TopTop
Begin typing your search above and press return to search.

ഒരു എയര്‍ ഇന്ത്യന്‍ ആകാശത്തമാശ

ഒരു എയര്‍ ഇന്ത്യന്‍ ആകാശത്തമാശ

എയര്‍ ഇന്ത്യാദിനം പ്രമാണിച്ച് നൂറു രൂപയ്ക്ക് ടിക്കറ്റ് വാഗ്ദാനം നല്‍കിയ എയര്‍ ഇന്ത്യാ വിമാനക്കമ്പനിയുടെ വെബ്‌സൈറ്റ് ക്രാഷായി. മോഹവാഗ്ദാനം കേട്ട് യാത്രക്കാര്‍ ഇടിച്ചു കയറിയതാണത്രെ വെബ്‌സൈറ്റ് തകരാന്‍ കാരണം. സംഗതി കൊള്ളാം, പക്ഷേ, ഒരു സംശയം; നൂറു രൂപ മുടക്കി എയര്‍ ഇന്ത്യാ വിമാനത്തില്‍ കയറുന്നത് ജീവന്‍ പണയം വയ്ക്കാനാണോ? കഴിഞ്ഞ വെള്ളിയാഴ്ച (ആഗസ്ത് 22) കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് എയര്‍ ഇന്ത്യാ വിമാനത്തില്‍ കുടുംബസമേതം യാത്രക്കാരനാകേണ്ടി വന്ന ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളില്‍ താമസിക്കുന്ന മലയാളിയായ റോയി അന്ന് വിമാനത്തില്‍ നടന്ന കാര്യങ്ങള്‍ അഴിമുഖത്തോട് ഫോണിലൂടെ പങ്കുവയ്ക്കുന്നു.

പ്രവാസികളെക്കുറിച്ച് പൊതുവെ പറയുന്നത് ഞങ്ങള്‍ കുറ്റം പറച്ചിലുകാരാണെന്നാണ്. നാട്ടിലെത്തുന്ന ഒരോ പ്രവാസിയും തിരികെ പോകുന്നതുവരെ എന്തെങ്കിലുമൊക്കെ കുഴപ്പങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടിരിക്കുമത്രേ. അത് ശരിയല്ല, ഇത് ശരിയല്ല എന്നീ വാക്കുകളായിരിക്കും ഞങ്ങടെ നാവില്‍ നിന്ന് എപ്പോഴും ടേക്ക് ഓഫ് ചെയ്യുന്നത്. ഒടുവില്‍ ഒരു തീര്‍പ്പും- ഇതൊന്നും അവിടെയാണെങ്കില്‍ നടക്കില്ല! പ്രവാസി നാട്ടില്‍ വരുന്നത് കുറ്റം പറയാനല്ല, ജനിച്ച മണ്ണും ബന്ധുക്കളെയും കാണാനുള്ള കൊതികൊണ്ടാണ്. ഇപ്പോള്‍ നിങ്ങള്‍ പറയുന്നത്; അവന്റെയൊരു അവിഞ്ഞ നൊസ്റ്റാള്‍ജിയ എന്നല്ലേ? പരിഹസിക്കുന്നവരെ എതിര്‍ക്കുന്നില്ല. എന്നാല്‍ നിങ്ങളുടെ ചിന്താഗതികള്‍ക്കപ്പുറം പ്രവാസിക്ക് അവന്റെതായ വികാരങ്ങളുണ്ട്. വര്‍ഷത്തില്‍ നാലോ അഞ്ചോ ദിവസത്തേക്ക് നാട്ടിലേക്ക് വരുന്ന ഞങ്ങളെ വിനോദസഞ്ചാരികളായല്ല കാണേണ്ടത്. കിട്ടുന്ന ലീവുകളെല്ലാം കൂട്ടിവച്ച് വിമാനം കയറുമ്പോള്‍ മനസ്സില്‍ ഒരുപാട് ആഹ്ലാദമാണ്. ആ ആഹ്ലാദം ഹനിക്കുന്ന എന്തെങ്കിലുമൊക്കെ സ്വന്തം നാട്ടില്‍ അവന് നേരിടേണ്ടി വരുന്നു എന്നതാണ് വസ്തുത. ആ സമയത്ത് സഹികെട്ട് വല്ലതുമൊക്കെ പറയും. അതാണ് നിങ്ങളുടെ ഭാഷയില്‍ കുറ്റം! ഞങ്ങള്‍ ജന്മനാട്ടില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഗൗരവമായി മനസ്സിലാക്കാനോ, ഇടപെടാനോ ആരുണ്ട്? ഒരു വിദേശ മലയാളിക്ക് നാട്ടില്‍ വച്ച് ഒരാക്‌സിഡന്റ് നടന്നാല്‍പ്പോലും കണ്ടു നില്‍ക്കുന്നവരില്‍ ഭൂരിഭാഗവും അനങ്ങില്ല. ഓ..അവന്‍ കാശുകാരനാ... എന്നൊരു ഡയലോഗ് മാത്രം വരും. പൊതുജനത്തിനും രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമൊക്കെ ഇത്തരം മനോഗതിയുണ്ട്.


ഇത്തവണ നാട്ടിലെത്തി തിരികെ പോകുമ്പോള്‍ ഞാനുള്‍പ്പെടെ ഒട്ടേറെ പ്രവാസികള്‍ക്ക് എയര്‍ ഇന്ത്യ നല്‍കിയൊരു ഷോക്ക് ട്രീറ്റ്‌മെന്റിനെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്. ദയവു ചെയ്ത് ഈ കാര്യവും പ്രവാസിയുടെ കുറ്റം പറച്ചിലായി കാണരുത്. ഏറ്റുമാനൂര്‍ പട്ടിത്താനം സ്വദേശിയായ ഞാന്‍ ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളില്‍ ഒരു ഫസ്റ്റ് ബസ് ഡ്രൈവറായി ജോലി ചെയ്യുകയാണ്. ഭാര്യയും മക്കളുമടങ്ങുന്നതാണ് എന്റെ കുടുംബം. നാട്ടിലുള്ള ചാച്ചനെയും അമ്മച്ചിയെയും കാണാനാണ് വന്നത്. ഒത്തിരിക്കാലം കൂടി കിട്ടിയ ഇത്തിരി നിമിഷങ്ങളില്‍ നാടും നാട്ടുകാരും പിന്നെ ഞങ്ങടെ പ്രിയപ്പെട്ട മാതാപിതാക്കളും തന്ന സ്‌നേഹസ്മരണകള്‍ മനസ്സില്‍ പൊതിഞ്ഞെടുത്താണ് മടക്കയാത്രയ്‌ക്കൊരുങ്ങിയത്. അടുത്ത വരവുവരെ, അന്യനാട്ടില്‍ കൂടെ കൊണ്ടുനടക്കാന്‍ എന്നെപ്പോലെ ഒരോ മലയാളിക്കും കിട്ടുന്ന സൗഭാഗ്യങ്ങളാണ് ഈ നാട്ടോര്‍മ്മകള്‍.
ഓര്‍മ്മകളുടെ സന്തോഷവും പ്രിയപ്പെട്ടവരെ വിട്ടുപിരിയുന്നതിന്റെ വിഷമവും എല്ലാം നിറഞ്ഞ മനസ്സോടെയാണ് ഞാനും കുടുംബവും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള കണക്ഷന്‍ ഫ്‌ളൈറ്റ് കയറാന്‍. ഡല്‍ഹിയില്‍ നിന്നാണ് ഇംഗ്ലണ്ടിലേക്കുള്ള വിമാനം കേറേണ്ടത്. എയര്‍ ഇന്ത്യ 047 എന്ന കണക്ഷന്‍ ഫ്‌ളൈറ്റിലാണ് ഞങ്ങള്‍ കേറിയത്. നൂറ്റിയെഴുപത് യാത്രികരാണ് ആകെ. തൊണ്ണൂറ്റിയഞ്ച് ശതമാനം പേരും അമേരിക്കയിലേക്കുള്ള മലയാളികള്‍. ഞങ്ങള്‍ അഞ്ചാറ് കുടുംബങ്ങള്‍ ഇംഗ്ലണ്ടിലേക്ക് പോകേണ്ടവര്‍. പിന്നെ നോര്‍ത്ത് ഇന്ത്യക്കാരും. രാത്രി എട്ട് മണിക്കാണ് വിമാനം പുറപ്പെടേണ്ടത്. എന്നാല്‍ പറഞ്ഞതിലും ഒരു മണിക്കൂറിനടുത്ത് വൈകി. പാര്‍ക്കിംഗ് ബേയില്‍ നിന്ന് റണ്‍വേയിലേക്ക് ഓടിവരുമ്പോഴെ വല്ലാത്തൊരു ശബ്ദം വിമാനത്തിന്റെ എന്‍ജിനില്‍ നിന്ന് കേള്‍ക്കുന്നുണ്ടായിരുന്നു. നമ്മുടെ നാട്ടിലെ ചില കാറുകളും ബസുകളുമൊക്കെ ഓടുമ്പോള്‍ കേള്‍ക്കുന്ന കട കട ശബ്ദം പോലെ. ഈക്കാര്യം യാത്രക്കാര്‍ പരസ്പരം പറയുന്നുമുണ്ടായിരുന്നു. ശരിയാകുമായിരിക്കും എന്നു കരുതി സമാധാനിച്ചു. റണ്‍ വേയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യുന്നു. വിമാനം പൊങ്ങാന്‍ തുടങ്ങുമ്പോള്‍ ഒരു സംഭവമുണ്ടായി. ഡോറിന്റെ ഒരു ബോള്‍ട്ട് ഊരി താഴെ കിടക്കുന്നു. ഒരു നോര്‍ത്ത് ഇന്ത്യന്‍ സ്ത്രീ അതെടുത്ത് എയര്‍ ഹോസ്റ്റസിനോട് എന്തോ പറയുന്നുണ്ടായിരുന്നു ഞാന്‍ പെട്ടെന്ന് നാട്ടിലെ പഴയ കെ എസ് ആര്‍ ടി സി ബസിനെക്കുറിച്ച് ഓര്‍ത്തുപോയി. വിമാനം പൊങ്ങി എതാണ്ട് അഞ്ച് മിനിട്ട് ആയിക്കാണും. അമിട്ട് പൊട്ടുന്നതുപോലെ ഒരു ശബ്ദം. എല്ലാവരും പേടിച്ചുപോയി. വലതുവശത്തെ എന്‍ജിനില്‍ നിന്ന് സ്പാര്‍ക്ക്. തീപ്പൊരിയും പുകയും ഉയരുന്നു. റൈറ്റ് സൈഡ് വിങ്ങില്‍ ഇരുന്ന എന്റെ മക്കള്‍ ഇത് ശരിക്കും കണ്ടു. ശബ്ദം കേട്ട് കഴിഞ്ഞ് വിമാനം പെട്ടെന്ന് താഴ്ന്നു. അതോടെ അകത്ത് വല്ലാത്ത പരിഭ്രാന്തി. യാത്രക്കാര്‍ ഭയചകിതരായി. ചിലര്‍ കരയാന്‍ തുടങ്ങി. ചിലര്‍ ഉച്ചത്തില്‍ പ്രാര്‍ത്ഥന ചൊല്ലുന്നു. ഏതാനും പേര്‍ മാത്രം ധൈര്യം പ്രകടിപ്പിച്ച് ഇരിക്കുന്നുണ്ട്. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ആര്‍ക്കും അറിയില്ല. പറയേണ്ടവര്‍ ഒട്ടു ഒന്നും പറയുന്നുമില്ല. എയര്‍ ഹോസ്റ്റസ്മാര്‍ അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കുന്നുണ്ട്. നമ്മളെന്തു ചോദിച്ചിട്ടും നോ കമന്റസ്. ഭൂമിക്കു മുകളില്‍ കുറെ മനുഷ്യജീവനുകള്‍ കിടന്ന് വെപ്രാളപ്പെടുകയാണ്. മരണമോ ജീവിതമോ മുന്നില്‍ എന്നറിയില്ല. ഡൊമസ്റ്റിക് ഫ്‌ളൈറ്റ് ആയതുകൊണ്ട് ഒരു ഫാമിലിയിലെ എല്ലാ അംഗങ്ങള്‍ക്കും അടുത്തടുത്ത് തന്നെ സീറ്റ് കിട്ടണമെന്നില്ല. എന്റെ ഭാര്യ ഒരു സീറ്റില്‍, മക്കള്‍ വേറെ സീറ്റുകളില്‍, അവരില്‍ നിന്നെല്ലാമകന്ന് ഞാനും. ഇതു തന്നെയാണ് മറ്റുള്ളവരുടെയും അവസ്ഥ. മാറിയിരിക്കുന്ന മക്കളെ നോക്കി കരയുന്ന അമ്മമാര്‍. അമ്മയുടെയും അച്ഛന്റെയും അടുത്തേക്ക് ചെല്ലാന്‍ വേണ്ടി വാശിപിടിക്കുന്ന കുട്ടികള്‍.ചിറകു വിരിച്ചു നില്‍ക്കുന്ന ഭയത്തിന്റെ വായ്ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്ന കുറെ മനുഷ്യര്‍. ഞാന്‍ ചാച്ചനെയും അമ്മച്ചിയേയും കുറിച്ച് ഓര്‍ത്തു. ദൈവമേ... അവരെ കാണാനുള്ള എന്റെ അവസാനത്തെ വരവായിരുന്നോ ഇത്? എന്റെ മക്കള്‍, എന്റെ ഭാര്യ... ഞാന്‍ കരഞ്ഞില്ല, ദൈവത്തെ വിളിച്ചു. ഇവിടെ ഈ ആകാശത്ത് എല്ലാം തീരാന്‍ പോവുകയാണോ?

ബെസ്റ്റ് ഓഫ് അഴിമുഖം

ലണ്ടന്‍ : തിരിച്ചു പോകാത്തവരുടെ നഗരം
പ്രവാസിക്കെന്തിനാണ് ഫേസ് ബുക്ക്?
മലബാറിലെ -'ക-'യില്‍ നിന്ന് ലണ്ടനിലേക്കുള്ള ദൂരം
ലോകം ഇങ്ങനാണ് ഭായ്
പ്രവാസവും പ്രസവവും

ഏതാണ്ട് ഇരുപതു മിനിട്ടോളം വിമാനം ആകാശത്ത് നില്‍ക്കുകയാണ്. എയര്‍ ഇന്ത്യയുടെ കാര്യക്ഷമത എത്രത്തോളമുണ്ടെന്ന് കണ്ടറിഞ്ഞ നിമിഷങ്ങള്‍. വിമാനത്തിലെ ജീവനക്കാരില്‍ ഒരാള്‍ പോലും യാത്രക്കാരോട് കമ്യൂണിക്കേറ്റ് ചെയ്യാന്‍ ശ്രമിച്ചില്ല. പൈലറ്റിന്റെ വാ തുറന്ന് ഒരക്ഷരം ഞങ്ങള്‍ കേട്ടില്ല. ഒരു പക്ഷേ അദ്ദേഹം പരിഭ്രാന്തനായി എന്തെങ്കിലുമൊക്കെ ചെയ്യുകയായിരുന്നിരിക്കാം. എന്നാല്‍ ചില മര്യാദകള്‍ യാത്രക്കാരോട് കാണിക്കേണ്ടതുണ്ട്. ബ്രിട്ടനിലൊക്കെ ഇത്തരം സാഹചര്യങ്ങളില്‍ പൈലറ്റോ മറ്റ് വിമാനജോലിക്കാരോ യാത്രക്കാരെ കണ്‍വീനിയന്‍സ് ചെയ്യിക്കാന്‍ തയ്യാറാകും. അവര്‍ ഒരാളെയും പാനിക് ആകാന്‍ സമ്മതിക്കില്ല. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് ധാരണ കിട്ടും. എന്നാല്‍ എന്റെ സ്വന്തം എയര്‍ ഇന്ത്യക്ക് ഞങ്ങള്‍ യാത്രക്കാരുടെയെല്ലാം എയര്‍ തീരാറായിട്ടും ഒന്നും തന്നെ പറയുനുണ്ടായിരുന്നില്ല.

ഏതാണ്ടൊക്കെ ഉറപ്പിച്ച മനസ്സുമായി ഇരുന്ന ഞങ്ങള്‍ പെട്ടന്നതാ കുറെ വിളക്കുകള്‍ കാണുന്നു. വിമാനം ആ വെളിച്ചത്തിനടുത്തേക്കാണ് പോകുന്നത്. ഓ, അത് റണ്‍വേയാണ്. റണ്‍വേയ്ക്ക് ഇരുവശവും സ്ഥാപിച്ചിരിക്കുന്ന വിളക്കുകാലുകളിലെ പ്രകാശമാണ് കാണുന്നത്. വിമാനം ലാന്‍ഡ് ചെയ്യാന്‍ പോകുന്നു. എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തുമ്പോള്‍ അതൊന്ന് യാത്രക്കാരോട് പറയാനുള്ള മര്യാദ; അതെങ്കിലും കാണിക്കാന്‍ അവര്‍ക്ക് ശ്രമിക്കായിരുന്നു. എന്നാല്‍ അവിടെ അങ്ങിനൊരു വാദപ്രതിവാദത്തിന് ആരും തയ്യാറായില്ല. ജീവന്‍ തിരിച്ചു കിട്ടിയ സമയത്ത് തര്‍ക്കിക്കാന്‍ പോകാന്‍ മാത്രം വിഢികള്‍ ആരും അതിനകത്ത് ഇല്ലായിരുന്നു. മരണഭയത്തിന്റെ നിമിഷങ്ങള്‍ കടന്ന് ഞങ്ങളെല്ലാവരും ഭൂമിയില്‍ സുരക്ഷിതരായി തിരിച്ചെത്തിയിരിക്കുന്നു. ടെര്‍മിനലില്‍ എത്തിയ ഞങ്ങള്‍ക്കെല്ലാവര്‍ക്കും എയര്‍ ഇന്ത്യയുടെ വകയായി ഓരോ സോറി ഉണ്ടായിരുന്നു. അതിനപ്പുറം നോ ടോക്ക്. എല്ലാവരെയും അടുത്തുള്ള ഹോട്ടലിലേക്ക് മാറ്റി. ഹോട്ടല്‍ റൂമില്‍ എത്തിയശേഷമാണ് എന്തായിരുന്നു വിമാനത്തിനു സംഭവിച്ചത് എന്നതിന്റെ ഏകദേശധാരണ ഞങ്ങള്‍ക്ക് കിട്ടിയത്. വിമാനം പുറപ്പെടാന്‍ വൈകിയത് തന്നെ എന്‍ജിന്‍ പ്രോബ്‌ളം കൊണ്ടായിരുന്നു. പൊങ്ങിമുകളില്‍ ചെന്നപ്പോള്‍ ഒരു എന്‍ജിന്‍ തകരാറിലായി. ആ എന്‍ജിന്‍ ഓഫ് ചെയ്ത്, ഒറ്റ എന്‍ജിനിലാണ് വിമാനം താഴെയിറക്കിയത്. എന്ത് ക്രൂരതയാണ് അവര്‍ യാത്രക്കാരോട് കാണിച്ചത്.

എന്തായാലും കഴിഞ്ഞതു കഴിഞ്ഞെന്ന് സമാധിനിച്ച്. പിറ്റേദിവസം ഞങ്ങള്‍ ഡല്‍ഹിയില്‍ എത്തി. അവിടെ നിന്ന് വൈകിട്ട് അഞ്ചരയ്ക്കുള്ള വിമാനത്തില്‍ ഇംഗ്ലണ്ടിലേക്കും പറന്നു. എന്നാല്‍ ന്യൂയോര്‍ക്കിലേക്കും മറ്റുമുള്ള യാത്രക്കാരുടെ കാര്യത്തില്‍ കൃത്യമായൊരു ഉറപ്പും എയര്‍ ഇന്ത്യകൊടുത്തിരുന്നില്ല. അവരൊക്കെ ഇപ്പോള്‍ തങ്ങളുടെ സ്ഥലത്ത് എത്തിക്കാണുമെന്ന് വിശ്വസിക്കുന്നു.

ബ്രിസ്‌റ്റോളിലെ വീട്ടിലെത്തിയശേഷം എന്റെ മക്കള്‍ ആദ്യം ചെയ്തത് ഗൂഗിളില്‍ എയര്‍ എന്ത്യയുടെ സി047 വിമാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തിരയുകയായിരുന്നു.1989 ല്‍ നിര്‍മ്മിച്ച ആ ഫ്‌ളൈറ്റ് കാലാവധി കഴിഞ്ഞ ഒന്നാണത്രേ! 25 വര്‍ഷത്തിനു മേലെ പഴക്കമുള്ള ഒരു വിമാനവുമായിട്ടാണ് എയര്‍ ഇന്ത്യയുടെ ആകാശത്താമാശ. വിമാനത്തിന്റെ കാരിയിംഗ് കപ്പാസിറ്റി ഏതാണ്ട് 68 ടണ്‍ ആണെന്നാണ് പറയുന്നത്. 170 യാത്രക്കാരും അവരുടെ ലഗേജും എല്ലാമുള്‍പ്പെടെ 70 ടണ്ണോളം ഭാരം അന്ന് ആ വിമാനം ചുമന്നിരുന്നു. ആ ദിവസത്തെ കാര്യം മാത്രമായിരിക്കില്ല ഇത്. കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഓരോ പോക്കിലും വരവിലും ഇതൊക്കെ തന്നെയായിരിക്കും പതിവ്. കാലപ്പഴക്കം ചെന്നൊരു വിമാനം, അതില്‍ കയറ്റാവുന്നതിലും കൂടുതല്‍ ഭാരം- ഇതെന്താ എയര്‍ ഇന്ത്യാക്കാരെ നിങ്ങള്‍ കയറ്റിവിടുന്നത് പുളിങ്കുരുവോ കപ്പലണ്ടി പിണ്ണാക്കോ ആണെന്നു കരുതിയോ?

എനിക്കും കുടുംബത്തിനും ഇനിയും നാട്ടില്‍ വരണം. നിങ്ങള്‍ കളിയാക്കിയാലും നാടെന്ന നൊസ്റ്റാള്‍ജിയ ഞങ്ങളെ വിട്ട് പോകില്ല. ഒരു ദിവസമെങ്കിലും നാട്ടില്‍ നിന്ന് മാറിനില്‍ക്കുന്നവനെ അതിന്റെ വേദനയും സുഖവും അറിയൂ. അതുകൊണ്ട് എനിക്ക് എന്റെ നാട്ടിലേക്ക് വരാതിരിക്കാന്‍ ആവില്ല. പക്ഷെ വന്നാല്‍, അബദ്ധവശാല്‍പ്പോലും എയര്‍ ഇന്ത്യാ ഫ്‌ളൈറ്റിനെ കാണാന്‍ ഇടവരല്ലേ എന്നൊരു പ്രാര്‍ത്ഥന ഉണ്ട്. കുറ്റം പറയുന്നതല്ല, ഉള്ളിലെ സങ്കടം കൊണ്ട് പറഞ്ഞതാണ്. ശരിയാണ്, മറ്റു സ്വകാര്യ വിമാനങ്ങളില്‍ കൊടുക്കേണ്ടതിനെക്കാള്‍ കുറവ് ചാര്‍ജ്ജ് കൊടുത്താല്‍ മതി. എന്നാലും സ്വന്തം ജീവനേക്കാള്‍ വലുതാണോ കാശ്!


Next Story

Related Stories