TopTop
Begin typing your search above and press return to search.

അടൂര്‍ ഭാസി എന്തിനായിരുന്നു ഇത്രയധികം പെണ്‍വേഷങ്ങള്‍ കെട്ടിയത്?

അടൂര്‍ ഭാസി എന്തിനായിരുന്നു ഇത്രയധികം പെണ്‍വേഷങ്ങള്‍ കെട്ടിയത്?

ക്രോസ്-ഡ്രസിംഗ് ഇന്ത്യന്‍ സിനിമയില്‍ പുതുമയുള്ള കാര്യമല്ല. കഥ പുതുമയില്ലാത്തതും മടുപ്പിക്കുന്നതുമാകുമ്പോള്‍ പ്രേക്ഷകരില്‍ താല്‍പര്യമുണര്‍ത്താനുള്ള മികച്ച മാര്‍ഗങ്ങളില്‍ ഒന്നാണതെന്നു പലപ്പോഴും തെളിഞ്ഞിട്ടുമുണ്ട്. മലയാളസിനിമയും ഇതിന് അപവാദമല്ല. കഴിഞ്ഞ ആറ് ദശാബ്ദങ്ങളായി മലയാള ചലച്ചിത്ര മേഖല നിറഞ്ഞു നില്‍ക്കുന്ന നായക നടന്മാരിലൂടെ പ്രതിനിധാനം ചെയ്യപ്പെട്ട, ശക്തവും ധ്രുവീകരിക്കപ്പെട്ടതും പുരുഷ ഹോര്‍മോണ്‍ നിറഞ്ഞൊഴുകുന്നതുമായ 'ആണത്തത്തോ'ട് അത് കടപ്പെട്ടിരിക്കുന്നു- പ്രത്യേകിച്ചും പ്രേംനസീര്‍-മധു, മോഹന്‍ലാല്‍- മമ്മൂട്ടി എന്നിങ്ങനെ ഇരുധ്രുവങ്ങളിലും നില്‍ക്കുന്ന നായക പിന്‍തുടര്‍ച്ചയുണ്ടായത് മുതല്‍. (അവസാനത്തേതോടുകൂടി ഈ പ്രതിഭാസം അവസാനിക്കുമെന്ന് കരുതാം.)

എന്നാല്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളായ അടൂര്‍ ഭാസി തന്റെ സ്ത്രീവേഷങ്ങളുടെ എണ്ണം കൊണ്ട് മലയാളസിനിമയില്‍ മുന്നില്‍ നില്‍ക്കുന്നയാളാണ്. സൂക്ഷ്മമായി പരിശോധിച്ചാല്‍ മറ്റൊരു നടനും അടൂര്‍ ഭാസിയുടെയത്ര പെണ്‍വേഷങ്ങള്‍ അദ്ദേഹം ചെയ്തതുപോലെ കൈകാര്യം ചെയ്തിട്ടില്ലെന്നു കാണാം. കൂടുതല്‍ ഗവേഷണം ആവശ്യമാണെങ്കിലും, എന്‍റെ അഭിപ്രായത്തില്‍ ഒരുപക്ഷേ ഇന്ത്യന്‍ സിനിമയില്‍ത്തന്നെ അടൂര്‍ ഭാസിയുടെയത്ര പെണ്‍വേഷമിട്ട നടന്മാര്‍ കാണാനിടയില്ല.

തന്റെ സമകാലീനരെപ്പോലെ തന്നെ അടൂര്‍ ഭാസിയും അഭിനയിച്ച ചിത്രങ്ങള്‍ കണക്കറ്റവയാണെന്നത് അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളുടെ വൈവിധ്യം അളക്കുന്നതിനു തടസമാകുന്നു. പ്രേം നസീറിന്റെ സിനിമകളില്‍ അടൂര്‍ ഭാസി അവിഭാജ്യഘടകമായിരുന്നു. നസീര്‍ സിനിമകളുടെ കണക്കെടുപ്പ് ഭാസി ചിത്രങ്ങളുടെ കണക്കെടുപ്പായി പരിണമിക്കുന്നത് ഇതുകൊണ്ടാണ്.

ഭാസിയുടെ സ്ത്രീവേഷങ്ങള്‍ കൗതുകമുണര്‍ത്തുന്നവയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ സ്ത്രീവേഷപ്പകര്‍ച്ചകള്‍ക്കൊന്നും തന്നെ കഥയെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ പങ്കുണ്ടായിരുന്നില്ലെന്നാണ് എനിക്കു തോന്നുന്നത്. തിരക്കഥയില്‍ ഒരു സ്ത്രീവേഷം ചേര്‍ക്കാന്‍ പറ്റിയ തിരിവുകള്‍ ഭാസി തന്നെ സംവിധായകനോട് നിര്‍ദേശിച്ചതുപോലെയാണ് പലപ്പോഴും തോന്നുക. ഭാസിയുടെ സ്ത്രീവേഷ ചിത്രങ്ങള്‍ ആവര്‍ത്തിച്ചു കണ്ടശേഷവും അവയ്ക്ക് കഥയുമായുള്ള ബന്ധം കണ്ടെത്താന്‍ എനിക്കായിട്ടില്ല. അവയെല്ലാം നടന്റെ ആത്മരതി മാത്രമാണെന്നാണ് എന്‍റെ അഭിപ്രായം. മൂന്നു ദശാബ്ദത്തോളം കാലം നായകനൊപ്പം ഒഴിവാക്കാനാകാത്ത ഘടകമായിരുന്നു ഭാസി. ഭാസിക്ക് മലയാളസിനിമയിലുണ്ടായിരുന്ന ഈ സ്ഥാനം ഭാസിയുടെ ആഗ്രഹത്തിന് എതിരുനില്‍ക്കുന്നതില്‍ നിന്ന് സംവിധായകരെ പിന്തിരിപ്പിച്ചിട്ടുണ്ടാകണം. ഭാസി അഭിനയിച്ചതുപോലുള്ള വേഷങ്ങളില്‍ മലയാളസിനിമയിലെ മറ്റൊരു നടനെയും കാണാനാകില്ല. മലയാളസിനിമയിലെ ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം ഇത് അപൂര്‍വപ്രതിഭാസമാണ്. എന്തുകൊണ്ട് എന്ന ചോദ്യം എന്നെ കുഴക്കുന്നു. എന്നെ മാത്രം.

ഭാസിയുടെ ചില സ്ത്രീവേഷപ്പകര്‍ച്ചകള്‍ ഇവയാണ്. എണ്ണൂറിലധികം (?)ചിത്രങ്ങളില്‍ അഭിനയിച്ച ഭാസി ഇതിലധികം സ്ത്രീവേഷങ്ങള്‍ കെട്ടിയിട്ടുണ്ടാകണം. അവയെപ്പറ്റി ഈ കുറിപ്പിന് മറുപടിയായി എഴുതുക.


കൊച്ചിന്‍ എക്‌സ്പ്രസ് (1967)
അറുപതുകളുടെ അവസാനകാലത്തെ ഡിറ്റക്ടീവ്, കുറ്റകൃത്യ പരമ്പരകളില്‍പ്പെട്ട ചിത്രങ്ങളായ സിഐഡി നസീര്‍ (1971), ഡെയ്ഞ്ചര്‍ ബിസ്‌കറ്റ് (1969), ടാക്‌സി കാര്‍ (1972) എന്നിവയുടെ നിരയില്‍ പെട്ട സിനിമയാണിത്. പ്രേംനസീറായിരുന്നു കുറ്റാന്വേഷകന്റെ റോളില്‍. ട്രെയിനില്‍ നടക്കുന്ന കവര്‍ച്ച, കൊലപാതക സംഭവത്തിലെ മുഖ്യസാക്ഷി അടൂര്‍ ഭാസിയും. ഇരുവരും ചേര്‍ന്ന് കൊള്ളസംഘത്തിന്റെ കേന്ദ്രമായ വേശ്യാലയത്തിലെത്തുകയും ഭാസി സ്ത്രീവേഷത്തിലേക്കു തിരിയുകയും ചെയ്യുന്നു. ഭാസിയുടെ നൃത്തരംഗം അസഹ്യമെന്നു പറയാം. ഭാഗ്യവശാല്‍ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ അതിനു വിരാമമിട്ട് ഷീല രംഗപ്രവേശം ചെയ്യുന്നു. എസ് ജാനകി പാടിയ 'കഥയൊന്നു കേട്ടു ഞാനും' എന്ന ഗാനത്തില്‍ ഭാസി രംഗത്തുണ്ട്. എന്നത്തെയും പോലെ നിങ്ങള്‍ ആലോചിക്കും. എന്തിനാണ് ഭാസി ഇതു ചെയ്യുന്നത്?കള്ളിച്ചെല്ലമ്മ (1969)
ഒരു ജന്‍മിയുടെ കാര്യസ്ഥന്റെ റോളിലാണ് ഭാസി. ഇടയ്ക്ക് ഒരു തവണ കാക്കരിശി അഭിനേതാവായും വരുന്നു. നാടന്‍ പാട്ടില്‍ ഭാസിയെ എനിക്ക് ഇഷ്ടപ്പെട്ടില്ല എന്നല്ല. പക്ഷേ ഒരു യഥാര്‍ത്ഥ കാക്കരിശി അഭിനേതാവിന് അതു ചെയ്യാവുന്നതേയുണ്ടായിരുന്നുള്ളൂ. എം ജി രാധാകൃഷ്ണന്‍ ആദ്യമായി പിന്നണിഗായകനായ ഗാനമാണിതെന്നു തോന്നുന്നു. (തെറ്റാണെങ്കില്‍ തിരുത്തുക). അങ്ങനെ ഒരു പി ഭാസ്‌കരന്‍ ചിത്രത്തില്‍ അടൂര്‍ ഭാസി സ്ത്രീവേഷം കെട്ടിയാടുന്നു.റെസ്റ്റ് ഹൗസ് (1969)
എട്ടു ഗാനങ്ങള്‍ക്കു വേണ്ടിയുണ്ടാക്കിയ ഒരു കഥയാണിതെന്നു ഞാന്‍ വിശ്വസിക്കുന്നു. കെ പി കൊട്ടാരക്കര - ശശികുമാര്‍ ടീമിന്റെ ഈ ചിത്രത്തില്‍ ഭാസിക്ക് ഇരട്ടവേഷമാണ്. പ്രൊഫസര്‍ ദാസിന്റെയും 'ബീറ്റില്‍' അപ്പുവിന്റെയും. മലയാളസിനിമയില്‍ ബീറ്റില്‍സിനു ലഭിച്ചിട്ടുള്ള ഏക ആദരാഞ്ജലിയാകണം ഇത്. പ്രൊഫസര്‍ ദാസ് തന്റെ വിദ്യാര്‍ത്ഥികളുമായി, പ്രൊഫസര്‍ ലക്ഷ്മി (മീന) തന്റെ വിദ്യാര്‍ത്ഥിനികളുമായി താമസിക്കുന്ന ഹോട്ടലില്‍ എത്തുന്നു. വിദ്യാര്‍ത്ഥികളും പ്രൊഫസര്‍മാരും പരസ്പരം ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നതാണു കഥ. ഭാസിയും മറ്റുള്ളവരും പെണ്‍വേഷത്തില്‍ പെണ്‍കുട്ടികളുടെ താമസസ്ഥലത്തു കടക്കുന്നു. അമ്മൂമ്മയായി അടൂര്‍ ഭാസിയും പെണ്‍മക്കളായി വിദ്യാര്‍ത്ഥികളും വേഷമിടുന്നു.ടാക്‌സി കാര്‍ (1972)
വേണു സംവിധാനം ചെയ്ത ഈ ചിത്രം സിഐഡി നസീറിന്റെ തുടര്‍ച്ചയായി കണക്കാക്കപ്പെടുന്നു. ശ്രീകുമാരന്‍ തമ്പിയുടേതാണ് തിരക്കഥ. ഈ ചിത്രത്തിലും നസീര്‍ അന്വേഷണ ഉദ്യോഗസ്ഥനും ഭാസി അദ്ദേഹത്തിന്റെ സഹായിയുമാണ്. സിഐഡി നസീറിലെ രംഗം ഓര്‍മപ്പെടുത്തുംപോലെ ഭാസി സ്ത്രീവേഷം കെട്ടി സാറ്റലൈറ്റ് ഫോണ്‍ മോഷ്ടിച്ച് കുറ്റവാളിസംഘത്തിന്റെ നീക്കങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുന്നു. ഇതു കണ്ടപ്പോള്‍ എനിക്കു തോന്നിയത് ഭാസി ആണ്‍വേഷത്തില്‍ ഇതേ കാര്യം ചെയ്തിരുന്നെങ്കിലും കുഴപ്പമൊന്നും വരില്ലായിരുന്നു എന്നാണ്.


അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍ (1974)
പി ഭാസ്‌കരന്‍ സംവിധാനം ചെയ്ത അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍ എന്ന ചിത്രം വടക്കന്‍ പാട്ടുകളുടെ ശൈലിയിലുള്ള വേഷവിധാനങ്ങളോടെയുള്ളതാണ്. ആ വര്‍ഷം സംവിധായകന്‍ ചെയ്ത മറ്റ് ചിത്രങ്ങള്‍ ഒരു പിടി അരി, തച്ചോളി മരുമകന്‍ ചന്തു എന്നീ വടക്കന്‍ നാടോടിക്കഥകളെ അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങളാണ്. അരക്കള്ളന്‍ മുക്കാല്‍ക്കള്ളനും തച്ചോളി മരുമകന്‍ ചന്തുവിനും തിരക്കഥയെഴുതിയത് എന്‍ ഗോവിന്ദന്‍കുട്ടിയാണ്. അരക്കള്ളനായ പ്രേംനസീറിന്റെ ജനനസമയത്ത് വേര്‍പിരിഞ്ഞ മുക്കാല്‍ കള്ളന്റെ വേഷമാണ് ഭാസിക്ക്. സ്ത്രീവേഷത്തില്‍ രാജകുമാരിയുടെ കുളിമുറിയില്‍ കടക്കുകയാണ് ഇതില്‍ ഭാസി ചെയ്യുന്നത്. തിരക്കഥാകാരന്‍ ലഭ്യമായവയില്‍ ഏറ്റവും എളുപ്പവഴി ഉപയോഗിച്ചതാകാം. വടക്കന്‍ പാട്ടുകള്‍ തിരക്കഥകള്‍ വഴി നമുക്കു പരിചിതമായ പ്രവര്‍ത്തനരീതി. നിധി തേടിവരുന്ന സഹോദരന്മാര്‍. നിധിയുടെ വിശദാംശങ്ങള്‍ രാജകുമാരിയുടെ ലോക്കറ്റിലാണ്. ഭാസി തന്റെ പതിവുവേഷം കൊണ്ട് അതു കരസ്ഥമാക്കുന്നു.

കണ്ണപ്പനുണ്ണി (1977)
നായകനും കൂട്ടുകാരനും ഒരേ ആളുകള്‍ തന്നെ. വടക്കന്‍ പാട്ടുകള്‍ വേഷത്തിലുള്ള കഥ കൊണ്ടുവന്നത് ഉദയ. എം കുഞ്ചാക്കോയുടെ സംവിധാനം. ഇവിടെയും രാജകുമാരിയുടെ അന്തഃപുരത്തില്‍ കടക്കുക എന്നതാണ് പെണ്‍വേഷത്തിനുള്ള ന്യായം. എന്നാല്‍ അരക്കള്ളന്‍ മുക്കാല്‍ക്കള്ളനിലേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ രംഗം അല്‍പം ദൈര്‍ഘ്യമേറിയതാണ്. അര്‍ജുന്റെ ബൃഹന്നളയുമായി സാമ്യമുണ്ടെങ്കിലും രാജകുമാരിയെ നൃത്തം പഠിപ്പിക്കാന്‍ തുനിയുന്നില്ല. അന്തഃപുരത്തില്‍ കടക്കുന്ന കണ്ണപ്പനുണ്ണി (പ്രേംനസീര്‍) രാജകുമാരി പൊന്നി (ഷീല)യെ ആകര്‍ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ഭാസിയും തങ്കക്കുടമെന്ന പേരില്‍ കൂട്ടുകാരിയായി പെണ്‍വേഷമിടുന്നു.
ഇത്തിക്കര പക്കി (1980)
ഇത്തിക്കര പക്കിയിലും വ്യത്യസ്തകളുണ്ടായിരുന്നില്ല. കള്ളിച്ചെല്ലമ്മയിലേതുപോലെ പെണ്‍വേഷത്തില്‍ ഗാനരംഗത്തായിരുന്നു ഭാസി. ഇത്തിക്കര പക്കിയായി വേഷമിടുന്ന നസീര്‍ യുവതിയായും ഭാസി നസീറിന്റെ അമ്മയായും വേഷമിടുന്നു. പ്രായമായ പാട്ടുകാരന്റെ വേഷമിടുന്ന ജയന്‍ സ്ത്രീവേഷത്തിനു പകരം നീണ്ട താടിമീശയാണു തിരഞ്ഞെടുത്തതെന്നത് ആശ്വാസം.

അടൂര്‍ ഭാസിയുടെ സ്ത്രീവേഷങ്ങള്‍ അഭിനയത്തികവിനുവേണ്ടിയാണോ സ്വയം പൂര്‍ത്തീകരണത്തിനുവേണ്ടിയാണോ അവതരിപ്പിക്കപ്പെട്ടത് എന്നു നമുക്ക് ഒരിക്കലും അറിയാനിടയില്ല. എന്നാല്‍ അഭിനേതാവ് എന്ന നിലയില്‍ അവതരിപ്പിക്കേണ്ട വേഷങ്ങള്‍ തിരഞ്ഞെടുക്കാന്‍ അദ്ദേഹത്തിനു ലഭിച്ചിരുന്ന സ്വാതന്ത്യം അനിഷേധ്യമാണ്.

മുകളില്‍ പറഞ്ഞതു കൂടാതെ മറ്റു ധാരാളം വേഷങ്ങള്‍ നിങ്ങളുടെ ഓര്‍മയിലുണ്ടാകാം. എഴുതുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories