TopTop
Begin typing your search above and press return to search.

ഇറ്റലിയിലിലെ ഭൂകമ്പം; തകര്‍ന്നത് നൂറ്റാണ്ടുകളായി തുടരുന്ന ജീവിതരീതി കൂടിയാണ്

ഇറ്റലിയിലിലെ ഭൂകമ്പം; തകര്‍ന്നത് നൂറ്റാണ്ടുകളായി തുടരുന്ന ജീവിതരീതി കൂടിയാണ്

സ്‌റ്റെഫാനോ പിട്രെല്ലി, ജയിംസ് മകൗലി
(വാഷിങ്ടണ്‍ പോസ്റ്റ്)

ആയിരത്തിലേറെ വര്‍ഷം മാറ്റമൊന്നുമില്ലാതെ ഉത്തര ലാസിയോയില്‍ നിലനിന്ന ശാന്തമായ മലമുകള്‍ പട്ടണമായിരുന്നു ഇത്. എന്നാല്‍ ബുധനാഴ്ചത്തെ 6.2 ശക്തിയുള്ള ഭൂകമ്പത്തിനുശേഷം ഇവിടം കെട്ടിടാവശിഷ്ടങ്ങളുടെ കൂമ്പാരമായി മാറിയിരിക്കുന്നു. ഈ മധ്യകാല ഗ്രാമം ഇനി ഓര്‍മകളില്‍ മാത്രം.

മധ്യ ഇറ്റലിയിലാകമാനം കുറഞ്ഞത് 291 പേര്‍ കൊല്ലപ്പെട്ടതായാണു കണക്ക്. മൃതദേഹങ്ങള്‍ കണ്ടെടുക്കല്‍ പൂര്‍ത്തിയാകുമ്പോള്‍ സംഖ്യ ഇനിയും ഉയരാം. മാര്‍ഷെസ് പ്രദേശത്ത് കൊല്ലപ്പെട്ട 50 പേരുടെ സംസ്‌കാരച്ചടങ്ങ് ശനിയാഴ്ച അസ്‌കോളി പിച്ചെനോ കത്തീഡ്രലില്‍ നടന്നു. പങ്കെടുത്തവരില്‍ ഇറ്റലി പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ലയും പ്രധാനമന്ത്രി മാറ്റിയോ റെന്‍സിയുമുണ്ടായിരുന്നു.

മനുഷ്യജീവനുകള്‍ക്കൊപ്പം അമാട്രിസിലും മറ്റ് ചെറുപുരാതന പട്ടണങ്ങളിലും പൊലിഞ്ഞുപോയ സാംസ്‌കാരിക സൂക്ഷിപ്പുകളുടെയും കണക്കെടുക്കുകയാണ് ഇറ്റാലിയന്‍ അധികാരികള്‍.

അന്‍പതിലധികം ചരിത്രസ്ഥലങ്ങള്‍ക്ക് സാരമായി നാശം സംഭവിക്കുകയോ തകരുകയോ ചെയ്തതായാണ് വെള്ളിയാഴ്ച പുറത്തുവിട്ട പ്രാഥമിക റിപ്പോര്‍ട്ടില്‍ ഇറ്റാലിയന്‍ നാഷനല്‍ പൊലീസ് വിഭാഗമായ കരബിനിയേരി ആര്‍ട് സ്‌ക്വാഡ് പറയുന്നത്. മാമോദീസ, വിവാഹം, ശവസംസ്‌കാരം എന്നിങ്ങനെ ഗ്രാമീണ ഇറ്റലിയില്‍ സാധാരണക്കാരുടെ ജീവിതചക്രത്തിനു സാക്ഷ്യം വഹിച്ച, നൂറിലധികം വര്‍ഷം പഴക്കമുള്ള ചെറിയ ദേവാലയങ്ങളാണ് തകര്‍ന്നവയില്‍ ഏറെയും.

100 ദേവാലയങ്ങളുടെ പട്ടണം എന്നറിയപ്പെടുന്ന അമാട്രിസില്‍ പതിനഞ്ചെണ്ണമെങ്കിലും പൂര്‍ണമായി നശിച്ചു. ഇവയില്‍ 15ാം നൂറ്റാണ്ടിലെ ഫ്രെസ്‌കോകളും (നനവുള്ള പെയിന്റിലെ ചിത്രപ്പണികള്‍) മുന്‍വശത്തെ റോസ് വിന്‍ഡോയുമുള്ള സെയ്ന്റ് അഗോസ്തിനോയും ഉള്‍പ്പെടുന്നു. ബുധനാഴ്ച പുലര്‍ച്ചെ 3.36ന് ഭൂചലനത്തില്‍ സമയം നിലച്ചുപോയ ക്ലോക്ക് ടവര്‍ മാത്രമാണ് പട്ടണത്തില്‍ അവശേഷിക്കുന്നത്.ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ അമാട്രിസും സമീപപട്ടണങ്ങളും സമയത്തെ അതിജീവിച്ചവയാണ്. മറ്റേതൊരു കെട്ടിടത്തെയും കലാരൂപത്തെയുംകാള്‍ അതേപടി നിലനില്‍ക്കാനുള്ള അവയുടെ കഴിവായിരുന്നു അവയുടെ ശരിയായ പാരമ്പര്യം.

ഇറ്റാലിയന്‍ ശൈലിയുടെ സത്തയായ ലളിത, ഗ്രാമീണ കലാസൗന്ദര്യമാണ് ഭൂകമ്പത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് ഇറ്റാലിയന്‍ എഴുത്തുകാരനും കലാനിരൂപകനുമായ ഫിലിപ്പെ ദെവേരിയോ പറയുന്നു. 'നിര്‍മാണത്തിലെ പുരാതനശൈലിയാണിത്. വളരെ ലളിതവും വളരെ ഗ്രാമീണവും. ചക്രവാളത്തോടടുക്കുന്നതുപോലുള്ള രീതി,'ദെവേരിയോ ചൂണ്ടിക്കാട്ടുന്നു.

ഭൂകമ്പത്തില്‍ നിന്നു രക്ഷപെട്ടവര്‍ തകര്‍ന്ന പട്ടണങ്ങള്‍ക്കു പുറത്ത് കൂടാരങ്ങളിലും താല്‍ക്കാലിക ക്യാംപുകളിലുമായി കഴിയുന്നു. ചിലര്‍ക്ക് കുടുംബത്തെ നഷ്ടമായി. മിക്കവര്‍ക്കും വീടുകളും. എന്നാല്‍ എല്ലാവര്‍ക്കും നഷ്ടമായത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജീവിതരീതിയാണ്.

നഗരവല്‍ക്കരണത്തെയും വിദേശജോലികളുടെ പ്രലോഭനത്തെയും അതിജീവിച്ച് തലമുറകളായി ഗ്രാമീണജീവിതം തുടര്‍ന്ന കുടുംബങ്ങളുടെ ജീവിതശൈലിയായിരുന്നു അത്. അവരുടെ മക്കളും കൊച്ചുമക്കളും അതേ ശൈലി പിന്തുടര്‍ന്ന് ഇവിടെ തുടര്‍ന്നു.

മരീന ജെന്റില്‍(53), റോബര്‍ട്ടോ സെറാഫിനി (52) ദമ്പതികള്‍ ദുരിതാശ്വാസക്യാംപില്‍ അവരുടെ ലോകത്തിന് എന്തു സംഭവിച്ചു എന്നു മനസിലാക്കാന്‍ പാടുപെടുകയാണ്. ജീവിതകാലം മുഴുവന്‍ അമാട്രിസില്‍ കഴിഞ്ഞ മരീന ഭര്‍ത്താവിനൊപ്പം തന്റെ കുടുംബ ഷോപ്പ് നടത്തുകയായിരുന്നു. ഭൂകമ്പത്തില്‍ കടയ്ക്കു സാരമായി നാശം സംഭവിച്ചു. അതിനു ചുറ്റുമുണ്ടായിരുന്നതെല്ലാം തകര്‍ന്നു.

'വീടിന്റെ അവസ്ഥയും ഭിന്നമല്ല. അമാട്രിസിലെ വീടുകളെല്ലാം മുത്തശന്മാരില്‍ നിന്നു മക്കള്‍ക്കും പിന്നീട് പേരമക്കള്‍ക്കും ലഭിച്ചവയാണ്,' ജെന്റില്‍ പറയുന്നു.

ഭൂകമ്പത്തെ അതിജീവിച്ചവരെ സഹായിക്കാന്‍ റോമില്‍നിന്നെത്തിയ മനഃശാസ്ത്രജ്ഞനാണ് ക്രിസ്റ്റിയന്‍ തലാമോണ്ടി. കാലങ്ങളായി മാറ്റമില്ലാത്ത പരിതസ്ഥിതികളില്‍ ജീവിച്ചുവന്ന ഒരു ജനതയുടെ അത് ഇല്ലാതായശേഷമുള്ള മാനസികസംഘര്‍ഷത്തിലേക്കാണ് വെള്ളിയാഴ്ച ക്യാംപിലെത്തിയ ക്രിസ്റ്റ്യന്‍ വിരല്‍ ചൂണ്ടുന്നത്.'ഇത് പ്രായമായവരടങ്ങിയ ജനതയാണ്. ഇവരില്‍ പലരും ഇവിടെ കൊണ്ടുവരപ്പെട്ടവരാണ്. അവരുടെ വീടുകളില്‍നിന്ന്, മൃഗങ്ങളില്‍നിന്ന്, തകര്‍ന്നുപോയ മെയിന്‍ സ്‌ക്വയറില്‍നിന്ന്, പ്രധാന തെരുവുകളിലും അതുപോലെയുള്ള സാമൂഹിക കൂടിച്ചേരല്‍ കേന്ദ്രങ്ങളിലും നിന്ന്. പിന്നീട് ഒരു ദിവസം ക്യാംപ് അവസാനിക്കുന്നതോടെ അവരെ സംരക്ഷിക്കാനോ ഭക്ഷണം നല്‍കാനോ ആരുമില്ലാതാകും. അവര്‍ യാഥാര്‍ത്ഥ്യത്തിലേക്കു തിരിച്ചുവരും. സ്വാഭാവികമായും ആകാംക്ഷ തിരിച്ചുവരും. ഞാന്‍ എവിടെപ്പോകും? എനിക്ക് എന്തു സംഭവിക്കും? ഞങ്ങള്‍ ഒറ്റയ്ക്കാകുമോ?'

കുടുംബത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാണെങ്കിലും ജെന്റിലും സെറാഫിനിയും അവശേഷിക്കുന്ന അമാട്രിസ് കെട്ടിടഭംഗികളില്‍, പ്രത്യേകിച്ച് ക്ലോക്ക് ടവറില്‍, ആശ്വാസം കാണുന്നു. മുന്‍പ് പട്ടണത്തിന്റെ നാഴികക്കല്ലുകളില്‍ ഒന്നായിരുന്ന ടവര്‍ നഷ്ടപ്പെട്ട സമയത്തിന്റെ ഓര്‍മപ്പെടുത്തലായി മാറിയിരിക്കുന്നു.

'അത് ഞങ്ങളുടെ അടയാളമാണ്,' ജെന്റില്‍ പറയുന്നു. 'ടവര്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. അതിന് അതിജീവിക്കാനാകുന്നുവെങ്കില്‍ ഞങ്ങളും അതിജീവിക്കുമെന്നാണ് അതിനര്‍ത്ഥം. അതും തകര്‍ന്നാല്‍ എനിക്കറിയില്ല,' അവര്‍ തേങ്ങി.

സെറാഫിനി ഭാര്യയെ ആശ്വസിപ്പിക്കുന്നു. 'ഇല്ല, അത് വീഴില്ല. പാരമ്പര്യങ്ങള്‍ക്ക് മരിക്കാനാവില്ല.'


Next Story

Related Stories