TopTop
Begin typing your search above and press return to search.

എഐഎഡിഎംകെ പിളര്‍പ്പിലേക്ക്; പനീര്‍ശെല്‍വത്തിന് 40 എംഎല്‍എമാരുടെ പിന്തുണ

എഐഎഡിഎംകെ പിളര്‍പ്പിലേക്ക്; പനീര്‍ശെല്‍വത്തിന് 40 എംഎല്‍എമാരുടെ പിന്തുണ
ഒടുവില്‍ ശശികലയ്ക്കെതിരെ തിരിഞ്ഞു ഒ. പനീര്‍ശെല്‍വം. ജയലളിതയുടെ സമാധിയെ സാക്ഷി നിര്‍ത്തിക്കൊണ്ട് മന്നാര്‍ഗുഡി മാഫിയ തന്നെ രാജിവെപ്പിക്കുകയായിരുന്നു എന്നു പനീര്‍ശെല്‍വം പറഞ്ഞത് താന്‍ പറയുന്നത് തമിഴ് മക്കളുടെ ഹൃദയത്തിലേക്ക് കയറും എന്ന പൂര്‍ണ്ണ ബോധ്യമുള്ളതുകൊണ്ടാണ്. അത്യന്തം നാടകീയമായിരുന്നു ആ വാര്‍ത്താസമ്മേളനം. പനീര്‍ശെല്‍വത്തിന്റെ നീക്കത്തിന് പിന്നില്‍ പാര്‍ട്ടിക്കുള്ളില്‍ എത്രമാത്രം പിന്തുണ കിട്ടും എന്ന കാര്യമാണ് ഇനി അറിയേണ്ടതുള്ളൂ. 40 ഓളം എം എല്‍ എ മാര്‍ പനീര്‍ശെല്‍വത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ശശികലയ്ക്കെതിരെ പ്രവര്‍ത്തകര്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും അസംതൃപ്തി പുകയുന്നുണ്ട് എന്നതിന്റെ സൂചന കൂടിയായി വേണം പനീര്‍ശെല്‍വത്തിന്റെ ഈ നാടകീയ വാര്‍ത്താ സമ്മേളനത്തെ കാണാന്‍.

ഏകദേശം 40 മിനുട്ടോളം സമാധിയില്‍ കണ്ണുകളടച്ചു ധ്യാനിച്ച പനീര്‍ശെല്‍വം അമ്മയുടെ ആത്മാവു വിളിച്ചിട്ടാണ് താനിവിടെ വന്നതെന്ന് പറഞ്ഞുകൊണ്ടാണ് വാര്‍ത്താ സമ്മേളനം തുടങ്ങിയത്. തുടര്‍ന്ന് ചില സത്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞ അദ്ദേഹം ശശികലയും സംഘവും തന്നെ സമ്മര്‍ദം ചെലുത്തി രാജിവെപ്പിക്കുകയായിരുന്നു എന്നു വെളിപ്പെടുത്തി. പാര്‍ട്ടിയെയും ജനങ്ങളെയും രക്ഷിക്കാന്‍ അമ്മയുടെ ആത്മാവു തന്നോടു ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍. അതുകൊണ്ട് താന്‍ തനിച്ചു പോരാടാന്‍ തീരുമാനിച്ചിരിക്കുന്നു.

റവന്യൂ മന്ത്രി ആര്‍ ബി ഉദയകുമാര്‍ തന്നോടു രാജിവെക്കണം എന്നാവശ്യപ്പെട്ടു.  ജനങ്ങള്‍ക്കിഷ്ടമില്ലാത്ത ഒരാള്‍ മുഖ്യമന്ത്രി ആകുന്നതില്‍ തനിക്ക് താത്പര്യമില്ല. അതുകൊണ്ടാണ് സത്യം വെളിപ്പെടുത്തുന്നത്. രാജിവെച്ചൊഴിഞ്ഞ മുഖ്യമന്ത്രി പദത്തിലേക്ക് തിരിച്ചു കയറാന്‍ താന്‍ തയ്യാറാണ് എന്ന സൂചനയാണ് പനീര്‍ശെല്‍വം നല്കിയിരിക്കുന്നത്. ഒപ്പം ശശികലയ്ക്ക് ജനപിന്തുണയില്ലെന്നും മാധ്യമങ്ങളിലൂടെ സ്ഥാപിച്ചിരിക്കുകയാണ് അദ്ദേഹം.പനീര്‍ശെല്‍വത്തിന്റെ പത്രസമ്മേളത്തോടെ തമിഴ് രാഷ്ട്രീയം കൂടുതല്‍ സംഘര്‍ഷഭരിതമാവുകയാണ്. ഇന്ന് രാവിലെ തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് എഐഎഡിഎംകെ നേതാവും നിയമസഭ മുന്‍ സ്പീക്കറുമായ പി എച്ച് പാണ്ഡ്യന്‍ രംഗത്ത് വന്നിരുന്നു. സെപ്തംബര്‍ 22 നു പോയസ് ഗാര്‍ഡനില്‍ വാക്കുതര്‍ക്കമുണ്ടായി എന്നും തര്‍ക്കത്തിനിടയില്‍ ആരോ ജയയെ പിടിച്ചു തള്ളിയെന്നും ഇതേ തുടര്‍ന്നു ജയലളിത കുഴഞ്ഞു വീണെന്നും തുടര്‍ന്നാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും പാണ്ഡ്യന്‍ മാധ്യമങ്ങളോടു പറഞ്ഞു.ശശികലയെ ലക്ഷ്യംവച്ചു തന്നെയായിരുന്നു പാണ്ഡ്യന്റെ ആരോപണങ്ങള്‍. അമ്മയ്ക്ക് ഹൃദയാഘാതമുണ്ടായ ശേഷം അത്തരമൊരു അവസ്ഥയോര്‍ത്ത് ശശികലയ്‌ക്കോ കുടുംബത്തിനോ യാതൊരു വിഷമവും ഉണ്ടായിരുന്നില്ലെന്നും താനതിനു സാക്ഷിയാണെന്നും പാണ്ഡ്യന്‍ കൂട്ടിച്ചേര്‍ത്തു.

രാജാജി ഹാളില്‍ അമ്മയുടെ മൃതദേഹത്തിനു ചുറ്റും ശശികലയുടെ കുടുംബത്തെ കണ്ടപ്പോള്‍ തങ്ങളെല്ലാവരും ഞെട്ടിപ്പോയെന്നും പാണ്ഡ്യന്‍ പറഞ്ഞു. സെപ്തംബര്‍ 22ന് പോയ് ഗാര്‍ഡനില്‍ ഉണ്ടായിരുന്ന എല്ലാവര്‍ക്കെതിരേയും അന്വേഷണം നടത്തണം. ജയയുടെ മരണത്തില്‍ ദുരൂഹതയുണ്ട്. ജയയുടെ മരണത്തിന്റെ മുമ്പും ശേഷവുമുള്ള ശശികലയുടെ നീക്കങ്ങള്‍ അന്വേഷിക്കണമെന്നും പാണ്ഡ്യന്‍ ആവശ്യപ്പെട്ടു. ശശികലയും കുടുംബവും തന്നെ വിഷം നല്‍കി കൊലപ്പെടുത്തുമോ എന്ന് ഭയക്കുന്നതായി ജയലളിത തന്നോട് പറഞ്ഞിരുന്നു. ജീവിച്ചിരിക്കുമ്പോള്‍ ജയ ശശികലയ്ക്ക് ഒരു പദവിയും നല്‍കിയില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകാനുള്ള ഒരു ചട്ടവും ശശികലയുടെ കാര്യത്തില്‍ ഉണ്ടായില്ല. ജയലളിതയുടെ ആരോഗ്യസ്ഥിതി മുതിര്‍ന്ന നേതാക്കളില്‍ നിന്നുപോലും മറച്ചുവെച്ചുവെന്നും മുന്‍ സ്പീക്കര്‍ ആയിരുന്ന പാണ്ഡ്യന്‍ കുറ്റപ്പെടുത്തി. പാര്‍ട്ടി തലപ്പത്തിരിക്കാനോ മുഖ്യമന്ത്രിയാകാനോ ശശികലയ്ക്ക് അര്‍ഹതയില്ലെന്നും പാണ്ഡ്യന്‍ ആരോപിച്ചിരുന്നു.കൂടാതെ ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാറും ഇന്ന് പത്രസമ്മേളനം നടത്തിയിരുന്നു. ജനം തെരഞ്ഞെടുത്ത നേതാവാണ് മുഖ്യമന്ത്രി ആകേണ്ടതെന്നും ശശികലയെ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനാണ് അണ്ണാ ഡിഎംകെയുടെ ശ്രമമെന്നുമാണ് ദീപ ഉയര്‍ത്തിയ ആരോപണം. 33 വര്‍ഷം ജയലളിതയ്‌ക്കൊപ്പം ഉണ്ടായിരുന്നു എന്നത് മുഖ്യമന്ത്രിയാകാനുള്ള യോഗ്യതയല്ല. ശശികല മുഖ്യമന്ത്രി ആകുന്ന ദിനം തമിഴ്‌നാട്ടില്‍ കരിദിനമാണെന്ന് പറഞ്ഞ ദീപ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്നും പ്രഖ്യാപിച്ചു. പുതിയ പാര്‍ട്ടി ഉടന്‍ പ്രഖ്യാപിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രധാന പ്രതിപക്ഷമായ ഡി എം കെയും ബി ജെ പിയും എ ഐ എ ഡി എം കെയിലെ സംഭവവികാസങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. വേലക്കാരിയെ മുഖ്യമന്ത്രിയാക്കാനല്ല തമിഴ് ജനത വോട്ട് ചെയ്തെത് എന്ന സ്റ്റാലിന്റെ പ്രസ്താവന സൂചിപ്പിക്കുന്നത് ഡി എം കെ കയ്യും കെട്ടി നോക്കി നില്‍ക്കില്ല എന്നു തന്നെയാണ്. അതേസമയം പനീര്‍ ശെല്‍വത്തിന്റെ പുതിയ നീക്കത്തിന് പിന്നില്‍ ബി ജെ പിയുടെ പിന്തുണയുണ്ടാകാം എന്നൊരു സാധ്യതും രാഷ്ട്രീയ നിരീക്ഷകര്‍ പങ്കുവെയ്ക്കുന്നുണ്ട്. തമിഴ്നാട്ടിലെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് പിന്നില്‍ ബിജെപിയാണ് എന്നു കോണ്‍ഗ്രസ്സ് ആരോപണമുന്നയിച്ചുകഴിഞ്ഞു.

എന്തായാലും ശശികലയുടെ മുഖ്യമന്ത്രി സ്ഥാനാരോഹണം അത്ര എളുപ്പമല്ല എന്നുതന്നെയാണ് തമിഴകത്ത് നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ സുപ്രീം കോടതിയില്‍ നിന്നു വരാനിരിക്കുന്ന അനധികൃത സ്വത്ത് സമ്പാദനകേസിന്റെ വിധി എന്തായിരിക്കും എന്നതും ശശികലയുടെ രാഷ്ട്രീയ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന ഘടകമായിരിക്കും. പനീര്‍ശെല്‍വത്തിന്റെ യു ടേണിനെ തുടര്‍ന്ന് ശശികല പോയസ് ഗാര്‍ഡനില്‍ വിളിച്ചു ചേര്‍ത്തിരിക്കുന്ന പാര്‍ട്ടി എം എല്‍ എ മാരുടെ യോഗത്തില്‍ എത്ര പേര്‍ പങ്കെടുക്കും എന്നതിനനുസരിച്ചിരിക്കും ശശികലയുടെ രാഷ്ട്രീയഭാവി.

Next Story

Related Stories