TopTop
Begin typing your search above and press return to search.

അഗസ്ത്യാര്‍കൂടത്തിലും സ്ത്രീകള്‍ക്ക് വിലക്ക്; മന്ത്രി വിഷയം കേട്ടിട്ടു പോലുമില്ല; വിശ്വാസപ്രശ്നമെന്ന് സെക്രട്ടറി

അഗസ്ത്യാര്‍കൂടത്തിലും സ്ത്രീകള്‍ക്ക് വിലക്ക്; മന്ത്രി വിഷയം കേട്ടിട്ടു പോലുമില്ല; വിശ്വാസപ്രശ്നമെന്ന് സെക്രട്ടറി

ഇത്തവണയും അഗസ്ത്യാര്‍കൂടത്തിലേക്ക് പ്രവേശിക്കാന്‍ സ്ത്രീകളെ അനുവദിക്കില്ലെന്ന നിലപാടുമായി വനംവകുപ്പ്. കഴിഞ്ഞ വര്‍ഷവും ഏറെ വിവാദമാവുകയും അന്നത്തെ വനംമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇടപെട്ട് തിരുത്തിക്കുകയും ചെയ്ത ഉത്തരവാണ് ഇടതു മന്ത്രിസഭ വന്നതിനു ശേഷവും മാറ്റമില്ലാതെ തുടരുന്നത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നു കഴിഞ്ഞു. ഇങ്ങനെ ഒരു പ്രശ്നം ഉള്ളതായി പോലും അറിയില്ലെന്നാണ് വകുപ്പ് മന്ത്രിയും സിപിഐ പ്രതിനിധിയുമായ കെ രാജുവുമായി അഴിമുഖം ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ നിലപാട്. പകരം സംസാരിച്ച അദ്ദേഹത്തിന്റെ പേഴ്സണല്‍ സെക്രട്ടറി ഒരു പടി കൂടി കടന്ന്‍ ശബരിമലയിലെ പോലെ വിശ്വാസത്തിന്റെ പ്രശ്നവും കൂടി ഉള്ളതുകൊണ്ടാണ് സ്ത്രീകള്‍ക്ക് വിലക്ക് എന്നും വ്യക്തമാക്കി.

ജനുവരി 14 മുതല്‍ ഫെബ്രുവരി 24 വരെയാണ് ഈ വര്‍ഷത്തെ സന്ദര്‍ശനം. ഇതിന്റെ ബുക്കിംഗ് ജനുവരി അഞ്ചിന് രാവിലെ 11-ന് ആരംഭിച്ച് ഉച്ചയോടു കൂടി അവസാനിക്കുകയും ചെയ്തു. ഒരു ദിവസം പരമാവധി 100 പേരെയാണ് ട്രെക്കിംഗിന് അനുവദിക്കുക. 42 ദിവസത്തേക്കുള്ള ട്രക്കിംഗിന് അനുവദനീയമായ 4200 ആളുകള്‍ ആദ്യ മണിക്കൂറിനുള്ളില്‍ തന്നെ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എല്ലാ വര്‍ഷവും വനം വകുപ്പ് നടത്താറുള്ള ട്രക്കിംഗില്‍ സ്ത്രീകള്‍ക്കും 14 വയസിനു താഴെയുള്ള കുട്ടികള്‍ക്കും അപേക്ഷിക്കാന്‍ സാധിക്കില്ല എന്നാണ് ഔദ്യോഗിക ഉത്തരവ്.

സ്ത്രീകളെ പ്രവേശിപ്പിക്കില്ലെന്ന വനം വകുപ്പിന്റെ വെബ്‌സൈറ്റ് ലിങ്ക്- https://goo.gl/q6DuYa

സ്ത്രീകളെ അഗസ്ത്യാര്‍കൂടത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന വനംവകുപ്പിന്റെ ഉത്തരവിന്റെ പകര്‍പ്പും ലിങ്കും- https://goo.gl/ssSzWG

സ്ത്രീകള്‍ക്ക് അഗസ്ത്യാര്‍കൂടത്തിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്കുണ്ടോ എന്നതിന് വനംവകുപ്പ് 2014-ല്‍ നല്‍കിയ മറുപടി സുരക്ഷാപരമായ കാര്യങ്ങളാല്‍ വിലക്കുണ്ട് എന്നാണ്. തിരുവനന്തപുരം സ്വദേശിയായ ശിവകുമാര്‍ ഇതിനെക്കുറിച്ച് 2014-ല്‍ വിവരാവകാശ നിയമ പ്രകാരം ചോദിച്ചതിനുള്ള മറുപടി രേഖയില്‍ പറയുന്നത്- 'അഗസ്ത്യാര്‍കൂടത്തിലേക്ക് യാത്ര ചെയ്യുന്നതിന് സ്ത്രീകള്‍ക്ക് പ്രത്യേകമായ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷ കാരണങ്ങളാലാണ് സ്ത്രീകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.' എന്നാണ്.

ശിവകുമാര്‍ വിവരാവകാശ നിയമ പ്രകാരം ചോദിച്ചതിനുള്ള മറുപടി

കഴിഞ്ഞ വര്‍ഷവും ഇക്കാര്യം വിവാദമായതിനെ തുടര്‍ന്ന് ഇത്തരമൊരു വിവേചനപരമായ ഉത്തരവ് വനം വകുപ്പ് പിന്‍വലിച്ചിരുന്നു. (അഗസ്ത്യാര്‍കൂടം ഇനി സ്ത്രീകള്‍ക്കും സന്ദര്‍ശിക്കാം). എന്നാല്‍ ഭരണം മാറി ഇടതു മന്ത്രിസഭ അധികാരത്തില്‍ വന്നിട്ടും ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനോ അത് നടപ്പാക്കാനോ തയാറല്ല എന്നാണ് ഇത്തവണത്തെ ഉത്തരവും കാണിക്കുന്നത്. അതിനേക്കാള്‍ അത്ഭുതകരമായി തോന്നിയത് ഈ വിഷയം സംബന്ധിച്ച് വകുപ്പ് മന്ത്രിയുടെയും അദ്ദേഹത്തിന്റെ സ്റ്റാഫിന്റെയും നിലപാടായിരുന്നു. സ്ത്രീകളെ അഗസ്ത്യാര്‍കൂടം സന്ദര്‍ശിക്കുന്നതിന് അനുവദിക്കില്ലെന്ന് വനംവകുപ്പ് പുറത്തിറക്കിയ ഉത്തരവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മന്ത്രി കെ. രാജുവിന്റെ മറുപടി: "പേഴ്‌സണല്‍ സെക്രട്ടറിയുമായി (പിഎസ്) സംസാരിക്കൂ, എനിക്ക് അതിനെക്കുറിച്ച് അറിഞ്ഞുകൂടാ" എന്നായിരുന്നു.

സ്ത്രീകളെ അഗസ്ത്യാര്‍കൂടം സന്ദര്‍ശിക്കുന്നതിന് അനുവദിക്കില്ലെന്ന് വനംവകുപ്പ് വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ എന്നതിന് 'ഉണ്ട് അല്ലേ?' എന്നാണ് പിഎസ് പ്രതികരിച്ചു തുടങ്ങിയത് തന്നെ. എന്താണ് ഇത്തരമൊരു ഉത്തരവിന് പിന്നിലെന്നതിന് കേരളത്തിലെ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധിയായ മന്ത്രിയുടെ പി.എസ് ചൂണ്ടിക്കാട്ടിയ കാരണം കൂടി കേള്‍ക്കുക: "വനത്തിനുള്ളില്‍ അഗസ്ത്യമുനിയുടെ പ്രതിഷ്ഠയുള്ളതിനാലും മുനി ബ്രഹ്മചാരിയായതിനാലുമാണ് സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സാധ്യമല്ലാത്തത്. ശബരിമലയിലെപ്പോലെ ഒരു വിശ്വാസം കൊണ്ടുള്ള നിയന്ത്രണമാണ് ഇവിടെയും."

പേഴ്സണല്‍ സെക്രട്ടറി തുടര്‍ന്നു പറയുന്നു: "ഇവിടെ സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കാര്യം സംബന്ധിച്ച് മന്ത്രിയുടെ ശ്രദ്ധയിപ്പെടുകയോ, മറ്റ് നിവേദനകളോ വന്നിട്ടില്ല. സീസണ്‍ (അഗസ്ത്യാര്‍കൂടത്തിലേക്ക് പ്രവേശനം) ആകുമ്പോള്‍ വനം വകുപ്പ് നല്‍കിയ നിര്‍ദേശമാണ് ഇത്; ഇത്തവണയൊന്നും ചെയ്യാന്‍ കഴിയില്ല, അടുത്ത തവണ മന്ത്രിയുടെ അടുത്ത് ഇക്കാര്യവുമായി ആരെങ്കിലും വന്നാല്‍ നമുക്ക് അത് പരിഗണിക്കാം. നമ്മുടെ ശബരിമല എന്നപോലെ ഒരു തീര്‍ത്ഥാടനമെന്ന നിലയിലാണ് എല്ലാവരും അങ്ങോട്ട് പോകുന്നത്. മന്ത്രിയുടെ അടുത്ത് ആരും ഈ വിഷയം ഉന്നയിച്ചിട്ടുമില്ല, ശ്രദ്ധയില്‍ പെട്ടിട്ടുമില്ല. ആദ്യമായിട്ടാണ് ഈയൊരു വിഷയത്തെക്കുറിച്ച് ഒരാള്‍ സംസാരിക്കുന്നത്."

കഴിഞ്ഞവര്‍ഷം ഈ വിഷയം വിവാദമായിരുന്നുവെന്നു ചൂണ്ടിക്കാണിച്ചപ്പോള്‍ പ്രതികരിച്ചത്- "സീസണാകുമ്പോഴാണ് ഈ വിഷയം വിവാദമാകുന്നത്. രജിസ്‌ട്രേഷന്‍ കഴിയുന്നതിന് മുമ്പ് പറഞ്ഞിരുന്നങ്കിലെ എന്തെങ്കിലും ഒരു തീരുമാനം എടുക്കുവാന്‍ കഴിയുകയുള്ളൂ. സ്ത്രീകളെ കയറ്റരുതെന്ന് മന്ത്രി പറഞ്ഞിട്ടില്ല. മുമ്പുള്ള കീഴ്‌വഴക്കം തുടര്‍ന്നുപോരുന്നതേയുള്ളൂ. മന്ത്രിയുടെ ഭാഗത്തു നിന്നാണ് ഞാന്‍ സംസാരിക്കുന്നത്. സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നുള്ള ഒരു വിഷയം അദ്ദേഹത്തിന്റെ മുമ്പില്‍ വന്നിട്ടില്ല. ശ്രദ്ധയിപ്പെടാത്ത ഒരു കാര്യത്തില്‍ എങ്ങനെയാണ് മന്ത്രി നടപടിയെടുക്കുന്നത്. ഒരിടത്തൊരു വിഷയം സംഭവിച്ചാല്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മാത്രമെ മന്ത്രിക്ക് അതില്‍ തീരുമാനം എടുക്കാന്‍ കഴിയൂ."

ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ ഹിമാലയത്തിലെ എവറസ്റ്റില്‍ വരെ ഇന്ന് സ്ത്രീകള്‍ ഒറ്റക്കും കൂട്ടമായും എത്തുന്നുണ്ട്. അപ്പോഴാണ് ഇങ്ങു കൊച്ചു കേരളത്തില്‍ 1868 മീറ്റര്‍ മാത്രം ഉയരമുള്ള ഒരു കൊടുമുടി താണ്ടുന്നതിന് സുരക്ഷിതത്വം ഇല്ലായെന്നും ഒപ്പം, ഇല്ലാത്ത വിശ്വാസത്തിന്റെ പേരും പറഞ്ഞ് സ്ത്രീകളെ മലകയറാന്‍ വിലക്കുന്നത്. ഇനി മുതല്‍ അഗസ്ത്യാര്‍കൂടം കയറുന്നതിന് എല്ലാ വര്‍ഷവും സ്ത്രീകള്‍ ആദ്യം പ്രതിഷേധം ഉയര്‍ത്തുകയും പിന്നീട് താത്ക്കാലിക ഇളവ് നല്കുകയും ചെയ്യാം, എന്നാലും വനംവകുപ്പിന്റെ വിവേചനപരമായ ഉത്തരവ് തിരുത്തിക്കില്ല എന്നു തന്നെയാണോ ഇടതുമന്ത്രിസഭയുടെയും നിലപാട്?

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് കൃഷ്ണ ഗോവിന്ദ്‌)


Next Story

Related Stories