TopTop
Begin typing your search above and press return to search.

നിങ്ങളെന്തിനാണ് അക്ഷരയെ ഇപ്പോഴും വെയിലത്ത് നിര്‍ത്തിയിരിക്കുന്നത്?

നിങ്ങളെന്തിനാണ് അക്ഷരയെ ഇപ്പോഴും വെയിലത്ത് നിര്‍ത്തിയിരിക്കുന്നത്?

രാകേഷ് സനല്‍

അക്ഷരയെക്കുറിച്ച് ഇനി എഴുതേണ്ടി വരിക ഒരു ശുഭ വാര്‍ത്തയാകുമെന്നാണ് വിശ്വസിച്ചിരുന്നത്. അതിനിനിയും സമയം വേണ്ടി വരുന്നു. കാരണം, ആ പെണ്‍കുട്ടിയുടെ കാര്യത്തില്‍ നല്ലത് സംഭവിക്കണമെങ്കില്‍ ചിലരുടെയെല്ലാം ഭയം പൂര്‍ണമായും മാറേണ്ടിയിരിക്കുന്നു. സ്വന്തം മക്കളുടെ ജീവിതത്തില്‍ റിസ്‌ക് എടുക്കാന്‍ താല്‍പര്യമില്ലാത്ത ശരാശരി മധ്യവര്‍ഗ്ഗ മലയാളി മാതാപിതാക്കളുടെ ഭയം, ആ മാതാപിതാക്കളെ പിണക്കാന്‍ താല്‍പര്യപ്പെടാത്ത കോളേജ് മാനേജ്‌മെന്റിന്റെ ഭയം. നിര്‍ഭാഗ്യകരമായ കാര്യങ്ങളാണ് സംഭവിക്കുന്നതെങ്കില്‍ അക്ഷരയ്ക്ക് ഹോസ്റ്റല്‍ പ്രവേശനം അസാധ്യമാകും, അല്ലെങ്കില്‍ അവള്‍ക്കൊരു പ്രത്യേക മുറി കിട്ടും.

പിന്നെയും പിന്നെയും വേണ്ടി വരുന്ന ബോധവത്കരണം
മാര്‍ച്ച് 5 ശനിയാഴ്ച കണ്ണൂര്‍ കളക്ടര്‍ ബാലകിരണിന്റെ ചേംബറില്‍ കൂടിയ ചര്‍ച്ചയില്‍ അക്ഷരയെ ഹോസ്റ്റലില്‍ തുടര്‍ന്നും താമസിപ്പിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യണമെന്നായിരുന്നു കളക്ടറുടെ നിര്‍ദേശം. അക്ഷരയ്ക്കായി പ്രത്യേക മുറിയനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിറാസ്(WIRAS) കോളേജ് പ്രിന്‍സിപ്പല്‍ ജുനൈദ് ആണ് കോളേജ് / മാനേജ്‌മെന്റ് പ്രതിനിധിയായി ചര്‍ച്ചയില്‍ പങ്കെടുത്തത്. കളക്ടറുടെ നിര്‍ദേശത്തോട് ഇപ്പോള്‍ തനിക്ക് മറുപടി പറയാന്‍ സാധ്യമല്ലെന്നും മാനേജ്‌മെന്റുമായി സംസാരിച്ച് മാത്രമെ എന്തെങ്കിലും തീരുമാനം അറിയാക്കാന്‍ കഴിയുകയുള്ളൂവെന്നും ജുനൈദ് നിലപാട് വ്യക്തമാക്കി.

ശനിയാഴ്ച്ച നടന്ന ചര്‍ച്ചയ്ക്കുശേഷം അക്ഷര പ്രതീക്ഷനിര്‍ഭരയായിരുന്നു. ചൊവ്വാഴ്ച്ച തനിക്ക് തിരികെ ഹോസ്റ്റലില്‍ എത്താമെന്ന് അക്ഷര വിശ്വസിച്ചു. അപ്പോഴും ആശങ്കള്‍ അവളില്‍ നിന്നും ഒഴിഞ്ഞിരുന്നില്ല.

അക്ഷര എന്താണോ ഭയന്നത് അതു തന്നെ നടന്നു. ഹോസ്റ്റല്‍ പ്രവേശനത്തില്‍ തീരുമാനം വ്യാഴാഴ്ച്ച അറിയിക്കാമെന്നാണ് അക്ഷരയെ കോളേജ് അധികൃതര്‍ അറിയിച്ചത്. അതായത് ചൊവ്വയും ബുധനും വിദ്യാര്‍ത്ഥികള്‍ക്കും കോളേജ് ഹോസ്റ്റലില്‍ താമസിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്കും ബോധവത്കരണ ക്ലാസ്. അതില്‍ എല്ലാവര്‍ക്കും അക്ഷര ഒരു ഭയപ്പെടേണ്ട വസ്തു അല്ലെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ കാര്യങ്ങള്‍ ശുഭകരമാകൂ. അല്ലെങ്കില്‍ അവള്‍ പുറത്തു തന്നെ.

മാനേജ്‌മെന്റും കോളേജ് പ്രിന്‍സിപ്പലും പക്ഷേ ഇതിലെല്ലാം തങ്ങള്‍ നിരപരാധികളാണെന്ന് സ്ഥാപിക്കുകയാണ്. അക്ഷരയെ ഹോസ്റ്റലില്‍ നിന്നു മാറ്റുന്നത് തങ്ങളെടുത്ത നിലപാടല്ലെന്നും അക്ഷരയുടെ സ്വന്തം തീരുമാനമാണെന്നും പ്രിന്‍സിപ്പല്‍ പറയുന്നു. ഈ വിഷയം വാര്‍ത്തയായതു തന്നെ നിര്‍ഭാഗ്യകരമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ തനിക്ക് പറയാനുള്ളതെന്താണെന്നും വിറാസ് കോളേജ് പ്രിന്‍സിപ്പല്‍ വിശദീകരിക്കുന്നുണ്ട് .എല്ലാം അക്ഷരയുടെ തീരുമാനം!
അക്ഷരയുടെ കാര്യത്തില്‍ മാനേജ്‌മെന്റിന്റെ ഭാഗം പ്രിന്‍സിപ്പല്‍ ജുനൈദ് വിശദീകരിക്കുന്നത് എങ്ങനെയാണെന്ന് കേള്‍ക്കൂ;

അഡ്മിഷനു വരുന്ന സമയത്ത് മാനേജ്‌മെന്റിനോ എനിക്കോ അക്ഷരയെക്കുറിച്ച് വ്യക്തിപരമായി യാതൊന്നും അറിയില്ലായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കുശേഷം അക്ഷരയുടെ കൂടെ സ്‌കൂളില്‍ പഠിച്ചിരുന്ന ചില കുട്ടികളില്‍ നിന്നാണ് ഈ വിവരം ഡിപ്പാര്‍ട്ട്‌മെന്റില്‍ അറിയുന്നത്. അവരാണ് എന്നോട്ട് കാര്യങ്ങള്‍ ബോധിപ്പിക്കുന്നത്. അക്ഷര എച്ച് ഐ വി പോസിറ്റീവാണെന്ന് അറിഞ്ഞിട്ടും ഞങ്ങളതൊരു പ്രശ്‌നമായി കണ്ടില്ല. മാത്രവുമല്ല, ആ കുട്ടിയ്ക്ക് ഒരു പ്രത്യേക പരിഗണന കൊടുക്കാനാണ് തയ്യാറായത്. മറ്റു കുട്ടികളോട് ഇക്കാര്യം സൂചിപ്പിക്കാനോ ഒന്നിനും മുതിര്‍ന്നതുമില്ല. കാര്യങ്ങളെല്ലാം സുഗമമായി മുന്നോട്ടു പോവുകയായിരുന്നു. ജനുവരി പകുതിയോടെയാണ് നിര്‍ഭാഗ്യകരമായ ചിലതൊക്കെ നടക്കുന്നത്. ഇതിനിടയില്‍ എന്തൊക്കെ സംഭവിച്ചെന്ന് എനിക്കറിയില്ല. പക്ഷേ ഒരു ദിവസം കോളേജ് ഓഫീസിലേക്ക് ഹോസ്റ്റലില്‍ താമസിക്കുന്ന രണ്ടു കുട്ടികളുടെ മാതാപിക്കാള്‍ കടന്നുവന്നു. അവര്‍ പരിഭ്രാന്തരായിരുന്നു. അമര്‍ഷം കലര്‍ന്ന വാക്കുകളോടെയായിരുന്നു അവര്‍ സംസാരിച്ചു തുടങ്ങിയത്.

സാര്‍ നിങ്ങളീ കാണിക്കുന്നത് തോന്ന്യാസമാണ്. ഒരു എയ്ഡ്‌സ് രോഗിയുടെ കൂടെയാണോ ഞങ്ങളുടെ കുട്ടികള്‍ താമസിക്കേണ്ടത്? ഞങ്ങള്‍ക്കതിന് ബുദ്ധിമുട്ടുണ്ട്.

ആ മാതാപിതാക്കളെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ എനിക്ക് കുറച്ചു സമയം ചെലവഴിക്കേണ്ടി വന്നു. എന്നാലും എച്ച് ഐ വി പോസിറ്റീവായ ഒരാളും എയ്ഡ്‌സ് രോഗമുള്ളൊരാളും തമ്മില്‍ സാരമായ വ്യത്യാസമുണ്ടെന്നും അക്ഷര എച്ച് ഐ വി ഫസ്റ്റ് സ്റ്റേജ് മാത്രമാണെന്നും ആ കുട്ടിയെ ഒരിക്കലും നമ്മുടെ കൂടെ നിന്നു മാറ്റി നിര്‍ത്തേണ്ട കാര്യമില്ലെന്നും ഞാനവരെ പറഞ്ഞു ബോധ്യപ്പെടുത്തി. പക്ഷേ അടുത്തതായി അവര്‍ ചോദിച്ച കാര്യം എന്നെ ഞെട്ടിച്ചു.

അപ്പോള്‍ ആ കുട്ടിക്ക് ക്ഷയം ഉണ്ടെന്നു പറയുന്നതോ?

ഇതു കേട്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഷോക്കായി. ഇങ്ങനൊരു കാര്യം ഞാനറിയുന്നത് ഇപ്പോള്‍ മാത്രം. അക്ഷരയ്ക്ക് പനി ബാധിച്ചു വീട്ടിലിരിക്കുന്ന സമയത്ത്, ഇക്കാര്യം ആ കുട്ടി തന്നെയാണ് ചില റൂംമേറ്റ്‌സിനോട് പറയുന്നത്. ഡോക്ടര്‍ പറഞ്ഞിട്ടുണ്ട് ടി ബി യുടെ ചെക്കപ്പ് കൂടി കഴിഞ്ഞിട്ട് കോളേജില്‍ മതിയെന്ന്. ഈ വിവരം കേട്ട കുട്ടികള്‍ അവരുടെ മാതപിതാക്കളോട് പങ്കുവയ്ക്കുകയും പരിഭ്രാന്തരായ മാതാപിതാക്കള്‍ എന്നെ കാണാന്‍ വരികയുമായിരുന്നു.

എച്ച് ഐ വി പോസിറ്റീവും ടി ബിയും രണ്ടാണ്. ടി ബി യുള്ള ഒരു കുട്ടിയുടെ കൂടെ താമസിക്കാന്‍ ആരെയും നിര്‍ബന്ധിക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ ഞാനെന്തു ന്യായം പറയും? അതിനുള്ള പ്രതിവിധി അവര്‍ തന്നെ കണ്ടെത്തി. ഞങ്ങളുടെ കുട്ടികളെ ഹോസ്റ്റലില്‍ നിന്നും മാറ്റാം. അക്ഷര കാരണമാണെന്ന് ആരും അറിയണ്ട. ആ കുട്ടിയുടെ പേരില്‍ ഒരു പ്രശ്‌നവും ഉണ്ടാവണ്ട. ഞങ്ങള്‍ മറ്റെന്തെങ്കിലും കാരണങ്ങളാല്‍ കുട്ടികളെ താമസം മാറ്റിയതാണെന്ന് പറഞ്ഞോളാം. എനിക്കവരോടു മറിച്ചൊന്നും പറയാനുണ്ടായിരുന്നില്ല.

ആ മാതാപിതാക്കള്‍ പോയി കഴിഞ്ഞ് സൈക്കോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകരുമായി ഞാന്‍ സംസാരിച്ചു. അക്ഷരയ്ക്ക് ടി ബി ഉണ്ടോയെന്ന് അറിയണമല്ലോ. അതിനുവേണ്ടി രണ്ടധ്യാപകരെ ആ കുട്ടിയുടെ വീട്ടിലേക്ക് വിടാന്‍ തീരുമാനിച്ചു. ജനുവരി 26 നാണ്. അന്ന് ടി ബി യുടെ റിസള്‍ട്ട് വരും. അമ്മയോട് കാര്യങ്ങള്‍ സംസാരിക്കാമല്ലോ. പക്ഷേ മാധ്യമങ്ങളില്‍ വരുന്നതുപോലെ അക്ഷരയെ ഹോസ്റ്റല്‍ മാറ്റുന്നതു സംസാരിക്കാനല്ല അന്ന് അധ്യാപകര്‍ പോയത്. ആ കുട്ടിയുടെ ആരോഗ്യസ്ഥിതി അന്വേഷിക്കാന്‍ വേണ്ടി മാത്രമാണ്. ഭാഗ്യവശാല്‍ ആ കുട്ടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ അവള്‍ക്ക് ടി ബി ഇല്ലെന്ന് വ്യക്തമായിരുന്നു. ആ കാര്യം അവിടെവച്ചു തന്നെ അധ്യാപകര്‍ എന്നെ വിളിച്ചു അറിയിക്കുകയും ചെയ്തു. പക്ഷേ മുന്‍ സംഭവങ്ങളെല്ലാം അറിഞ്ഞ അക്ഷരയും മാതാവും വളരെ വിഷമിച്ചു. തന്റെ കുട്ടിയോട് ഇത്തരത്തില്‍ പെരുമാറുന്നൊരിടത്ത് അവള്‍ തുടര്‍ന്ന് താമസിക്കുന്നില്ലെന്നും മറ്റൊരിടത്തേക്ക് അവളുടെ താമസം മാറ്റാന്‍ സഹായിക്കണമെന്നും അമ്മ പറഞ്ഞു. ഏതെങ്കിലും ആശ്രമം ആണ് അവര്‍ നിര്‍ദേശിച്ചത്. ശ്രമിക്കാം എന്നു പറഞ്ഞ് അവരെ ആശ്വസിപ്പിച്ചാണ് അധ്യാപകര്‍ മടങ്ങിയത്. പക്ഷേ ഇക്കാര്യങ്ങളൊക്കെ മാധ്യമങ്ങളില്‍ വന്നത് തെറ്റിദ്ധാരണജനകമായി. ഹോസ്റ്റല്‍ മാറണമെന്നത് അക്ഷരയും അമ്മയും ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു എന്നതാണ് സത്യം.

അക്ഷരയ്ക്ക് മറ്റൊരിടത്തേക്ക് മാറണമെന്ന് ആഗ്രഹമുണ്ടെന്ന് ടീച്ചര്‍മാര്‍ എന്നെ അറിയിച്ചു. അതേ തുടര്‍ന്ന് അവര്‍ തന്നെ ആ പ്രദേശത്തുള്ള പല ഹോസ്റ്റലുകളിലും പരിയാരം മെഡിക്കല്‍ കോളേജിലേയും ചില മതസംഘടനകള്‍ നടത്തുന്ന ഹോസ്റ്റലുകളിലുമെല്ലാം അവള്‍ക്കൊരു താമസസൗകര്യം അന്വേഷിച്ചു നടന്നു. ഒരു കാര്യം ഞാന്‍ പ്രത്യേകം നിര്‍ദേശിച്ചിരുന്നു. അക്ഷര ആരാണെന്ന് പറഞ്ഞുവേണം മുറി അന്വേഷിക്കാന്‍. നാളെ അവളെക്കുറിച്ച് സത്യം അറിഞ്ഞശേഷം അവിടെ നിന്നു മാറേണ്ട അവസ്ഥ വരരുത്. നിര്‍ഭാഗ്യവശാല്‍ അവരാരും തന്നെ അക്ഷരയെ അക്കൊമഡേറ്റ് ചെയ്യാന്‍ തയ്യാറായില്ല.

ഒടുവിലാണ് ഹോപ്പുമായി ബന്ധപ്പെടുന്നത്. കോളേജുമായി ബന്ധപ്പെട്ട്, പ്രത്യേകിച്ച് സൈക്കളോജി ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ട് ഹോപ്പ് ചില പരിപാടികളൊക്കെ സംഘടിപ്പിക്കാറുണ്ട്. സൈക്കോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും കുട്ടികളെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഞങ്ങള്‍ വിട്ടുകൊടുക്കാറുണ്ട്. ഈയൊരു ബന്ധത്തിന്റെ പുറത്താണ് ഹോപ്പിലെ ജയമോഹന്‍ സാറുമായി സംസാരിക്കുന്നത്. ആദ്യം ചില തടസങ്ങള്‍ പറഞ്ഞെങ്കിലും എല്ലാവരുമായി കൂടിച്ചേര്‍ന്ന് ആലോചിച്ച് അവസാന തീരുമാനം പറയാമെന്ന് ജയമോഹന്‍ അറിയിച്ചു. ഭാഗ്യവശാല്‍ നമുക്ക് അനുകൂലമായൊരു തീരുമാനം തന്നെ അവര്‍ കൈക്കൊണ്ടു. അക്ഷരയെ അവിടെ താമസിപ്പിക്കാം. നേഴ്‌സിംഗ് സ്റ്റുഡന്റ്‌സിന് താമസിക്കാനായി ഒരു പുതിയ ബില്‍ഡിംഗ് പണിതിട്ടുണ്ട്. താഴെ മാനസികാസ്വാസ്ഥ്യം ബാധിച്ചവരെ പാര്‍പ്പിക്കുകയാണ്. മുകളില്‍ എല്ലാം സിംഗിള്‍ റൂമാണ്. ബാത്ത് അറ്റാച്ചഡ് ആയ നല്ല സൗകര്യമുള്ള മുറികള്‍. അവിടെ തന്നെയാണ് ജയമോഹനും കുടുംബവും താമസിക്കുന്നതും. ഈ സ്ഥലം അക്ഷരയെ കൊണ്ടുവന്നു കാണിച്ചു. അവള്‍ സാറ്റിസ്‌ഫൈഡ് ആയി, പിന്നാലെ അമ്മയയേയും കൊണ്ടുവന്നു.അവര്‍ക്കും സന്തോഷമായി. അങ്ങനെയാണ് അക്ഷര അങ്ങോട്ടേക്ക് താമസം മാറ്റുന്നത്.


ഒരാഴ്ച്ചയോളം പ്രശ്‌നങ്ങളൊന്നുമില്ലാതെ പോയി. അതു കഴിഞ്ഞൊരു ദിവസം അക്ഷര പെട്ടെന്നെന്റെ മുറിയിലേക്ക് കടന്നുവന്നു. ഹോപ്പില്‍ തുടര്‍ന്ന് താമസിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു . ഭക്ഷണം പിടിക്കുന്നില്ലെന്നായിരുന്നു കാരണം. ശരി നിനക്കവിടുത്തെ ഭക്ഷണം ഇഷ്ടപ്പെടുന്നില്ലെങ്കില്‍ രാവിലെ കോളേജ് കാന്റീനില്‍ നിന്നാക്കാം. ഉച്ചയ്ക്ക് എന്തായാലും ഇവിടെ നിന്നു തന്നെയാണ് കഴിക്കുന്നത്. രാത്രിയിലേക്കുള്ളതുകൂടി കാന്റീനില്‍ നിന്നും കൊണ്ടുപോകാന്‍ ഏര്‍പ്പാട് ചെയ്യാം, ഞാനാ കുട്ടിയെ സമാധാനിപ്പിക്കാന്‍ നോക്കി. എന്നാല്‍ അക്ഷര വാശിയില്‍ തന്നെയായിരുന്നു. താമസം മാറിയെ തീരൂ.

അന്നേ ദിവസം തന്നെ എന്നെത്തേടി മറ്റൊരു .സ്ത്രീയുമെത്തി. കണ്ണൂര്‍ വുമണ്‍ വെല്‍ഫയര്‍ ഓഫീസര്‍ ആണെന്നും പരിചയപ്പെടുത്തി. ഇവിടെ നിന്നും ഒരു കുട്ടിയെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയതായി കളക്ടര്‍ക്ക് പരാതി കിട്ടിയിരിക്കുന്നു. അതേക്കുറിച്ച് അന്വേഷിക്കാന്‍ വന്നതാണ്. അതുവരെ നടന്ന എല്ലാ കാര്യങ്ങളും വ്യക്തമായ വിശദീകരിച്ച് കളക്ടര്‍ക്ക് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതേ തുടര്‍ന്നാണ് കളക്ടര്‍ എന്നെയും അക്ഷരയേയും വിളിപ്പിച്ച് ഒരു ചര്‍ച്ച നടത്തിയത്.

അക്ഷരയെ ഹോസ്റ്റലില്‍ തിരികെ പ്രവേശിപ്പിക്കണമെന്ന് കണ്ണൂര്‍ കളക്ടറുടെ നിര്‍ദ്ദേശം

അക്ഷരയെ ഞങ്ങളാരും ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയിട്ടില്ല. അക്കാര്യം കളക്ടറുടെ മുന്നില്‍വച്ച് ആ കുട്ടിയും സമ്മതിച്ചാണ്. എന്നാല്‍ കോളേജിലെ മറ്റ് കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ചില ആശങ്കകളുണ്ട്. അതു പരിഹരിക്കണം. കോളേജില്‍ ഒരു തരത്തിലുള്ള വിവേചനവും അക്ഷരയ്ക്ക് വരാതെ നോക്കാന്‍ എനിക്ക് സാധിക്കും. പക്ഷേ ഞാന്‍ കോളേജ് പ്രിന്‍സിപ്പല്‍ മാത്രമാണ്. ഹോസ്റ്റല്‍ മാനേജ്‌മെന്റ് നേരിട്ട് നടത്തുന്നതാണ്. അവിടെ മറ്റു പല സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു ഓര്‍ഫനേജ് നടത്തുന്നുണ്ട്, ബധിരമൂക വിദ്യാര്‍ത്ഥികള്‍ക്കായുള്ള സെപ്ഷല്‍ സ്‌കൂള്‍ ഉണ്ട്. മാനേജ്‌മെന്റിന്റെ മറ്റു സ്ഥാപനങ്ങളിലെ, സിബിഎസ് സി സ്‌കൂളുകളിലെ കുട്ടികള്‍ ഉള്‍പ്പെടെ അവിടെ താമസിക്കുന്നുണ്ട്. ഈയൊരവസ്ഥയില്‍ എനിക്ക് അവിടെ നേരിട്ട് ഏതെങ്കിലും കാര്യത്തില്‍ ഇടപെടാന്‍ ബുദ്ധിമുട്ടുണ്ട്.


പക്ഷേ അക്ഷരയുടെ കാര്യം ഞാന്‍ മാനേജ്‌മെന്റിനെ അറിയിച്ചു. അതുവരെ ഇക്കാര്യത്തില്‍ വ്യക്തമായ എന്തെങ്കിലും ധാരണയോ അവര്‍ ഈ വിഷയത്തില്‍ ഇടപെടുകയോ ഒന്നും ചെയ്തിട്ടുണ്ടായിരുന്നില്ല. പക്ഷേ വിവരങ്ങളെല്ലാം അറിഞ്ഞു കഴിഞ്ഞപ്പോള്‍ അക്ഷരയ്ക്കുവേണ്ടി എന്ത് ചെയ്യാനും അവര്‍ തയ്യാര്‍. പക്ഷേ അവിടെയും പ്രശ്‌നം കുട്ടികളുടെ മാതാപിതാക്കളാണ്. അതുകൊണ്ട് ഇന്ന് (ചൊവ്വ) വിദ്യാര്‍ത്ഥികള്‍ക്കും മാര്‍ച്ച് 9നു (ബുധന്‍) ഹോസ്റ്റലിലെ കുട്ടികളുടെ മാതാപിതാക്കള്‍ക്കും ഒരു ബോധവത്കരണ ക്ലാസ് നല്‍കുകയാണ്. അവര്‍ക്ക് കാര്യങ്ങള്‍ ബോധ്യമാവുകയാണെങ്കില്‍ ഹോസ്റ്റലില്‍ ഒരു പ്രത്യേക റൂം അക്ഷരയ്ക്കായി നല്‍കാന്‍ മാനേജ്‌മെന്റ് തയ്യാറാകും.


അതായത് ഇനി ഈ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് മാതാപിതാക്കളാണ്. മാനേജ്‌മെന്റിനോ കോളേജ് പ്രിന്‍സിപ്പലിനോ ഏകപക്ഷീയമായി ഒന്നും ചെയ്യാനില്ല. വാര്‍ത്തകളില്‍ വന്നതുപോലെ തങ്ങള്‍ അക്ഷരയ്ക്ക് പ്രതികൂലമായി ഒന്നും ചെയ്തിട്ടില്ല. അക്ഷരയുടെ വീട്ടില്‍ അവളുടെ ആരോഗ്യവിവരം അറിയാനെത്തിയ അധ്യാപകര്‍പോലും തെറ്റായ രീതിയില്‍ വാര്‍ത്തയിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു. അക്ഷരയ്ക്ക് ഇത്തരമൊരു ആരോഗ്യപ്രശ്‌നം ഉണ്ടെന്നു മറ്റു വിദ്യാര്‍ത്ഥികള്‍ അറിയുന്നതുപോലും അക്ഷര പറഞ്ഞറിഞ്ഞാണ്. തങ്ങള്‍ മുഖാന്തരമല്ല. തന്നെക്കുറിച്ചുള്ള സത്യാവസ്ഥ വെളിപ്പെടുത്താതെയാണ് അക്ഷര അഡ്മിഷന്‍ നേടിയത് തന്നെ. പക്ഷേ എല്ലാം അറിഞ്ഞിട്ടും ആ കുട്ടിയെ പ്രത്യേക പരിഗണനയോടെ സംരക്ഷിക്കാനെ ശ്രമിച്ചിട്ടുള്ളൂ.

അവഗണിക്കുന്നതിനു പുറമെ അപമാനിക്കയുമരുത്
ഈ വാദങ്ങളെല്ലാം കേള്‍ക്കുന്നു. പക്ഷേ പറഞ്ഞതില്‍ പാതിയും അവാസ്തവമായ കാര്യങ്ങളെന്ന് അക്ഷര തന്നെ പറയുന്നു;

തന്നെ കുറിച്ച് ഒന്നും മറച്ചുവച്ചുകൊണ്ടല്ല അഡ്മിഷന്‍ നേടിയത്. കാരണം താനൊരിക്കലും തന്റെ ഐഡിന്ററ്റി ഹൈഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. ഒരു കോളേജില്‍ നിന്ന് തനിക്ക് അഡ്മിഷന്‍ കിട്ടാതെ പുറത്തുപോരേണ്ടി വന്നതുപോലും താന്‍ എച്ച് ഐ വി പോസിറ്റീവ് ആണെന്ന് അവരെ അറിയച്ചതുകൊണ്ടാണ്. മെറിറ്റില്‍ കിട്ടിയ അഡ്മിഷനാണ്. എന്റെ അവസ്ഥ ഞാന്‍ പറഞ്ഞറിഞ്ഞില്ലെങ്കില്‍ അവര്‍ ഒരിക്കലും എനിക്ക് അഡ്മിഷന്‍ തരാതിരിക്കില്ലായിരുന്നു. വിറാസില്‍ അഡ്മിഷനു വരുമ്പോഴും ആദ്യമേ ഇക്കാര്യം അറിയിച്ചിരുന്നു. ഒരുപക്ഷേ തിരികെ പോരേണ്ടി വരുമെന്ന് അറിഞ്ഞുകൊണ്ടു തന്നെ. എന്നാല്‍ അവരെനിക്ക് അഡ്മിഷന്‍ നല്‍കി. സഹപാഠികളോട് പറഞ്ഞില്ല എന്നത് സത്യമാണ്. ഞാന്‍ എല്ലാവരോടും പറഞ്ഞുകൊണ്ടു നടക്കണോ, ഞാനൊരു എച്ച് ഐ വി പോസിറ്റീവ് ആണെന്ന്? ഞാന്‍ മൂലം ആര്‍ക്കും ഒരുപദ്രവും ഉണ്ടാകില്ലെന്ന് ഉറപ്പുണ്ട്. പഠിക്കണമെന്നതുമാത്രമായിരുന്നു എന്റെ ലക്ഷ്യം.

ഈ പെൺകുട്ടി ഇനി എന്തു ചെയ്യണം? ഒരു എച്ച്.ഐ.വി ബാധിതയോട് നമ്മൾ ചെയ്യുന്നത്

രണ്ടാമതായി പ്രിന്‍സിപ്പല്‍ പറയുന്നത്, എനിക്ക് ടി ബിയുണ്ടോയെന്ന് അന്വേഷിച്ചറിയാനാണത്രേ അധ്യാപികമാര്‍ എന്റെ വീട്ടിലെത്തിയത് എന്ന്. കോളേജില്‍ നിന്നും എന്റെ വീട്ടിലേക്കും തിരിച്ചും ഏകദേശം എട്ടുമണിക്കൂര്‍ യാത്രയുണ്ട്. ഇത്രയും ദൂരം സഞ്ചരിച്ചു വന്നുവേണോ എനിക്ക് ടിബിയുണ്ടോ ഇല്ലയോ എന്ന് മനസിലാക്കാന്‍. ഒന്നും ഫോണ്‍ ചെയ്തു ചോദിച്ചാല്‍ പോരെ. അതല്ല, ഞാന്‍ നുണ പറഞ്ഞാലോ എന്നു പേടിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട് മുഖദാവില്‍ പരിശോധിക്കാന്‍ തീരുമാനിച്ചാവുമോ വന്നത്? എന്നാല്‍ വീട്ടില്‍ വന്ന അധ്യാപികമാര്‍ എന്റെയൊരു മെഡിക്കല്‍ റിപ്പോര്‍ട്ടും പരിശോധിച്ചതുമില്ല, എനിക്കങ്ങനെയൊരു അസുഖമുണ്ടോയെന്ന് അന്വേഷിച്ചതുമില്ല. അവര്‍ വന്നത് എന്നോട് ഹോസ്റ്റല്‍ റൂം ഒഴിയണമെന്ന് പറയാന്‍ തന്നെയായിരുന്നു. ഇക്കാര്യത്തില്‍ എനിക്കോ എന്റെ അമ്മയ്‌ക്കോ കള്ളത്തരം പറയേണ്ട കാര്യമില്ല. അവര്‍ക്ക് എന്നെ മാറ്റണമെന്ന് തന്നെയായിരുന്നു ആഗ്രഹം. അതൊരുപക്ഷേ മാനേജ്‌മെന്റിന്റെ സ്വന്തം താത്പര്യമാകണമെന്നില്ല. അവര്‍ പറയുന്നതുപോലെ മാതാപിതാക്കളുടെ ആശങ്ക പരിഹരിക്കാനായിരിക്കണം.


ഹോസ്റ്റല്‍ മാറണമെന്ന് ഞാനും എന്റെ അമ്മയും അങ്ങോട്ട് ആവശ്യപ്പെട്ടെന്നാണ് അടുത്ത വാദം. എനിക്കായി ഏതെങ്കിലും ആശ്രമം ശരിയാക്കി തരണമെന്ന് എന്റെ അമ്മ വന്ന അധ്യാപികമാരോട് ആവിശ്യപ്പെട്ടുമത്രേ! എന്നെ ഏതെങ്കിലും ആശ്രമത്തില്‍ നിര്‍ത്തി പഠിപ്പിക്കാന്‍ എന്റെ അമ്മ പറഞ്ഞെന്നൊക്കെ കേള്‍ക്കുമ്പോള്‍ സത്യത്തില്‍ സങ്കടം വരികയാണ്. ഇതിലുമൊക്കെ വലിയ പ്രസിസന്ധികള്‍ വന്നപ്പോള്‍ മൂന്നുമക്കളെയും ചേര്‍ത്തണച്ചു പിടിച്ചു ജീവിച്ച സ്ത്രീയാണ് എന്റെ അമ്മ. ആ അമ്മ എന്നെ മറ്റൊരിടത്തേക്ക് പറഞ്ഞയക്കില്ല. എനിക്ക് നല്ല ഭക്ഷണവും വൃത്തിയുള്ള അന്തരീക്ഷവും തരാന്‍ അമ്മയ്ക്ക് കഴിയും. എന്നിട്ടാണ് അവര്‍ പറയുന്നത് എനിക്കു താമസിക്കാന്‍ ഏതെങ്കിലും ആശ്രമം തിരക്കി കണ്ടു പിടിക്കാന്‍ അമ്മ പറഞ്ഞെന്ന്! സത്യത്തില്‍ അമ്മയെ അവര്‍ നിരന്തരം ഓരോന്നും പറഞ്ഞും എങ്ങനെയെങ്കിലും ഹോസ്റ്റലില്‍ നിന്നും ഞാന്‍ മാറുന്നത് സമ്മതിപ്പിക്കാനാണ് ശ്രമിച്ചത്. ഇതെല്ലാം കണ്ട് സഹികെട്ടാണ് ഹോസ്റ്റല്‍ ഒഴിയാന്ന് ഞാന്‍ സമ്മതിച്ചത്.

പനിയും തുടര്‍ന്നുണ്ടായ യൂറിനല്‍ ഇന്‍ഫെക്ഷനും കാരണം ഒരാഴ്ച്ചയോളം കോളേജില്‍ പോയിരുന്നില്ല. എന്നെ കാണാത്തതിനെ തുടര്‍ന്ന് ചില കുട്ടികള്‍ വിളിച്ചപ്പോഴാണ് ഡോക്ടര്‍ ഒരു സംശയം പറഞ്ഞതുകൊണ്ട് ടി ബിയുടെ ഒരു ചെക്കപ്പ് കൂടി കഴിഞ്ഞിട്ട് വരാമെന്ന് കൂട്ടുകാരോട് പറഞ്ഞത്. അതു കഴിഞ്ഞ് എന്തൊക്കെയാണ് നടന്നതെന്ന് എനിക്കറിയില്ല. എന്റെ കൂട്ടുകാരികള്‍ക്ക് എന്നോടു ഏതെങ്കിലും പ്രശ്‌നമുണ്ടെന്ന് എനിക്കിതുവരെ തോന്നിയിട്ടില്ല. ഒരുപക്ഷേ അവരുടെ മാതാപിതാക്കള്‍ക്ക് ചിലപ്പോള്‍ ഭയം ഉണ്ടായിക്കാണാം. ആ ഭയം ഇല്ലാതാക്കാനുള്ള ക്ലാസുകള്‍ നടക്കട്ടെ. പക്ഷേ എന്നിട്ടും അവരുടെ പേടി മാറിയില്ലെങ്കിലോ?

എനിക്കാരോടും പരാതിയോ പരിഭവമോ ഇല്ല. ഈ കോളേജില്‍ തന്നെ തുടര്‍ന്നു പഠിക്കണമെന്നുണ്ട്. അതിനു സാധിക്കണമെങ്കില്‍ ഹോസ്റ്റല്‍ സൗകര്യം കിട്ടണം. വീട്ടില്‍ നിന്നു പോയി വരുന്നത് വല്യ ബുദ്ധിമുട്ടാണ്. എട്ടുമണിക്കൂറോളം യാത്രയ്ക്കു തന്നെ വേണം. അതെന്റെ പഠനത്തെ ബാധിക്കും. എനിക്ക് ഫസ്റ്റ് സെമസ്റ്റര്‍ പരീക്ഷ തുടങ്ങാറായി. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ എന്നെ മാനസികമായി തളര്‍ത്തും. എനിക്ക് സ്വസ്ഥമായി പഠിക്കണം.

ഹോപ്പില്‍ നിന്നും ഞാന്‍ പോന്നത് ഭക്ഷണത്തിന്റെ രുചി പിടിക്കാഞ്ഞിട്ടാണെന്നൊക്കെ പറയുന്നത് എന്നെ അപമാനിക്കുന്നതിന് തുല്യമാണ്. മൂന്നുനേരം നല്ല ആഹാരം കിട്ടിയാലും ചില അന്തരീക്ഷത്തില്‍ നമുക്ക് ജീവിക്കാന്‍ സാധിക്കില്ല. ഹോപ്പിലെ അന്തേവാസികളോ അവിടുത്തെ രക്ഷാധികാരികളോ എനിക്കൊരിക്കലും ബുദ്ധിമുട്ടായിരുന്നില്ല. പക്ഷേ അളനക്കമില്ലാത്തൊരിടത്ത് ഒരൊറ്റ മുറിയിലുള്ള താമസം എനിക്ക് സഹിക്കാന്‍ പറ്റില്ലായിരുന്നു. എന്റെ മാനസികവിഷമം ആണ് നിങ്ങള്‍ മനസിലാക്കേണ്ടത്. അതു കാണാതെ ആഹാരം പിടിക്കാത്തതുകൊണ്ട് ഞാന്‍ ഇറങ്ങിപ്പോന്നു എന്നു പറയുന്നു. എന്തിനാണ് പ്രിന്‍സിപ്പല്‍ ഇങ്ങനെ കള്ളം പറയുന്നത്?


രണ്ടുദിവസവും കൂടി ഞാന്‍ കാത്തിരിക്കുകയാണ്. ഇത്തരമൊരു ബോധവത്കരണ ക്ലാസ് നേരത്തെ തന്നെ നടത്തണമെന്ന് ഞാന്‍ നേരിട്ട് പ്രിന്‍സിപ്പലിനോട് ആവശ്യപ്പെട്ടതാണ്. പക്ഷേ അന്നൊന്നും അദ്ദേഹമത് കേട്ടില്ല. പകരം രാത്രികാലങ്ങളില്‍ എച്ച് ഐ വി വൈറസ് വേഗത്തില്‍ പകരാറുണ്ടെന്ന് ആര്‍ക്കുവേണ്ടിയോ ന്യായം കണ്ടെത്താനായിരുന്നു അദ്ദേഹത്തിനു തിടുക്കം. ഇപ്പോള്‍ അദ്ദേഹം കാര്യങ്ങള്‍ നല്ലരീതിയില്‍ പോകണമെന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ അതെന്നെ സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്നു. ഒപ്പം നിര്‍ത്തണ്ട, ഒറ്റയ്ക്കാണെങ്കിലും ഒരിടം തന്നാല്‍ മതി. അവിടെയിരുന്ന് ഞാനെന്റെ സ്വപ്‌നങ്ങള്‍ നെയ്‌തോളം. പറ്റില്ലെന്നു മാത്രം പറയരുത്.അക്ഷരയെ നിങ്ങള്‍ എന്തിനാണ് ഭയക്കുന്നത്?
പ്രിന്‍സിപ്പല്‍ ജുനൈദ് പറഞ്ഞകാര്യങ്ങളനുസരിച്ച് ഹോസ്റ്റലിലെ കുട്ടികളുടെ മാതാപിതാക്കള്‍ അക്ഷരയുടെ സാമിപ്യം തങ്ങളുടെ കുട്ടികള്‍ക്ക് ഉണ്ടാകാന്‍ ആഗ്രഹിക്കാത്തവരാണ്! അതുകൊണ്ട് ഒരു എയ്ഡ്‌സ് രോഗിക്കൊപ്പമാണോ ഞങ്ങളുടെ കുട്ടികളെ താമസിപ്പിക്കുന്നതെന്ന് അവര്‍ ചോദിച്ചത്? ആ തെറ്റിദ്ധാരണ തിരുത്തിയപ്പോള്‍ അവര്‍ കണ്ടുപിടിച്ച അടുത്ത 'കുറ്റ'മാണ് ക്ഷയം. . മാനേജ്‌മെന്റിനെയും കുഴക്കിയ പ്രശ്‌നം!

ഈ മാതാപിതാക്കളും മാനേജ്‌മെന്റും കൂടി എന്തിനാണ് ഒരു പെണ്‍കുട്ടിയെ ഇങ്ങനെ അപമാനിക്കുന്നത്? സ്വന്തം മക്കളുടെ കാര്യത്തില്‍ ഒരു റിസ്‌ക് എടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് മാനേജ്‌മെന്റിനെ രക്ഷകര്‍ത്താക്കള്‍ അറിയിച്ചിട്ടുള്ളത്. അങ്ങനെയുള്ളവര്‍ ഒരു കൗണ്‍സിലിംഗ് ക്ലാസില്‍ പങ്കെടുത്താല്‍ തീരുമാനം മാറ്റുമെന്നാണോ? എന്റെ കുട്ടിക്ക് എന്തെങ്കിലും വന്നുപോയാല്‍ ആരു സമാധാനം പറയുമെന്ന ഒരമ്മയുടെ ചോദ്യത്തിന് ഞാനെന്ത് ഉത്തരം പറയണമെന്നാണ് പ്രിന്‍സിപ്പല്‍ തന്റെ നിസഹായാവസ്ഥ പ്രകടിപ്പിക്കുന്നത്. പത്തുമുപ്പതു വര്‍ഷം സയന്‍സ് പഠിപ്പിച്ചൊരാളാണന്നു അങ്ങു തന്നെ പറയുന്നു. പിന്നെന്തിന് അങ്ങ് ഉത്തരം പറയാന്‍ കഴിയാതെ കുഴങ്ങണം?

എച്ച് ഐ വി പോസ്റ്റീവ് ആയൊരാള്‍ കൂടെ ഇരുന്നാലോ ഒരുമിച്ച് ഒരു മുറിയില്‍ ഉറങ്ങിയാലോ കൂടെയുള്ളയാള്‍ക്ക് പകരുമെന്നത് മൂഢത്തരമാണെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് അറിയാം. ഇനി അങ്ങുപറയുന്നതുപോലെ അക്ഷരയ്ക്ക് ടി ബി ആണെങ്കില്‍ എങ്ങനെ ആ കുട്ടിയെ മറ്റുള്ളവര്‍ക്കൊപ്പം താമസിപ്പിക്കുമെന്ന സംശയത്തിന്, അങ്ങയുടെ ദൂതര്‍ തന്നെ നേരില്‍ കണ്ട് ബോധ്യപ്പെട്ട് തെളിവു തന്നിട്ടുണ്ടല്ലോ... നേരില്‍ കണ്ടുബോധ്യപ്പെട്ട കാര്യം മറ്റുള്ളവരെ പറഞ്ഞു മനസിലാക്കിക്കാന്‍ എന്തിനിത്ര അമാന്തം?

പക്ഷേ സത്യത്തില്‍ അങ്ങയുടെ ടീച്ചര്‍മാര്‍ ആരുടെയും രോഗവിവരം അന്വേഷിക്കാന്‍ പോയതല്ലെന്നും മറിച്ച് നിങ്ങളെല്ലാവരും തികച്ചും ഏകപക്ഷീയമായി എടുത്തൊരു തീരുമാനം അറിയിക്കാന്‍ വേണ്ടി മാത്രമാണെന്നതും മറച്ചു പിടിക്കുന്നതില്‍ കാര്യമില്ല. നിങ്ങള്‍ക്കൊരു ഭയമുണ്ടായിരുന്നു. അതുകൊണ്ടാണ് ആര്‍ക്കുമൊരു കേടും സംഭവിക്കാതെ നയത്തില്‍ കാര്യങ്ങള്‍ തീര്‍ക്കാന്‍ ശ്രമിച്ചത്. മാധ്യമങ്ങള്‍ ഇതു വാര്‍ത്തയാക്കിയത് ശരിയായില്ലെന്നുള്ള പരിഭവത്തില്‍ തന്നെ കാര്യങ്ങള്‍ കൈവിട്ടുപോയതിന്റെ നിരാശയുണ്ട്.

അക്ഷരയെ നിങ്ങള്‍ എന്തിനാണ് ഭയക്കുന്നത്? നിങ്ങളുടെയെല്ലാം സംശയങ്ങള്‍ സത്യമാകണമെങ്കില്‍ ഇക്കാലത്തിനിടയില്‍ അക്ഷരയുടെ മൂത്തസഹോദരി എച്ച് ഐ വി പോസ്റ്റീവ് ആയി മാറിയിരിക്കണം. അതുണ്ടായിട്ടില്ല. അക്ഷര പ്ലസ് ടു കഴിഞ്ഞാണ് ഈ കോളേജിലേക്ക് വരുന്നത്. മുന്‍പ് പഠി്ച്ചിടങ്ങളിലൊന്നും അവള്‍ക്ക് ഇതുപോലൊരു വിവേചനം ഉണ്ടായിട്ടില്ല. പിന്നെ ഇത്രമേല്‍ സാമുഹികമായും വിദ്യാഭ്യാസപരമായും ഔന്നത്യമുള്ള അങ്ങയെ പോലുള്ളവരുടെ സാമിപ്യത്തില്‍ തന്നെ ആ കുട്ടിക്ക് ജീവിതത്തില്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നാല്‍... അതു മോശമാണ് സാര്‍.

സ്വന്തം മക്കളുടെ കാര്യത്തില്‍ റിസ്‌കെടുക്കാത്ത മാതാപിതാക്കളോട്
അക്ഷരയെ ഭയക്കുന്ന അമ്മമാരോട്, നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ സ്‌നേഹിക്കുന്നതുപോലെ ഒരമ്മ അക്ഷരയെയും സ്‌നേഹിക്കുന്നുണ്ട്. അവരുടെ നെഞ്ചിന്റെ മിടിപ്പ് നിങ്ങള്‍ കേള്‍ക്കണം. അകാരണമായ ഭയമാണ് നിങ്ങളെ പൊതിഞ്ഞിരിക്കുന്നത്. സ്വന്തം കുട്ടികളെ പ്രതിയായിരിക്കാമത്. പക്ഷേ അടിസ്ഥാനമില്ലാത്ത ആശങ്ക ജീവിതത്തെ കുറിച്ച് ഒരുപാട് സ്വപ്‌നം കണ്ടൊരു പെണ്‍കുട്ടിയുടെ ചിറകുകള്‍ അറുത്തിടും. ഉയരങ്ങള്‍ തേടിയുള്ള അവളുടെ യാത്ര നിങ്ങള്‍ തടയരുത്. നിങ്ങളുടെ കുട്ടിയെപ്പോലെ തന്നെയാണ് അക്ഷരയും. ഒന്നില്ലെന്നു പറയുമ്പോള്‍ പിന്നെയും പിന്നെയും ഓരോരോ അസുഖങ്ങള്‍ ആ കുട്ടിയിലുണ്ടെന്ന് നിങ്ങള്‍ കണ്ടെത്തുന്നു. ഒടുവില്‍ അക്ഷരയെ മാറ്റിനിര്‍ത്താനുള്ള പലകാരണങ്ങള്‍ നിങ്ങള്‍ക്കുണ്ടാകാം. ഒരു കുട്ടിക്കു വേണ്ടി മറ്റുള്ളവരെ ബുദ്ധിമുട്ടിലാക്കാന്‍ മാനേജ്‌മെന്റും തയ്യാറാകില്ല. അങ്ങനെ വന്നാല്‍ അക്ഷരയ്ക്ക് കോളേജ് ഹോസ്റ്റല്‍ അന്യമാകും. അതു സംഭവിക്കരുത്. അവള്‍ക്കിങ്ങനെയൊരു വിധി ഉണ്ടായത് അവളുടെ തെറ്റുകൊണ്ടല്ല. അക്ഷര നമ്മുടെ മകളാണ്, സഹോദരിയാണ്, സുഹൃത്താണ് എന്ന് ചിന്തിക്കുക. പിന്നെങ്ങനെ നമുക്കവളെ മാറ്റി നിര്‍ത്താന്‍ കഴിയും?

വ്യാഴാഴ്ച്ച മുതല്‍ അക്ഷര വീണ്ടും ഹോസ്റ്റലില്‍ തമസം അരാംഭിക്കട്ടെ. അവിടെയിരുന്നവള്‍ പഠിക്കും...വലിയ വിജയം നേടും..ഒടുവില്‍ അവളുടെ സ്വപ്‌നമായ ഐ എ എസും...

(എഡിറ്റര്‍; തന്റെ ഐഡിന്റിറ്റി വെളിപ്പെടണമെന്ന് അക്ഷരയുടെ ആവശ്യപ്രകാരമാണ് യഥാര്‍ത്ഥപേരും ചിത്രവും ചേര്‍ത്തിരിക്കുന്നത്. എച്ച് ഐ വി ബാധിതരായവരുടെ പേരോ ചിത്രങ്ങളോ പ്രസിദ്ധപ്പെടുത്തുന്നതിന് നിയമം തടസം പറയുന്നുണ്ട്. എന്നാല്‍ തന്റെ കാര്യത്തില്‍ മറഞ്ഞു നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എല്ലാവരും തന്നെ തിരിച്ചറിയണമെന്നും അതിനാല്‍, പേരും ചിത്രവും പ്രസിദ്ധപ്പെടുത്താന്‍ സ്വമനസാലെ അഴിമുഖത്തിന് അനുമതി നല്‍കിയിരിക്കുന്നുവെന്നും അക്ഷര വ്യക്തമാക്കുന്നു)

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് ലേഖകന്‍)


Next Story

Related Stories