TopTop
Begin typing your search above and press return to search.

മുന്‍ ഗവര്‍ണര്‍മാര്‍ക്ക് പിന്നാലെ സ്വയംഭരണാധികാരം നഷ്ടമായതിനെ ചോദ്യം ചെയ്ത് റിസര്‍വ് ബാങ്ക് ജീവനക്കാരും

മുന്‍ ഗവര്‍ണര്‍മാര്‍ക്ക് പിന്നാലെ സ്വയംഭരണാധികാരം നഷ്ടമായതിനെ ചോദ്യം ചെയ്ത് റിസര്‍വ് ബാങ്ക് ജീവനക്കാരും

പണ ഇടപാടുകള്‍ ഏകോപിപ്പിക്കാന്‍ ഒരു ജോയിന്റ് സെക്രട്ടറിയെ റിസര്‍വ് ബങ്കിലേക്ക് അയയ്ക്കാനുള്ള ധനകാര്യമന്ത്രാലയത്തിന്റെ നീക്കത്തിനെ റിസര്‍വ് ബാങ്ക് ജീവനക്കാരുടെ സംഘടന ഗവര്‍ണര്‍ ഉര്‍ജ്ജിത് പട്ടേലിന് കത്തയച്ചു. യുണൈറ്റഡ് ഫോറം ഓഫ് റിസര്‍വ് ബാങ്ക് ഓഫീസേഴ്‌സ് ആന്‍ഡ് എംപ്ലോയീസ് ആണ് കത്തയച്ചിരിക്കുന്നത്.

പുതിയ നീക്കം ദൗര്‍ഭാഗ്യകരവും റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാധികാരത്തിലേക്കും നിയമ, പ്രവര്‍ത്തന അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ 1934ലെ ആര്‍ബിഐ നിയമ പ്രകാരം കേന്ദ്രബാങ്കിനാണ് ബാങ്ക് നോട്ടുകള്‍ ഇറക്കാനുള്ള അധികാരമെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1935 മുതല്‍ എട്ട് ദശാബ്ദത്തോളം റിസര്‍വ് ബാങ്ക് രാജ്യത്തെ കറന്‍സി സംവിധാനത്തെ കുറ്റമറ്റ രീതിയില്‍ നിയന്ത്രിക്കുകയും തങ്ങളുടെ ഉത്തരവാദിത്വം വിജയകരമായി നിറവേറ്റുകയും ചെയ്തിട്ടുണ്ട്.

രാജ്യത്ത് പ്രചാരത്തിലിരുന്ന 86% വരുന്ന 1000 രൂപ, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയോടെ റിസര്‍വ് ബാങ്ക് നിരവധി വിമര്‍ശനങ്ങള്‍ക്ക് വിധേയമായെന്നും ചൂണ്ടിക്കാട്ടുന്നു. നോട്ട് അസാധുവാക്കലിന് ശേഷമുള്ള അമ്പത് ദിവസത്തിനിടെ മുന്‍ തീരുമാനങ്ങള്‍ പുതുക്കിക്കൊണ്ട് റിസര്‍വ് ബാങ്ക് ഇറക്കിയ 60 വിജ്ഞാപനങ്ങള്‍ ബാങ്കിന്റെ തീരമാനമെടുക്കലിനും തയ്യാറെടുപ്പുകളിലുമുള്ള പങ്കിനെ സംശയത്തിന്റെ നിഴലിലാക്കി.

റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തന മാനേജ്‌മെന്റ് പല തലങ്ങളിലും ചോദ്യം ചെയ്യപ്പെടുന്നത് വേദനാജനകമാണ്. കേന്ദ്രബാങ്കിന്റെ സ്വയംഭരണാധികാരം ചോദ്യം ചെയ്യപ്പെടുകയും പ്രതിച്ഛായ നഷ്ടമാകുകയുമാണ് ചെയ്തിരിക്കുന്നത്. ബാങ്കിന്റെ സ്വയംഭരണാധികാരം നഷ്ടമായതിനെക്കുറിച്ച് മുന്‍ഗവര്‍ണര്‍ വൈ വി റെഡ്ഡി, ബിമല്‍ ജലന്‍ എന്നിവരും രംഗത്തെത്തിയിരുന്നു. ഏറെ കാലംകൊണ്ട് ബാങ്ക് ആര്‍ജ്ജിച്ച സല്‍പ്പേര് നോട്ട് അസാധുവാക്കല്‍ തീരുമാനത്തോടെ നഷ്ടമായെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ് സ്വാതന്ത്ര്യത്തിന്റെയും പ്രവര്‍ത്തനക്ഷമതയുടെയും പ്രതിച്ഛായ സൃഷ്ടിക്കാന്‍ സാധച്ചത്. കേന്ദ്രബാങ്കിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നുകയറുന്ന ധനകാര്യമന്ത്രാലയത്തിന്റെ നിലപാടിനെയും കത്തില്‍ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്.


Next Story

Related Stories