Top

ഇനിയും ഊതിക്കത്തിക്കരുത്; അഡ്വ സി പി ഉദയഭാനു സംസാരിക്കുന്നു

ഇനിയും ഊതിക്കത്തിക്കരുത്; അഡ്വ സി പി ഉദയഭാനു സംസാരിക്കുന്നു

അഡ്വ. സി പി ഉദയഭാനു

കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത വിഷയത്തില്‍ കോടതിയുടെ ഭരണവിഭാഗം വ്യക്തമാക്കിയിരിക്കുന്നത് ജില്ലാ ജഡ്ജി എന്തെങ്കിലും സുരക്ഷാ നിയന്ത്രണങ്ങള്‍ എടുക്കണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടിട്ടില്ല എന്നാണ്. കോടതി അത്തരമൊരു നിലപാട് സ്വീകരിക്കാത്തിടത്തോളം കാലം പോലീസ് ഏതെങ്കിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതില്‍ കോടതിയുടെ മേല്‍ പഴി ചാരുന്നതില്‍ അര്‍ത്ഥമില്ല.

ഹൈക്കോടതിയുടെ ഭരണവിഭാഗത്തെയോ ജില്ലാ ജഡ്ജിയെയോ ഇക്കാര്യത്തില്‍ അവിശ്വസിക്കേണ്ടതില്ല. പോലീസ് ഉദ്യോഗസ്ഥന്റെ സസ്‌പെന്‍ഷനു തൊട്ടു മുന്‍പ് വരെ വകുപ്പ് പറഞ്ഞിരുന്നത് ജില്ലാ ജഡ്ജിയുടെ വാക്കാലുള്ള ഉത്തരവ് ഉണ്ടായിരുന്നു, അത് നടപ്പിലാക്കുക മാത്രമാണ് ഉണ്ടായത് എന്നുമാണ്. എന്നാല്‍ അത് ശരിയല്ല എന്ന് ഹൈക്കോടതിയുടെ ഭരണവിഭാഗം നിലപാട് സ്വീകരിച്ചപ്പോള്‍ വ്യക്തമായി.

പോലീസ് ഉദ്യോഗസ്ഥന്‍ കാണിച്ച അതിക്രമം ഒന്നുകൊണ്ടു മാത്രം ആണ് പ്രശ്നങ്ങള്‍ വഷളായത് എന്നതിന്റെ സൂചനയാണ് പോലീസ് ആസ്ഥാനത്ത് നിന്നും അയാളെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു കൊണ്ട് ഉത്തരവ് ഇറങ്ങിയത്. ഉദ്യോഗസ്ഥന്റെ മനോനില ഇതില്‍ ഒരു വലിയ ഘടകം തന്നെയാണ്.

ശനിയാഴ്ച ഹൈക്കോടതി തീരുമാനം എടുത്തത് മാധ്യമങ്ങളെ കോടതിയില്‍ പ്രവേശിപ്പിക്കണം എന്നാണ്. അവര്‍ക്ക് സ്വതന്ത്രമായി റിപ്പോര്‍ട്ട് ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തണം എന്നും കോടതി പറഞ്ഞു. അതാത് ജഡ്ജിമാരുടെ താത്പര്യങ്ങള്‍ക്ക് വിധേയമായി വേണമെങ്കില്‍ സ്റ്റെനോ പൂളിലോ, നാളിതുവരെ അവര്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സ്രോതസ് ആയിരുന്ന സ്ഥലങ്ങളില്‍ നിന്നോ വാര്‍ത്തകള്‍ എടുക്കാന്‍ കഴിയും.

മുന്‍പ് അനുഭവിച്ചിരുന്ന സ്വതന്ത്ര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അത് കുറവോ ബലക്ഷയമോ ആയി അനുഭവപ്പെട്ടേക്കാം. അതെല്ലാം പിന്നീട് ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ ആണ്‌.

എന്നാല്‍ പ്രശ്നങ്ങള്‍ ആറിത്തണുക്കുവാന്‍ ഹൈക്കോടതി നിലപാട് എടുക്കുകയും സര്‍ക്കാര്‍ സഹായകരമായ നിലപാട് സൂചിപ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ വീണ്ടും അവ ആളിക്കത്തിക്കുന്ന രീതിയില്‍ ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ട് എങ്കില്‍ അവരും ആത്മസംയമനം പാലിക്കേണ്ട ഘട്ടമാണ് ഇത്. കാരണം ഇതൊരു സംഘര്‍ഷത്തിന്റെ രൂപത്തിലേക്ക് വളര്‍ത്തിക്കൊണ്ടു പോകേണ്ട വിഷയമല്ല.

മാധ്യമ സ്വാതന്ത്ര്യം, ജനാധിപത്യത്തിന്റെ അവകാശം, അതുപോലെ അറിയാനും പറയാനും ഉള്ള അവകാശം എല്ലാം അംഗീകരിച്ചുകൊണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അതുണ്ടാക്കിയ കോണുകളില്‍ നിന്നുതന്നെ ശ്രമങ്ങള്‍ നടക്കുകയും അവര്‍ തന്നെ മുന്‍കൈ എടുക്കുകയും പരിഹാര നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുകയും ചെയ്തുവരുന്ന സാഹചര്യത്തില്‍ വീണ്ടും പ്രകോപനപരമായ ചര്‍ച്ചകള്‍ ഒരുപക്ഷേ വിഷയം വഷളാക്കുകയേ ഉള്ളൂ. അത്തരത്തില്‍ സംഭവിക്കുകയാണെങ്കില്‍ ഉള്ള ഗുണം നേരത്തെ സൂചിപ്പിച്ച ആളുകള്‍ക്ക് മാത്രമാണ്. അതിനാല്‍ ആ നടപടികളില്‍ നിന്നും ഒഴിവാകുവാനുള്ള ഒരു വിശാലമായ മനസ്സ് എല്ലാവരും കാണിക്കുകയാണ് ഈ സാഹചര്യത്തില്‍ അത്യാവശ്യം. എന്നാല്‍ മാത്രമേ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാവുകയുള്ളൂ. എവിടെയെങ്കിലും കനലുകള്‍ കിടക്കുന്നുണ്ടെങ്കില്‍ അത് വീണ്ടും ഊതി കത്തിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാന്‍ പാടില്ല.

(അഴിമുഖം പ്രതിനിധി കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. സി പി ഉദയഭാനുവുമായി സംസാരിച്ച് തയ്യാറാക്കിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)Next Story

Related Stories