TopTop
Begin typing your search above and press return to search.

കടക്കെണിയില്‍ നേപ്പാള്‍; സഹായധനം വാചകമടിയാകുമ്പോള്‍

കടക്കെണിയില്‍ നേപ്പാള്‍; സഹായധനം വാചകമടിയാകുമ്പോള്‍

ടിം ജോണ്‍സ്/പാട്രിക് വാര്‍ഡ്

ഭൂകമ്പത്തെ തുടര്‍ന്നു നേപ്പാളിനു 4 ബില്ല്യണ്‍ യുഎസ് ഡോളര്‍ ആണ് അന്തരാഷ്ട്ര സമൂഹം സഹായധനം വാഗ്ദാനം ചെയ്തിട്ടുള്ളത്. പുതിയ ഭരണഘടനയെ കുറിച്ചുള്ള തര്‍ക്കങ്ങളെ തുടര്‍ന്നു സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് നിലച്ചിരുന്നതിനാല്‍ ഈ തുകയുടെ ഏറിയ പങ്കും ഇനിയും നേപ്പാളിനു ലഭ്യമായിട്ടില്ല. ഇപ്പോള്‍ ഭരണഘടന പ്രാബല്യത്തില്‍ ആയതോടെ നേപ്പാളിന്‍റെ അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കാന്‍ ഈ സഹായം ഉപയോഗപ്പെടുത്താന്‍ ആവും എന്നാണ് പ്രതീക്ഷ. എന്നാല്‍ ഇതിലൊരു പ്രശ്നമുണ്ട്.

ശരാശരി ദേശീയ വരുമാനം അനുസരിച്ചു ലോകത്തിലെ പരമ ദരിദ്യ രാജ്യങ്ങളില്‍ ഇരുപത്തി രണ്ടാമതാണ് നേപ്പാള്‍. ഇപ്പോഴത്തെ കട ബാധ്യത 3.5 ബില്ല്യണ്‍ യുഎസ് ഡോളറും. ഭൂകമ്പ ദുരന്തത്തെ തുടര്‍ന്നും ഈ കടം എഴുതിത്തള്ളാന്‍ അന്താരാഷ്ട്ര ഏജന്‍സികള്‍ തയ്യാറായിട്ടില്ല.

മാത്രമല്ല, അന്തരാഷ്ട്ര നാണ്യ നിധി (IMF) തങ്ങള്‍ നേപ്പാളിനു അനുവദിച്ച വായ്പ മുഴുവനായി തിരിച്ചടക്കാന്‍ ആണ് ആവശ്യപ്പെടുന്നത്. ഒരു എഴുതിത്തള്ളലിന് മാത്രം ഉള്ളതായിരുന്നില്ല നേപ്പാള്‍ ഭൂകമ്പ ദുരന്തം എന്നാണ് അവരുടെ കണക്കു കൂട്ടല്‍.

ഇത് നേപ്പാളിനെ ദോഷകരമായി ബാധിക്കുന്നതും യുക്തിരഹിതവും ആയ നിലപാടാണെന്നു 'ജൂബിലി ഡെറ്റ് കാമ്പയ്ന്‍' പ്രതിനിധി ടിം ജോണ്‍സ് പാട്രിക് വാര്‍ഡിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന JDC യുടെ പോളിസി ഓഫീസര്‍ ആയ ടിം ജോണ്‍സ് വികസ്വര രാജ്യങ്ങളുടെ തിരിച്ചടവ് അസാധ്യമായ കടങ്ങളുടെ എഴുതിത്തള്ളലിന് വേണ്ടിയുള്ള പ്രചാരണത്തില്‍ സജീവമാണ്.

അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്നുള്ള കടം നേപ്പാളിനു എത്രത്തോളം വലിയ ബാധ്യതയാണ്?

നേപ്പാള്‍ ഈ വര്‍ഷം 210 മില്യണ്‍ യുഎസ് ഡോളര്‍ ആണ് വായ്പ തിരിച്ചടവിനായി ചെലവാക്കുന്നത്. ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തില്‍ താങ്ങാനാവുന്ന ഒന്നല്ല ഇത്. മറ്റൊരപകടം, നേപ്പാളിനു ലഭിക്കാന്‍ പോകുന്ന അന്താരാഷ്ട്ര സഹായ ധനത്തിന്‍റെ വലിയൊരു ഭാഗം ലോക ബാങ്ക് (World Bank), ഏഷ്യന്‍ ഡെവലപ്മെന്‍റ് ബാങ്ക് (Asian Development ബാങ്ക്) എന്നിവയില്‍ നിന്നുള്ള വായ്പയുടെ രൂപത്തിലാണ്. ഇത് നേപ്പാളിന്‍റെ ആകെ കട ബാധ്യത കൂട്ടും. മാത്രമല്ല അതിന്‍റെ ആഘാതം പല വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുകയും ചെയ്യും.

2009 മുതല്‍ 2013 വരെയുള്ള കാലയളവില്‍ നേപ്പാളിനു ലഭിച്ച ആകെ സഹായധനത്തിന്‍റെ 33% (1.7 ബില്ല്യണ്‍ യുഎസ് ഡോളര്‍) വായ്പയും 66% (3.5 ബില്ല്യണ്‍ യുഎസ് ഡോളര്‍) ഗ്രാന്‍റുമാണ്. ഭൂകമ്പത്തിന് ശേഷം നടന്ന സഹായ ദാതാക്കളുടെ കോണ്‍ഫെറന്‍സില്‍ വാഗ്ദാനം ചെയ്യപ്പെട്ട 4.4 ബില്ല്യണ്‍ യുഎസ് ഡോളറില്‍ പകുതി വായ്പയും പകുതി ഗ്രാന്‍റും ആണെന്ന് അറിയുന്നു.തിരിച്ചടക്കേണ്ടത് ആര്‍ക്കൊക്കെയാണ്?

നേപ്പാളിന്‍റെ ആകെ ബാഹ്യ കടമായ 3.5 ബില്ല്യണ്‍ യുഎസ് ഡോളറില്‍ 1.5 ബില്ല്യണ്‍ യുഎസ് ഡോളര്‍ ലോക ബാങ്കിന്‍റെതും 1.4 ബില്ല്യണ്‍ യുഎസ് ഡോളര്‍ ഏഷ്യന്‍ ഡെവലപ്മെന്‍റ് ബാങ്കിന്‍റെതും ആണ്. ഈ സ്ഥാപനങ്ങള്‍ ലോകത്തിലെ വിവിധ ഗവണ്‍മെന്‍റുകളുടെ ഉടമസ്ഥതയിലുള്ളതും. ഈ കടങ്ങള്‍ എഴുതിത്തള്ളുന്നതിന്‍റെ നഷ്ടം മറ്റിടങ്ങളില്‍ നിന്നു നികത്തേണ്ടി വരുമെന്നാണ് അവരുടെ വാദം. എന്നാല്‍ ഈ സ്ഥാപനങ്ങള്‍ വായ്പകളിലൂടെ ലാഭം ഉണ്ടാക്കുന്നവയാണ്. അവര്‍ക്ക് ഈ നഷ്ടം അതില്‍ കൊള്ളിക്കാം. ധന ലഭ്യതയ്ക്ക് പല വഴികള്‍ ഉണ്ട് അവര്‍ക്ക്.

ഒരു വശത്ത് അന്തരാഷ്ട്ര സമൂഹം ഇത്തരത്തില്‍ അസാധ്യമായ വായ്പ തിരിച്ചടവുകള്‍ ആവശ്യപ്പെടുകയും മറുവശത്ത് തങ്ങള്‍ നല്‍കുന്ന സഹായധനത്തിനെ കുറിച്ച് പ്രസംഗിച്ചു പ്രശസ്തി നേടുകയും ചെയ്യുന്നു എന്നത് അപലപനീയമാണ്.

നിര്‍ഭാഗ്യമെന്നു പറയട്ടെ, തിരിച്ചടവില്‍ യാതൊരു ഇളവുകളും നല്‍കപ്പെടുന്നില്ല. 2010 ലെ ഹൈതി ഭൂകമ്പത്തിന് ശേഷം IMF ആവിഷ്കരിച്ച പദ്ധതി ആയിരുന്നു ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ കട ബാധ്യത എഴുതി തള്ളുക എന്നത്. എന്നാല്‍ നേപ്പാളിന്‍റെ കാര്യത്തില്‍ ഈ സൌജന്യം ലഭ്യമാക്കത്തക്ക കാഠിന്യമില്ല ദുരന്തത്തിന് എന്നാണ് IMF വാദം. അതിനാല്‍ വായ്പ മുഴുവന്‍ തിരിച്ചടക്കാന്‍ ആണ് നേപ്പാളിനോടുള്ള ആവശ്യം. ഇത് ഉള്‍ക്കൊള്ളാവുന്ന ഒന്നല്ല. ഒരു വശത്ത് അന്തരാഷ്ട്ര സമൂഹം ഇത്തരത്തില്‍ അസാധ്യമായ വായ്പ തിരിച്ചടവുകള്‍ ആവശ്യപ്പെടുകയും മറുവശത്ത് തങ്ങള്‍ നല്‍കുന്ന സഹായധനത്തിനെ കുറിച്ച് പ്രസംഗിച്ചു പ്രശസ്തി നേടുകയും ചെയ്യുന്നു എന്നത് അപലപനീയമാണ്. പലപ്പോഴും ഈ സഹായധനം എന്നത് വായ്പയാണ് എന്നു വെളിപ്പെടുത്താറു കൂടിയില്ല.ഈ സ്ഥാപനങ്ങള്‍ നല്‍കുന്ന വായ്പകള്‍ എന്തെല്ലാം നിബന്ധനകള്‍ക്ക് വിധേയമാണ്?

ഇവര്‍ വായ്പകള്‍ എഴുതിത്തള്ളാത്തതിന്‍റെ ചരിത്രപരമായ കാരണങ്ങളില്‍ ഒന്നു അതാത് ഗവണ്‍മെന്‍റുകളുടെ മേല്‍ ഇത് മൂലം ലഭിക്കുന്ന നിയന്ത്രണം ആണ്. ഗവണ്‍മെന്‍റ് ബഡ്ജറ്റുകളില്‍ ബാഹ്യമായ ഇടപെടല്‍ സാധ്യമാകുന്നു. പുതിയ വായ്പകളിലൂടെ അല്ലാതെ നേപ്പാളിനു ഈ കടങ്ങള്‍ വീട്ടുക സാധ്യമല്ല. പുതിയ വായ്പകള്‍ എന്നാല്‍ ആ ഗവണ്‍മെന്‍റുകള്‍ IMF ഉം ലോക ബാങ്കും നിര്‍ദേശിക്കുന്ന നയങ്ങള്‍ സ്വന്തം രാജ്യങ്ങളില്‍ നടപ്പാക്കുക എന്നു കൂടിയാണ്. പൊതു ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുക, അന്തരാഷ്ട്ര വ്യാപാരത്തിനായി തങ്ങളുടെ രാജ്യങ്ങള്‍ തുറന്നു കൊടുക്കുക, സമ്പദ് വ്യവസ്ഥയിലെ നിയന്ത്രണങ്ങള്‍ എടുത്തു മാറ്റുക, തൊഴില്‍ നിയമങ്ങള്‍ റദ്ദാക്കുക, ട്രേഡ് യൂണിയനുകളുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുക എന്നിവയൊക്കെയാണ് ഇത്തരത്തില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന നയങ്ങള്‍. ഇത് തെറ്റിക്കുന്ന രാജ്യങ്ങള്‍ അന്തരാഷ്ട്രതലത്തില്‍ ഒറ്റപ്പെടുന്നു. അവര്‍ക്ക് വായ്പകള്‍ ലഭ്യമാകില്ല പിന്നെ.

ഗ്രീസിന്‍റെ കാര്യമെടുക്കൂ. കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കിടയില്‍ വന്‍ തോതിലാണ് പൊതുമേഖലയില്‍ ഉണ്ടായ വെട്ടിക്കുറക്കലുകള്‍. സമ്പദ് വ്യവസ്ഥ 25% കണ്ട് ചുരുങ്ങി. കടക്കെണിയില്‍ വീണ മറ്റൊരു രാജ്യമാണ് ജമൈക്ക. IMF 7.5% primary surplus ആവശ്യപ്പെട്ടതോടെ വലിയ തോതില്‍ ചെലവു ചുരുക്കലുകള്‍ നടപ്പാക്കുന്നു. കഴിഞ്ഞ 20 വര്‍ഷങ്ങളായി ഇത് തുടരുന്നു. ഈ കാലയളവില്‍ ജമൈക്കയില്‍ പ്രൈമറി സ്കൂളുകളിലെ കുട്ടികളുടെ എണ്ണം 100% ത്തില്‍ നിന്നും 75% ആയി കുറഞ്ഞു.

ഇതിനൊരു മാറ്റം വരുത്താന്‍ എന്തു ചെയ്യാനാകും?

ഏഷ്യയിലുടനീളം മുപ്പതോളം പ്രസ്ഥാനങ്ങളും അന്തര്‍ദേശീയ തലത്തില്‍ ഇരുന്നൂറോളം പ്രസ്ഥാനങ്ങളും ഭൂകമ്പ ബാധിത പ്രദേശമായ നേപ്പാളിന്‍റെ കടങ്ങള്‍ എഴുതി തള്ളണം എന്നും അന്തരാഷ്ട്ര തലത്തില്‍ ഉള്ള ഏത് ധനസഹായവും വായ്പ ആയല്ല മറിച്ചു ഗ്രാന്‍റ് ആയി നല്‍കണമെന്നും ആവശ്യം ഉയര്‍ത്തി കഴിഞ്ഞു. ഞങ്ങള്‍ ഇതിനെ പൂര്‍ണമായി പിന്തുണക്കുന്നു. ബ്രിട്ടനില്‍ നിന്നുള്ള 5,000 ത്തോളം ആളുകള്‍ തങ്ങളുടെ ലോക ബാങ്ക്, ഏഷ്യന്‍ ഡെവലപ്മെന്‍റ് ബാങ്ക് പ്രതിനിധികള്‍ക്ക് നേപ്പാളിന്‍റെ കടങ്ങള്‍ ഒഴിവാക്കി നല്കണമെന്ന ആവശ്യം ഉന്നയിച്ച് എഴുതിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും
http://www.aftershocknepal.comഅഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകNext Story

Related Stories