മന്ത്രി എകെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച മംഗളം ചാനലിന്റെ ഫോണ്‍വിളി വിവാദത്തില്‍ ചാനല്‍ മേധാവി അജിത്ത് കുമാറും സംഘവും പോലീസിന് മുന്നില്‍ കീഴടങ്ങി. അതേസമയം ഫോണ്‍കെണിയൊരുക്കിയ ഫോണും ലാപ്ടോപ്പും മോഷണം പോയെന്ന കഥയുമായാണ് ഇവരുടെ കീഴടങ്ങല്‍. മന്ത്രിയെ കുരുക്കിയ ഫോണ്‍വിളി നടത്തിയ പെണ്‍കുട്ടിയും ചാനല്‍ ചെയര്മാന് സാജന് വര്‍ഗ്ഗീസും ഒഴികെയുള്ളവരാണ് കീഴടങ്ങിയിരിക്കുന്നത്.
അജിത്ത് കുമാര്‍ അടക്കം എട്ട് പ്രതികളാണ് രാവിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തി കീഴടങ്ങിയത്. ഇവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇവര്‍ കീഴടങ്ങിയത്. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്. നേരത്തെ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇവര്‍ ഹാജരാകാന്‍ തയ്യാറായിരുന്നില്ല. അറസ്റ്റ് തടയണമെന്ന ഇവരുടെ ആവശ്യവും കോടതി നിരസിച്ചു. ഇതിനിടെയാണ് ചാനല്‍ മേധാവിയുടെയും സംഘത്തിന്റെയും കീഴടങ്ങല്‍.
ഇന്നലെ രാത്രിയാണ് തന്റെ ലാപ്ടോപ്പും മൊബൈല്‍ ഫോണും മോഷണം പോയെന്ന് അജിത്ത് കുമാര്‍ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനില്‍ പരാതി നല്‍കിയത്. അന്വേഷണ സംഘം ഇന്നലെയും ഓഫീസില്‍ പരിശോധന നടത്തിയിരുന്നു. റെയ്ഡില്‍ പിടിച്ചെടുത്ത കമ്പ്യൂട്ടറുകളും മറ്റ് രേഖകളും ഇന്ന് ഫോറന്‍സിക് പരിശോധനയ്ക്കായി അയയ്ക്കും. ചാനല്‍ നിന്നും രാജിവച്ച രണ്ട് മാധ്യമപ്രവര്‍ത്തകരുടെയും എകെ ശശീന്ദ്രന്റെയും മൊഴികളും ഇന്ന് രേഖപ്പെടുത്തും.
മംഗളം ചാനലിന്റെ ആദ്യ സംപ്രേഷണമായി പുറത്തു വിട്ട വാര്‍ത്തയെ തുടര്‍ന്നാണ് ഗതാഗത മന്ത്രിയായിരുന്ന എ കെ ശശീന്ദ്രന് രാജിവച്ചത്. മന്ത്രിയുടെ അടുക്കല്‍ സഹായം അഭ്യര്‍ത്ഥിച്ചുവന്ന വീട്ടമ്മയോട് അദ്ദേഹം ലൈംഗിക സംഭാഷണം നടത്തുന്നതിന്റെ ഓഡിയോ ആണ് ചാനല്‍ പുറത്തുവിട്ടത്.