TopTop
Begin typing your search above and press return to search.

എം കെ മുനീര്‍, താങ്കളോട് പോരാടാന്‍ ഞാന്‍ തയ്യാര്‍; ഇന്ത്യാവിഷനിലെ ഡ്രൈവര്‍

എം കെ മുനീര്‍, താങ്കളോട് പോരാടാന്‍ ഞാന്‍ തയ്യാര്‍; ഇന്ത്യാവിഷനിലെ ഡ്രൈവര്‍

എംകെ രാമദാസ്

ഇന്ത്യാവിഷന്‍ ചാനലുടമയും മന്ത്രിയുമായ എംകെ മുനീറിന് എതിരെ തൊഴില്‍ നഷ്ടമായ ചാനല്‍ ഡ്രൈവര്‍ തെരഞ്ഞെടുപ്പില്‍ മത്സരത്തിന് ഇറങ്ങുന്നു. ദീര്‍ഘകാലം ഇന്ത്യാവിഷന്‍ ചാനലിലെ ഡ്രൈവറായിരുന്ന കോഴിക്കോട് സ്വദേശിയായ എകെ സാജനാണ് ചാനല്‍ മുതലാളിയുടെ തൊഴിലാളി വഞ്ചനയുയര്‍ത്തി സ്ഥാനാര്‍ത്ഥിയാകുന്നത്.

ഏറെനാളായി അടഞ്ഞു കിടക്കുന്ന ഇന്ത്യാവിഷനിലെ തൊഴിലാളികളില്‍ ഭൂരിപക്ഷം പേരും ചാനലിന്റെ പുനരാരംഭത്തിന് കാത്തിരിക്കുന്നവരാണ്. ചാനല്‍ മുതലാളിയായ എംകെ മുനീര്‍ എഡിറ്റോറിയല്‍ വിഭാഗത്തിലുള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക് ഈ വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. പത്ര പ്രവര്‍ത്തക യൂണിയനും മുസ്ലിംലീഗ് സംസ്ഥാന നേതൃത്വവും പ്രശ്‌ന പരിഹാരത്തിന് മുനീറിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഫലമുണ്ടായില്ല.

പരസ്യമായി രംഗത്തു വരാത്ത ജീവനക്കാര്‍ സാജന്റെ സ്ഥാനാര്‍ത്ഥിത്വത്തെ രഹസ്യമായി പിന്തുണയ്ക്കുന്നുണ്ട്. മുനീറിനെതിരെയുള്ള മത്സരത്തിനുള്ള കാരണമെന്തെന്ന് സാജന്‍ പറയുന്നത് ഇങ്ങനെയാണ്.

ചാനല്‍ അടച്ചു പൂട്ടുന്നതിന് മുമ്പു തന്നെ ജീവനക്കാര്‍ക്ക് ആറുമാസത്തെ ശമ്പളം കുടിശികയായിരുന്നു. ഈയാഴ്ച അടുത്തയാഴ്ച എന്നൊക്കെ പറഞ്ഞ് നീട്ടിക്കൊണ്ടു പോയി. ഒരു കൊല്ലത്തിലധികമായി ഞങ്ങളെ പട്ടിണിക്ക് ഇടുകയാണ്. ഇളിഭ്യരാക്കി കൊണ്ടു നടന്നു. ജനങ്ങളുടെ ഇടയില്‍ തരംതാണവരാക്കി അധിക്ഷേപിച്ചു. എന്നിട്ടും ആ മുതലാളി നന്മയുടെ കൂട്ടുകാരന്‍ എന്ന് പറഞ്ഞ് മത്സരിക്കുകയാണ്. ഇന്നുവരെ തീരുമാനമായിട്ടില്ല. അദ്ദേഹവുമായി നേരിട്ട് സംസാരിക്കാന്‍ വ്യക്തിപരമായി അവസരം ലഭിച്ചിട്ടില്ല. തൊഴിലാളികളുടെ പ്രതിനിധികളെ അല്ലെങ്കില്‍ അവരെ പിന്തുണയ്ക്കുന്നവരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. അതിനിടെ കൈരളി ടിവിയില്‍ അദ്ദേഹം ഒരു വാര്‍ത്ത ബ്രേക്ക് ചെയ്തു. ചാനല്‍ നാല് മാസത്തിനകം വീണ്ടും സംപ്രേക്ഷണം ആരംഭിക്കുമെന്നും തൊഴിലാളികളുടെ പ്രശ്‌നം മുഴുവനായും പരിഹരിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

ഞങ്ങളില്‍ പലരും ഇന്നും പട്ടിണിയിലാണ്. ഞാന്‍ മാത്രമല്ല. തൊഴിലാളികളെല്ലാം. വണ്ടി ഓടിച്ച് എനിക്ക് എങ്ങനേയും ജീവിക്കാനാകും. ഇത്രയും കാലം അങ്ങനെയാണ് പോയത്. ഞങ്ങളെ പറ്റിക്കുകയായിരുന്നു. മുനീര്‍ മാത്രമല്ല ചാനലിന്റെ തലപ്പത്ത് മറ്റു പലരുമുണ്ടായിരുന്നു. അവരെയൊന്നും പിന്നീട് വിളിച്ചാല്‍ കിട്ടാതെയായി. തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന എച്ച് ആര്‍ വകുപ്പിനെ ഫോണ്‍ ചെയ്താല്‍ അറ്റെന്‍ഡ് ചെയ്യാന്‍ പോലുമാളില്ല. ഇന്ത്യാവിഷനിലെ മൊത്തം തൊഴിലാളികള്‍ക്കുവേണ്ടിയാണ് പോരാട്ടം. മറ്റു സ്ഥാപനങ്ങളില്‍ നിലവില്‍ ജോലി ചെയ്യുന്നവരും ജോലിക്കായി ശ്രമിക്കുന്നവരും അവരുടെ നിലനില്‍പ്പോര്‍ത്താണ് മാറി നില്‍ക്കുന്നത്. അവരുടെ പിന്തുണയും എനിക്കുണ്ട്. ഷെയര്‍ ഹോള്‍ഡേഴ്‌സ് എന്ന് അവകാശപ്പെട്ട് രണ്ടു മൂന്നു പേര്‍ സമീപിച്ചിരുന്നു. നിങ്ങളെ പോലെ വഞ്ചിക്കപ്പെട്ടവരാണ് എന്നാണ് അവരും പറയുന്നത്. ഞാനും കോഴിക്കോട്ടുകാരനാണ്. ഞാന്‍ ചെക്കു കേസില്‍ കേസില്‍ പ്രതിയല്ല. തട്ടിപ്പുകാരനുമല്ല. ആരേയും വഞ്ചിച്ചിട്ടുമില്ല. വിജിലന്‍സ് കേസിലുമില്ല. ഇന്ത്യാവിഷനുവേണ്ടി രാപകല്‍ ജോലി ചെയ്തുവെന്നതാണ് ഞാന്‍ ചെയ്ത തെറ്റ്. അദ്ദേഹം നന്മയുള്ള കോഴിക്കോടുകാരനാണെങ്കില്‍ എന്നെ എന്ത് വിളിക്കണം. കൂടെ ജോലി ചെയ്തിരുന്നവരില്‍ പലരും വലിയ പ്രതിസന്ധിയിലാണ്. ചിലരുടെ വിവാഹം മുടങ്ങി.

ഒത്തുതീര്‍പ്പിന്റെ കാലം കഴിഞ്ഞുവെന്നും മത്സരിക്കുക തന്നെ ചെയ്യുമെന്നും പറഞ്ഞ സാജന്‍ രണ്ടു ദിവസത്തിനകം നോമിനേഷന്‍ കൊടുക്കാനുള്ള ഒരുക്കത്തിലാണ്.

നിങ്ങള്‍ക്കെങ്ങനെ ചിരിക്കാന്‍ കഴിയുന്നു? എം.കെ മുനീറിന് ഇന്ത്യാവിഷന്‍ ജീവനക്കാരുടെ തുറന്ന കത്ത്

(അഴിമുഖം കണ്‍സള്‍ട്ടന്‍റ് എഡിറ്ററാണ് ലേഖകന്‍)


Next Story

Related Stories