ഇത് നെറികെട്ട മാധ്യമപ്രവര്‍ത്തനം; അഭിഭാഷകര്‍ പ്രതികരിക്കുന്നു

കേരള ഹൈക്കോടതി പരിസരത്തും അതിന്റെ തുടര്‍ച്ചയായി തിരുവനന്തപുരം വഞ്ചിയൂര്‍ ജില്ലാ കോടതി പരിസരത്തും നടന്ന അഭിഭാഷക -മാധ്യമ ഏറ്റുമുട്ടലില്‍ ആരാണ് യഥാര്ത്ഥപ്രതികള് എന്നതിനെക്കുറിച്ച് വാദപ്രതിവാദങ്ങള്‍ തുടരുകയാണ്. ഇരുപക്ഷത്തു നിന്നും തങ്ങള്‍ക്ക് അനുകൂലമായ നിലപാടുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രസ്തുത സാഹചര്യത്തെ വിലയിരുത്തി, ഇതുണ്ടാക്കിയിരിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും സാമൂഹത്തിനാകെ ഉണ്ടാക്കിയിരിക്കുന്ന നാണക്കേടിനെക്കുറിച്ചും കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന പ്രമുഖ അഭിഭാഷകരുടെ പ്രതികരണങ്ങള്‍...
അഡ്വ. ഹരീഷ് വാസുദേവന്‍
മൂന്നു വസ്തുതകള്‍ പറയേണ്ടതാണ്;
1. അഭിഭാഷക-മീഡിയ സംഘര്‍ഷത്തെ സംബന്ധിച്ച് മൂന്നു ദിവസമായി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത തികച്ചും ഏകപക്ഷീയമാണ്. ഇതില്‍ ചാനല്‍ അവതാരകര്‍ മുതല്‍ റിപ്പോര്‍ട്ടര്‍മാര്‍ വരെ വസ്തുതകള്‍ റിപ്പോര്‍ട്ട് ചെയ്യുകയല്ല, ഒരു പക്ഷത്ത് നില്‍ക്കുകയാണ്. ഉദാ: മീഡിയ മാര്‍ച്ചില്‍ കോടതി വളപ്പിലേയ്ക്ക് കല്ലെറിഞ്ഞ് തോളെല്ലിനു പരിക്ക് പറ്റിയ അഭിഭാഷകന് ഉള്‍പ്പെടെ അഭിഭാഷകരില്‍ പലര്‍ക്കും അക്രമത്തില്‍ മര്‍ദ്ദനമേറ്റു. അത് ആരും റിപ്പോര്‍ട്ട് ചെയ്ത് കണ്ടില്ല. നിയമം കൈയിലെടുത്ത് ഹൈക്കോടതി ഗേറ്റ് മണിക്കൂറുകളോളം ഉപരോധിച്ചത് മാധ്യമപ്രവര്‍ത്തകരാണ്. അപ്പോഴും ക്യാമറകള്‍ സംസാരിച്ചത് അഭിഭാഷകര്‍ അഴിഞ്ഞാടുന്നു എന്നാണ്.
2. ഹൈക്കോടതിയിലെ പ്രശ്നങ്ങള്‍ ധനേഷ് മാഞ്ഞൂരാന് വിഷയത്തില്‍ ഉണ്ടായതാണെന്ന് പേര്‍ത്തും പേര്‍ത്തും പറഞ്ഞ്, നാട്ടുകാരെക്കൊണ്ട് അഭിഭാഷകരെല്ലാം ഒരു പെണ്ണുപിടിക്കേസിലെ പ്രതിയെ സഹായിക്കാന്‍ ഇറങ്ങിയിരിക്കുന്നു എന്ന ധ്വനിയുണ്ടാക്കിയിട്ടുണ്ട്. ഇത് തികച്ചും വാസ്തവവിരുദ്ധമാണ്. അസോസിയേഷന് നടപടികള്‍ പോലും തെറ്റായി റിപ്പോര്‍ട്ട് ചെയ്തതില്‍ വക്കീലന്മാര് എല്ലാവരും ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. അസോസിയേഷന്റെ ഭാഗം തിരുത്തായി ആ പത്രം നല്കി. അതവിടെ തീര്‍ന്നു.
പ്രശ്നം വഷളാവുന്നത് ചൊവ്വാഴ്ച വൈകിട്ട് മാധ്യമപ്രവര്‍ത്തകരുടെ മാര്‍ച്ചിനിടെ കോടതി വളപ്പിലേയ്ക്ക് കല്ലെറിഞ്ഞ് ഒരു വക്കീലിനു പരിക്ക് പറ്റിയപ്പോഴും അത് ഷൂട്ട് ചെയ്ത ഒരു വക്കീലിന്റെ കയ്യിലിരുന്ന മൊബൈയില്‍ ക്യാമറ മീഡിയ പ്രവര്‍ത്തകര്‍ തറയിലിട്ട് പൊട്ടിച്ചപ്പോഴുമാണ്. ഇത് അഭിഭാഷകരെ സംഘടിച്ച് പ്രതികരിക്കാന്‍ പ്രേരിപ്പിച്ചു. ഇതിനെ മാഞ്ഞൂരാന് കേസുമായി ബന്ധപ്പെടുത്തുന്നത് നീതിയല്ല. മാഞ്ഞൂരാന് കേസില്‍ ശക്തമായ എതിരഭിപ്രായമുള്ള അഭിഭാഷകരും ഒന്നിച്ചത് കൂടെയുള്ളവര്‍ക്ക് പരിക്കു പറ്റിയെന്ന് അറിഞ്ഞപ്പോഴാണ്.
3. മീഡിയ റൂം പൂട്ടിക്കാന്‍ നിയമം കയ്യിലെടുത്ത ചില അഭിഭാഷകര്‍ സ്ത്രീകളെ അസഭ്യം പറയുകയും കാലിനു സുഖമില്ലാത്ത പ്രീതി എന്ന മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകയ്ക്ക് ലിഫ്റ്റ് നിഷേധിക്കുകയും ചെയ്ത നടപടി വലിയ തെറ്റാണ്. നിയമം കയ്യിലെടുത്ത അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും പോലീസുകാരും നടപടി നേരിടണം. ഹൈക്കോടതിക്കകത്തും പുറത്തും സര്‍വൈലന്‍സ് കാമറകള്‍ ഉണ്ട്. ആ കാമറകള്‍ നിഷ്പക്ഷമായാവും സംസാരിക്കുക. എല്ലാം പതിഞ്ഞിട്ടുമുണ്ടാവണം. ഇനി തെളിവുകള്‍ സംസാരിക്കട്ടെ. ജുഡീഷ്യല്‍ കമ്മിഷന് അത് കണ്ടെത്തട്ടെ. മാധ്യമങ്ങള്‍ ചെയ്യുന്ന നീതികേടിനെതിരെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ പരസ്യമായി പ്രതികരിച്ചു. അതുപോലെ, നിയമം കയ്യിലെടുത്ത ചില അഭിഭാഷകരുടെ നടപടിയെക്കൂടി അപലപിക്കാന്‍ അഭിഭാഷക അസോസിയേഷന് തയ്യാറാവണം.
അഡ്വ. ഹരിരാജ് മാധവ് രാജേന്ദ്രന്
വക്കാലത്ത് ഏറ്റെടുത്ത ശേഷം കോടതിയില്‍ പോകാതെ ഇരിക്കുന്നത് മര്യാദകേടാണെന്നത് എനിക്കറിയാം. ഇതു സുപ്രിം കോടതിയുടെ അനുശാസനത്തിന് എതിരാണെന്ന ബോധ്യവുമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി പരിസരത്ത് അരങ്ങേറിയ സംഭവങ്ങള്‍ എന്നെ അഭിഭാഷക സഹോദരങ്ങളുടെ കൂടെ നില്ക്കാന് പ്രേരിപ്പിക്കുകയാണ്. നീണ്ട 17 വര്‍ഷത്തെ അഭിഭാഷക ജീവിതത്തില്‍ ഞാന്‍ ആദ്യമായാണ് ഒരു ദിവസം കോടതിയില്‍ പോകാതെ ഇരിക്കുന്നത്. ഇതിന്റെ ഭവിഷ്യത്തുകള്‍ നേരിടാന്‍ ഞാന്‍ തയ്യാറാണ്. ഈ പ്രതിഷേധം ഒരു വ്യക്തിക്ക് വേണ്ടിയുള്ളതല്ല. ഈ സമരം നിലനില്‍പ്പിന് വേണ്ടിയാണ്. ഞങ്ങളുടെ ശബ്ദം സമൂഹം കേള്‍ക്കുന്നതിന് വേണ്ടിയുള്ള ഉറച്ച ചുവടുവെപ്പാണ്. ഞങ്ങള്‍ക്ക് ചാനലോ പത്രമോ ഇല്ല. അതുകൊണ്ട് സമൂഹത്തോട് ഞങ്ങളുടെ ഭാഗം ഉച്ചത്തില്‍ വിളിച്ച് പറയുക എന്നതുമാത്രമാണ് ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുക.
മാധ്യമ റിപ്പോര്‍ട്ടുകളുടെ മാത്രം അടിസ്ഥാനത്തില്‍ അഭിഭാഷകരായ ഞങ്ങളില്‍ കുറ്റം കാണുന്ന അഭിഭാഷകരല്ലാത്ത ഞങ്ങളുടെ സുഹൃത്തുക്കളോട് വിനീതമായ ഒരു അപേക്ഷയെ ഉള്ളൂ. മറ്റ് സ്രോതസ്സുകളിലൂടെ വസ്തുത മനസ്സിലാക്കാന്‍ ശ്രമിക്കണം. വസ്തുതകള്‍ ഉടന്‍ തന്നെ പുറത്ത് വരും. ജുഡീഷ്യല്‍ എന്‍ക്വയറി നടക്കുന്നുണ്ടല്ലോ. മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ പക്ഷാപാതപരമായിയാണ് നില്‍ക്കുന്നത്. ഞങ്ങള്‍ ഞങ്ങളുടെ സഹോദരന്മാരോടൊപ്പം തന്നെ നില്ക്കും. ഒരു അഭിഭാഷകന് വേദനിക്കുമ്പോള്‍ ഞങ്ങള്‍ എല്ലാവര്‍ക്കുമാണ് നോവുന്നത്. ഒരാളുടെ രക്തം ചീന്തിയാല്‍ ഞങ്ങളുടെ രക്തമാണ് ഒഴുകുന്നത്.
അഡ്വ. സി വി മനു വില്‍സണ്‍
പ്രിയ മാധ്യമ പോരാളികളേ,
ഓര്‍മ്മയുണ്ടോ ഈ മാധ്യമ പ്രവര്‍ത്തകനെ?
പേരു: സോണി എം. ഭട്ടതിരിപ്പാട്.
തൊഴില്‍: മാധ്യമ പ്രവര്‍ത്തനം.
Once up on a Time,
നിങ്ങളില്‍ ഒരാളായിരുന്നു.
പൊടുന്നനെ,
'കാറ്റ് കൊണ്ടു പോയീ.'
'Gone with the Wind'
2008 മുതല്‍ കാണാതായ നിങ്ങളുടെ ഈ സഹ പ്രവര്ത്തകന്,
അയാള്‍, ഇപ്പോള്‍ എവിടെയെന്ന്, നിങ്ങള്‍ക്ക് ഉത്തരമുണ്ടോ?
വര്‍ഗ്ഗ ബോധം തെല്ലും നിങ്ങള്ക്കില്ലെന്നതിന്,
എന്തിനു വേറേ തെളിവുകള്‍ തേടി പോകണം. അതുകൊണ്ട് തന്നെ, വര്‍ഗ്ഗ ബോധമുള്ള ആരോടും, എന്തിനോടും, നിങ്ങള്‍ക്കുള്ള വെറുപ്പും, അവജ്ഞയും, ഊഹിക്കാവുന്നതേയുള്ളു.
ഹൈക്കോടതിയില്‍, സോണിയുടെ തിരോധാനം അന്വേഷിക്കാന്‍ ഒരു ഹര്‍ജി, നിങ്ങളില്‍ ആര്‍ക്കും കൊടുക്കവുന്നതേയുള്ളുവെന്ന ചെറിയ കാര്യം, നിങ്ങളുടെ നിയമകാര്യ ലേഖകര്‍, അടക്കമുള്ള പണ്ഡിത ശിരോമണികള്ക്കാര്ക്കും അറിഞ്ഞു കൂടാ എന്ന കാര്യം ഞങ്ങള്‍ക്കും അറിയാം. പക്ഷേ, വരികള്‍ക്കിടയിലൂടെ വായിച്ചാല്‍, അതിനുമപ്പുറം ചിലത്...വര്‍ഗ്ഗ ബോധമില്ലാത്ത നിങ്ങള്‍ക്കത് പറഞ്ഞാല്‍ മനസ്സിലാകില്ല. കാരണം, നിങ്ങള്‍ വെറും കുട്ടികളാണ്, കുട്ടികള്‍. ഒരു ചാണ് വയറിനു വേണ്ടി നിങ്ങളുടെ ഊര്‍ജ്ജവും, ആരോഗ്യവും, കഴിവുകളും ഊറ്റിയെടുത്ത് നിങ്ങളെ കൊണ്ട് ചുടുചോറു വാരിക്കുന്ന മുതലാളിമാര്‍, നിയമം (മിനിമം വേജസ് ആക്ട്) അനുശാസിക്കുന്ന കൂലി പോലും നിങ്ങളില്‍ ബഹുഭൂരിപക്ഷത്തിനും തരുന്നില്ലെന്ന യാത്ഥാര്‍ഥ്യം, നേരിട്ടറിവുള്ള ആള് എന്ന നിലയില്‍ പറയട്ടേ, ഓരോ ചാനലുകളില്‍ നിന്നും മാസാവസാനം, വാഗ്ദാനങ്ങള്‍ അല്ലാതെ മിനിമം വേജസ് കിട്ടാതെ നരകിക്കുന്ന, ആയിരങ്ങളുണ്ട് നിങ്ങള്‍ക്കിടയില്‍. എന്നാല്‍, ആ സഹോദരങ്ങള്‍ക്ക് വേണ്ടി ഉയരില്ല, ഒരിക്കലും നിങ്ങളുടെ കൈകള്‍. അങ്ങനെ തോന്നണമെങ്കില്‍, വര്‍ഗ്ഗബോധം വേണം. എന്ത് ചെയ്യാം, ഹിന്ദുസ്ഥാന്‍ ലിവര്‍, ആ സാധനം ഉത്പാദിപ്പിക്കുകയോ, മാര്‍ക്കറ്റില്‍ ഇറക്കുകയോ ചെയ്തിട്ടില്ല. അതു കൊണ്ടും കൂടി, വര്‍ഗ്ഗബോധമുള്ള ഓരോന്നിനെയും നിങ്ങള്‍ പുച്ഛിച്ചു തള്ളും, അതിപ്പോള്‍, വീട്ടില്‍ അടുപ്പെരിഞ്ഞില്ലെങ്കില് കൂടി. ഇന്ത്യാ വിഷന്‍ പൂട്ടി പോയപ്പോള്‍, നിങ്ങളിലാര്‍ക്കും (അവിടത്തെ പാവം തൊഴിലാളികള്‍ ഒഴികെ) നൊന്തില്ല. കാരണം, അത് അവരുടെ, അവരുടെ മാത്രം സ്വകാര്യ പ്രശ്നം. കാണാതായ സോണിയെ, ഇനി ഒരിക്കലും കണ്ടെത്തിയില്ലെങ്കിലും, നിങ്ങള്‍ക്കു നോവില്ല, കാരണം, അത് അയാളുടെ കുടുംബത്തിന്റെ മാത്രം, സ്വകാര്യ ദുഖം. ഓരോ ദിവസവും കുറഞ്ഞത് 510 ബ്രേക്കിംഗ് ന്യൂസ് ഉണ്ടാക്കിക്കാന് ചാനല്‍ മുതലാളിമാര്‍ കയറൂരി വിടുമ്പോള്‍, നിങ്ങള്‍ അറിയുന്നുണ്ടോ, ഓരോ ദിവസവും നിങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന നിയമ ലംഘനങ്ങളെ കുറിച്ച്. ഇന്ത്യന്‍ പീനല്‍ കോഡിലെ 500ആം വകുപ്പിനെ കുറിച്ച്? കോടതിയലക്ഷ്യ നിയമം നിര്‍വചിക്കുന്ന 2ആം വകുപ്പിന്റെ ഉപ വകുപ്പ് 1 (സി) യെ കുറിച്ച്? 9 മണി വാര്‍ത്തയുടെ അവതാരകന് വിധിന്യായം പുറപ്പെടുവിക്കുന്നതിലെ നിയമപരമായ വെളിവു കേടിനെ കുറിച്ച്?
ഞാനടക്കമുള്ള ഏതൊരു അഭിഭാഷകനും ഒന്ന് ഇറങ്ങിത്തിരിച്ചാല്‍ ഒരു പൂവിറുക്കുന്ന ലാഘവത്തില്‍ തീര്‍ക്കാവുന്നതേയുള്ളു ഈ ആഭാസത്തരങ്ങള്‍. നിങ്ങളുടെ കൂട്ടത്തില്‍ തന്നെയുള്ള പലര്‍ക്കും നേരിട്ടറിവുള്ളതാണീ കാര്യങ്ങള്‍. ഒന്നും കുത്തി തുറപ്പിക്കാന്‍ പ്രേരിപ്പിക്കരുത്. എല്ലാം ഒരു കളിയല്ലേ, കളിച്ചോളൂ.. പക്ഷേ സ്വന്തം തരത്തില്‍, അതും തരക്കാരോട്. ഇതൊരിക്കലും ഒരു ഭീഷണിയല്ല, സ്നേഹം കൈ വിടാതെയുള്ള ഒരു മുന്നറിയിപ്പ്. വാസ്തവത്തില്‍, നിങ്ങളെ മുന്നില്‍ നിര്‍ത്തി ഈ കളി കളിക്കുന്നവരെ തിരിച്ചറിയുവാനുള്ള വെറും സാമാന്യ ബുദ്ധി പോലും ഇല്ലാതെ പോയല്ലോ സഹോദരങ്ങളേ, നിങ്ങള്‍ക്ക്.
നേരിട്ട് ഒരു ഏറ്റു മുട്ടാന്‍ ധൈര്യവും ചങ്കുറപ്പുമില്ലാത്ത പോലീസ് ഗൂഢാലോചനയുടെ വെറും ഇരകള്‍ ആയി പോയല്ലോ, നിങ്ങള്‍. വെറുപ്പോ, ദേഷ്യമോ അല്ല, വെറും സങ്കടം മാത്രമേയുള്ളൂ, നിങ്ങളെയോര്‍ത്ത്.
അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞാല്‍ മാത്രം, മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് പോലും, (അതും പ്രതിക്ക്) കോപ്പി ലഭിക്കാന്‍ പാടുള്ള 164 സ്റ്റേറ്റ്മെന്റ്, ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നറിയാനുള്ള പഠിപ്പെങ്കിലും തികഞ്ഞില്ലേ മക്കളേ, നിങ്ങള്‍ക്ക്. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന ഏതൊരു കേസിലും, പൊതു ജനങ്ങള്‍ (ആ കേസ് നാളെ വാദം കേട്ട് വിധി പറയേണ്ട ന്യയാധിപനടക്കം) കേള്‍ക്കെ അഭിപ്രായം പറയുന്നത് (അതിനി ഒരു പക്ഷേ സത്യമാണെങ്കില്‍ കൂടി) ക്രിമിനല്‍ കോടതിയലക്ഷ്യമാണെന്നുള്ള മിനിമം നിയമ ബോധമെങ്കിലും, എന്തേ ഇല്ലാതെ പോകുന്നു, നിങ്ങള്‍ക്ക്? ഒരു കാര്യം പറഞ്ഞ് ഈ അധിക പ്രസംഗം ഇവിടെ നിര്‍ത്താം:
'കോടാലി മറന്നേക്കാം,
പക്ഷേ, മരത്തിനതാകില്ല'.
അഡ്വ. തങ്കച്ചന് വരകില്‍
നേര് നിരങ്ങി വരും കള്ളം പറന്നു വരും;
ഇന്നലെ (20-07-2016) രാത്രി 7.30 ന് മുതല്‍ മലയാളത്തിലുള്ള മിക്കവാറും എല്ലാ ചാനലുകളും മാറ്റി മാറ്റി നോക്കി. എല്ലായിടത്തും 'അഭിഭാഷക ഗുണ്ട'കളുടെ അഴിഞ്ഞാട്ടം. ഷാനിയും, വിനുവും, വേണുവും കത്തിക്കയറുന്നു. ഇവരോടൊപ്പം ചേര്‍ന്നു കൊണ്ട് പ്രിയ സുഹൃത്തായ അഭിഭാഷകനുള്പ്പടെയുള്ളവരുടെ ധാര്‍മ്മിക രോഷവും. ഒറ്റ രാത്രി കൊണ്ട് കേരളത്തിലെ അഭിഭാഷക സമൂഹം തെമ്മാടിക്കൂട്ടങ്ങളായി മാറി. സഹിച്ചില്ല എന്റെയും ധാര്‍മ്മിക രോഷം അണപൊട്ടിയൊഴുകി. ഉടന്‍ തന്നെ 'കറുത്ത കോട്ട് എന്തും ചെയ്യാനുള്ള ലൈസന്‍സല്ല' എന്ന പേരില്‍ ഒരു കുറിപ്പ് തയ്യാറാക്കി എഫ് ബി യില്‍ പോസ്റ്റാന്‍ തീരുമാനിച്ചു. കൈവിട്ട കളിയാണ്. സഹപ്രവര്‍ത്തകരുടെ കൈകൊണ്ട് മരിക്കാനിഷ്ടമില്ലാത്തതു കൊണ്ട് നിജസ്ഥിതി ഒന്നു കൂടി ഉറപ്പാക്കാന്‍ എറണാകുളത്തെ ചങ്ങാതിമാരെ വിളിച്ച് ഒന്ന് ക്രോസ് ചെക്ക് ചെയ്യാന്‍ തീരുമാനിച്ചു. വിശദമായി ഇന്നും ഇന്നലേയുമായി അന്വേഷിച്ചു. ചിത്രങ്ങള്‍ മാറി മറിഞ്ഞു. ഇരകള്‍ വേട്ടക്കാരായി മാറി. സംഘടിതമായ തമസ്കരണമായിരുന്നു ഇന്നലെ നടന്നത്. അപ്പോഴാണ് ഒരു കാര്യം ഓര്‍മ്മ വന്നത്. സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത് കേസിലുള്‍പ്പെട്ട ഒരു കക്ഷിയാണ്. ചാനലും പത്രങ്ങളും ഒക്കെ അവരുടെ കൈയ്യിലാണ്. കുറ്റസമ്മതമൊഴികള്‍ അപൂര്‍വ്വ സാഹചര്യത്തിലാണ് പുറത്തു വരിക. ഇവരുടെ കൈയ്യില്‍ നിന്ന് അത് പ്രതീക്ഷിക്കണ്ട. സംഘടിത ആക്രമത്തിലേര്പ്പെട്ടവര് ഒരിക്കലും കുറ്റസമ്മതം നടത്തിയ ചരിത്രമില്ല.
ഹൈക്കോടതിയിലെ ലീഗല്‍ അഡ്വൈസറായിരുന്ന ധനേഷ് മാഞ്ഞൂരാനെതിരെ വ്യാജമായി ഉണ്ടാക്കിയെന്ന് പറയപ്പെടുന്ന കേസ് റദ്ദാക്കുന്നതിന് വേണ്ടി രണ്ട് ദിവസം മുമ്പ് ഹൈക്കോടതിയില്‍ കേസ് വരുന്നു. കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ വളച്ചൊടിക്കപ്പെടുന്ന റിപ്പോര്‍ട്ടിംഗിനെ പറ്റി വാക്കേറ്റമുണ്ടാവുന്നു. ഇതേ തുടര്‍ന്ന് ഹൈക്കോടതിയിലെ മീഡിയ റും ഉത്തവാദപ്പെട്ടവര്‍ അടച്ചിടുന്നു. ബാര്‍ അസോസിയേഷന് പാസ്സാക്കിയ വാര്‍ത്ത വളച്ചൊടിച്ച ഡെക്കാണ് ക്രോണിക്കളുകാരനുമായി വാക്കു തര്‍ക്കം ഉണ്ടാവുന്നു. പോലീസ് സംരക്ഷണത്തില്‍ മാധ്യമ പ്രവര്‍ത്തകരെന്ന് പറയപ്പെടുന്ന സംഘം ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തുന്നു. അഭിഭാഷക ചേമ്പറിലേക്ക് കല്ലേറ് നടത്തുന്നു. രണ്ട് അഭിഭാഷകര്‍ക്ക് പരിക്കേല്‍ക്കുന്നു. ഇതിനെതിരെ ഹൈക്കോടതി ബാര്‍ അസോസിയേഷന് ചേര്‍ന്ന് പ്രമേയം പാസ്സാക്കുന്നു. എന്നാല്‍ വനിതാ മാധ്യമ പ്രവര്‍ത്തകരുള്‍പ്പടെയുള്ള സംഘം മീഡിയാ റൂം ബലമായി തുറന്ന് പ്രകോപനമുണ്ടാക്കുന്നു. വീണ്ടും അഭിഭാഷകരുമായി സംഘര്‍ഷമുണ്ടാവുന്നു. മീഡിയാ റൂം വീണ്ടും അടക്കപ്പെടുന്നു. ഇതേ തുടര്‍ന്ന് വൈകുന്നേരത്തോടെ ഹൈക്കോടതിയുടെ ഗേറ്റ് ബ്ലോക്ക് ചെയ്ത് കൊണ്ട് മാധ്യമ പ്രവര്‍ത്തകരെന്ന് പറയുന്നവര്‍ കുത്തിയിരിപ്പു നടത്തി അഭിഭാഷകരെ ബന്ദികളാക്കുന്നു. ഇതിനെ ചോദ്യം ചെയ്ത അഭിഭാഷകരും പത്രപ്രവര്‍ത്തകരും തമ്മില്‍ വീണ്ടും സംഘര്‍ഷമുണ്ടാവുന്നു. വക്കീലന്മാരുടെ നേരെ തിരിച്ചു പിടിച്ച മാധ്യമക്കാരുടെ ക്യാമറയില്‍ വക്കീലന്മാരുടെ ആക്രോശങ്ങള്‍ പതിയുന്നു. മാധ്യമ പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് പരിക്കേറ്റതായി പറയുന്നു (എന്നാല്‍ ഇന്നലത്തെ സംഭവത്തില്‍ പരിക്കേറ്റ മാധ്യമ പ്രവര്‍ത്തകരെ ആരുടേയും ആശുപത്രിയിലാക്കിയ ചിത്രങ്ങള്‍ ഇതുവരെയായും പത്രക്കാര് പുറത്ത് വിട്ടതായി അറിയില്ല). എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ ക്യാമറ സ്റ്റാന്‍ഡ് കൊണ്ട് അടിച്ചു ഗുരുതരമായി പരിക്കേല്‍പ്പിച്ച പന്ത്രണ്ടോളം അഭിഭാഷകര്‍ ആശുപത്രിയിലാണുള്ളത്. നിക്ഷ്പക്ഷം, നിരന്തരം, നിര്‍ഭയം വാര്‍ത്തകള്‍ നല്കികൊണ്ടിരിക്കുന്ന മാധ്യമ ഫാസിസ്റ്റുകള്‍ സംഘം ചേര്‍ന്ന് അഭിഭാഷകരെ പേപ്പട്ടിയെ തല്ലുന്നതു പോലെ തല്ലിയൊതുക്കിയത് മനഃപൂര്‍വ്വം മുക്കി.
ഒരു കാര്യത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാം. അഭിഭാഷകരെ ആയുധം കൊണ്ടും ക്യാമറ കൊണ്ടും പേന കൊണ്ടും വളഞ്ഞിട്ടാക്രമിക്കാന്‍ അവര്‍ ഒറ്റക്കെട്ടായിരുന്നു. അതുപോലെ തന്നെ ഒരൊറ്റ മാധ്യമ പ്രവര്‍ത്തകനും പ്രിന്റ് മാധ്യമത്തിലൂടെയോ അച്ചടി മാധ്യമത്തിലൂടെയോ അവര്‍ക്കെതിരായ വാര്‍ത്തയോ, വീഡീയോ ശകലമോ പുറത്തറിയാതിരിക്കുന്നതില് വിജയിച്ചു. സംഭവത്തിനാസ്പദമായ എല്ലാം നടന്നത് മീഡിയാ റൂമിലും ഹൈക്കോടതി ഗേറ്റിലും പരിസരത്തുമാണ് . വക്കീലന്മാരാരും ഒരു പത്രക്കാരന്റെ ആപ്പീസിലേക്കും മാര്‍ച്ച് ചെയ്തിട്ടില്ല. High Securtiy Zone ആയ ഹൈക്കോടതി പരിസരത്തേക്ക് നിയമ വിരുദ്ധമായി പോലിസകമ്പടിയോടെ അതിക്രമിച്ച് കയറി സംഘര്‍ഷമുണ്ടാക്കിയത് മാധ്യമക്കാരാണ്. അത് ഇവര്‍ മനഃപൂര്‍വ്വം തമസ്കരിച്ചു. മലബാര്‍ ഭാഷയില്‍ 'കച്ചറ കൊക്ക കെട്ടി പറിച്ചവര്‍' , സത്യം ജനങ്ങളെ അറിയിക്കാന്‍ ബാധ്യതപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍, തങ്ങള്‍ക്കെതിരായ വാര്‍ത്തകള്‍ മനഃപൂര്‍വ്വം മുക്കി. എന്നാല്‍ അഭിഭാഷക സമൂഹം അവരുടെ 'തനി കൊണം' കാണിച്ചു. നിജസ്ഥിതി അറിയാന്‍ ശ്രമിക്കാതെ ന്യൂസ് ചാനലുകളില്‍ കയറിരുന്ന് സഹപ്രവര്‍ത്തകരെ ഗുണ്ടകളാക്കി ഹരിശ്ചന്ദ്ര വേഷം കെട്ടിയാടി. ഇത് അഭിഭാഷക സമൂഹത്തിനുണ്ടാക്കിയ ഡാമേജ് അതീവ ഗുരുതരമാണ്. ന്യൂസ് അവറില്‍ കയറിപ്പറ്റാന്‍ കഴിയാത്ത ഇക്കൂട്ടരുടെ അവതാരങ്ങള്‍ ആശുപത്രിയില്‍ അഡ്മിറ്റായ സഹപ്രവര്‍ത്തകരോട് അല്പം പോലും കാരുണ്യം കാണിക്കാതെ കേരളത്തിലെ മര്യാദാരാമന്മാരായി കോടതിയില്‍ ഹാജരായി സുപ്രീംകോടതി വിധി ശിരസ്സാവഹിച്ചു.
പക്ഷേ ഇന്ന് കളി മാറി സോഷ്യല്‍ മീഡിയയിലൂടെ അടി കൊണ്ട വക്കീലന്മാരുടെ പടം പുറത്തു വന്നു. ഇന്നലെ രാത്രി ന്യൂസ് അവറില്‍ കയറിയിരുന്ന് സ്വന്തം വര്‍ഗ്ഗത്തെ തള്ളിപ്പറഞ്ഞ ചിലര്‍ മാളത്തിലൊളിച്ചു. മറ്റ് ചിലര്‍ ഇളിഞ്ഞ മുഖവുമായി വീണ്ടും കയറിയിരുന്ന് മധ്യസ്ഥന്മാരായി.
ഇന്ന് നടന്നതും ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്തതാണ്. പരിക്കേറ്റ അഭിഭാഷകയുടെ ചിത്രം കാണിച്ചില്ലെങ്കിലും ഇന്നലത്തെ അത്രയും പക്ഷപാതപരമല്ല. ജനങ്ങള്‍ കണ്ണടച്ച് വിഴുങ്ങില്ല എന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു.
ഇത്രയും എഴുതിയതില്‍ വക്കീലന്മാരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അതിനെ ന്യായീകരിക്കലല്ല.
അഡ്വ ശ്രീനാഥ് ഗിരീഷ്
ഒരു പത്രപ്രവര്‍ത്തകന്റെ അടിസ്ഥാന ജോലി ധര്‍മം എന്താണ്?
പൊതു സമൂഹം സംഭവത്തിന്റെ ഇരുവശവും അറിയുന്നു എന്ന് ഉറപ്പാക്കുക. വാര്‍ത്തയുടെ അടിസ്ഥാന വസ്തുതകളെല്ലാം വായനക്കാരന് മനസ്സിലാക്കി കൊടുത്ത്, സത്യമായും പൂര്‍ണമായും റിപ്പോര്‍ട്ട് ചെയ്യുക. ഏത് വശമാണ് ശരി എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം വായനക്കാരന് വിട്ടുകൊടുക്കുക. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ നടന്ന നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ നിഷ്പക്ഷമായി റിപ്പോര്‍ട്ട് ചെയ്തു എന്ന് ഏതെങ്കിലും പത്രമാധ്യമ പ്രവര്ത്തകന് അവകാശപ്പെടാന്‍ കഴിയുമോ? വാര്‍ത്തകള്‍ തികച്ചും ഏകപക്ഷീയം ആയിരുന്നു. മാധ്യമങ്ങളുടെ വശം മാത്രമാണ് പൊതുജനങ്ങള്‍ അറിഞ്ഞത്. നിയമ വ്യവസ്ഥ കൈകാര്യം ചെയ്യുന്ന സഹോദരന്മാരെ മോശക്കാരാക്കി കാണിക്കാന്‍ റിപ്പോര്‍ട്ടര്‍മാരും മാധ്യമപ്രവര്‍ത്തകരും വെപ്രാളപ്പെടുകയായിരുന്നു. കറുത്ത കോട്ടിട്ട യുവ വക്കീലന്മാരെ ഹൈക്കോടതിക്ക് മുന്നിലിട്ട് തല്ലിച്ചതയ്ക്കുന്ന വീഡിയോ പ്രസിദ്ധീകരിക്കാന്‍ ധൈര്യമുള്ള ഏതെങ്കിലും മാധ്യമപ്രവര്ത്തകന് ഉണ്ടോ? അല്ലെങ്കില്‍ തികഞ്ഞ മുദ്രാവാക്യങ്ങളായി അശ്ലീലം വിളിച്ചു പറയുന്ന മാധ്യമപ്രവര്‍ത്തകരുടെ കൂട്ടത്തിന്റെ? ദയവു ചെയ്ത് ആ വീഡിയോ കാണുക; എന്നിട്ട് ആരാണ് അക്രമ സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്ന് തീരുമാനിക്കുക.
സ്വയം നിയന്ത്രിക്കാനാവാത്ത എടുത്തുചാട്ടക്കാര്‍ ഇരുവശത്തും ഉണ്ടായിരിക്കാം. വക്കീലന്മാരുടെ കാര്യം നമുക്ക് രണ്ടാമതു പരിഗണിക്കാം, നിയമം അതിന്റെ സമയം എടുത്തോളും. എന്നാല്‍ മുന്‍വിധിയോടെ പക്ഷപാതപരമായി റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകരുടെ പെരുമാറ്റത്തിന് അത് ന്യായീകരണം ആകുമോ?
ഓഡി ആള്ട്ടം പാര്‍ട്ടം – മറുവശത്തിനോട് ശ്രദ്ധിക്കുക. നീതിയുടെ അടിസ്ഥാന ഘടകം ആണത്. ജനാധിപത്യം എന്ന മഹത്തായ സ്ഥാപനത്തിന്റെ വളരെ അത്യന്താപേക്ഷികമായ മുന്‍വ്യവസ്ഥ ആണിത്.
ജനാധിപത്യത്തിന്റെ കാവല്‍ നായ്ക്കള്‍ - അങ്ങനെയല്ലേ നിങ്ങള്‍ നിങ്ങളെത്തന്നെ വിശേഷിപ്പിക്കുന്നത്? ലെജിസ്ലേച്ചർ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി – ഇവ മൂന്നിനെയും വരച്ച വരയില്‍ നിര്‍ത്താന്‍ സാധിക്കുന്ന ഏക വിഭാഗം. നിങ്ങള്‍ക്ക് നിങ്ങളുടെ ജോലി ചെയ്യാം. പക്ഷെ ഒന്നോര്‍ക്കുക, നിങ്ങള്‍ ആലോചിക്കുന്നതിനു മുന്‍പേ നിയമവാഴ്ച സംരക്ഷിക്കപ്പെടുന്നു എന്ന് വക്കീലന്മാര് ഉറപ്പാക്കുന്നുണ്ട്. അതുകൊണ്ടാണ് വക്കീല്‍ ഉദ്യോഗം ഭരണഘടനയില്‍ തന്നെ അംഗീകരിച്ചിട്ടുള്ളത്. ആര്‍ട്ടിക്കിള്‍ 22 ഒന്നെടുത്ത് വായിക്കുന്നത് നന്നായിരിക്കും.
നിങ്ങളുടെ പക്ഷപാതം അഭിഭാഷകരില്‍ മാത്രം ഒതുങ്ങുന്നില്ല. ആധുനിക ജീവിതത്തിന്റെ എല്ലാ കോണുകളിലും നിങ്ങള്‍ നുഴഞ്ഞുകയറി നിങ്ങള്‍ക്ക് സൗകര്യമുള്ള രീതിയില്‍ വാര്‍ത്തകളെ വളച്ചൊടിച്ച് പൊതുസമൂഹത്തിന്റെ അഭിപ്രായം നിങ്ങള്‍ക്ക് അനുകൂലമായ വിധത്തില്‍ രൂപീകരിക്കുന്നു. നിങ്ങളുടെ ഉപകരണങ്ങളും വായനക്കാരുടെ സംഖ്യാബലവും നിങ്ങള്‍ക്ക് തോന്നുന്നത് ചെയ്യാനുള്ള അധികാരം നല്കുന്നു. എന്നാല്‍ ഒന്ന് സ്വയം ചോദിക്കുക - ആ അധികാരം നിങ്ങള്‍ ദുരുപയോഗം ചെയ്യുന്നില്ലേ?
ഓര്‍ക്കുക, പൊതുജനം കഴുതകളല്ല. കാവല്‍ നായ്ക്കള്‍ക്ക് പേയിളകുമ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ക്കറിയാം.
(പ്രതികരണങ്ങള്‍ അഭിഭാഷകരുടെ ഫെയ്സബുക്ക് പേജില്‍ നിന്നും എടുത്തിട്ടുള്ളത്)