TopTop
Begin typing your search above and press return to search.

എഴുപതായാലും എകെ ശശീന്ദ്രനായാലും ലൈംഗികതയല്ല ബ്രോ പ്രശ്നം, അതിന്മേലുള്ള അധിനിവേശമാണ്

എഴുപതായാലും എകെ ശശീന്ദ്രനായാലും ലൈംഗികതയല്ല ബ്രോ പ്രശ്നം, അതിന്മേലുള്ള അധിനിവേശമാണ്
മന്ത്രി എകെ ശശീന്ദ്രന്റെ രാജിയിൽ കലാശിച്ച ശബ്ദരേഖയെ കുറിച്ചുള്ള സൈബർ ചർച്ചകൾ മിക്കവാറും എല്ലാം തന്നെയും മംഗളം മോഡൽ മാധ്യമപ്രവർത്തനത്തെ നിശിതമായി വിമർശിക്കുകയും വ്യക്തിയുടെ സ്വകാര്യതയെ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നതായി കാണുന്നു. എന്നാൽ മുഖ്യധാരാ മാധ്യമങ്ങളിലാകട്ടെ അത് അശ്ളീല സംഭാഷണത്തിലും, സദാചാര മാതൃകയിലും ഒക്കെയായി ഇപ്പോഴും കിടന്ന് കറങ്ങുകയാണ്.

മന്ത്രിയായ എകെ ശശീന്ദ്രനല്ല, ആരായാലും സ്ത്രീയോട് അവരുടെ സമ്മതമില്ലാതെ വാക്കുകൊണ്ടോ, നോക്കുകൊണ്ടോ, സ്പർശം കൊണ്ടോ ഒരു ലൈംഗിക നീക്കം നടത്തുന്നത് കുറ്റകരമാണെന്നതിൽ സംശയമില്ല. പക്ഷേ അങ്ങനെ അനുമാനിക്കാൻ ഇവിടെ നിലവിൽ ഒരു പരാതിക്കാരിയില്ല എന്ന് മാത്രമല്ല, മംഗളം ബ്രേക്ക് ചെയ്ത ശബ്ദരേഖയിൽ അങ്ങനെ ഒരു സൂചനയുമില്ല. അതിൽ മറുപക്കൽ ഒരാളുണ്ട് എന്നത് മനസിലാക്കുന്നത് തന്നെ പ്രയാസം. പുരുഷന്റെ വാചകങ്ങളിൽനിന്ന് അപ്പുറത്ത് ഒരു സ്ത്രീയാണെന്ന് ഊഹിക്കാം എന്ന് മാത്രം.

ഇനി അങ്ങനെ ഒരാൾ ഉണ്ടെന്ന് തന്നെ വയ്ക്കുക. അവർക്ക് ഇദ്ദേഹത്തിന്റെ ഫോൺ വിളികൾ അലോസരമുണ്ടാക്കുന്നുവെന്നും. അങ്ങനെയെങ്കിൽ സാധാരണ ഗതിയിൽ അവർ പൊലീസിൽ പരാതിപ്പെടുകയാണ് വേണ്ടത്. എന്നാൽ ഇവിടെ അതുണ്ടായില്ല. അതിനും വേണമെങ്കിൽ ശല്യക്കാരൻ ഒരു മന്ത്രിയായതിനാൽ പോലിസിൽ നിന്നും, സർക്കാരിൽ നിന്നും നീതികിട്ടുമെന്ന് പ്രതീക്ഷയില്ലാത്തതുകൊണ്ട് മാധ്യമത്തിലൂടെ വാർത്ത ലീക്ക് ചെയ്തു എന്ന് പറഞ്ഞു നിൽക്കാം. എന്നാൽ അങ്ങനെ ഒരു പ്രതീക്ഷയുമില്ലാത്ത വ്യവസ്ഥയിൽ ഒരു മാധ്യമത്തിലൂടെ പ്രസ്തുത വാർത്ത പുറത്തുവിട്ടാലും പുള്ളിയെ ഒന്ന് നാറ്റിക്കാമെന്നേ പ്രതീക്ഷിക്കാനാവൂ. ഒപ്പം ഭരണസംവിധാനങ്ങളിൽ നിന്നുണ്ടാകാവുന്ന പ്രതികാര നടപടികളെ ഭയക്കുകയും വേണം. സത്യം കെട്ടുകഥകളെക്കാൾ വിചിത്രമാവാം എന്നതുകൊണ്ട് ആ സാധ്യതയും തള്ളിക്കളയുന്നില്ല എങ്കിലും അങ്ങനെ ഒരു പരാതിയുമായി ഒരു സ്ത്രീ വരാത്തിടത്തോളം കാലം അതിനെ മാറ്റിവയ്ക്കാം.

എങ്ങനെ കിട്ടി ഈ ശബ്ദരേഖ?

അതായത് കൃത്യമായ ഒരു പരാതിയും അത് ഉന്നയിച്ച വ്യക്തിയും ഇല്ലാത്തിടത്തോളം ഈ വിഷയത്തിന്റെ തുടർ ചർച്ചകളിൽ എകെ ശശീന്ദ്രൻ എന്ന വ്യക്തിയും മാറ്റി നിർത്തപ്പെടുന്നു. അങ്ങനെ ഒരു ജാമ്യം എടുക്കുന്നത്, കൃത്യമായ ഒരു വിവരവുമില്ലാതെ ജീവിച്ചിരിക്കുന്ന രണ്ട് മനുഷ്യർ പങ്കാളികളാകുന്ന ഒരു വിവാദം അങ്ങനെയായിരിക്കാം, ഇങ്ങനെ ആയിരിക്കാം എന്നൊക്കെ ഊഹങ്ങൾ വച്ച് വിശകലനം ചെയ്യുന്നത് അവർക്ക് അപകീർത്തികരമായിരിക്കും എന്നതിനാലാണ്. എന്നാൽ ഇത് ചർച്ച ചെയ്യുന്നത് ഈ വ്യക്തികളെ മാറ്റിനിർത്തിയാലും ഒരു മാധ്യമ പ്രവർത്തന മാതൃക എന്ന നിലയിൽ ഇത് ഉയർത്തിവിട്ട ചർച്ചകൾക്ക് വ്യതിരിക്തമായ ഒരു പ്രസക്തി ഉണ്ടെന്നതിനാലും. അതാവട്ടെ നാളെ ആർക്കും സംഭവിക്കാവുന്ന ഒന്നും. ശരിയായാലും തെറ്റായാലും, പരാതിക്കാർ ഉണ്ടായിരുന്ന സരിത കേസും, ജോസ് തെറ്റയിൽ, നീലലോഹിത ദാസൻ നാടാർ, പി ജെ ജോസഫ്, കുഞ്ഞാലിക്കുട്ടി കേസും ഒന്നും ഇതിന് സമാന്തരമാകുന്നില്ല. അതുകൊണ്ട് തന്നെ യാതൊരു വിധ വാലും തുമ്പുമില്ലാതെ ഒരു മാധ്യമം പുറത്ത് വിട്ട ഈ ശബ്ദരേഖ എന്നത് അതിൽ കേട്ട ശബ്ദത്തിന്റെ മാത്രം പ്രശ്നം അല്ലാതാകുന്നു. മറിച്ച് ഇത്തരം പ്രവർത്തനങ്ങൾക്ക് കിട്ടുന്ന ലെജിറ്റിമൈസേഷൻ അഥവാ സാധുത വ്യക്തികളുടെ സ്വകാര്യതയ്ക്ക് മേലുള്ള ഒരു മാധ്യമ ഭീഷണിയായി മാറുന്നു.

നിലവിൽ അദൃശ്യയായി നിൽക്കാൻ തീരുമാനിച്ച ഒരു പരാതിക്കാരി ഇല്ലെങ്കിൽ പിന്നെ ഇവിടെ ഏറ്റവും പ്രസക്തമായ ചോദ്യം ഈ ശബ്ദരേഖ എങ്ങനെ ആ ചാനലിന്റെ പക്കൽ എത്തി എന്നതാണ്. ആർക്കും ആരുടെയും ടെലിഫോൺ സംഭാഷണം ടാപ്പ് ചെയ്യാമെന്നാണോ? അതോ പത്രപ്രവർത്തകർക്ക് അതിനുള്ള പ്രത്യേക അനുമതി വല്ലതും ഉണ്ടോ? ഇല്ല എന്നാണ് ഉത്തരമെങ്കിൽ പിന്നെയുള്ളത് ഒരു സാധ്യതയാണ്. അത് പ്രസ്തുത മന്ത്രി ആരോട് സംസാരിച്ചോ അവർ അത് റെക്കോഡ് ചെയ്ത് നൽകുക എന്നതാണ്. അതായത് ഒരു ഹണി ട്രാപ്പ്. അതാണ് സംഭവിച്ചതെങ്കിൽ പോലും മന്ത്രി ഒരു കുറ്റകൃത്യം ചെയ്തു എന്ന് പറയാനാവില്ല. എന്നാൽ ഇതുപോലുള്ള അധികാര സ്ഥാപനങ്ങളിൽ ഇരിക്കുമ്പോൾ പ്രണയത്തെ പ്രലോഭനത്തിൽനിന്ന് വേറിട്ട് കാണാനുള്ള ശേഷിയില്ലാത്ത ഒരാൾ ആ സ്ഥാനത്ത് ഇരുന്നിട്ട് കാര്യമില്ല എന്ന ഒരു പ്രായോഗിക വിമർശനം സാധുവാണ് താനും.

ടെലിഫോൺ നന്നാക്കാൻ കൊടുത്തവഴി ചോരുക തുടങ്ങിയ വിദൂര സാധ്യകൾ മാറ്റിവച്ചാൽ പിന്നെയുള്ളത് പൂർണ്ണമായും വ്യാജമായ ഒരു ശബ്ദരേഖ ചമയ്ക്കുക എന്നതാണ്. അതായത് ആ സ്ത്രീ സംഭാഷണം റെക്കോഡ് ചെയ്ത് നൽകിയതല്ലെങ്കിൽ അത് പുറത്തുവന്നതിന് പിന്നിൽ ഗുരുതരമായ കുറ്റകൃത്യങ്ങളാണുള്ളത്. അന്വേഷണത്തിലൂടെ മാത്രമേ ഇതൊക്കെ വ്യക്തമാകൂ എന്നിരിക്കേ, തിരക്കിട്ടുള്ള രാജി അല്ല എന്നൊക്കെ എത്ര ഊന്നി പറഞ്ഞാലും ഫലത്തിൽ ഒരു കുറ്റസമ്മതം തന്നെ ആയി തീരുകയല്ലേ?എന്താണീ കുറ്റം?

ഒരുവശത്ത് എൻസിപിയുടെയും സർക്കാരിന്റെയും പ്രതിനിധികൾ, ഉന്നത രാഷ്ട്രീയ മൂല്യങ്ങളെ മുൻനിർത്തി മന്ത്രി രാജിവച്ചു എന്ന് പറയുന്നു. മറുവശത്ത് പ്രതിപക്ഷത്തിന്റെ പ്രതിനിധികൾ  തെറ്റ് ചെയ്തില്ലെങ്കിൽ പിന്നെ രാജിവച്ചതെന്തിന് എന്ന് ചോദിക്കുന്നു. എന്നാൽ എന്താണ് ആ രാഷ്ട്രീയ മൂല്യം? എന്താണ് പ്രതിപക്ഷം ആരോപിക്കുന്ന കുറ്റം? ഉത്തരം ലളിതമാണ്; വിവാഹേതര ബന്ധം. അത് അനുവദിക്കാൻ പാടുള്ളതല്ല എന്ന പൊതുബോധത്തിന്റെ സദാചാരമാണ് ആ ഉന്നത രാഷ്ട്രീയ മൂല്യവും. എന്നുവച്ചാൽ ഒരു കുറ്റകൃത്യം തടയാനായി അതിനെക്കാൾ ഗൗരവവും പൊതു പ്രസക്തിയുമുള്ള ഒരു കുറ്റകൃത്യം ചെയ്യാം. കൈക്കൂലിക്കാരനായ ഒരു മന്ത്രിയെ കുടുക്കാനായി അയാളുടെ മുറിയിൽ ഒളിക്യാമറ വയ്ക്കുന്നതും, സ്ത്രീകൾ ഉപയോഗിക്കുന്ന ടോയ്ലറ്റിൽ അത് വയ്ക്കുന്നതും ഒരുപോലെയല്ല എന്ന് ചുരുക്കം. ആ യുക്തിവച്ച് നോക്കിയാൽ മംഗളം ചെയ്ത പരിപാടിയുടെ ധാർമ്മികത പരാതി പറയാനായി ചെന്ന സ്ത്രീയോട് മന്ത്രി അശ്ളീല ചുവയോടെ സംസാരിച്ചു എന്ന് അവർ ഉന്നയിക്കുന്ന ആരോപണത്തിലൊന്നുമല്ല ഊന്നി നിൽക്കുന്നത്. അങ്ങനെ അനുമാനിക്കാൻ ഒന്നും ആ ശബ്ദരേഖയിൽ ഇല്ലതാനും. മംഗളം സ്ഥാപിക്കാൻ ശ്രമിക്കുന്ന പ്രശ്നം യഥാർത്ഥത്തിൽ വൃദ്ധനായ മന്ത്രിയുടെ വിവാഹേതരബന്ധമാണ്. അത് ഒരു കുറ്റമാണോ എന്ന ചോദ്യത്തിൽ ചെന്ന് ഇടിച്ച് നിൽക്കുന്നു പ്രസ്തുത കൃത്യത്തിന്റെ സാധുതയും.

നിലവിലുള്ള നിയമപ്രകാരം പ്രായപൂർത്തിയായ മനുഷ്യർ തമ്മിലുള്ള ലൈംഗിക, പ്രണയബന്ധങ്ങൾ കുറ്റകരമായ ഒന്നല്ല. വിവാഹേതര ബന്ധങ്ങളിൽ ഒരു കരാർ ലംഘന പ്രശ്നം വരുന്നുണ്ട് എന്ന് മാത്രം. അതും അത്തരം ബന്ധത്തിൽ ഏർപ്പെടുന്ന വ്യക്തികളുടെ ഭാര്യ, ഭർത്താക്കന്മാർക്ക് മാത്രം ഉന്നയിക്കാവുന്ന ഒരു പരാതിയാണ്. അതായത് പ്രായപൂർത്തിയായ രവി പ്രായപൂർത്തിയായ രതിയുമായി പ്രണയിക്കുന്നതോ, തങ്ങളുടെ സ്വകാര്യ സ്ഥലത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതോ കണ്ട ശശിമാർക്കൊക്കെ കയറി ഇടപെടാവുന്ന വിഷയമല്ല. അവർ വിവാഹിതരാണെങ്കിൽ, ഇണ ജീവിച്ചിരിപ്പുണ്ടെങ്കിൽ അവർക്ക് കരാർ ലംഘനത്തിന് കേസ് കൊടുക്കാം. പക്ഷേ അപ്പോഴും ആ കരാർ അസാധുവായി അവർ സ്വതന്ത്രരാകുമെന്നേ ഉള്ളു. അല്ലാതെ വിവാഹേതര ബന്ധം ശിക്ഷാർഹമായ ഒരു കുറ്റകൃത്യമാകുന്നില്ല, എന്റെ പരിമിതമായ നിയമപരിജ്ഞാനം വച്ച്. (അല്ലെങ്കിൽ നിയമജ്ഞർ തിരുത്തട്ടെ)

പക്ഷേ ഇത്തരം ശങ്കയൊന്നും കൂടാതെ തന്നെ പൊതുബോധം അത് കുറ്റകരമായി വിധിക്കും. അതും പത്തെഴുപത്തിയൊന്ന് വയസ്സ് പ്രായമുള്ള ഒരു പൊതു പ്രവർത്തകൻ ചെയ്താൽ. അവർ പറയുക നിയമപരമായ പഴുതുകൾ ഉണ്ടെങ്കിലും അതൊരു സാംസ്കാരിക, സദാചാര കുറ്റകൃത്യമാണെന്നും പൊതുസമൂഹത്തിന് മാതൃകയാകേണ്ട മുതിർന്നവർ, അതും ജനപ്രതിനിധികൾ അത് തീരെ ചെയ്യാൻ പാടില്ലെന്നും ആവും. ഈ പറയുന്നത് കേട്ടാൽ തോന്നുക നിയമ നിർമ്മാണമെന്നത് സംസ്കാരമോ സദാചാരമോ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഏതോ അന്യ വിധിയാണെന്നാണ്. അതുകൊണ്ട് നിയമ വ്യവസ്ഥയ്ക്ക് പുറത്ത് ഒരു സദാചാര കോടതിയും പൊലീസിങ്ങ് സംവിധാനവും അനിവാര്യമാണെന്നും. ആ കോടതിയുടെ പേരാണ് പൊതുബോധം. മുകളിൽ പറഞ്ഞ കുറ്റം അത് വിധിക്കുന്നതാണ്.

ജനാധിപത്യത്തിന്റെ പരാധീനത

എന്തോ പരാതിയുമായി സമീപിച്ച ഒരു സ്ത്രീയോട് മന്ത്രി അശ്ളീലചുവയോടെ സംസാരിച്ചു എന്ന മുന്നുരയുമായി മംഗളം ബ്രേക്ക് ചെയ്ത ഒരു ശബ്ദരേഖയാണല്ലോ ഇതിനെല്ലാം ഹേതു. ഇവിടെ പ്രസക്തമായ വിഷയം പരാതിക്കാരിയില്ല എന്നതാണ്. അത് അങ്ങനെ നിലനിൽക്കുന്നിടത്തോളം നിയമപരമായി ഒരൊറ്റ കുറ്റമേ പിന്നെ നിലനിൽക്കുന്നുള്ളു. അത് മംഗളം എന്ന ചാനൽ നടത്തിയ ഒളിഞ്ഞുനോട്ടമാണ്. അത്തരം ഒരു തെറ്റ് ചെയ്ത മാധ്യമത്തിനെതിരേ നടപടിയെടുക്കുകയായിരുന്നു ഉന്നതരാഷ്ട്രീയ മൂല്യങ്ങൾ മുൻ നിർത്തി ഒരു സർക്കാർ ആദ്യം ചെയ്യേണ്ടിയിരുന്നത്. എന്നാൽ അതല്ല ഉണ്ടായത്, മറിച്ച് പ്രസ്തുത കുറ്റകൃത്യത്തിൽ ഇരയായ രണ്ട് പേരിൽ ഒരാൾ സ്വയം ക്രൂശിക്കുകയാണ് സംഭവിച്ചത്.  ഇതുവരെ ലഭ്യമായ വിവരങ്ങളെ വിശകലനം ചെയ്താൽ മനസിലാകുന്നത് ഇത്രയുമാണ്. പക്ഷേ പ്രായോഗിക രാഷ്ട്രീയത്തിന്റെ കാര്യം വരുമ്പോൾ പ്രശ്നം ഇത്ര ലളിതമല്ല. അത്തരം ഒരു ഉന്നതമായ രാഷ്ട്രീയ മൂല്യബോധം നമ്മുടെ സമൂഹത്തിനുണ്ടോ എന്നതാണ് ചോദ്യം. ഉണ്ടെന്ന് ഉറപ്പില്ലാത്തിടത്തോളം കാലം പിന്നെ അതിന്റെ പരിമിതികൾ നിർണ്ണയിക്കുന്നതാകും പുരോഗമനത്തിന്റെ വ്യാസവും. പത്തെഴുപത്തിയൊന്ന് വയസ്സുള്ള  മുതിർന്ന ഒരു ജനപ്രതിനിധി, സ്ത്രീയോട് അശ്ളീല ചുവയുള്ള ഭാഷയിൽ സംസാരിച്ചു എന്നതാണ് പ്രശ്നം. ഇതിൽ ഉഭയസമ്മതം എന്നത് പൂർണ്ണമായും അപ്രസക്തമാകുന്നു എന്നത് കൂടാതെ മറ്റു ചിലവ ഉയർന്നു വരികയും ചെയ്യുന്നു.

എന്താണീ സംഭാഷണത്തെ അശ്ളീലമാക്കുന്നത്? അതിലുള്ള മുല, ചന്തി, ചുണ്ട്, കെട്ടിപ്പിടി പ്രയോഗങ്ങൾ തന്നെയാവണം. അതായത് രതിയുടെ ശ്ലീലാശ്ലീലങ്ങളെ നിർണ്ണയിക്കുന്നത് ഭാഷാപരമായ ചില അലിഖിത സദാചാര നിയമങ്ങളാണ്, വ്യക്തികളോ പരസ്പര സമ്മതമോ അല്ല. പത്തെഴുപത്തിയാറു വയസ്സെന്നൊക്കെ പറയുന്നത് ഇവിടെ പ്രത്യേക പ്രാധാന്യമർഹിക്കുന്നു. ഇതൊക്കെ നമ്മുടെ സദാചാരം, സംസ്കാരം എന്നീ വിശേഷണങ്ങളുടെ ചിലവിൽ എഴുന്നള്ളിക്കപ്പെടുന്നതാണ്. ഈ  സംസ്കാരവും സദാചാരവും ഒന്നും ഏതെങ്കിലും ഒരു കാലത്തിൽ കെട്ടിക്കിടന്ന് ഉറഞ്ഞുപോകുന്ന ഒന്നല്ല എന്നത് പോട്ടെ. ഇന്ന് സവിശേഷ പ്രാധാന്യത്തോടെ അവതരിപ്പിക്കപ്പെടുന്ന 'നമ്മുടെ' ഈ സംസ്കാരം എന്തായിരുന്നു? ആർഷ ഭാരത സംസ്കാരം എന്ന ദിശയിൽ അന്വേഷിച്ച് പോയാലും അത് ശരീരത്തെ, രതിയെ അധമമായി കാണുന്ന, ലൈംഗികതയെ പാപബോധത്തിന്റെ ഒരു നുള്ള് കൂടി ചേർത്തല്ലാതെ ആസ്വദിക്കാൻ പറ്റാത്ത ഒന്നായിരുന്നില്ല എന്ന് ഇതിഹാസങ്ങൾ മുതൽ ക്ഷേത്രകല വരെ നിരന്നുനിന്ന് സാക്ഷ്യം പറയും. പിന്നെ വരുന്നത് ലൈംഗികത എന്നത് പ്രത്യുത്പാദനത്തെ മുന്‍നിർത്തി മനുഷ്യർ നിർവഹിക്കേണ്ടുന്ന കാലികമായ ഒരു അനുഷ്ഠാനമാണെന്നും അതിലുപരി അതൊരു ജീവശാസ്ത്രപരമായ നൈരന്തര്യമാകുന്നത് എന്തോ കൊടിയ അശ്ലീലമാണെന്നും ഉള്ള യാഥാസ്ഥിതിക ബോധ്യമാണ്. ഒരു പ്രായമായിക്കഴിഞ്ഞാൽ നഗരവാരിധി നടുവിലായാലും നിർബന്ധിത വാനപ്രസ്ഥം എന്ന്.

അപ്പോൾ പിന്നെ എന്താണീ അശ്ലീലം? ഉഭയ സമ്മതത്തോടെ നടക്കുന്ന രതി എന്നത് രണ്ട് ഉടലുകൾ ചേർന്ന് നടക്കുന്ന ഒരു പരസ്പരാവിഷ്കാരമാണ്. അതായത് ചന്തിയും മുലയും തുടയും ചുണ്ടും ലിംഗവും യോനിയും ഒക്കെ ചേർന്നുള്ള ഒരു പ്രക്രിയ. ഈ അവയവങ്ങൾ ഒക്കെയും ഇതിനിടയിൽ സ്പർശം കൊണ്ടും ശബ്ദം കൊണ്ടും ഒക്കെ വീണ്ടും വീണ്ടും പരസ്പരം കണ്ടെടുക്കുകയും ആവിഷ്കരിക്കുകയും ചെയ്യുന്നു. അത് അശ്ലീലമാണെങ്കിൽ പിന്നെ ലൈഗികത തന്നെ ഒരു അശ്ലീലമാണ്. അതായിരുന്നില്ല നമ്മൾ ഇടയ്ക്കിടെ എടുത്ത് വീശുന്ന ആർഷഭാരത സംസ്കാരവും. പിന്നെ അത് ഏത് സംസ്കാരത്തിന്റെ ഭാഗമാണ്?വ്യക്തത ഒരു ആർഭാടമല്ല

ഇതിനെകുറിച്ചൊക്കെ ഇത്ര ചർച്ച ചെയ്യേണ്ടതുണ്ടോ? ജനപ്രതിനിധിയുടെ മുൻഗണനാ ക്രമത്തിൽ ജനനന്മയാകണ്ടേ ആദ്യം? അതല്ല എങ്കിൽ രാഷ്ട്രിയത്തിന്റെ, ജനാധിപത്യത്തിന്റെ സമഗ്ര പരാജയമായിരിക്കില്ലേ ബാക്കി എന്നൊക്കെ ചോദിച്ചാൽ ജീവശാസ്ത്രപരമായി ലഭിച്ച, ആവശ്യത്തിലധികം ഭക്ഷണം കഴിക്കുക, അതിൽ തന്നെ മധുരത്തോട് ഒരു പ്രത്യേക പ്രതിപത്തി പുലർത്തുക തുടങ്ങി പരിണാമദിശയിൽ ഉപകാരപ്പെട്ടതും ഇപ്പോൾ കാലം മാറിയപ്പോൾ പ്രതികൂലമായി മാറിയതുമായ ഒരുപാട് 'അനുകൂലക'ങ്ങൾ ഇപ്പോഴും ബാക്കിയുണ്ടെന്നും അവയൊന്നും ചുരുങ്ങിയത് പാപമല്ലെന്നും നമ്മൾ മനസിലാക്കേണ്ടതുണ്ട്. എൺപതാം വയസ്സിലും ഒരു മനുഷ്യനിൽ ലൈംഗികത ബാക്കിയുണ്ടെങ്കിൽ അത് അതിൽ തന്നെ ഒരു തെറ്റൊന്നുമല്ല. അയാൾ അത് മാത്രമായി തീരുന്നുവെങ്കിൽ അത് ഒരു പ്രശ്നവുമാണ്. പക്ഷേ ഈ പ്രശ്നം അതുമല്ല. ഉഭയസമ്മതപ്രകാരമോ, ഇനി ഒരു ഹണി ട്രാപ്പ് തന്നെ ആയാലും ഈ വിഷയത്തിൽ നാം ഒരുപാടൊന്നും മുന്നോട്ട് പോകാൻ പോവുന്നില്ല എന്നതാണ്. കാരണം ഇവിടെ പ്രശ്നത്തെ അഭിമുഖീകരിക്കാൻ നമ്മുടെ പൊതുബോധ നിർബന്ധങ്ങൾക്ക് താല്പര്യമില്ല.

എന്നാൽ ആ പ്രശ്നമാകട്ടെ പൊതുബോധം ഇന്ന് ആർഷഭാരതമെന്നും സനാതനമെന്നും ഒക്കെ കുറെ വിശേഷണങ്ങൾ നൽകി സംരക്ഷിക്കുന്ന ഈ ഇടക്കാല യാഥാസ്ഥിതികതയല്ല താനും. ഇത് ഈ പറയുന്ന 'ആർഷ' ഭാരത സംസ്കാരമൊന്നുമല്ല, ഇടക്കാലത്ത് മുന്നോട്ട് വയ്ക്കപ്പെടുകയും പതുക്കെ പതുക്കെ പൊതുബോധത്തിൽ മുഴുവനായി വ്യാപിക്കുകയും ചെയ്ത സംഘി സംസ്കാരത്തിന്റെ ഭാഗം മാത്രമാണ്. നോക്കാൻ, വായിക്കാൻ തയ്യാറാണെങ്കിൽ  ഇതിന് തെളിവുകളുമായി ഇതിഹാസങ്ങൾ തൊട്ട് ക്ഷേത്രകലകൾ വരെ നിരന്ന് നിൽക്കും.

സത്യാന്തര കാല മെറ്റാമോഡേൺ ജനാധിപത്യത്തിൽ സാംസ്കാരിക പരിണാമത്തിന്റെ ചുമതല രാഷ്ട്രീയ സംഘടനകൾ ഒറ്റയ്ക്ക് നിറവേറ്റിക്കൊള്ളും എന്ന് വിചാരിച്ചിട്ട് കാര്യമില്ല. ആദർശ രാഷ്ട്രീയ കക്ഷികൾ ഇല്ലാത്തതിനാൽ ഇനി സംഘടനയേ വേണ്ട, മുല്ലപ്പൂ മണമുള്ള ആൾക്കൂട്ടങ്ങൾ വഴിയാണ് മോചനം, പൊതുബോധത്തിന്റെ സദാചാര സംഹിതകളിൽ കുഴപ്പമുണ്ട്, അതുകൊണ്ട് നിലവിൽ അത് എതിർക്കുന്ന പീഡോഫീലിയയും സ്വാഭാവികവത്ക്കരിക്കപ്പെടേണ്ടതുണ്ട് എന്ന തരം 'വൈകിട്ടെന്താ പരിപാടി' ലൈൻ സൈദ്ധാന്തികതകൊണ്ട് പക്ഷേ അതിൽ ഒന്നും ചെയ്യാനുമില്ല. ഇവിടെയാണ് പുരോഗമനം എന്ന സങ്കല്പം തന്നെ ഉറഞ്ഞ് പോകുന്നത്. ഇതുവരെ വായിച്ചത് തന്നെ ഒന്നും മനസിലായില്ലെങ്കിൽ പുതിയ ഒന്ന് വായിച്ചിട്ട് എന്ത് കാര്യം, അഥവാ ലൈംഗികതയല്ല അശ്ളീലം, അതിന്റെ ലിംഗപരമായ അടിച്ചേൽപ്പിക്കലാണെന്ന്  മനസിലായില്ലെങ്കിൽ ലിംഗസമത്വമെന്ന ആശയം കൊണ്ട് എന്ത് കാര്യം!

ഒറ്റ വാചകത്തിൽ ചുരുക്കിയാ‍ാൽ പ്രശ്നം, എ കെ ശശീന്ദ്രനും മംഗളം ചാനലുമല്ല. എഴുപതായാലും ഇനി ആഴ്വാഞ്ചേരി തമ്പ്രാനായാലും ലൈംഗികതയല്ല ബ്രോ പ്രശ്നം. അതിന്റെ കാലികമായ നൈതികത പുരോഗമന ശ്രമങ്ങൾക്ക് മേല്‍ അതാതുകാലങ്ങളിൽ  നടന്നുവരുന്ന, ഇന്നും തുടരുന്ന യാഥാസ്ഥിതിക അധിനിവേശങ്ങളാണ്. അതിന്റെ അതിവികൃതമായ ഒരു ആവിഷകാരമെന്ന നിലയിൽ മംഗളം ചാനലും വിഷയത്തിന്റെ ഭാഗമാകുന്നു എന്ന് മാത്രം. അതിൽ കൂടുതൽ ഒരു പരസ്യം ആ ചാനൽ അർഹിക്കുന്നില്ല!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories