TopTop

സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ സൈന്യം മുന്നിലാണ്; എന്നാല്‍ ഇതൊരു ചരിത്ര മാറ്റമാണ്

സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ സൈന്യം മുന്നിലാണ്; എന്നാല്‍ ഇതൊരു ചരിത്ര മാറ്റമാണ്

ടീം അഴിമുഖം


സ്വതന്ത്ര ഇന്ത്യ, സമാധാനകാലത്തും യുദ്ധകാലത്തും സൈനിക പുരസ്‌കാരങ്ങള്‍ നല്‍കാറുണ്ട്. യുദ്ധകാലത്ത് നല്‍കുന്ന ഏറ്റവും വലിയ സൈനിക പുരസ്‌കാരമായ പരംവീര്‍ ചക്ര ആരാണ് ഡിസൈന്‍ ചെയ്തത് എന്നറിയുമോ? അതൊരു സ്ത്രീയാണ്, സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജനിച്ച Eve Yvonne Maday de Maros. ഒരു ഇന്ത്യന്‍ ആര്‍മി ഓഫീസറെ വിവാഹം ചെയ്ത് പിന്നീട് അവര്‍ സാവിത്രി ഖാനോക്കര്‍ ആയി മാറി. പൂര്‍ണമായും ഇന്ത്യക്കാരി എന്ന സ്വത്വവുമായാണ് അവര്‍ പിന്നീട് ജീവിച്ചത് എന്നാണ് രേഖകള്‍ പറയുന്നത്. അവര്‍ ഡിസൈന്‍ ചെയ്ത പരംവീര്‍ ചക്ര ആദ്യമായി നല്‍കിയതിലും ഒരു പ്രത്യേകതയുണ്ട്: 1947 നവംബറില്‍ ശ്രീനഗര്‍ വിമാനത്താവളത്തില്‍ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തെ ചെറുക്കുന്നതിനിടെ കൊല്ലപ്പെട്ട മേജര്‍ സോംനാഥ് ശര്‍മയ്ക്കാണ് അത് സമ്മാനിക്കപ്പെട്ടത്. സാവിത്രി ഖാനോക്കറിന്റെ മൂത്ത മകളുടെ ഭര്‍ത്താവിന്റെ സഹോദരനായിരുന്നു മേജര്‍ ശര്‍മ.പരംവീര്‍ ചക്രയ്ക്ക് തുല്യമായി സമാധാന കാലത്ത് നല്‍കുന്നതാണ് അശോക ചക്ര. ഈ പുരസ്‌കാരത്തിന് അര്‍ഹയായ ഏറ്റവും പ്രായം കുറഞ്ഞയാളും അവരാണ്- നീരജ ഭാനോട്ട്. ഒരു വിദേശ മണ്ണില്‍ നടത്തിയ ധീരതയെ പ്രകീര്‍ത്തിച്ചുകൊണ്ടായിരുന്നു അവര്‍ക്ക് ഇത് നല്‍കിയത്. Pan Amവിമാനത്തിലെ flight purser ആയിരുന്ന നീരജ പാകിസ്താനില്‍ വച്ച് നൂറുകണക്കിന് മനുഷ്യരുടെ ജീവന്‍ രക്ഷിക്കുകയും മൂന്നു കുട്ടികളെ സംരക്ഷിക്കുന്നതിനിടെ വെടിയേറ്റ് മരിക്കുകയുമായിരുന്നു. അവരുടെ ജീവിതത്തെ ആസ്പദമാക്കി എടുത്ത സിനിമയാണ് ഈയിടെ പുറത്തുവന്ന രാം മധ്വാനിയുടെ 'നീരജ'.സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ചിട്ടുള്ള താലിബാന്‍ രാജ്യമൊന്നും അല്ല ഇന്ത്യ. എന്നാല്‍ അമാനുഷികമെന്ന് തന്നെ തോന്നാവുന്ന ധീരതതൊക്കെ പ്രകടിപ്പിക്കുന്ന സ്ത്രീകളുള്ള ഈ രാജ്യത്താണ് ഏറ്റവും കുറഞ്ഞ ശതമാനം സ്ത്രീകള്‍ ജോലി ചെയ്യുന്നത് എന്ന് പറഞ്ഞാലോ? അതാണ് യാഥാര്‍ഥ്യം. ഇന്ത്യന്‍ തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ എണ്ണം ഈയടുത്തായി കുത്തനെ ഇടിയുന്നുവെന്നാണ് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ ഈയിടെ വെളിപ്പെടുത്തിയത്. അതിന് നിരവധി കാരണങ്ങളും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തൊഴില്‍ ശക്തിയുടെ കണക്കെടുത്താല്‍ മൊത്തം സ്ത്രീകളുടെ നാലിലൊന്നു മാത്രമേ ഇതില്‍ ഉള്‍പ്പെടുന്നുള്ളു എന്നും അവര്‍ പറയുന്നു.ഇന്ത്യന്‍ സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന ചില 'പാരമ്പര്യ'ങ്ങളും സ്ത്രീ വിരുദ്ധ കാഴ്ചപ്പാടുകളും തന്നെയാണ് ഈ പ്രതിസന്ധിയുടെ മുഖ്യ കാരണങ്ങളിലൊന്ന്. അതോടൊപ്പം തന്നെ നമ്മുടെ വ്യവസ്ഥാപിത സ്ഥാപനങ്ങള്‍ക്കും ഇതില്‍ പങ്കുണ്ട്. സ്ത്രീ വിരുദ്ധതയുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന നമ്മുടെ സ്ഥാപനങ്ങളിലൊന്നാണ് ഇന്ത്യന്‍ സൈന്യം.

കാര്യങ്ങള്‍ മാറുന്നുണ്ടോ?
നാളെ കഴിഞ്ഞ്, അതായത് ജൂണ്‍ 18-ന് ഇന്ത്യന്‍ വ്യോമസേന ചരിത്രത്തിലാദ്യമായി മൂന്ന് സ്ത്രീകളെ ഫൈറ്റര്‍ പൈലറ്റുകളായി നിയമിക്കുകയാണ്. ഹൈദരാബാദിലെ എയര്‍ഫോഴ്‌സ് അക്കാദമിയില്‍ വച്ചാണ് ഇത് നടക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കുന്ന പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ഇവിടെ വച്ച് 22 വനിതാ ട്രെയിനികള്‍ അടക്കം 129 പേര്‍ക്ക് 'പ്രസിഡന്റ്‌സ് കമ്മീഷന്‍' ബിരുദം സമ്മാനിക്കും. ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നിര്‍ണായകമായ ഒരു സംഭവമാണ് മൂന്നു വനിതാ പൈലറ്റുകളെ ഫൈറ്റര്‍ പൈലറ്റുകളായി നിയമിക്കുന്ന ഈ ചടങ്ങ്.ഭാവന കാന്ത്, മോഹന സിംഗ്, ആവണി ചതുര്‍വേദി എന്നിവരാണ് ഈ മൂന്നു പൈലറ്റുമാര്‍. സൂപ്പര്‍സോണിക് യുദ്ധ വിമാനങ്ങള്‍ പറത്തുന്നതിന് തൊട്ടുമുമ്പുള്ള മൂന്നാം ഘട്ട പരിശീലനത്തിനായി ഇനി അവര്‍ കര്‍ണാടകയിലെ ബിഡാറിലേക്ക് പോകും. സ്ത്രീകളെ ഫൈറ്റര്‍ പൈലറ്റുകളായി ഉള്‍പ്പെടുത്താന്‍ കഴിഞ്ഞ ഒക്‌ടോബറില്‍ സര്‍ക്കാര്‍ തീരുമാനിച്ച ശേഷം ആറ് പേരായിരുന്നു ഇതിലേക്ക് മത്സരിച്ചത്. എന്നാല്‍ മൂന്നു പേര്‍ മാത്രമേ ഇതിലേക്ക് തെരഞ്ഞെടുക്കപ്പെട്ടുള്ളൂ.എന്നാല്‍ സര്‍ക്കാരിന്റെ ഈ നടപടി കേവലം പ്രതീകാത്മകം മാത്രമാണ്, കാരണം, ഒരു തൊഴില്‍ ശക്തി എന്ന നിലയില്‍ സൈന്യം എവിടെയാണെങ്കിലും വളരെധികം സ്ത്രീവിരുദ്ധ കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്ന ഒന്നാണ്. വന്‍ നാവിക ശക്തികളുടെ കൂട്ടത്തില്‍ നോക്കിയാല്‍ ഇന്ത്യന്‍ നേവിയാണ്, ഒരുപക്ഷേ വമ്പന്മാരില്‍ ഏക നേവിയും, സ്ത്രീകളെ തങ്ങളുടെ കപ്പലുകളില്‍ ജോലി ചെയ്യാന്‍ അനുവദിക്കാത്ത ഒന്ന്. കരസേനയുടെ മുന്‍നിരകളിലൊന്നും നില്‍ക്കാന്‍ ഇന്ത്യ സ്ത്രീകളെ അനുവദിക്കാറില്ല. ഏതൊക്കെ സാഹചര്യങ്ങള്‍ ലഭിക്കാറുണ്ടോ അപ്പോഴൊക്കെ സ്ത്രീകള്‍ക്കെതിരായ വിവേചന നടപടികള്‍ അത് സ്വീകരിക്കാറുമുണ്ട്.ഇത്രയൊക്കെ മോശം ഭൂതകാലമാണെങ്കിലും ഇന്ത്യന്‍ സൈന്യവും മാറുന്നുണ്ട്, സാങ്കേതിക വിദ്യയുടെ കാര്യത്തിലും പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിലുമൊക്കെ കാലത്തനൊപ്പം സഞ്ചരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ ശനിയാഴ്ച എന്നത് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. കാരണം സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ എന്നും പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെടുന്ന ഒരു തൊഴില്‍ ശക്തി തന്നെ സ്ത്രീകളെ അംഗീകരിക്കാന്‍ തയാറാകുന്നു എന്നതാണ് അതിന്റെ കാരണം. ഇതിന്റെ മാറ്റങ്ങള്‍ മറ്റു മേഖലകളിലും ഉണ്ടാകേണ്ടതാണ്.Next Story

Related Stories