TopTop
Begin typing your search above and press return to search.

താലിബാന് പിന്നാലേ അഫ്ഗാനിലെ ഹസാരകള്‍ക്ക് പുതിയ ഭീഷണി

താലിബാന് പിന്നാലേ അഫ്ഗാനിലെ ഹസാരകള്‍ക്ക് പുതിയ ഭീഷണി

സുദര്‍ശന്‍ രാഘവന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

തട്ടിയെടുത്ത രണ്ടു ബസുകളില്‍ ഭയചകിതരായ യാത്രക്കാര്‍ തങ്ങളുടെ ഇരിപ്പിടങ്ങളില്‍ പ്രാര്‍ത്ഥനകളോടെ ഇരുന്നു. മുഖംമൂടി ധരിച്ച തോക്കുധാരികള്‍ അവരുടെ തിരിച്ചറിയല്‍ രേഖകളും, സെല്‍ഫോണുകളും പിടിച്ചെടുത്തു (രക്ഷപ്പെട്ടവര്‍ പിന്നീട് പറഞ്ഞു). പിന്നീടവര്‍ സ്ത്രീകളെയും പുരുഷന്മാരെയും പിന്നെ സുന്നികളെയും ഷിയാകളെയും വേര്‍തിരിച്ചുനിര്‍ത്തി. അവസാനം, എല്ലാ ഷിയാ മുസ്ലീംങ്ങളോടും, ഹസാര ഗോത്രത്തില്‍ പെട്ടവര്‍, ബസില്‍ നിന്നിറങ്ങാന്‍ ആവശ്യപ്പെട്ടു.

അക്രമികള്‍ തെക്കന്‍ സാബൂളിലെ കഠിനമായ ഭൂപ്രദേശത്തേക്ക്, 31 പുരുഷന്മാരും ആണ്‍കുട്ടികളുമായി അപ്രത്യക്ഷരായി. അഫ്ഗാനിസ്ഥാനില്‍ പുതിയ വംശീയ സംഘര്‍ഷങ്ങളുടെ ഭീതി ഉയരുകയാണ്.

ആറാഴ്ച്ചകള്‍ക്ക് ശേഷം അവരുടെ കുടുംബങ്ങള്‍ മരവിപ്പില്‍ തന്നെയാണ്.

'ഞങ്ങളുടെ തെറ്റെന്താണെന്ന് ഞങ്ങള്‍ക്കറിയില്ല,'രക്ഷപ്പെട്ട യാത്രക്കാരിലൊരാളായ അയാളുടെ അമ്മ പറഞ്ഞതോര്‍ത്തെടുത്ത് നമത്തുല്ലാ നൂറി പറഞ്ഞു.'ഒരുവശത്തു നിന്നും അവര്‍ ഞങ്ങളെ ഉന്നം വെക്കുന്നു. മറുവശത്തു സര്‍ക്കാര്‍ ഞങ്ങളെ സഹായിക്കുന്നുമില്ല.'

അയാളുടെ 65 വയസ്സുള്ള അച്ചനെയും അവര്‍ തട്ടിക്കൊണ്ടുപോയിട്ടുണ്ട്.

ശിയാകളെയും മറ്റ് മത മത, വംശീയ ന്യൂനപക്ഷങ്ങളേയും ഹിംസാത്മകമായി ലക്ഷ്യം വെച്ചുകൊണ്ട് ഇറാക്-സിറിയ ആസ്ഥാനമാക്കിയ സുന്നി തീവ്രവാദികളായ ഇസ്ലാമിക് സ്‌റ്റേറ്റ് രാജ്യത്തു വേരുറപ്പിക്കുന്നതില്‍ കഴിഞ്ഞ കുറച്ചാഴ്ച്ചകളായി ആശങ്ക ഉയരുന്നുണ്ട്. ബസ് തട്ടിയെടുത്തതടക്കമുള്ള സംഭവങ്ങള്‍ ഇതിന് ബലം നല്‍കുന്നു. ഇസ്ലാമിക് സ്‌റ്റേറ്റിന് പിന്തുണ പ്രഖ്യാപിച്ച താലിബാനിലെ ഒരു വിഭാഗമാണ് കാബുളിലെ തട്ടിക്കൊണ്ടുപോകലിന് പിറകിലെന്ന് അഫ്ഗാന്‍ അധികൃതരും ഹസാര നേതാക്കളും കരുതുന്നു.

ശിയാകളെ മതഭ്രഷ്ടരായി കണ്ട പഷ്തൂണ്‍, സുന്നി മേധാവിത്തമുള്ള താലിബാന്റെ വേട്ടയാടല്‍ കാലമാണ് പുതിയ ഭീഷണികള്‍ അവരെ ഓര്‍മിപ്പിക്കുന്നത്. ഫെബ്രുവരിയിലെ തട്ടിക്കൊണ്ടുപോകലിന് ശേഷം കുറഞ്ഞത് 3 തവണയെങ്കിലും ഹസാരകള്‍ക്കെതിരെ ഇത്തരം കൂട്ട തട്ടിക്കൊണ്ടുപോകല്‍ ഉണ്ടായി.

'സാധാരണ പൗരന്മാരായി അംഗീകരിക്കപ്പെടാന്‍ ചരിത്രത്തില്‍ ഞങ്ങള്‍ ഏറെ ദുരിതം അനുഭവിച്ചു,' ഹയത്തുല്ലാ മെരിയാര് പറഞ്ഞു. 'ഇപ്പോള്‍ ഈ ആക്രമണങ്ങള്‍ കാണിക്കുന്നത് കഴിഞ്ഞ 13 വര്‍ഷമായി ഞങ്ങള്‍ നേടിയ പുരോഗതി തടയാന്‍ അവര്‍ ശ്രമിക്കുന്നു എന്നാണ്.'

ആക്രമണത്തിനുള്ള അവസരം
ഇരുപതാം നൂറ്റാണ്ടില്‍ മുഴുവനും പഷ്തൂണ്‍ മേധാവിത്തമുള്ള ഭരണകൂടങ്ങള്‍ അഫ്ഗാനിലെ ജനസംഖ്യയുടെ 20% വരുന്ന, രാജ്യത്തെ മൂന്നാമത്തെ വലിയ വംശീയ വിഭാഗമായ ഹസാരകളെ പലതരത്തിലും പീഡിപ്പിച്ചിരുന്നു. മതന്യൂനപക്ഷമെന്ന നിലയില്‍ അവര്‍ കൂട്ടക്കൊലക്കും പീഡനങ്ങള്‍ക്കും ഇരയായി. എതിര്‍പ്പുകള്‍ നിഷ്‌കരുണം അടിച്ചമര്‍ത്തി. അവരുടെ മതനേതാക്കളെ തടവിലാക്കി. സ്ത്രീകളെ തട്ടിക്കൊണ്ടുപോയി. പട്ടിണിയിലും അപമാനത്തിലും നരകിച്ച മിക്ക ഹസാരേകള്‍ക്കും തരംതാണ ജോലികളെടുത്ത് ജീവിക്കേണ്ടിവന്നു.

ഹസാരെകളെ കൂട്ടക്കൊല നടത്തിയ താലിബാന്‍കാര്‍ അവരുടെ ഭൂമിയില്‍ നിന്നും ഉപജീവന മാര്‍ഗങ്ങളില്‍ നിന്നും അവരെ ആട്ടിപ്പായിച്ചു. പതിനായിരക്കണക്കിന് ഹസാരെകള്‍ മലമുകളില്‍ അഭയം തേടി. ഹസാരെകളുടെ കേന്ദ്രമായ ബാമിയാന്‍ പ്രവിശ്യയില്‍, 2001 ആദ്യം, നൂറ്റാണ്ടുകളായി നിലനിന്ന രണ്ടു പടുകൂറ്റന്‍ ബുദ്ധപ്രതിമകള്‍ താലിബാന്‍ തകര്‍ത്തത് കടുത്ത അന്താരാഷ്ട്ര പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.2001 അവസാനത്തോടെ താലിബാന്‍ ഭരണം തകര്‍ന്നതോടെ ഹസാരെകള്‍ക്ക് പുതുജന്മം കിട്ടുമെന്ന പ്രതീക്ഷയുണ്ടായി. സ്വന്തം നാട്ടില്‍ ജീവിക്കാനായി ഇറാനിലും, മറ്റ് രാജ്യങ്ങളിലും അഭയാര്‍ത്ഥികളായി പോയവര്‍ മടങ്ങിയെത്തി. പുതിയ തലമുറ സര്‍വകലാശാലകളില്‍ ചേര്ന്ന്, ഐക്യരാഷ്ട്ര സഭയിലും, അന്താരാഷ്ട്ര സ്ഥാപനങ്ങളിലും സന്നദ്ധ സംഘടനകളിലും ജോലി കണ്ടെത്തി. സാമ്പത്തികമായും പലരും മെച്ചപ്പെട്ടു. രാഷ്ട്രീയമായി കൂടുതല്‍ ശക്തിയാര്‍ജിച്ചു.

അവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ അപൂര്‍വമായി. യുദ്ധത്തിനു ശേഷമുള്ള ഏറ്റവും രക്തരൂഷിതമായ ആക്രമണത്തില്‍ 2011ല്‍ വിശുദ്ധ ദിനമായ അഷൂറയില്‍ കാബൂളില്‍ ഒരു ചാവേര്‍ ബോംബാക്രമണത്തില്‍ 56 ഷിയാ വിശ്വാസികള്‍ കൊല്ലപ്പെട്ടു. കഴിഞ്ഞവര്‍ഷം ഖൗര്‍ പ്രവിശ്യയില്‍ 15 ഹസാരെകളെ വെടിവെച്ചുകൊന്നു.

ഇപ്പോള്‍, പരിചിതമായ ആശങ്ക സമുദായത്തെ വീണ്ടും പിടികൂടിയിരിക്കുന്നു.

ഫെബ്രുവരിയില്‍ ആ രണ്ടു ബസുകളില്‍ ആക്രമിക്കപ്പെട്ട ഹസാരെകള്‍ ഇറാനില്‍ നിന്നും മടങ്ങിവരുന്നവരായിരുന്നു. അവിടെ പോയവരില്‍ ചിലര്‍ കെട്ടിടം പണികള്‍ക്ക്, ചിലര്‍ മറ്റ് ചില ഉദ്യോഗങ്ങള്‍ക്ക്, മറ്റ് ചിലര്‍ ബന്ധുക്കളെ കാണാന്‍.

നൂറിയുടെ മാതാപിതാക്കള്‍ തങ്ങളുടെ 17 വയസുള്ള മകനുമൊത്തായിരുന്നു ബസിലുണ്ടായിരുന്നത്. അവനെ ഇറാനില്‍ ചികിത്സക്ക് കൊണ്ടുപോയി തിരികെ വരികയായിരുന്നു അവര്‍. തോക്കുധാരികളെ കണ്ടപ്പോള്‍ മകന്‍ ബോധംകെട്ടുവീണു. അതുകൊണ്ട് അവന്‍ രക്ഷപ്പെട്ടു. എന്നാല്‍ അവന്റെ അച്ഛന്‍ രക്ഷപ്പെട്ടില്ല.

'താലിബാനല്ലാതെ ആരാണ് ഇതിന് പിന്നില്‍?' നൂറി ചോദിക്കുന്നു.

താലിബാന്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും സ്വന്തം നിലക്ക് പ്രവര്‍ത്തിക്കുന്ന നിരവധി വിഭാഗങ്ങള്‍ അവര്‍ക്കുണ്ട്. പലരും പണത്തിനും മുന്‍കൈ നേടാനുമായി ഇസ്ലാമിക് സ്‌റ്റേറ്റുമായി സഖ്യത്തിലാണ് എന്നാണ് യു എസ് സൈനിക കേന്ദ്രങ്ങള്‍ പറയുന്നത്. സാബുള്‍ തട്ടിക്കൊണ്ടുപോകല്‍ സംഭവത്തില്‍ രക്ഷപ്പെട്ടവര്‍ പറഞ്ഞതനുസരിച്ച് അക്രമികള്‍ പ്രാദേശിക ഭാഷ സംസാരിച്ച, പഷ്തൂണ്‍കാരായിരുന്നു. ഇതുകൊണ്ടാണ് ദയേഷ് എന്നും വിളിക്കപ്പെടുന്ന ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പ്രാദേശിക അനുയായികളായിരിക്കും അക്രമികളെന്ന് അധികൃതര്‍ കരുതുന്നത്.

'നിറം മാറിയ താലിബാനാണിവര്‍,' ഹസാരെ വംശക്കാരനായ പാര്‍ലമെന്റേറിയന്‍ അലി അക്ബര്‍ ക്വാസീമി പറഞ്ഞു. 'അഫ്ഗാനിസ്ഥാനിലെ വംശീയ വിഭാഗങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാക്കി രാജ്യത്തെ ശിഥിലമാക്കാനാണ് അവരുടെ ശ്രമം.'

യു.എസിന്റെയും അന്താരാഷ്ട്ര സേനയുടെയും കുറഞ്ഞുവരുന്ന സാന്നിധ്യത്തിന്റെ സൂചനയായാണ് ഹസാരെകള്‍ ഇതിനെ കാണുന്നത്. മുമ്പ് വിദേശ സൈനികര്‍ നിരീക്ഷണം നടത്തിയിരുന്ന ദേശീയപാതയിലാണ് ഈ തട്ടിക്കൊണ്ടുപോകല്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ ഇപ്പോള്‍ നിയമരാഹിത്യത്തിന്റെ പിടിയിലാകുമെന്ന ആശങ്കയിലാണ്.

തട്ടിക്കൊണ്ടുപോയവരെ രക്ഷിക്കാനുള്ള ശ്രമങ്ങളൊന്നും ഇതുവരെ ഫലം കണ്ടിട്ടില്ല. തട്ടിക്കൊണ്ടുപോയവര്‍ പരസ്യമായി ആവശ്യങ്ങളും പുറപ്പെടുവിച്ചിട്ടില്ല.

'ഞങ്ങള്‍ക്കൊന്നും ചെയ്യാനാവുന്നില്ല'

അതിനിടെ കാണാതായ 31 പേരുടെ ബന്ധുക്കള്‍ എന്തെങ്കിലും ഒരു വിവരത്തിനായി പരക്കം പായുകയാണ്. കാബൂള്‍ തൊട്ട് പാകിസ്ഥാന്‍ വരെ അവര്‍ അന്വേഷിച്ചു പോയി. നിരാശയാണ് ഫലം.

'ഞങ്ങള്‍ സാധാരണ തൊഴിലാളികളാണ്,' നൂറി പറയുന്നു. 'ഞങ്ങള്‍ക്ക് വലിയ സ്വാധീനമൊന്നുമില്ല. ഞങ്ങള്‍ക്ക് അധികാരവുമില്ല.'

ഇറാനിലും സൗദിയിലും പണിയെടുത്തിരുന്ന സാധാരണ തൊഴിലാളികളാണ് തട്ടിക്കൊണ്ടുപോയവരില്‍ അധികവും.

ദിവസങ്ങള്‍ പിന്നിടുന്തോറും ഹസാര സമുദായം കൂടുതല്‍ രോഷാകുലരാവുകയാണ്; കൂടുതല്‍ സംഘടിതരും. കാബൂളിലും രാജ്യത്തെ മറ്റ് ഭാഗങ്ങളിലും പ്രതിഷേധ പ്രകടങ്ങനങ്ങള്‍ നടന്നു. ആസ്‌ട്രേലിയയിലും യൂറോപ്പിലും പ്രകടനങ്ങള്‍ നടന്നു. Free31Hazaras എന്ന ട്വിറ്റര്‍ അക്കൗണ്ടും www.bringback31hazaras.com.au എന്ന വെബ്‌സൈറ്റും തുറന്നിട്ടുണ്ട്.


Next Story

Related Stories