TopTop
Begin typing your search above and press return to search.

അതിര്‍ത്തിക്കിപ്പുറത്തെ 'വല്യേട്ടനോട്' നേപ്പാളിന് പറയാനുള്ളത്

അതിര്‍ത്തിക്കിപ്പുറത്തെ വല്യേട്ടനോട് നേപ്പാളിന് പറയാനുള്ളത്

നവോമി മിശ്ര

ഞാന്‍ കാഠ്മണ്ടുവിലെത്തിയ ദിവസമാണ് ഇന്ധനക്ഷാമത്തെ തുടര്‍ന്നു നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ നേപ്പാള്‍ ഗവണ്‍മെന്‍റ് നിയന്ത്രണം (quota) പ്രഖ്യാപിച്ചത്. സ്വകാര്യ വാഹനങ്ങള്‍ വളരെ കുറച്ചു മാത്രമേ ഓടുന്നുണ്ടായിരുന്നുള്ളൂ. യാത്രക്കാരെ നിറച്ച ബസ്സുകള്‍. ടാക്സികള്‍ സാധാരണ നിരക്കിന്‍റെ മൂന്നും നാലും മടങ്ങ് ഈടാക്കിയിരുന്നു.

നേപ്പാളിന്‍റെ പുതിയ ഭരണ ഘടനയ്ക്കു എതിരെ ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് നടക്കുന്ന പ്രതിഷേധങ്ങളെ പറ്റി ഇംഗ്ലണ്ടില്‍ നിന്നു പുറപ്പെടുമ്പോഴേ കേട്ടിരുന്നു. അതിര്‍ത്തിയിലെ വിതരണ ട്രക്കുകളുടെ ഉപരോധത്തെ പറ്റിയും രാജ്യത്തെ ബാധിച്ച ഇന്ധന ക്ഷാമത്തെയും പറ്റി ഏകദേശ ധാരണകളും ഉണ്ടായിരുന്നു. എന്നാല്‍, ഭൂകമ്പത്തെ തുടര്‍ന്നു സാധാരണ നിലയിലേക്ക് മടങ്ങാന്‍ പണിപ്പെടുന്ന നേപ്പാളിലെ സാധാരണ ജനങ്ങളുടെ ജീവിതത്തെ ഇതെത്ര മാത്രം ബാധിച്ചിരിക്കുന്നു എന്നു അവിടെ എത്തുന്നത് വരെ എനിക്കു മനസിലായിരുന്നില്ല. അതിര്‍ത്തിക്കപ്പുറത്തെ 'വല്യേട്ട'നോട് ജനങ്ങള്‍ക്ക് എത്രത്തോളം ദേഷ്യവും അസ്വസ്ഥതയും ഉണ്ടെന്നും.

"ഞങ്ങള്‍ ഞങ്ങളുടെ വീടുകള്‍ ശരിയാക്കി കൊണ്ടിരിക്കുന്നു, അപ്പോള്‍ ശക്തനായ അയല്‍ക്കാരന്‍ വന്നു അത് അലങ്കോലമാക്കുന്നു" കാഠ്മണ്ഡു യൂനിവേഴ്സിറ്റിയിലെ പൊളിറ്റിക്കല്‍ സോഷ്യോളജിസ്റ്റ് ആയ ഡോ. ഉദ്ധബ് പ്യാകുറേല്‍ പിന്നീട് എന്നോടു പറഞ്ഞു. "ഒരു ചെറിയ വിഭാഗം ജനങ്ങള്‍ ഇന്ത്യയുടെ സ്വാധീനത്തെ വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ കൂടുതല്‍ പേര്‍ അങ്ങനെ ചിന്തിക്കുന്നുണ്ട്."

ഇന്ധന ദൌര്‍ലഭ്യത്തില്‍ ഇന്ത്യയുടെ പങ്ക് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ട്രക്ക് ഡ്രൈവര്‍മാരുടെ സുരക്ഷയെ കുറിച്ചുള്ള കരുതലാണ് തങ്ങളുടെ ഉദേശ്യമെന്ന ഡെല്‍ഹിയുടെ മറുവാദം നേപ്പാളികള്‍ അംഗീകരിക്കുന്നില്ല. കാഠ്മണ്ടുവില്‍ ഞാന്‍ സംസാരിച്ച ഓരോരുത്തരും പറഞ്ഞത് ഇന്ത്യ ഒരു അനൌദ്യോഗിക സാമ്പത്തിക ഉപരോധം തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ്. അങ്ങനെ കരുതാന്‍ അവര്‍ക്ക് ന്യായങ്ങളുണ്ട്. പുതിയ ഭരണ ഘടനയില്‍ തിരുത്തലുകള്‍ക്കായി നേപ്പാളിനെ സമ്മര്‍ദത്തിലാക്കാന്‍ ആണിതെന്ന് അവര്‍ കരുതുന്നു. പ്രത്യേകിച്ചു അതിര്‍ത്തി പ്രദേശങ്ങളിലെ മധേസികളെ സംബന്ധിക്കുന്നവ. ഇന്ത്യക്കു മധേസികളുമായി ശക്തമായ സാംസ്കാരിക ബന്ധമാണുള്ളത്.

അതുകൊണ്ട് തന്നെ കാഠ്മണ്ടുവില്‍ പലരും രോഷാകുലരാണ്. സാധാരണക്കാരായ നേപ്പാളികള്‍ക്ക് തങ്ങള്‍ ചതിക്കപ്പെട്ടതായാണ് തോന്നുന്നത് എന്നു 'കാഠ്മണ്ഡു പോസ്റ്റി'ലെ അനൂപ് ഒഝ പറയുന്നു. "ഞങ്ങളെ അപമാനിക്കുന്നത് പോലെയാണിത്. ഞങ്ങളുടെ രാഷ്ട്രീയത്തിലെ എന്തിലും ഏതിലും ഇന്ത്യക്കു ഇടപെടാം എന്ന അവസ്ഥ"ഇതിലെ രാഷ്ട്രീയം മാത്രമല്ല ജനങ്ങളെ അസ്വസ്ഥരാക്കുന്നത്. ഉപരോധം സാധാരണ ജനജീവിതത്തെ വല്ലാതെ ബാധിച്ചിരിക്കുന്നു. ഇതു മൂലമുള്ള കഷ്ടപ്പാടുകള്‍ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകളെ കവച്ചു വയ്ക്കുന്നു എന്നു വരെ അഭിപ്രായപ്പെടുന്നവരുണ്ട് കാഠ്മണ്ടുവില്‍. "ഈ പ്രശ്നം ഭൂകമ്പത്തേക്കാള്‍ കഷ്ടമായിരിക്കുകയാണ്" തലസ്ഥാന നഗരത്തിന്‍റെ പ്രാന്തപ്രദേശമായ പട്ടാനില്‍ ഞാന്‍ കണ്ടു മുട്ടിയ മുന്നി പാണ്ഡേ എന്ന വീട്ടമ്മ പറഞ്ഞു. ഏതാനും ടാക്സികള്‍ മാത്രം ഓടുന്ന സാഹചര്യത്തില്‍ അവര്‍ക്ക്കുട്ടികളെ സമയത്തിന് സ്കൂളില്‍ എത്തിക്കാനാവുന്നില്ല. വീട്ടിലാണെങ്കില്‍ പാചകവാതകം തീരുന്നു. മുന്നി തന്‍റെ അമര്‍ഷം മറച്ചു വച്ചില്ല.

രാവിലെ മുതല്‍ ഇന്ധനത്തിനുള്ള ക്യൂവില്‍ നില്‍ക്കുകയായിരുന്ന ബസ് ഡ്രൈവര്‍ കല്യാണ്‍ താമങിന്‍റെ പ്രതികരണം അളന്നു മുറിച്ചതായിരുന്നു. ഭൂകമ്പത്തില്‍ നിന്നും തുടര്‍ന്നുണ്ടായ കഷ്ടങ്ങളില്‍ നിന്നും കര കയറി ജീവിതം വീണ്ടും കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് ജനങ്ങള്‍. എന്നാല്‍ ഇന്ധന ക്ഷാമം ഈ ശ്രമങ്ങള്‍ക്ക് വലിയൊരു തിരിച്ചടിയായിരിക്കുകയാണ്. സംഗം ലാമ എന്ന ബസ് കണ്ടക്ടര്‍ അതിനെ ലളിതമാക്കി പറഞ്ഞു "ബസ് ഓടിയില്ലെങ്കില്‍ എനിക്കു ശമ്പളം കിട്ടില്ല."

ഒരാഴ്ചയ്ക്കു ശേഷം ഞാന്‍ കാഠ്മണ്ടുവിലെത്തിയപ്പോള്‍ ഇന്ത്യ തങ്ങളുടെ ഉദ്യോഗസ്ഥരോട് അപ്രഖ്യാപിത നിരോധനം എടുത്തു മാറ്റാന്‍ നിര്‍ദേശിച്ചതായി ന്യൂസ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അന്ന് എന്നോടു സംസാരിച്ചവരിലെല്ലാം പ്രശ്നങ്ങള്‍ക്കൊരു പരിഹാരം ആയെന്ന പ്രതീക്ഷ കാണാനായി. "ഞങ്ങള്‍ക്കു കുറച്ചൊരാശ്വാസം തോന്നുന്നു" സൂര്യ ധുംഗാന പറഞ്ഞു. "പക്ഷേ പൂര്‍ണമായും ആശ്വസിക്കാനാവുന്നില്ല. കാരണം, കഴിഞ്ഞ 30 വര്‍ഷമായി ഞങ്ങള്‍ ഈ അവസ്ഥ അനുഭവിക്കുന്നു."

അതിര്‍ത്തിയിലുണ്ടായ തീരുമാനം പ്രത്യക്ഷമായ മാറ്റങ്ങള്‍ വരുത്തി തുടങ്ങിയിരുന്നില്ല എന്നതായിരുന്നു ഇത്തരം പ്രതികരണങ്ങള്‍ക്കു കാരണം. ഇന്ധനവും മറ്റ് അവശ്യസാധനങ്ങളുമായി ട്രക്കുകള്‍ എത്തിത്തുടങ്ങിയെങ്കിലും (പത്രവാര്‍ത്തകള്‍ അങ്ങനെയായിരുന്നു) സാധാരണ നേപ്പാളിയെ സംബന്ധിച്ചിടത്തോളം സ്ഥിതി മെച്ചപ്പെട്ടിരുന്നില്ല. പൊതു വാഹനങ്ങള്‍ക്കും ഗവണ്‍മെന്‍റ് വാഹനങ്ങള്‍ക്കുമുള്ള ക്വോട്ട സമ്പ്രദായം തുടരുന്നു; ഒന്നിട വിട്ട ദിവസങ്ങളിലേ അവയ്ക്കു നിരത്തിലിറങ്ങാന്‍ അനുവാദമുള്ളൂ. ഇന്ധന വില്‍പ്പനയ്ക്കുള്ള നിയന്ത്രണം ഒരു ദിവസത്തേക്കു ഒഴിവാക്കിയത് സ്വകാര്യ വാഹനങ്ങള്‍ക്ക് ഉപകരിച്ചു. എന്നാല്‍ പൊതു വാഹനങ്ങളുടെ ഇന്ധന ക്വോട്ട കുറച്ചത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്നു.

ഒരാഴ്ചയായി സ്കൂളുകളും ഒന്നിട വിട്ടുള്ള ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. വൈദ്യുതി ക്ഷാമമുള്ള നേപ്പാളില്‍ നീണ്ടു പോകുന്ന പവര്‍ കട്ട് സ്ഥിരമാണ്; ജനറേറ്ററുകള്‍ക്കുള്ള ഇന്ധന ക്ഷാമം ബിസിനസ്സുകളെ പ്രതികൂലമായി ബാധിക്കുന്നു. Federation of Nepalese Chambers of Commerce and Industry യുടെ കണക്കനുസരിച്ച് പുതിയ ഭരണഘടനയിന്‍മേല്‍ രണ്ടു മാസമായുള്ള സമരങ്ങളുടെയും ഉപരോധങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഫലമായി സാമ്പത്തിക വ്യവസ്ഥയ്ക്ക് നേരിട്ട ആകെ നഷ്ടം 1 ബില്ല്യണ്‍ യു‌എസ് ഡോളറാണ്.

ഭൂകമ്പ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും ഈ പ്രതിസന്ധി ഗുരുതരമായി ബാധിച്ചിരിക്കുന്നു. പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമുള്ള സിമന്‍റ്, സ്റ്റീല്‍, ഗ്ലാസ്സ്, സിങ്ക് ഷീറ്റുകള്‍ മുതലായവ കൂടുതലും ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയില്‍ നിന്നാണ്. "നിര്‍ബാധമായ ഗതാഗതം ഇല്ലാതെ ഉള്‍ഗ്രാമങ്ങള്‍ക്ക് ഇവ ലഭ്യമാകില്ല" ഡോ. പ്യാകുറേല്‍ പറഞ്ഞു. "അതിലും പ്രധാനമായി, ഭൂകമ്പ ബാധിത ഗ്രാമങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ധാരാളം വിദഗ്ധ തൊഴിലാളികളെ ആവശ്യമുണ്ട്. ഇവര്‍ കൂടുതലും ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. ഇപ്പോളത്തെ സാഹചര്യത്തില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ഇവിടെ മലമ്പ്രദേശങ്ങളില്‍ നിര്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വരുന്നത് സുരക്ഷിതമായി തോന്നിയേക്കില്ല."

ഗതാഗതക്ഷമത ഇല്ലാത്തതാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും വലിയ തടസ്സം എന്നത് അത്ഭുതം ഉണ്ടാക്കുന്നില്ല. വേള്‍ഡ് ഫുഡ് പ്രോഗ്രാമിലെ (World Food Programme) ഈയോലണ്ട ജക്വെമേറ്റ് പറയുന്നു "ഞങ്ങള്‍ സമയവുമായുള്ള ഓട്ടപ്പന്തയത്തിലാണ്." വിതരണ ട്രക്കുകള്‍ക്ക് ഡീസല്‍ ഇല്ലാത്തതിനാല്‍ അവര്‍ക്ക് പല പ്രവര്‍ത്തനങ്ങളും നിര്‍ത്തി വയ്ക്കേണ്ടി വരുന്നുണ്ട്. "ഉയര്‍ന്ന പ്രദേശങ്ങളിലെ ഭൂകമ്പ ബാധിതരായ ജനങ്ങള്‍ 3-4 ആഴ്ചക്കുള്ളില്‍ തന്നെ മഞ്ഞു വീഴ്ച മൂലം മറ്റ് ഭാഗങ്ങളില്‍ നിന്ന് ഒറ്റപ്പെടും."

"എല്ലാ NGOകളുടെയും അവസ്ഥ ഇത് തന്നെയാണ്" മിഷന്‍ ഈസ്റ്റ് എന്ന ഡാനിഷ് NGOയുടെ പ്രവര്‍ത്തകനായ റാം ഹരി പറഞ്ഞു. ഒക്ടോബര്‍ മധ്യത്തോടെ ദുരിതാശ്വാസമായി സാധന സാമഗ്രികള്‍ വിതരണം ചെയ്തു തീര്‍ക്കേണ്ടതായിരുന്നു അവര്‍. ഇത് സമയത്തിന് തീര്‍ക്കാന്‍ ആവാത്തതിനാല്‍ സംഭാവന നഷ്ടപ്പെടുന്ന അവസ്ഥയിലാണ് മിഷന്‍ ഈസ്റ്റ്. ഭൂകമ്പത്തില്‍ ഏറ്റവും കൂടുതല്‍ നാശ നഷ്ടങ്ങള്‍ സംഭവിച്ച സിന്ധുപാല്‍ ചൌകിലെ ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട സഹായങ്ങള്‍ ലഭിക്കില്ല എന്നാണു ഇതിനര്‍ഥം. അവിടെ ഇപ്പോളും ധാരാളം പേര്‍ ടെന്‍റുകളിലാണ് താമസം.

ഏറ്റവും പ്രധാനം, ഉപരോധത്തിനും ഇന്ധന ക്ഷാമത്തിനും കാരണമായ പ്രശ്നങ്ങള്‍ ഇപ്പോളും പരിഹരിക്കപ്പെട്ടിട്ടില്ല എന്നതാണ്. ഗവന്മെന്‍റും മധേസികളെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികളുമായി, പുതിയ ഭരണഘടനയില്‍ അവരുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിനായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മധേസികളാണ് ഈ ആവശ്യമുന്നയിക്കുന്നവരില്‍ പ്രധാനികള്‍. ഗവണ്‍മെന്‍റ് ചില ഭരണഘടന ഭേദഗതികള്‍ക്ക് സമ്മതിച്ചിട്ടുണ്ടെങ്കിലും ഇനിയും പലതും തീരുമാനമാകേണ്ടതുണ്ട്."മധേഷില്‍ കാഠ്മണ്ടുവിനോടുള്ള രോഷം വ്യക്തമാണ്" മധേസി രാഷ്ട്രീയ വിശകലന വിദഗ്ദ്ധനായ ദൌലത്ത് ഝാ പറയുന്നു. "ഇപ്പോള്‍ ധ്രുവീകരണം അതിന്‍റെ അങ്ങേയറ്റത്താണ്. ഇത് മാറാന്‍ സമയമെടുക്കും."

തലസ്ഥാനത്ത്, എന്നാല്‍, ഐക്യദാര്‍ഡ്യം കാണാം. ജനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഗ്രൂപ്പുകളായി #IndiablockadesNepal, #BackoffIndia, #DonateOilToIndianEmbassy ഹാഷ് ടാഗുകളിലൂടെ രോഷം പ്രകടിപ്പിക്കുന്നു. കാഠ്മണ്ഡു നിവാസികള്‍ വാഹനങ്ങളില്‍ ലിഫ്റ്റ് കൊടുത്തും മറ്റും ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ ശ്രമിക്കുന്നു. നഗര പരിധിയിലെ യാത്രകള്‍ ഏകോപിപ്പിക്കുന്ന 'Carpool Kathmandu' എന്ന facebook പേജിന് 94,000അംഗങ്ങള്‍ ഇപ്പോള്‍ തന്നെയുണ്ട്.

"ഒരു തരത്തില്‍ ഈ അവസ്ഥ നേപ്പാളികളെ ഒന്നിപ്പിക്കുന്നുണ്ട്" അക്കൌണ്ടന്‍റ് ആയ ശകുന്‍ ഖയാല്‍ പറയുന്നു. "അവര്‍ പരസ്പരം സഹായിക്കാന്‍ തയ്യാറാണ്."

നേപ്പാളിനു ഇന്ത്യയുടെ മേലുള്ളആശ്രയത്വം കുറക്കണമെന്ന വികാരവും ഉയര്‍ന്നു വരുന്നുണ്ട്. നേപ്പാളിന്‍റെ ഇറക്കുമതിയുടെ 60% ഇപ്പോള്‍ ഇന്ത്യയില്‍ നിന്നാണ്. ഈ അമിതാശ്രയത്വം അനാവശ്യ സ്വാധീനങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് കാഠ്മണ്ടുവില്‍ ധാരാളം പേര്‍ അഭിപ്രായപ്പെട്ടു. ചൈനയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങിയതിനുള്ള ശിക്ഷയെന്നോണം 1989ല്‍ ഇന്ത്യ ഏര്‍പ്പെടുത്തിയ, 13 മാസങ്ങള്‍ നീണ്ട ഔദ്യോഗിക ഉപരോധമാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. "ഞങ്ങളുടെ ഇപ്പോളത്തെ അവസ്ഥ അന്നത്തേതിനെക്കാള്‍ മോശമാണ്. കാരണം ഇന്ത്യയില്‍ നിന്നു ഇറക്കുമതി ചെയ്യുന്ന ഒരുപാട് സാധനങ്ങള്‍ ഞങ്ങളിന്നു ഉപയോഗിക്കുന്നുണ്ട്" ഒരു കാഠ്മണ്ഡു നിവാസി പറഞ്ഞു.

നേപ്പാള്‍ മറ്റ്അയല്‍രാജ്യങ്ങളെ സമീപിക്കണമെന്ന്, പ്രത്യേകിച്ചു ചൈനയെ, ആവശ്യമുയര്‍ന്നിരുന്നു. ഭൂകമ്പത്തെ തുടര്‍ന്നു മണ്ണിടിഞ്ഞു മൂടിപ്പോയ വടക്കന്‍ തഠോപനി അതിര്‍ത്തിയിലേക്കുള്ള റോഡ് തിരക്കിട്ട് നന്നാക്കി ഈ അടുത്ത് തുറന്നിരുന്നു. നേപ്പാള്‍ ഗവണ്‍മെന്‍റ് ഉടമസ്ഥതയിലുള്ള നേപ്പാള്‍ ഓയില്‍ കോര്‍പ്പറേഷന്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഏത് രാജ്യത്തു നിന്നും, ഏത് മീഡിയത്തിലും ഇറക്കുമതി ചെയ്യാന്‍ പുറപ്പെടുവിച്ച ടെന്‍ഡര്‍ 40 വര്‍ഷത്തിലേറെയായുള്ള, ഒരേയൊരു വിതരണക്കാര്‍ എന്ന ഇന്ത്യന്‍ കുത്തക തകര്‍ക്കാന്‍ ആണെന്ന് വ്യക്തമായിരുന്നു.

ഇന്ത്യക്കെതിരായുള്ള വികാരങ്ങള്‍ കൂടാതെ തങ്ങളുടെ രാഷ്ട്രീയക്കാരുടെ നയപരമായി ചര്‍ച്ചകള്‍ ചെയ്യാനുള്ള കഴിവില്ലായ്മയിലും, ദീര്‍ഘദര്‍ശനമില്ലായ്മയിലും, പ്രവര്‍ത്തികളിലുള്ള കാലതാമസത്തിലുമെല്ലാം ധാരാളം നേപ്പാളികള്‍ നിരാശരാണ്. സെപ്റ്റംബര്‍ 20 നു നടന്ന ഭരണ ഘടന പ്രഖ്യാപനത്തെ തുടര്‍ന്നു നേപ്പാള്‍ പാര്‍ലമെന്‍റ് ഗവണ്‍മെന്‍റ് രൂപീകരിക്കാനുള്ള ശ്രമത്തിലാണ്. പ്രതിസന്ധിക്ക് പരിഹാരംകാണുന്നതിനെക്കാള്‍ പ്രധാന്യം ഇതിനു നല്കുന്നു എന്നു ജനങ്ങള്‍ക്കിടയില്‍ അഭിപ്രായമുണ്ട്.

"ഒട്ടും പക്വതയില്ലാതെയും ബഹുമാനമില്ലാതെയുമാണ് അവര്‍ പെരുമാറിയത്" കാഠ്മണ്ഡു യൂണിവേര്‍സിറ്റിയിലെ അസ്സി. പ്രൊഫസറായ ഡോ. സുധാംശു ദഹല്‍ പറയുന്നു. "അവരുടെ ചര്‍ച്ചകള്‍ ജനങ്ങളെ കേന്ദ്രീകരിച്ചാകണം."

കൂടിയാലോചിക്കുന്നതിനു പകരം അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നതില്‍ മധേസി നേതാക്കളോടും പ്രതിഷേധിക്കുന്ന നേതാക്കളോടും മറ്റുള്ളവര്‍ക്ക് അമര്‍ഷമുണ്ട്. ഒരു വിദ്യാര്‍ഥി പറഞ്ഞു "തരായിലുള്ളവര്‍ ഭരണഘടനയില്‍ തൃപ്തരല്ലെന്നത് എനിക്കു മനസിലാക്കാം. പക്ഷേ ഇത് എല്ലാവരുടെയും ജീവിതത്തെ ബാധിക്കുകയാണ്." ഒരുമയ്ക്കായി അഭ്യര്‍ഥിക്കുന്നവരും കുറവല്ല. രത്ന പാര്‍ക്കില്‍ ഇന്ത്യയുടെ നടപടികള്‍ക്കെതിരെ പ്രതിഷേധിക്കുന്ന ഒരു സംഘം പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകള്‍ 'ഹിമല്‍' (Mountain), 'പഹാഡ്' (hill), 'തരായി' (plain) എന്നിങ്ങനെ നേപ്പാളിലെ മൂന്നു പ്രദേശങ്ങളെ കാണിക്കുന്നു. "ആരും അന്യരല്ല."

ഇന്ത്യക്കെതിരെയുള്ള വികാരം ശക്തമാണെങ്കിലും ഇന്ത്യ- നേപ്പാള്‍ ബന്ധം ഇപ്പോളും തകര്‍ന്നിട്ടില്ല. ഡോ. പ്യാകുറേല്‍ പറയുന്നു "ഈ രണ്ടു രാജ്യങ്ങളും ഇത് വരെ തുടര്‍ന്നു വന്ന രീതിയിലുള്ള ബന്ധം ഇനി തുടരണമോയെന്ന് പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇപ്പോളും പരസ്പര ബന്ധം ആവാം. എന്നാല്‍, ഇന്ത്യ. ഈ ഉപരോധം എടുത്തു മാറ്റുകയും നേപ്പാളിന്‍റെ ആഭ്യന്തര പ്രശ്നങ്ങള്‍ സ്വന്തമായി കൈകാര്യം ചെയ്യാന്‍ അനുവദിക്കുകയും വേണം."

ഭാഗ്യവശാല്‍, ഇന്ത്യയോടുള്ള വിരോധം ഇന്ത്യക്കാരിലേക്ക് വ്യാപിച്ചിട്ടില്ല. "ഞങ്ങളുടെ സംസ്കാരവും, ഭൂപ്രകൃതിയും, ജീവിത രീതിയുമെല്ലാം ഒരുപോലെയാണ്. നേപ്പാളികളെയും ഇന്ത്യക്കാരെയും ഒരുമിപ്പിക്കുന്ന ഒരുപാട് ഘടകങ്ങളുണ്ട്" ബ്ലോഗ്ഗറായ ശിരോമണി ധൂംഗല്‍ പറയുന്നു. "ഞങ്ങള്‍ക്കിടയില്‍ ഇതുവരെ ഒരു പ്രത്യേക ബന്ധം നിലനിന്നിരുന്നു. അത് ഭാവിയിലും തുടരും എന്നാണ് പ്രതീക്ഷ."

കൂടുതല്‍ വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും

http://www.aftershocknepal.com

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories