TopTop
Begin typing your search above and press return to search.

എ കെ ആന്റണിയുടെ സംഘപരിവാര്‍ ആക്രമണം, വൈകിയുദിച്ച വിവേകം

എ കെ ആന്റണിയുടെ സംഘപരിവാര്‍ ആക്രമണം, വൈകിയുദിച്ച വിവേകം

കെ എ ആന്റണി

അഗസ്റ്റ ഹെലികോപ്റ്റര്‍ കോഴ വിവാദം ഡല്‍ഹി രാഷ്ട്രീയത്തെ ഇളക്കി മറിക്കുകയാണ്. ഡല്‍ഹിയിലെ രാഷ്ട്രീയ കോലഹലങ്ങള്‍ക്കിടയില്‍ നിന്നും കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിലേക്ക് പറന്നിറങ്ങിയ എകെ ആന്റണിക്ക് പക്ഷേ ഒറ്റ ലക്ഷ്യമേയുള്ളൂ. അതാകട്ടെ അഗസ്റ്റ ഹെലികോപ്റ്റര്‍ ഇടപാടില്‍ ആരൊക്കെയോ കോഴ വാങ്ങിയെന്ന പ്രതിരോധ മന്ത്രിയെന്ന നിലയില്‍ തന്റെ മുന്‍ നിലപാടിനെ വിശദീകരിക്കലല്ല മറിച്ച് അഴിമതിയുടെ അവമതിപ്പ് പേറി നില്‍ക്കുന്ന കേരളത്തിലെ യുഡിഎഫിനെ ഒരു വന്‍ പരാജയത്തില്‍ നിന്നും എങ്ങനെയെങ്കിലും കരകയറ്റുകയെന്നതാണുതാനും. ഈ ലക്ഷ്യം മുന്‍ നിര്‍ത്തി തന്നെയാണ് ആന്റണി കേരളത്തില്‍ ബിജെപിയേയും ആര്‍ എസ് എസിനേയും കടന്നാക്രമിക്കുന്നത്.

ആന്റണി പ്രചാരണത്തിന് ഇറങ്ങുന്നതുവരെ ഉമ്മന്‍ചാണ്ടിയും സുധീരനും ചെന്നിത്തലയുമൊക്കെ യുഡിഎഫിന് എതിരെ എല്‍ഡിഎഫ് ഉന്നയിക്കുന്ന അഴിമതി ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിന് ഒപ്പം തങ്ങളുടെ സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യ നയത്തിന്റെ മഹിമ പറഞ്ഞ് വോട്ടു തേടുകയായിരുന്നു. എല്‍ഡിഎഫും മദ്യലോബിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്നും എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേരളത്തിലെ പൂട്ടിയ മുഴുവന്‍ ബാറുകളും തുറക്കുമെന്നുമൊക്കെ പറഞ്ഞ് ജനങ്ങളെ കൈയിലെടുക്കാനുള്ള ശ്രമം മാത്രമാണ് ഇതുവരെ നടത്തിയിരുന്നത്.

ഒരു മേമ്പൊടിയെന്നോണം സിപിഐഎമ്മിന് എതിരെ സ്ഥിരമായി ഉന്നയിക്കപ്പെടാറുള്ള കൊലപാതക രാഷ്ട്രീയവും അവര്‍ക്ക് പ്രചാരണ ആയുധമായിരുന്നു. ഇതാകട്ടെ മറുപക്ഷത്ത് നില്‍ക്കുന്ന ആര്‍ എസ് എസിനേയും ബിജെപിയേയും എത്ര കണ്ട് സുഖിപ്പിച്ചുവെന്നത് ചിന്തനീയം.

എന്നാല്‍, ആര്‍ എസ് എസിനേയും ബിജെപിയേയും കടന്നാക്രമിക്കുക വഴി ആന്റണി യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു പുതിയ മുഖമാണ് നല്‍കിയിരിക്കുന്നത്. കേരളത്തില്‍ ഉമ്മന്‍ചാണ്ടിയും സംഘവും ബിജെപിയോടും ആര്‍ എസ് എസിനോടും തുടര്‍ന്നു വരുന്ന മൃദു സമീപനത്തെ കുറിച്ച് ആന്റണിക്ക് അറിയായ്കയല്ല. ആ സമീപനത്തിന് തടയിടുകയാണ് ബിജെപി- ആര്‍എസ്എസിനെ കടന്നാക്രമിക്കുക വഴി ആന്റണി ലക്ഷ്യമിടുന്നതെന്ന് കരുതാന്‍ ആകില്ല. മറിച്ച് സിപിഐഎം സംസ്ഥാനത്ത് വിതച്ചു കഴിഞ്ഞ സംഘപരിവാര്‍ ഭയം മതന്യൂനപക്ഷങ്ങളെ എല്‍ഡിഎഫിന് അനുകൂലമായി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുമെന്ന കൃത്യമായ തിരിച്ചറിവാണ് ആന്റണിയെ ഇത്തരമൊരു സംഘപരിവാര്‍ ആക്രമണത്തിന് പ്രേരിപ്പിക്കുന്നത്.

അഴിമതിക്കൊപ്പം സിപിഐഎമ്മും എല്‍ഡിഎഫും ഉന്നയിക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നം വളര്‍ന്നു വരുന്ന ഹിന്ദു വര്‍ഗീയതയാണ്. ഇതിന്റെ വക്താക്കളായ ബിജെപിയേയും ആര്‍ എസ് എസിനേയും ചെറുത്തു തോല്‍പ്പിക്കേണ്ടതിന്റെ ആവശ്യകത അവര്‍ ഈ തെരഞ്ഞെടുപ്പിലും ഊന്നിപ്പറയുന്നുണ്ട്. ഇതോടൊപ്പം അവര്‍ ഉന്നയിക്കുന്ന മറ്റൊരു ആരോപണം കേരളത്തില്‍ പത്ത് മണ്ഡലങ്ങളില്‍ ഉമ്മന്‍ചാണ്ടിയുടെ യുഡിഎഫ് ബിജെപി നയിക്കുന്ന എന്‍ഡിഎയുമായി രഹസ്യ ധാരണയില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്നതാണ്. ഈ ആരോപണത്തെ ഏതാണ്ട് ശരിവയ്ക്കും വിധത്തിലാണ് യുഡിഎഫിന്റെ ചില സ്ഥാനാര്‍ത്ഥികളുടെ പ്രസംഗങ്ങളും പെരുമാറ്റവും. ഇതിന് ഇടയിലേക്കാണ് ആന്റണി കടുത്ത ബിജെപി-ആര്‍ എസ് എസ് വിരുദ്ധതയുമായി കടന്നു വന്നിരിക്കുന്നത്.


സിപിഐഎമ്മിന്റെ മേല്‍ അക്രമ രാഷ്ട്രീയത്തിന്റെ പാപഭാരം മുഴുവന്‍ ആന്റണി ചുമത്തുന്നില്ലെന്നതും വളരെ ശ്രദ്ധേയമാണ്. അതിലേറെ ശ്രദ്ധേയമാകുന്നത് സിപിഐഎമ്മിനെ വിമര്‍ശിക്കുമ്പോഴും തീവ്ര വിമര്‍ശനം ആര്‍ എസ് എസിനും ബിജെപിക്കും എതിരെയാണ് എന്നതാണ്. ബിജെപി കേരള നിയമസഭയില്‍ അക്കൗണ്ട് തുറന്നാല്‍ സ്വാമി വിവേകാനന്ദന്‍ പറയുന്നതിനേക്കാള്‍ ഭീകരമായ ഭ്രാന്താലമായി കേരളം മാറുമെന്ന് വരെ ആന്റണി പറഞ്ഞു തുടങ്ങിയിരിക്കുന്നു. പോക്ക് എങ്ങോട്ടാണെന്ന് വളരെ വ്യക്തമാണ്. അഴിമതിക്ക് എതിരെ കൃത്യമായ നിലപാട് എടുക്കാറുള്ള ആന്റണിക്ക് ഇക്കുറി പഴയ ശിഷ്യന്‍ ഭരണം നടത്തുന്ന സംസ്ഥാനത്തേക്ക് നിയോഗം കിട്ടിയത് ദൗര്‍ഭാഗ്യമായേ ചാണ്ടിയും സംഘവും കാണാനിടയുള്ളൂ. ആന്റണി പറയുന്ന രാഷ്ട്രീയത്തിന് ഒരു ബംഗാള്‍ ചുവയുണ്ട്. അതിനുമപ്പുറം സംഘപരിവാറിന്റെ മൊത്തത്തിലുള്ള കടന്നു കയറ്റത്തിനെ പ്രതിരോധിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന ധ്വനിയുമുണ്ട്.

യുഡിഎഫിനുവേണ്ടി പ്രചാരണ മേല്‍നോട്ടം വഹിക്കുന്ന പുഷ് ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍സിനുവേണ്ടി മാഴ്‌സ് എന്ന ഏജന്‍സി നടത്തിയ സര്‍വേ ഫലം മുന്നണിക്ക് വിജയം പ്രവചിച്ചിട്ടുണ്ട്. 69-73 സീറ്റോടെ യുഡിഎഫ് മുന്നിലെത്തുമെന്നാണ് മാഴ്‌സിന്റെ പ്രവചനം. യുഡിഎഫിന് 45 ശതമാനം വോട്ടും എല്‍ഡിഎഫിന് 43 ശതമാനം വോട്ടുമാണ് അവര്‍ പ്രവചിച്ചിരിക്കുന്നത്. ബിജെപി-ബിഡിജെഎസ് സഖ്യത്തിന് കാര്യമായ സ്വാധീനമൊന്നും ഉണ്ടാക്കാനാകില്ലെന്നും മാഴ്‌സിന്റെ സര്‍വേ ഫലം പറയുന്നു. കെ കരുണാകരന്റെ പുത്രി പത്മ ലിപ്സ്റ്റിക്ക് ഇട്ടു നടക്കണമെന്ന് പറഞ്ഞ മാര്‍ക്കറ്റിങ് സര്‍വേക്കാര്‍ക്ക് അന്നു പണം കിട്ടിയിരുന്നിരിക്കാം. ഇന്നിപ്പോല്‍ ഈ പ്രവചനത്തിന് ഏത് കമ്മിറ്റിയില്‍ നിന്നാണ് പണം കിട്ടുക എന്ന് അറിയില്ല. എങ്കിലും എന്‍ആര്‍ഐ സുഹൃത്തുക്കളും സ്ഥാനാര്‍ത്ഥികളും ഒക്കെയുള്ള ഏത് പാര്‍ട്ടിക്കും ഏജന്‍സികള്‍ക്ക് പണം നല്‍കാം.

സര്‍വേ ഫലം എന്തുമാകട്ടെ. അത് യുഡിഎഫിന് കൂടുതല്‍ ആവേശം പകരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ, ആന്റണിയുടെ വൈകിയെത്തിയ വിവേകം അതായത് കേരളത്തില്‍ ആര്‍ എസ് എസിനും ബിജെപിക്കും എതിരെ ആഞ്ഞടിക്കണമെന്നത് ഈ വൈകിയ വേളയില്‍ ഫലവത്താകാന്‍ സാധ്യതയില്ല. സുധാകരനില്‍ തുടങ്ങി അബ്ദുള്ളക്കുട്ടിയിലൂടെ ഓടുന്ന ഒരു വലിയ കോണ്‍ഗ്രസ് പരമ്പര ആര്‍ എസ് എസിനേയും ബിജെപിയേയും നോവിക്കാതെ നടക്കുമ്പോള്‍ അവര്‍ ആരുടെ വോട്ടിലാണ് കണ്ണുവയ്ക്കുന്നതെന്ന് ഏതു വോട്ടര്‍മാര്‍ക്കും കൃത്യമായി മനസ്സിലാകുന്ന ഇക്കാലത്ത് ആന്റണിയുടെ വൈകിയെത്തിയ ഗിരിപ്രഭാഷണം കൊണ്ട് എന്തുണ്ട് പ്രയോജനം.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories