TopTop
Begin typing your search above and press return to search.

ഐന്‍: മാനുവിലൂടെ നമ്മളെ കാണുമ്പോള്‍

ഐന്‍: മാനുവിലൂടെ നമ്മളെ കാണുമ്പോള്‍

വളരെ യാദൃശ്ചികമായാണ് ഈ സിനിമ എന്നിലേക്കെത്തുന്നത്. എന്റെ പങ്കാളിയുടെ അടുത്ത സുഹൃത്തായ മുസ്തഫാക്ക അഥവാ മുസ്തഫ എന്ന നടനെ അറുപത്തിരണ്ടാമത് ദേശീയ അവാര്‍ഡില്‍ മികച്ച നടനുള്ള പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനാക്കിയത് ഈ സിനിമയിലെ അഭിനയമാണ്. അത്രമാത്രമേ ഐന്‍ എന്ന സിനിമയ്ക്കും പേരിനും ഞാനുമായി ബന്ധം ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഈ പതിനാറാം തീയതി ദില്ലിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്‍ട്രലില്‍ ഈ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നടന്ന വൈകീട്ട് നാലുമണിമുതല്‍ ഈ ചിത്രവും മാനുവും സൈറയും എന്നോടൊപ്പം ഉണ്ട്.

ചേളാരി ചന്തയില്‍ നിന്ന് തുടങ്ങുന്ന ആദ്യ ദൃശ്യം മുതല്‍ ചിത്രത്തിലെ ഓരോ കണ്ണുകളും നമ്മോട് അവരുടെ കഥകള്‍ പങ്കുവയ്ക്കുന്നുണ്ട്. ഒരു സാധാരണ മലപ്പുറം മുസ്ലിം യുവാവിന്റെ ജീവിതത്തിലൂടെ ആണ് കഥ പോകുന്നത്. അല്ല, അങ്ങനെ ഇതിനെ പൊതുവായി പറയാന്‍ സാധിക്കില്ല. ഇത് ശരിക്കും ഇത് മാനുവിന്റെ കഥ മാത്രമാണ്. മലബാറില്‍ ജീവിക്കുന്ന മാനു എന്ന 'ഉത്തരവാദിത്വ ബോധമില്ലാത്ത' ഒരു യുവാവിന്റെ കഥയാണിത്. ബിരിയാണി ചെമ്പ് തുറക്കുന്ന എല്ലായിടത്തും, കല്യാണ പുരയിലും കുറ്റൂസക്കും മുടി കളച്ചിലിനും അങ്ങിനെ എവിടെ നോക്കിയാലും കാണാന്‍ കഴിയുന്ന മാനു. പക്ഷെ ഒന്നിലും ഉത്തരവാദിത്വമില്ല. കണ്ണ് അടച്ചു തുറക്കുന്നതിനിടെ മുങ്ങുന്ന ഒരാള്‍. അനിയത്തിയും ഉമ്മയും വല്ലുപ്പയും അടങ്ങുന്ന കുടുംബം. 'എഴ്ത്തിന്റെ സൂക്കേട്' ഉണ്ടായിരുന്ന, അങ്ങനെ കുടുംബം ദാരിദ്യത്തില്‍ ആഴ്ത്തിയ ഉപ്പയുടെ മകനാണ് മാനു. സാധാരണ നാട്ടിന്‍പുറത്ത് പറയുമ്പോള്‍ വീട് നയിക്കേണ്ട ആണ്‍തരി. നമ്മുടെ ഇടയില്‍ എപ്പോഴും മനുവിനെ പോലെ ഒരാളെ കാണാം. ലോകത്തെന്തു നടന്നാലും അതൊന്നും ബാധിക്കാത്ത... നാട്ടിലെ എല്ലാത്തിനും കൂടുന്ന, ആര്‍ക്കും വല്യ പരാതിയൊന്നും പറയാന്‍ ഇല്ലാത്ത ഒരാള്‍. എല്ലാവര്‍ക്കും സഹായി, ഒന്നിലും ഉറച്ചു നില്‍ക്കാത്ത, സമൂഹത്തിനോട് യാതൊരു ഉത്തരവാദിത്തവും ഇല്ലാത്ത ഒരാള്‍.

ഒരു രാത്രിയില്‍ നാട്ടില്‍ നടന്ന ഒരു കൊലപതാകത്തിനു സക്ഷിയാകുന്നതോടെ പേടിച്ച് അവനോന്റെ തടീം കൊണ്ട് കയ്ചിലായ മാനു എത്തുന്നത് കര്‍ണാടകയിലെ ഒരു മലയാളി കുടുംബത്തിലാണ്. ആ കുടുംബത്തില്‍ നടന്ന ഒരു ദുരന്തത്തെ കുറിച്ചുള്ള അറിവ് മാനുവിന്റെ കാഴ്ചപാടില്‍ വരുത്തുന്ന മാറ്റങ്ങളും തുടര്‍ന്ന് നടക്കുന്ന ചില സംഭവങ്ങളും ആണ് കഥാതന്തു.മുസ്തഫ എന്ന നടന്റെ അഭിനയ മികവാണോ സിദ്ധാര്‍ത്ഥ ശിവ എന്ന സംവിധായകന്റെ സംവിധാന നിപുണതയാണോ നമ്മെ ഈ ചിത്രവുമായി ബന്ധപ്പെടുത്താന്‍ സഹായകമാവുക എന്ന് വേര്‍തിരിച്ചു പറയുക വിഷമകരം.

താന്‍ ചെറുപ്പം മുതല്‍ ജീവിച്ച സ്ഥലങ്ങള്‍, ആളുകള്‍ എന്നിവരുടെ കൂടെ ആണ് മുസ്തഫ ഈ ചിത്രത്തില്‍ മാനുവായി മാറുന്നത്. ഒരു പക്ഷെ അത് ആ കഥാപാത്രമായി മാറാന്‍ അത് അദ്ദേഹത്തെ ഏറെ സഹായിച്ചിട്ടുണ്ട് എന്ന് വേണം കരുതാന്‍. ആദ്യം നാം കാണുന്ന മാനുവിന്റെ കണ്ണുകളില്‍ കാണുന്ന നിഷ്‌കളങ്കതയും പതിയെ പകപ്പും പേടിയും പതിയെ നിശ്ചയദാര്‍ഢ്യമായി മാറുന്നത് നമുക്ക് കാണാന്‍ സാധിക്കും. ഈ ചിത്രത്തില്‍ മാനു കാണുന്നത് മാത്രമാണ് നമ്മളും കാണുന്നത്. എന്നാല്‍ അതൊരിക്കലും ഒരു പരിമിതിയായി നമുക്ക് തോന്നുന്നില്ല എന്ന് മാത്രമല്ല അതൊരു സാധ്യതകൂടി നമുക്ക് തുറന്നു തരുന്നു. മാനുവിന്റെ സ്വപ്നങ്ങള്‍ കൂടി കാണാനുള്ള സാധ്യത.

ഈ ചിത്രത്തിന്റെ് ആദ്യ പ്രീമിയര്‍ കാണാന്‍ ഭാഗ്യം ലഭിച്ച കൂട്ടത്തില്‍, കാഴ്ചക്കാരില്‍ ഒരാള്‍ സംവിധായകനായ സിദ്ധാര്‍ത്ഥയോട് എങ്ങനെയാണ് നിങ്ങള്‍ മാനു, സൈറ എന്നീ കഥാപാത്രങ്ങളിലേക്ക് എത്തിയത് എന്ന ചോദ്യം ഉന്നയിക്കുന്നത് കേട്ടു. അതിനു സിദ്ധാര്‍ത്ഥ പറഞ്ഞ ഉത്തരം ഇതാണ്, ' ഞാന്‍ ഈ കഥ എന്റെ നടീനടന്മാരോട് പറയുകയേ ചെയ്തിട്ടുള്ളൂ. ബാക്കി ആ കഥാപാത്രത്തിന്റെ എല്ലാ സ്വഭാവങ്ങളും ശൈലികളും ആ നടീ നടന്മാര്‍ക്ക് സ്വന്തമാണ്' ഒരു പക്ഷെ കഥാപാത്ര രൂപീകരണത്തില്‍ ലഭിച്ച ഈ സ്വാതന്ത്ര്യം 'ദുരുപയോഗം' ചെയ്തതാവാം മുസ്തഫ എന്ന നടന് ഒരു പ്രത്യേക പരാമര്‍ശത്തിന്റെ രൂപത്തില്‍ ലഭിച്ച അംഗീകാരത്തിന് ആധാരം.

ഈ ചിത്രം കാണുമ്പോള്‍ ഇത് രാഷ്ട്രീയ കൊലപാതകത്തിനെതിരെ ഉള്ള ഒരു സിനിമയാണോ എന്നൊക്കെ ചില ചോദ്യങ്ങള്‍ ആളുകളുടെ മനസ്സില്‍ ഉയര്‍ന്നു കാണുന്നുണ്ട്. പക്ഷെ താന്‍ മാനുവിന്റെ കഥയാണ് പറയുന്നത്. മാനു ആ നാട്ടില്‍ കാണുന്നത് മാത്രമാണ് അതിലുള്ളത്. അല്ലാതെ രാഷ്ട്രീയ കൊലപാതകത്തിനെതിരെയോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എതിരെയോ അല്ല ഈ ചിത്രം എന്ന്‍ സംവിധായകന്‍ പറയുന്നു.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ ചിത്രത്തിന്റെ സമയഗതി ചന്ദ്രന്റെ് പരിക്രമണത്തിലൂടെയാണ് സംവിധായകന്‍ കാണിച്ചിരിക്കുന്നത്. ചെറിയ ചെറിയ നന്മകള്‍ ചെയ്യുമ്പോള്‍ ആകാശത്ത് മലക്കുകളെ കാണാം എന്ന് സൈറ ചിത്രത്തില്‍ ഒരിടത്ത് പറയുന്നുണ്ട്. ചിത്രം അവസാനിക്കുമ്പോളും മലക്കുകള്‍ നിറഞ്ഞു നില്‍ക്കുന്ന ആ ചന്ദ്രന്‍ തന്നെ ആകും നമ്മുടെ മനസ്സില്‍.

ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ ജീവിത പങ്കാളി ആയതുകൊണ്ടാണോ ഈ ചിത്രം എന്നെ ആഴത്തില്‍ സ്പര്‍ശിച്ചത്? അതോ കഴിഞ്ഞ ഏഴു വര്‍ഷമായി ഞാന്‍ പരിചയിച്ച ചുറ്റുപാടും ആളുകളും തിരശീലയില്‍ മുന്നില്‍ വന്നതോ? അറിയില്ല. പക്ഷെ ഒന്നറിയാം, നമുക്ക് സമൂഹത്തിനോട് എന്തൊക്കയോ തിരിച്ചു നല്‍കാനുണ്ട് എന്ന് ഓര്‍മിപ്പിക്കുന്ന മനോഹരമായ ആഖ്യാനങ്ങള്‍ എന്നും നമ്മുടെ മനസിനെ പിടിച്ചുലയ്ക്കുക തന്നെ ചെയ്യും.

പി എസ്: കുടൂസ്.... പ്രിയപ്പെട്ട സംവിധായകന്‍, അഭിനേതാക്കള്‍, ഈ ചിത്രത്തിന്റെ ആത്മാവും ശരീരവുമായി നിന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും .....

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories