TopTop
Begin typing your search above and press return to search.

എയര്‍ടെല്‍ ഓപ്പണ്‍ നെറ്റ് വര്‍ക്ക് അവതാരത്തിന് പിന്നിലെ കഥ

ലിഷ അന്ന

'പണ്ട് ഫോണില്‍ റേഞ്ച് ഇല്ലാത്തതിനാല്‍ ബിസിനസ് ഒന്നും നടക്കുന്നില്ലായിരുന്നു. എന്നാല്‍ എയര്‍ടെലിന്റെ ഓപ്പണ്‍ നെറ്റ് വര്‍ക്ക് വന്നതോടെ അടിപൊളിയായി' എന്നൊക്കെ പറയുന്ന എയര്‍ടെലിന്റെ പുതിയ പരസ്യങ്ങള്‍ തകര്‍ത്തോടുകയാണ്. ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഉപയോഗിച്ചത് വഴി ബിസിനസ് പുഷ്ടിപ്പെടുത്തിയ കൂട്ടുകാരുടെ കഥ കാണുമ്പോള്‍ എന്താണീ പുതിയ സംവിധാനം എന്നറിയാന്‍ ആഗ്രഹം തോന്നിയിട്ടില്ലേ? ഓപ്പണ്‍ നെറ്റ് വര്‍ക്കിന്റെ അവതാരത്തിന് പിന്നില്‍ ഒരു കഥയുണ്ട്.

വളരെ സീരിയസായി ആരോടെങ്കിലും സംസാരിച്ചു കൊണ്ടിരിക്കുമ്പോഴായിരിക്കും കോള്‍ ഡ്രോപ്പാവുന്നത്. എത്ര തവണ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്? ട്രായ് ഇക്കാര്യം ഗൗരവത്തോടെ തന്നെ പരിഗണിച്ചെങ്കിലും വലിയ മാറ്റങ്ങള്‍ ഒന്നും സംഭവിച്ചില്ല.

ടെലികോം കമ്പനികളുടെ നിലവാരം പരീക്ഷിച്ചറിയാന്‍ ട്രായ് ടെസ്റ്റുകള്‍ നടത്തിയെങ്കിലും ഒരു ടെലികോം കമ്പനി പോലും വേണ്ട നിബന്ധനകള്‍ പാലിക്കുകയോ വേണ്ടത്ര നിലവാരമുള്ള സര്‍വീസ് നല്‍കുകയോ ചെയ്യുന്നില്ല എന്ന് കണ്ടെത്തി. ഇതോടെ ട്രായ് തങ്ങളുടെ നിലപാട് കൂടുതല്‍ ശക്തമാക്കി. അടിയന്തിരമായി കൂടുതല്‍ ടവറുകള്‍ സ്ഥാപിക്കാനും സൌകര്യങ്ങള്‍ മെച്ചപ്പെടുത്താനും ട്രായ് ടെലികോം പ്രൊവൈഡര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ 'എല്ലാ കുറ്റവും തങ്ങളുടെ തലയില്‍ മാത്രം ഇടേണ്ട' എന്ന ട്രായിയെ കുറ്റപ്പെടുത്തുന്ന നിലപാടിലായിരുന്നു അവര്‍. ഇവര്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളാനുള്ള അധികാരം ട്രായ്ക്ക് ഉണ്ടായിരുന്നുമില്ല.നിലവാരമില്ലാത്ത സേവനം നല്‍കുന്നവര്‍ക്കെതിരെ പിഴ ചുമത്താനുള്ള അധികാരം തങ്ങള്‍ക്ക് നല്‍കണമെന്ന് ട്രായ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഫലമായി ഡ്രോപ്പാവുന്ന ഓരോ കോളിനും ഒരു രൂപ വച്ച് ഉപഭോക്താവിന് നല്‍കണം എന്ന് ടെലികോം പ്രൊവൈഡര്‍മാര്‍ക്ക് നിര്‍ദേശം കിട്ടി. ഒരു ദിവസം മൂന്നു രൂപവരെ ഉപഭോക്താക്കള്‍ക്ക് ഇത്തരത്തില്‍ തിരിച്ചു നല്‍കാം. സുപ്രീം കോടതിയിലെത്തിയപ്പോള്‍ ഇത് തള്ളിപ്പോയി.

എന്നാല്‍ ടെലികോം പ്രൊവൈഡര്‍മാര്‍ അവിടെ മാറി നില്‍ക്കുകയല്ല ഉണ്ടായത്. അതോടെ നെറ്റ് വര്‍ക്ക് ക്വാളിറ്റി മെച്ചപ്പെടുത്തണമെന്ന് അവര്‍ തന്നെ തീരുമാനിച്ചു. എയര്‍ടെല്‍ ആയിരുന്നു ഇതിനു മുന്‍കൈ എടുത്തത്. സുപ്രീം കോടതി ട്രായുടെ നിയന്ത്രണങ്ങള്‍ എടുത്തു കളഞ്ഞ് ഉടനെ തന്നെ തങ്ങളുടേതായ രീതിയില്‍ നന്നായിക്കളയാന്‍ എയര്‍ടെല്‍ അങ്ങ് തീരുമാനം എടുത്തു!

ഇരുപത്തഞ്ചു ശതമാനം കൂടുതല്‍ മെച്ചപ്പെട്ട നെറ്റ് വര്‍ക്ക് എന്നതായിരുന്നു തങ്ങളുടെ ക്വാളിറ്റിക്ക് എയര്‍ടെല്‍ നിശ്ചയിച്ച ബെഞ്ച്മാര്‍ക്ക്. ഒന്നര ശതമാനം മുതല്‍ ഒരു രണ്ടു ശതമാനം വരെയൊക്കെ കോള്‍ ഡ്രോപ്പ് കുറയ്ക്കുക എന്നതായിരുന്നു ട്രായ് ഉദേശിച്ചത്. എന്നാല്‍ എയര്‍ടെല്‍ അതുക്കും മേലെ പോയി!അങ്ങനെയിരിക്കെയാണ് എയര്‍ടെല്‍ തങ്ങളുടെ 'ഓപ്പണ്‍ നെറ്റ് വര്‍ക്ക് (Open Network) എന്ന ആശയം അവതരിപ്പിക്കുന്നത്. എയര്‍ടെലിന്റെ പ്രൊജക്റ്റ് ലീപ് പദ്ധതിക്ക് കീഴിലാണ് ഇത് വരുന്നത്. ഇന്ത്യയിലെ ഏതു പ്രദേശത്തെയും സിഗ്‌നല്‍ സ്‌ട്രെങ്ങ്ത് എത്രയുണ്ടെന്ന് നമുക്ക് അറിയാന്‍ സാധിക്കും. കമ്പനി വെബ്‌ സൈറ്റിലും My Airtel ആപ്പിലും ഇങ്ങനെ നെറ്റ് വര്‍ക്ക് കവറേജ് എത്രയുണ്ടെന്നറിയാം. എയര്‍ടെലിനെ മാതൃകയാക്കി റിലയന്‍സ് ജിയോയും ഇപ്പോള്‍ ഈ സ്മാര്‍ട്ട് കവറേജ് മാപ്പ് ആശയം നടപ്പിലാക്കിയിട്ടുണ്ട്.

മൊബൈല്‍ നെറ്റ് വര്‍ക്ക് സംബന്ധമായ എന്ത് പ്രശ്‌നങ്ങളും പരിഹരിക്കും എന്ന ഉറപ്പോടെ കോള്‍ സെന്ററുകളും സ്റ്റോറുകളും സദാ സജ്ജമാക്കി വച്ചിരിക്കുകയാണ് എയര്‍ടെല്‍. വരുന്ന മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രൊജക്റ്റ് ലീപ് പൂര്‍ത്തീകരിക്കാനായി 60,000 കോടി രൂപയുടെ നിക്ഷേപമാണ് എയര്‍ടെലിനു ആവശ്യമായിട്ടുള്ളതെന്നു 2015 ല്‍ കമ്പനി പറഞ്ഞിരുന്നു. നെറ്റ് വര്‍ക്ക് ക്വാളിറ്റിയും പൂര്‍ണമായ കസ്റ്റമര്‍ സപ്പോര്‍ട്ടും നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ഉപഭോക്താക്കളുമായി ഇടപെടുന്ന രീതിയില്‍ മാതൃകാ പരമായ മാറ്റമാണ് ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഉണ്ടാക്കുക എന്ന് ഭാരതി എയര്‍ടെല്‍ എം ഡിയും സി ഇ ഓ യുമായ ഗോപാല്‍ വിത്തല്‍ പറയുന്നു. കൂടുതല്‍ സുതാര്യവും ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതുമായിരിക്കും പുതിയ സംവിധാനം.

കെട്ടിടങ്ങള്‍ക്കുള്ളിലെ നെറ്റ് വര്‍ക്ക് കൂടുതല്‍ ശക്തിപ്പെടുത്താന്‍ വേണ്ടി പ്രത്യേക സംവിധാനങ്ങള്‍ ഉണ്ടാവും. വ്യത്യസ്ത സ്‌പെക്ട്രം ബ്രാന്‍ഡുകളെ മാനേജ് ചെയ്യാനായി സിംഗിള്‍-റേഡിയോ ആക്‌സസ് നെറ്റ് വര്‍ക്ക് ആണ് മോഡേണ്‍ ബേസ് സ്റ്റെഷനുകളില്‍ ഉപയോഗിക്കുന്നത്. കൂടുതല്‍ സ്‌പെക്ട്രം ഏറ്റെടുക്കല്‍ ഉടന്‍ നടക്കും. ഇതിനായി ഫൈബര്‍ വിന്യാസം ആരംഭിച്ചുകഴിഞ്ഞു.

എന്നാല്‍ ഇക്കാര്യങ്ങളൊക്കെ നടക്കുമോ അതോ കടലാസിലൊതുങ്ങുമോ എന്ന് കണ്ടറിയേണ്ട കാര്യമാണ്. ഉപഭോക്താക്കളുടെ പ്രശ്‌നങ്ങള്‍ക്ക് എയര്‍ടെല്‍ ഈ കൊട്ടിഘോഷിക്കുന്ന പ്രാധാന്യം നല്‍കുമോ എന്നറിയാന്‍ കുറച്ചു കാലം കൂടി കാത്തിരുന്നേ പറ്റൂ.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories