TopTop
Begin typing your search above and press return to search.

ബാറ്റാക്ലാനിലെ മരണനിമിഷങ്ങള്‍; ഇരുപത്തിരണ്ടുകാരിയുടെ എഫ് ബി കുറിപ്പ് വൈറല്‍

ബാറ്റാക്ലാനിലെ മരണനിമിഷങ്ങള്‍; ഇരുപത്തിരണ്ടുകാരിയുടെ എഫ് ബി കുറിപ്പ് വൈറല്‍

പീറ്റര്‍ ഹോളി
(വാഷിംഗ്ടണ്‍ പോസ്റ്റ്)

'ഇത് നിങ്ങള്‍ക്കു സംഭവിക്കുമെന്ന് ഒരിക്കലും നിങ്ങള്‍ കരുതില്ല', ഇങ്ങനെയാണ് ആ വിവരണം തുടങ്ങുന്നത്.

വെള്ളിയാഴ്ച രാത്രി പാരിസിലെ ബാറ്റാ ക്ലാന്‍ സംഗീതഹാളില്‍ ഭീകരര്‍ നടത്തിയ കൂട്ടക്കൊലയുടെ ഏറ്റവും വ്യക്തവും മനോവേദനയുണ്ടാക്കുന്നതും ഹൃദയസ്പര്‍ശിയുമായ അനുഭവവിവരണം; മരിച്ചവര്‍ക്കും മുറിവേറ്റവര്‍ക്കും ഇടയില്‍ ഏതുനിമിഷവും തന്റെ നേരെ പാഞ്ഞുവന്നേക്കാവുന്ന വെടിയുണ്ടയും കാത്തുകഴിഞ്ഞതിന്റെ ഓര്‍മക്കുറിപ്പ്.

ഇസബെല്‍ ബോഡെറി എന്ന ദക്ഷിണാഫ്രിക്കന്‍ യുവതിയാണ് ഫേസ്ബുക്കില്‍ ആ ഭീകരത വരച്ചിട്ടത്. മൃതദേഹങ്ങള്‍ക്കു നടുവില്‍ ഒരുമണിക്കൂറോളം അനങ്ങാതെ കിടന്ന് രക്ഷിച്ചെടുത്ത തന്റെ ജീവനെപ്പറ്റിയുള്ള ഈ ഇരുപത്തിരണ്ടുകാരിയുടെ കുറിപ്പ് ഇതുവരെ പരസ്പരം കൈമാറിയത് ആറുലക്ഷത്തിലധികംപേര്‍. വിവരണത്തിനൊപ്പം സംഭവസമയത്ത് ധരിച്ചിരുന്ന ചോരപുരണ്ട ഷര്‍ട്ടിന്റെ ചിത്രവും ബോഡെറി പോസ്റ്റ് ചെയ്തിട്ടുണ്ട്.

കേപ് ടൗണ്‍ ബിരുദധാരിയായ ബോഡെറി ഇങ്ങനെ എഴുതുന്നു:

'എന്റെ തൊട്ടുമുന്നില്‍ ഡസന്‍ കണക്കിന് ആളുകള്‍ വെടിയേറ്റുവീഴുന്നുണ്ടായിരുന്നു. തറയിലാകെ ചോര തളംകെട്ടി. പെണ്‍സുഹൃത്തുക്കളുടെ മൃതദേഹങ്ങള്‍ കെട്ടിപ്പിടിച്ചു കരയുന്ന പുരുഷന്മാരുടെ ശബ്ദം ഹാളില്‍ നിറഞ്ഞു. നിമിഷാര്‍ധത്തില്‍ തകര്‍ക്കപ്പെട്ട ഭാവിപ്രതീക്ഷകള്‍; ഹൃദയം തകര്‍ന്ന കുടുംബങ്ങള്‍. ഞെട്ടിത്തരിച്ച്, ഒറ്റയ്ക്ക് ഒരുമണിക്കൂറോളം ഞാന്‍ മരിച്ചതുപോലെ കിടന്നു. പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നോക്കിവിലപിക്കുന്നവര്‍ക്കിടയില്‍.'

ഈഡിത്ത് പിയാഫ്, നിക്ക് കേവ്, ലൗ റീഡ് തുടങ്ങിയ പ്രഗത്ഭരെല്ലാം സംഗീതപരിപാടികള്‍ നടത്തിയിട്ടുള്ള, പാരിസുകാര്‍ വിലപ്പെട്ടതായി കരുതുന്ന ബാറ്റാക്ലാന്‍ ഹാള്‍ കുരുതിക്കളമായത് വെറും 15 മിനിറ്റിലാണ്. ബോഡെറി ചൂണ്ടിക്കാണിക്കുന്നതുപോലെ വെടിശബ്ദം ഉയരുംവരെ വരാനിരിക്കുന്നതിനെപ്പറ്റി ആര്‍ക്കും സൂചനയുണ്ടായിരുന്നില്ല. അമേരിക്കന്‍ ബാന്‍ഡായ ഈഗിള്‍സ് ഓഫ് ഡെത്ത് മെറ്റലിന്റെ പരിപാടി തുടങ്ങി ഒരുമണിക്കൂറോളം കഴിഞ്ഞപ്പോഴാണ് ജനക്കൂട്ടത്തിനു പിന്നില്‍നിന്ന് ആയുധധാരികള്‍ പ്രത്യക്ഷപ്പെട്ടത്. തുടക്കത്തിലെ വെടിയൊച്ചകള്‍ സംഗീതത്തിലും ജനക്കൂട്ടത്തിന്റെ ആവേശത്തിലും മുങ്ങിപ്പോയി.'സന്തോഷം നിറഞ്ഞതായിരുന്നു അന്തരീക്ഷം. എല്ലാവരും പുഞ്ചിരിയോടെ നൃത്തച്ചുവടുകളിലായിരുന്നു', ബോഡെറി എഴുതുന്നു. 'അപ്പോഴാണ് മുന്‍വാതിലിലൂടെ കടന്നുവന്നവര്‍ വെടിവയ്പു തുടങ്ങിയത്. അതും പരിപാടിയുടെ ഭാഗമാണെന്നു ഞങ്ങള്‍ കരുതി.'

ശ്വാസമടക്കി അനങ്ങാതെ കിടന്നത് ബോഡെറി വിവരിക്കുന്നു. 'ഭീകരര്‍ കാണാന്‍ ആഗ്രഹിച്ച ഭീതി അവരെ കാണിക്കാതിരിക്കാന്‍ വേണ്ടി' കരച്ചില്‍ മനസിലടക്കി. ജനക്കൂട്ടത്തിനു ചുറ്റും കഴുകന്മാരെപ്പോലെയാണ് ആയുധധാരികള്‍ വട്ടമിട്ടതെന്ന് ബോഡെറി പറയുന്നു. 'ഈ ദൃശ്യം ജീവിതത്തിലൊരിക്കലും എന്നെ വിട്ടുപോകാനിടയില്ല'.

'മനുഷ്യജീവനോട് ഒരുപരിഗണനയും അവര്‍ക്കില്ലെന്ന് ഓരോരുത്തരെയും കൃത്യമായി ഉന്നംനോക്കി വെടിവച്ചുവീഴ്ത്തുന്ന അവരുടെ ചെയ്തിയില്‍ വ്യക്തമായിരുന്നു. കണ്‍മുന്നില്‍ നടക്കുന്നതു സത്യമാണോ എന്ന് ഞാന്‍ സംശയിച്ചു. ഓരോനിമിഷവും ഇതൊരു പേടിസ്വപനമാണെന്ന് ആരെങ്കിലും പറയുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു'.

ആക്രമണത്തിന്റെ തത്വദീക്ഷയില്ലായ്മ ബോഡെറിയുടെ വിവരണം കാണിച്ചുതരുന്നു. മറ്റുള്ളവര്‍ ചുറ്റിലും മരിച്ചുവീഴുമ്പോള്‍ രക്ഷപെടാനായത് തന്നെ സഹായിച്ച നല്ല മനുഷ്യരെപ്പറ്റി ലോകത്തെ അറിയിക്കാന്‍ കൂടിയാണെന്നു ബോഡെറി കരുതുന്നു.

'ഒച്ചയില്ലാതെ വിങ്ങിക്കരയുമ്പോള്‍ എന്നെ ആശ്വസിപ്പിക്കുകയും എന്നെ സംരക്ഷിക്കാന്‍ സ്വന്തം ജീവന്‍ അപകടത്തിലാക്കുകയും ചെയ്ത ഒരാള്‍, ലോകത്തില്‍ ഇനിയും നന്മ അവശേഷിക്കുന്നുണ്ടെന്നു വിശ്വസിപ്പിക്കുംവിധം അവസാനവാക്കുകള്‍ പറഞ്ഞുപോയ ദമ്പതികള്‍, നൂറുകണക്കിനാളുകളെ രക്ഷിച്ച പൊലീസ് സംഘം, ഒപ്പമുണ്ടായിരുന്ന സ്‌നേഹിതന്‍ അമൗരി മരിച്ചെന്നു കരുതി വഴിവക്കില്‍ ഞാന്‍ വിലപിച്ച 45 മിനിറ്റ് എന്നെ ആശ്വസിപ്പിച്ച അപരിചിതര്‍, സ്‌നേഹിതനെന്നു തെറ്റിദ്ധരിച്ച് ഞാന്‍ ഓടിച്ചെന്നപ്പോള്‍ സ്വയം ഒറ്റപ്പെട്ടവനും മുറിവേറ്റ് ഭീതിതനുമായിട്ടും എല്ലാം ശരിയാകുമെന്ന് ആശ്വസിപ്പിച്ചയാള്‍, ആക്രമണത്തില്‍ രക്ഷപെട്ടെത്തിയവര്‍ക്കായി സ്വന്തം വീട് തുറന്നുതന്ന വനിത, അഭയം തരികയും ചോരപുരണ്ട വസ്ത്രം ധരിച്ച എനിക്കുവേണ്ടി പുതിയ വസ്ത്രം വാങ്ങുകയും ചെയ്ത സുഹൃത്ത്, കരുത്തുപകരുന്ന സന്ദേശങ്ങളയച്ചവര്‍; നിങ്ങളെല്ലാം കൂടുതല്‍ മെച്ചപ്പെട്ടൊരു ലോകത്തിന് ഇനിയും സാധ്യതയുണ്ടെന്ന് വിശ്വസിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു. ഇത്തരമൊന്ന് ഇനിയൊരിക്കലും സംഭവിക്കില്ലെന്നു പ്രതീക്ഷിക്കാന്‍ പ്രേരണ തരുന്നു.സംഭവത്തില്‍ ജീവന്‍ നഷ്ടപ്പെട്ട നിരവധി ആളുകളെയും ബോഡെറി കുറിപ്പില്‍ ഓര്‍ക്കുന്നു.

''അവരുടെ അന്ത്യസമയത്ത് സ്വന്തം അന്ത്യത്തിന്റെ പ്രതീക്ഷയിലായിരുന്നു ഞാനും. മരിച്ചവരില്‍ ഒരാള്‍പോലും ഈ ക്രൂരകൃത്യം നടത്തിയ മൃഗങ്ങളെപ്പറ്റി ഓര്‍ത്തില്ല. അവര്‍ സ്‌നേഹിച്ചവരെപ്പറ്റി മാത്രമായിരുന്നു അവസാനചിന്തകള്‍'.

സ്വന്തം അനുഭവം ബോഡെറി ഇങ്ങനെ വിവരിക്കുന്നു.

'എന്റെ 22 വര്‍ഷത്തെ ജീവിതത്തിനു വിരാമമിട്ട് ഏതു സമയവും എത്താവുന്ന വെടിയുണ്ടയും പ്രതീക്ഷിച്ച്, അപരിചിതരായ ആളുകളുടെ രക്തം പുരണ്ടുകിടക്കുമ്പോള്‍ ഞാന്‍ കണ്ടതെല്ലാം സ്‌നേഹിച്ചവരുടെ മുഖങ്ങളാണ്. ഒരിക്കലെങ്കിലും സ്‌നേഹം തോന്നിയ എല്ലാവരെയും ഞാന്‍ വീണ്ടും വീണ്ടും ഓര്‍ത്തു. ഞാന്‍ എത്ര സ്‌നേഹിക്കുന്നുവെന്ന് അവര്‍ മനസിലാക്കണമെന്ന് ആഗ്രഹിച്ചു. എനിക്കെന്തുസംഭവിച്ചാലും മനുഷ്യനന്മയില്‍ അവര്‍ വിശ്വസിക്കണമെന്ന് ആഗ്രഹിച്ചു; ഒരിക്കലും ഈ ഭീകരര്‍ വിജയിക്കരുതെന്നും'.

ബോഡെറിയുടെ പോസ്റ്റിന് നൂറുകണക്കിനാളുകളില്‍ നിന്ന് പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. മലിന്‍ദി ബ്രൈസ് എഴുതിയതുപോലെ 'മനോഹരമായ വാക്കുകളും ചിന്തകളും. നിങ്ങളുടെ വേദന എന്റേതുകൂടിയാണ്. ഞങ്ങള്‍ എല്ലാവരുടേതുമാണ്.'

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories