TopTop
Begin typing your search above and press return to search.

ഒരു യുദ്ധഭൂമിയില്‍ നിന്നു മറ്റൊന്നിലേക്ക്; പലായനത്തിന്‍റെ അമ്പരപ്പിക്കുന്ന കാഴ്ച ദര്‍ഫുറില്‍ നിന്ന്

ഒരു യുദ്ധഭൂമിയില്‍ നിന്നു മറ്റൊന്നിലേക്ക്; പലായനത്തിന്‍റെ അമ്പരപ്പിക്കുന്ന കാഴ്ച ദര്‍ഫുറില്‍ നിന്ന്

കെവിന്‍ സീഫ്
(വാഷിങ്ടണ്‍ പോസ്റ്റ്)

21-ാം നൂറ്റാണ്ടിലെ ഏറ്റവും രൂക്ഷമായ മാനവിക പ്രതിസന്ധികളിലൊന്നിന്റെ അരങ്ങായി ദര്‍ഫുര്‍ മാറിയിരിക്കുന്നു. ജനുവരി മുതല്‍ 43,000 സൗത്ത് സുഡാന്‍ അഭയാര്‍ത്ഥികളാണ് കിഴക്കന്‍ ദര്‍ഫുര്‍ വിട്ടു പോയത്. യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥി കുത്തൊഴുക്കിന്റെ വാര്‍ത്തകള്‍ക്കിടയില്‍ പലപ്പോഴും മുങ്ങിപ്പോയ ആഫ്രിക്കയിലെ ദുരന്തപൂര്‍ണമായ അഭയാര്‍ത്ഥി പ്രതിസന്ധികളിലേക്കുള്ള ശ്രദ്ധക്ഷണിക്കലാണ് കഴിഞ്ഞയാഴ്ച യുനൈറ്റഡ് നേഷന്‍സ് പുറത്തു വിട്ട ഈ കണക്കുകള്‍. സബ് സഹാറന്‍ ആഫ്രിക്കയുടെ പല ഭാഗങ്ങളിലും ആക്രമണങ്ങളും അരക്ഷിതാവസ്ഥയും രൂക്ഷമായതോടെ യുദ്ധം തരിപ്പണമാക്കിയ മറ്റു രാജ്യങ്ങളിലേക്ക് കുടുംബങ്ങള്‍ അഭയം തേടി പോയിക്കൊണ്ടിരിക്കുന്നു.

2015-ല്‍ ഒരു ലക്ഷത്തോളം എത്യോപ്പിയക്കാരും സോമാലികളുമാണ് ബോട്ട് മാര്‍ഗം ലോകത്തേറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നായ യെമനിലേക്കു പോയത്. കഴിഞ്ഞ വര്‍ഷം തന്നെ വിമത സംഘങ്ങളുടെ പോരാട്ടം സഹിക്കവയ്യാതെ അയ്യായിരത്തോളം കോംഗോ പൗരന്മാര്‍ ആഭ്യന്തര യുദ്ധക്കെടുതിയില്‍ കഴിയുന്ന സെന്‍ട്രല്‍ ആഫ്രക്കന്‍ റിപ്ലബ്ലിക്കില്‍ അഭയം തേടിപ്പോയി. പതിനായിരത്തോളം ബുറുണ്ടി പൗരന്മാര്‍ തങ്ങളുടെ നാട്ടിലെ ആഭ്യന്തര യുദ്ധത്തില്‍ നിന്നും രക്ഷ തേടി കോംഗോയിലേക്കു പോയി. ബോകോ ഹറം ഭീകരരെ പേടിച്ച് ആയിരക്കണക്കിന് നൈജീരിയക്കാരാണ് ഇതേ ഭീകരതയുടെ മറ്റു രൂപങ്ങള്‍ മാരകമായ ആക്രമങ്ങള്‍ അഴിച്ചു വിടുന്ന ചാഡിലേക്കു പോയത്.

സ്വന്തം പൗരന്മാര്‍ അതിര്‍ത്തി കടന്ന് അഭയം തേടി പോകുമ്പോള്‍ അയല്‍രാജ്യങ്ങളില്‍ നിന്ന് അഭയം തേടി ജനങ്ങല്‍ ഒഴുകിയെത്തുന്ന ദുരന്തസമാന സാഹചര്യത്തിലൂടെയാണ് ഒരു പറ്റം ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ ഇപ്പോള്‍ കടന്നു പോയി കൊണ്ടിരിക്കുന്നത്. ഇതിനു കാരണം പലപ്പോഴും സ്വന്തം രാജ്യങ്ങളില്‍ ചില പ്രത്യേക ഗോത്രങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ അവര്‍ അയല്‍ രാജ്യങ്ങളില്‍ താരമ്യേന സമാധാനം കണ്ടെത്തുന്നതാണ്. ഉദാഹരത്തിന്, എത്യോപ്പിയയില്‍ നിന്ന് യെമനിലേക്ക് പോകുന്നവരില്‍ വലിയൊരു വിഭാഗം ഓറോമോ ഗോത്രക്കാരാണ്. ഇവര്‍ സര്‍ക്കാരില്‍ നിന്നും പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നവരാണ്.യുഎന്‍ കണക്കുകള്‍ പ്രകാരം ലോകത്തെ ഏതാണ്ട് 80 ശതമാനത്തോളം അഭയാര്‍ത്ഥികളേയും പേറുന്നത് വികസ്വര രാജ്യങ്ങളാണ്. എന്നാല്‍ കുടിയേറ്റ, ദുരിതാശ്വാസ വിദഗ്ധരെ സംബന്ധിച്ചു പോലും ഒരു യുദ്ധ ഭൂമിയില്‍ നിന്ന് മറ്റൊന്നിലേക്ക് അഭയം തേടി പോകാനുള്ള സന്നദ്ധത ഞെട്ടലുണ്ടാക്കുന്നതാണ്. സംഘര്‍ഷ കലുഷിതമായ രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുക എന്നത് മതിയായ സന്നാഹങ്ങളില്ലാതെ ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ ഏജന്‍സികള്‍ക്കു പോലും വലിയ വെല്ലുവിളിയാണ്.

യമനിലെ അപ്രതീക്ഷിതവും രൂക്ഷവുമായ ആഭ്യന്തര സംഘര്‍ഷങ്ങളെ വകവയ്ക്കാതെയാണ് അഭയാര്‍ത്ഥികള്‍ എത്തിക്കൊണ്ടിരിക്കുന്നതെന്ന് മാസങ്ങള്‍ക്ക് മുമ്പ് യുഎന്‍ വക്താവ് അഡ്രിയന്‍ എഡ്വാര്‍ഡ് പറഞ്ഞിരുന്നു.

ഈ വര്‍ഷം ദര്‍ഫുര്‍ വിട്ടുപോയ 43,000 സൗത്ത് സുഡാനികള്‍ നോര്‍ത്തേണ്‍ ബഹര്‍ അല്‍ ഗസല്‍, വാറാപ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഇവിടങ്ങളിലെ ഭക്ഷ്യ അരക്ഷിതാവസ്ഥയും മേഖലയില്‍ തുടരുന്ന സംഘര്‍ഷങ്ങളുമാണ് ഇവരെ നാടു വിടാന്‍ പ്രേരിപ്പിച്ചതെന്ന് യുഎന്‍ പറയുന്നു. രാജ്യത്തു നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് പലപ്പോഴും ഗോത്ര മാനവും കൈവരും. അത് ദിന്‍ക, നുയര്‍ ഗോത്രങ്ങള്‍ തമ്മിലായിരിക്കും. എന്നാല്‍ ഗോത്ര ഭേദമന്യേ പ്രകൃതി വിഭവങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടങ്ങളും കാര്യമായി ഇവിടെ നടക്കുന്നുണ്ട്.

2003 മുതല്‍ സംഘര്‍ഷങ്ങളില്‍ മൂന്ന് ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ട ദര്‍ഫുറില്‍ സൗത്ത് സുഡാന്‍ അഭയാര്‍ത്ഥികള്‍ക്ക് കാര്യമായ സഹായങ്ങളൊന്നും ലഭിക്കുന്നില്ലെന്നാണ് സന്നദ്ധ സംഘടനകള്‍ പറയുന്നത്. വലിയൊരു പ്രവാഹത്തെ സ്വീകരിക്കാനോ അവയോട് പ്രതികരിക്കാനോ വ്യവസ്ഥാപിതമായ ഒരു സംവിധാനമോ വിഭവങ്ങളോ ഇല്ലെന്ന് യുഎന്‍ പറയുന്നു.ഈ പ്രതിസന്ധി ഇനിയും രൂക്ഷമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടന്നത്. അഭയാര്‍ത്ഥി പ്രവാഹം കണ്ട് ഞെട്ടിയിരിക്കുന്ന സന്നദ്ധ സഹായ സംഘടനകള്‍ പുതുതായെത്തുന്ന വലിയൊരു വിഭാഗം അഭയാര്‍ത്ഥികള്‍ക്കും എങ്ങനെ സഹായമെത്തിക്കുമെന്ന ആവ്യക്തതയിലാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ദര്‍ഫുര്‍ പ്രതിസന്ധിക്ക് അല്‍പ്പം ശ്രദ്ധ ലഭിച്ചിട്ടുണ്ടെങ്കിലും മേഖലയിലെ മറ്റിടങ്ങളില്‍ കാര്യങ്ങള്‍ വഷളായിക്കൊണ്ടിരിക്കുകയാണ്.

'സമാധാന ശ്രമങ്ങള്‍ നടന്നു വരുന്നുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ ദര്‍ഫുറില്‍ കണ്ടത് പോരാട്ടം കടുത്തു വരുന്നതാണ്. അതിന്റെ ഫലമായുണ്ടായ കടുത്ത മാനവിക പ്രതിസന്ധിയും'. യുഎന്നിന്റെ കോഓര്‍ഡിനേഷന്‍ ഓഫ് ഹ്യുമാനിറ്റേറിയന്‍ അഫയേഴ്‌സ് വ്യക്തമാക്കുന്നു.

ഇപ്പോള്‍ മറ്റൊരു അഭയാര്‍ത്ഥി പ്രവാഹം കൂടി നടന്നു കൊണ്ടിരിക്കുന്നു. ജൂണ്‍ അവസാനത്തോടെ ഒരു ലക്ഷത്തോളം സൗത്ത് സുഡാന്‍ അഭയാര്‍ത്ഥികള്‍ ദര്‍ഫുറില്‍ എത്തുമെന്നാണ് യുഎന്‍ കണക്കാക്കുന്നത്.


Next Story

Related Stories