സമാജ്വാദി പാര്‍ട്ടിയുടെ ഔദ്യോഗിക തെരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന് കീഴിലുള്ള വിഭാഗത്തിന് നല്കാന് തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനിച്ചു. പാര്‍ട്ടിയുടെ പേരും അഖിലേഷ് പക്ഷത്തിന് തന്നെ ലഭിക്കും.
പാര്‍ട്ടി എംഎല്‍എമാര്‍ ഭൂരിഭാഗവും അഖിലേഷിന്റെ ഒപ്പമാണെന്നത് കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. യുപിയില്‍ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രമാണ് ബാക്കിയുള്ളതെന്നിരിക്കെ തെരഞ്ഞെടുപ്പ് കമ്മിഷന് ഈ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ വൈകുന്നത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതിനിയെ അഖിലേഷും അച്ഛനും പാര്‍ട്ടി ദേശീയ അധ്യക്ഷനുമായ മുലായം സിംഗ് യാദവും ഒന്നിക്കുന്നുവെന്ന രീതിയില്‍ കാര്യങ്ങള്‍ നീങ്ങിയെങ്കിലും ഇന്ന് താന്‍ അഖിലേഷിനെതിരെ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി മുലായം തന്നെ രംഗത്തെത്തി.
ഇതോടെ പാര്‍ട്ടി ചിഹ്നത്തില്‍ എത്രയും വേഗം തീരുമാനമുണ്ടാകേണ്ട സാഹചര്യമുണ്ടായതോടെയാണ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനം അറിയിച്ചത്. അതേസമയം കമ്മിഷന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നാണ് മുലായം അറിയിച്ചിരിക്കുന്നത്.