍ക്കാന്‍ ഞങ്ങളുടെ നാട്ടുകാരെ ആദ്യം ശീലിപ്പിച്ചത് ഭാസ്‌കരന്‍ നായര്‍ എന്ന അടൂര്‍ ഭാസിയായിരുന്നു. മദ്ധ്യകേരളത്തിലെ ഈ ചെറിയ പട്ടണത്തിന്റെ പെരുമ പിന്നീട് ലോകമെങ്ങും വളരുമ്പോഴും അടൂര്‍ ഭാസിയുടെ നാടാണ് എന്ന വസ്തുത ചോദ്യം ചെയ്യപ്പെടാനാകാത്ത സത്യമായി നിലനില്‍ക്കുന്നു. മലയാള സിനിമയിലെ ചിരിയുടെ തമ്പുരാന്‍ എന്ന മാടമ്പി ഇമേജില്‍ ഭാസിയെന്ന നടനെ തളച്ചിടുന്നത് ശരീരപരമായ ചില മാനദണ്ഡങ്ങളും ചില പാരമ്പര്യത്തിന്റെ ശേഷിപ്പുകളും വച്ച് അദ്ദേഹത്തെ അളക്കുന്നവര്‍ മാത്രമാണ്.

മലയാള സിനിമയുടെ ചരിത്രത്തില്‍ ഇത്തരത്തില്‍ ഒച്ചയുള്ള ഒരു നടന്‍ ഉണ്ടായിട്ടില്ല. ഇങ്ങനെ തനി മധ്യതിരുവിതംകൂര്‍ ഭാഷ ഉപയോഗിച്ച് ഹാസ്യം ചമച്ച നടന്‍ ഉണ്ടായിട്ടില്ല. ഇതൊക്കെ പാരമ്പര്യത്തില്‍ കൊണ്ടുചെന്ന് കെട്ടുമ്പോള്‍ സ്വയം രൂപപ്പെടുത്തിയ അഭിനയശൈലിയുടെ ക്രെഡിറ്റ് അദ്ദേഹത്തിന് നഷ്ടമാകുകയാണ്. തെക്കന്‍ തിരുവിതംകൂറിന്റെ ആഖ്യാന ശൈലി ശക്തമായി ആലേഖനം ചെയ്ത സി വി രാമന്‍പിള്ള എന്ന പിതാമഹനിലും ഹാസ്യത്തിന്റെ പുതിയ സാഹിത്യം സംസാരിച്ച ഇ വി കൃഷ്ണപിള്ളയിലും അദ്ദേഹത്തിന്റെ പാരമ്പര്യം ജനിതകമായി മാത്രം കാണുക. ശരിക്കും അദ്ദേഹം സംസാരിച്ചത് 'കൊച്ചാട്ടോ'...'അല്ലിയോ'..'പോവുവാ..കേട്ടോ?'എന്നൊക്കെ തൊണ്ടയ്ക്ക് ഉമിനീര്‍ കുരുങ്ങിയ ശബ്ദത്തിലായിരുന്നു. അതു ഞങ്ങള്‍ അടൂര്‍ക്കാരുടെ ഗ്രാമഭാഷയുമായിരുന്നു. അതിന്റെ ഹാസ്യപരമായ സാധ്യതയായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍.

മലയാള ആഖ്യാന സാഹിത്യത്തെ നോക്കിക്കാണുമ്പോള്‍ പ്രധാനമായും രണ്ടു ധ്രുവങ്ങള്‍ പ്രത്യക്ഷമാകാറുണ്ട്. അതിഗൗരവമായി സാഹിത്യത്തെ സമീപിക്കുകയും ആഭിജാതസൗന്ദര്യത്തില്‍ അഭിരമിക്കുകയും ചെയ്ത സി വി രാമന്‍ പിള്ളയുടെ പിന്തുടര്‍ച്ച അവകാശപ്പെടുന്ന തെക്കന്‍ സാഹിത്യ പാരമ്പര്യവും വളരെ ലളിതമായി കാര്യങ്ങള്‍ പറഞ്ഞുപോകുന്ന കുലീനചിന്തയുള്ള ഓ ചന്തുമേനോനില്‍ തുടങ്ങുന്ന വടക്കന്‍ പാരമ്പര്യവും. ഒരു തായ് വഴി പോലെ ഇത് ഇന്നും നിലനില്‍ക്കുകയും ചെയ്യുന്നു. ഇത് മാത്രമാണു ഭാസി തന്റെ പൂര്‍വികരില്‍ നിന്നും സ്വായത്തമാക്കിയത്. അവിടെ ഹാസ്യത്തിന്റൈ ക്ലാസിക്ക് സൗന്ദര്യം ജ്വലിക്കുന്നത് കാണാം. അതാകട്ടെ അന്ന് മലയാള സിനിമയ്ക്ക് ലഭിച്ച പുതിയ ഊര്‍ജവുമായിരുന്നു.

പ്രേംനസീര്‍ എന്ന മലയാളം കണ്ട എല്ലാകാലത്തെയും നിത്യ കാമുകന്റെ ഭാവരൂപങ്ങള്‍ക്ക് ഒരിക്കലും പൂരകമാകത്ത ശരീരവുമായി അദ്ദേഹത്തോടൊപ്പവും അതിനപ്പുറവും മലയാള വാണിജ്യ ചലച്ചിത്ര ലോകത്തെ ചൊല്‍പ്പടിക്കു നിര്‍ത്തിയെന്നതാണ് ഭാസിയെന്ന നടനെ അതുല്യനാക്കുന്നത്. മലയാള സിനിമ അതിന്റെ നായക സൗന്ദര്യ .കാഴ്ചപ്പാടിനെ കൊടിയേറ്റം ഗോപിയുടെയും നെടുമുടി വേണുവിന്റെയും വരവിനു മുമ്പേ തിരുത്തിയത് ഭാസിയിലൂടെയായിരുന്നു. എന്നാല്‍ അവിടെയും ശക്തമായ തിരുത്തല്‍ നടത്താന്‍ ശശികുമാറിനെപോലുള്ള സംവിധായകര്‍ സമ്മതിച്ചില്ല എന്നതാണ് ഭാസിയെന്ന നടനോട് മലയാള സിനിമ ചെയ്ത തെറ്റ്. പാകമാകാത്ത വിഗ്ഗും മീശയും വച്ചുകൊടുത്തു സുന്ദര യൗവനം വരച്ചുചേര്‍ത്ത് കൊമേഴ്‌സ്യല്‍ സംവിധായകര്‍ ചമച്ചുവച്ചത് അടൂര്‍ ഭാസിയുടെ കോമാളി വേഷങ്ങളായിരുന്നു. അദ്ദേഹത്തിലെ നടന് ശാപമോക്ഷം നല്‍കാന്‍ പിന്നെയും മലയാളം വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. ഇവിടത്തെ ആദ്യ ന്യുവേവ് സിനിമാക്കാരായ ഭരതനും സംഘവും അദ്ദേഹത്തിന്റെ. അഭിനയ പ്രതിഭയുടെ അപാരതലങ്ങള്‍ മലയാളിക്ക് കാണിച്ചുകൊടുത്തപ്പോള്‍ മാത്രമാണു ഭാസിക്ക് ഇങ്ങനെയും ഒരു മുഖമുണ്ടോ? എന്ന് മലയാളി അത്ഭുതത്തോടെ ചോദിച്ചത്.ഏതാണ്ട് ഒരേ കാലത്തിറങ്ങിയ സ്ഥാനാര്‍ഥി സാറാമ്മ, ഭാര്യമാര്‍ സുക്ഷിക്കുക എന്നീ രണ്ട് ചിത്രങ്ങള്‍ തമ്മില്‍ വിലയിരുത്തുമ്പോള്‍ കഥാപാത്രത്തിന്റെ നിര്‍മ്മിതിക്ക് വശംവദമാകുന്ന രണ്ടു ക്ലാസിലുള്ള ഹാസ്യം എങ്ങനെ നിയന്ത്രിതമായി രുപപ്പെടുത്താം എന്ന പാഠപുസ്തകം തുറക്കുകയായിരുന്നു അടൂര്‍ഭാസി എന്നു മനസിലാക്കാം. എന്നാല്‍ ഇത്തരത്തില്‍ മുന്‍പോട്ടു പോകാന്‍ അദ്ദേഹത്തിനു പീന്നിട് ഏറെ അവസരങ്ങള്‍ ലഭ്യമായില്ല. പലപ്പോഴും ഭാരിച്ച ശരിരം ചുമന്നുകൊണ്ട് അദ്ദേഹം സൃഷ്ടിച്ച പല കഥാപാത്രങ്ങളും കൊമേഴ്സ്യല്‍ സിനിമകളില്‍ ഒറ്റ പേരിട്ടു വിളിക്കാവുന്നവ മാത്രമായി മാറുകയായിരുന്നു. ഈ ദുര്‍വിധിയിലും അദ്ദേഹത്തിന്റെ വിപണന മുല്യം ഇരട്ട വേഷങ്ങളായി പോലും ചുഷണം ചെയ്യപ്പെട്ടുവെന്ന സത്യം നിലനില്‍ക്കുന്നിടത്താണ് അടുര്‍ഭാസി സമകാലികരായ മറ്റ് സ്വഭാവ നടന്മാരെ മറികടക്കുന്നത്.

അഭിനയത്തിന്റെ പക്വതയാര്‍ന്ന ഒരു രണ്ടാം ഭാവം നല്‍കാന്‍ സാധിച്ച ചുരുക്കം ചില ഹാസ്യ നടന്മാരെ ഉണ്ടായിട്ടുള്ളൂ. ശങ്കരാടിയും മറ്റും ആദ്യം മുതല്‍ തന്നെ പക്വതയാര്‍ന്ന വേഷം ചെയ്തുവന്നവരായിരുന്നു. അതുകൊണ്ടുതന്നെയാണു ഭാസിയെപ്പറ്റി ഇങ്ങനെ പറയേണ്ടതായി വന്നത്. ഈ പക്വതയാര്‍ന്ന രണ്ടാംവരവ് ഇല്ലായിരുന്നുവെങ്കില്‍ അദ്ദേഹം മലയാള സിനിമയില്‍ വെറും ഒരു അരിക് നടന്റെ ചരിത്രത്തില്‍ മാത്രം ഒതുങ്ങിപോകുമായിരുന്നു. രണ്ടാം ഭാഗത്തിലെ പകര്‍ന്നാട്ടം ആരംഭിക്കുന്നത് .'ഗുരുവായൂര്‍ കേശവ'നില്‍ നിന്നുമായിരുന്നു. പിന്നിട് ഇത് ജോണ്‍ എബ്രഹാമിന്റെ ചെറിയാച്ചനില്‍ എത്തിയപ്പോള്‍ ഭാസി അതിഭാവുകത്വത്തിന്റെ കവചങ്ങള്‍ വിട്ടൊഴിഞ്ഞ ഒരു യഥാര്‍ത്ഥ നടനായി മാറുകയും ചെയ്തു. കൊമേഴ്‌സ്യല്‍ ചലച്ചിത്രങ്ങളില്‍ പിന്നിട് അദ്ദേഹത്തെ വളരെ ശക്തമായി കണ്ടത് ബാലചന്ദ്രമേനോന്റെ 'ഏപ്രില്‍ 18' ലെ അഴിമതി നാരാപിള്ള എന്ന കോണ്‍ട്രാക്ടറിലൂടെയായിരുന്നു. പിന്നിട് വന്ന എല്ലാ കോണ്‍ട്രാക്ടര്‍മാര്‍ക്കും ഒരു രൂപമാതൃക സൃഷ്ടിച്ചു കൊടുക്കുന്നിടത്താണ് ഈ കഥാപാത്രത്തിന്റെ വിജയം നിലനില്‍ക്കുന്നത്.

പഴയ ഓലകൊട്ടകയില്‍ ഇരുന്ന് 'ആദ്യപാഠം' എന്ന സിനിമാ കാണുമ്പോള്‍ അത് സംവിധാനം ചെയ്തത് അടൂര്‍ ഭാസിയായിരുന്നുവെന്നൊന്നും അറിയില്ലായിരുന്നു, എന്നാല്‍ അതില്‍ അഭിനയിച്ച കമല്‍ഹാസന്റെ ചടച്ച രൂപവും ഒരു പാട്ടും പലപ്പോഴും ഓര്‍മ്മിക്കാറുണ്ട് ;

'ഭഗവാന്‍ പറത്താന്‍ കെട്ടിയ പട്ടം
ഭുമിയില്‍ ഞാനായി അലയുന്നു
ഞാന്‍ പറത്താന്‍ കെട്ടിയ പട്ടം
വാനിലുയര്‍ന്നു പറക്കുന്നു
ജയിച്ചത് ഞാനോ? ഭഗവാനോ?
കളിക്കുട്ടി ഞാനോ? ഭഗവാനോ? ...

ഇതായിരുന്നു ഭാസിയുടെ ഹാസ്യവും. നിയതമായ സത്യത്തിലൂടെ വിശ്വാസങ്ങളെ വരെ ചോദ്യം ചെയ്യാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. ഉത്കൃഷ്ട വേഷങ്ങള്‍ ചെയ്ത് അത്തരം കഥാപാത്രങ്ങളെ കോമാളികളാക്കി പ്രേക്ഷകന് മുന്‍പില്‍ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ഇനി പറയൂ ഇയാളെ നമ്മള്‍ എങ്ങനെ മാടമ്പി എന്ന് വിളിക്കും? തമ്പുരാന്‍ എന്ന് വിളിക്കും? ഇവിടെനിന്നുമാണ് അടൂര്‍ ഭാസിയെ നോക്കി കാണേണ്ടത്.

(ഐ എച്ച് ആര്‍ ഡിയില്‍ ഉദ്യോഗസ്ഥനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories