TopTop
Begin typing your search above and press return to search.

'ബിഗ് ഇംഗ്ലീഷ്' സംസാരിക്കുന്ന അക്കൂഫോ-ആഡോ ഘാനയുടെ പ്രസിഡന്‍റാകുമ്പോള്‍

ബിഗ് ഇംഗ്ലീഷ് സംസാരിക്കുന്ന അക്കൂഫോ-ആഡോ ഘാനയുടെ പ്രസിഡന്‍റാകുമ്പോള്‍

പൌളീന്‍ ബാക്സ്

ഘാനയുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട നാന അക്കൂഫോ-ആഡോയുടെ കുടുംബം പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെ ഒരു പ്രസ്ഥാനം തന്നെയാണ്. അദ്ദേഹത്തിന്‍റെ അച്ഛന്‍റെയും അമ്മാവന്‍റെയും ചിത്രങ്ങള്‍ അവിടത്തെ കറന്‍സിയില്‍ അച്ചടിച്ചിട്ടുണ്ട്.

അഭിഭാഷകനും മുന്‍ വിദേശകാര്യ മന്ത്രിയുമായ അക്കൂഫോ-ആഡോ എന്നും പൊതുപ്രവര്‍ത്തകനായിരുന്നു. രാജ്യത്ത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഇനിയും ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത ബോക്സൈറ്റ് നിക്ഷേപങ്ങള്‍ ഖനനം ചെയ്യുമെന്നും ദരിദ്രമായ വടക്കന്‍ പ്രദേശങ്ങളില്‍ ജലസേചന സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തി കൃഷി മെച്ചപ്പെടുത്തുമെന്നുമൊക്കെയാണ് അക്കൂഫോ-ആഡോയുടെ വാഗ്ദാനങ്ങള്‍. കഴിഞ്ഞ ഡിസംബര്‍ 7നു നടന്ന തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്‍റ് ജോണ്‍ മഹാമയെയാണ് ആഡോ പരാജയപ്പെടുത്തിയത്.

അന്താരാഷ്ട്ര നാണ്യ നിധിയില്‍ (IMF) നിന്നു ഒരു ബില്ല്യണ്‍ ഡോളര്‍ ധനസഹായം ആവശ്യമായി വന്ന, കഴിഞ്ഞ രണ്ടു ദശകങ്ങളായി ഏറ്റവും കുറവ് വളര്‍ച്ച രേഖപ്പെടുത്തുന്ന ഘാനയുടെ സമ്പദ് വ്യവസ്ഥയെ ഈ നടപടികള്‍ ഉയര്‍ത്തുമെന്ന് അദ്ദേഹം പറയുന്നു. വൈദ്യുതിക്ഷാമത്തെ തുടര്‍ന്ന് 24 മണിക്കൂര്‍ പവര്‍ കട്ട് സ്ഥിരമായതോടെ ചെറുകിട വ്യവസായങ്ങള്‍ പ്രതിസന്ധിയിലായി. അതോടെ ഭക്ഷണസാധനങ്ങളുടെയും ഇന്ധനത്തിന്‍റെയും വില കുതിച്ചുയര്‍ന്നു.

സബ്-സഹാറന്‍ ആഫ്രിക്കയില്‍ ആദ്യമായി വിദേശാധിപത്യത്തില്‍ നിന്ന് സ്വതന്ത്രമായ കോളനിയാണ് ഘാന. 1957ല്‍ ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയെടുക്കാന്‍ കാരണക്കാരായ 'ബിഗ് സിക്സ്' എന്നറിയപ്പെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകരുടെ സംഘത്തിലെ അംഗങ്ങളായിരുന്നു അക്കൂഫോ-ആഡോയുടെ പിതാവ് എഡ്വേര്‍ഡും അമ്മാവന്‍ വില്ല്യം ഓഫോരി അട്ടായും. മുന്‍ ചീഫ് ജസ്റ്റിസായിരുന്ന എഡ്വേര്‍ഡ് അക്കൂഫോ-ആഡോ 1972ലെ അട്ടിമറി ഉണ്ടാകുന്നതിനു മുന്‍പു കുറച്ചു കാലം നോണ്‍-എക്സിക്യൂട്ടീവ് പ്രസിഡന്‍റുമായിരുന്നു. തന്‍റെ കുടുംബത്തിന്‍റെ സമ്പത്തും പ്രാധാന്യവും മൂലം പണത്തിനായി അധികാരത്തിലേറേണ്ട ആവശ്യം തനിക്കില്ലെന്ന് അക്കൂഫോ-ആഡോ ആവര്‍ത്തിക്കാറുണ്ട്.

"നാന അക്കൂഫോ-ആഡോയുടെ യൌവ്വനകാലം മുഴുവനായും ഏതാണ്ട് പൊതുസേവനത്തിലായിരുന്നു. ആളുകളെ നിയന്ത്രിക്കാനും നയിക്കാനുമുള്ള പാടവം അദ്ദേഹത്തിനുണ്ട്. ഒരു സമ്പന്ന കുടുംബത്തില്‍ നിന്നുള്ള 72കാരനാണ് അക്കൂഫോ-ആഡോ, അദ്ദേഹത്തിന് നഷ്ടപ്പെടാനൊന്നുമില്ല," ഘാനയുടെ തലസ്ഥാനമായ ആക്രയില്‍ നിന്ന് സോന്‍ഘായ് അഡ്വൈസറിയിലെ അനലിസ്റ്റ് ഇമ്മാനുവല്‍ ഡാര്‍ക്വ ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞു.

58കാരനായ തന്‍റെ മുന്‍ഗാമിയുടെ സ്വീകാര്യതയും സ്വാധീനവും കാരണം രണ്ടു തവണ അക്കൂഫോ-ആഡോ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന് രാജ്യത്തെ വലിയൊരു ഭാഗം വരുന്ന തൊഴിലില്ലാത്ത യുവാക്കളുമായി സമ്പര്‍ക്കമില്ല എന്നായിരുന്നു വിമര്‍ശകരുടെ വാദം. സുഖസൌകര്യങ്ങളില്‍ ജനിച്ച അക്കൂഫോ-ആഡോ ശുദ്ധമായ ബ്രിട്ടീഷ് ആക്സന്‍റോടെ ഇംഗ്ലീഷ് സംസാരിക്കുന്ന രാഷ്ട്രീയക്കാരനാണ്. ഘാനയിലെ നാടന്‍ ഭാഷയില്‍ ഇതിനെ 'ബിഗ് ഇംഗ്ലീഷ്' എന്നാണ് വിളിക്കുന്നത്. പ്രമാണിമാരുടെ കുടുംബത്തില്‍ വളര്‍ന്നതു കൊണ്ടാണ് അക്കൂഫോ-ആഡോയ്ക്ക് അധികാരസ്ഥാനങ്ങള്‍ അവകാശമായി തോന്നുന്നത് എന്നും എതിരാളികള്‍ പറഞ്ഞു.

2008ലും 2012ലും ഈ ഘടകങ്ങള്‍ അദ്ദേഹത്തിനെതിരായി വന്നെങ്കില്‍ ഇത്തവണ അക്കൂഫോ-ആഡോ ആ കാഴ്ചപ്പാടുകളെ മറി കടന്നതായി ഘാന ചരിത്ര വിദഗ്ദ്ധനും നെതര്‍ലാന്‍ഡ്സ് ലൈഡനിലെ ആഫ്രിക്ക സ്റ്റഡി സെന്‍ററിലെ വിസിറ്റിങ് പ്രൊഫസറുമായ സാമുവല്‍ എന്‍റിവുസു പറയുന്നു.

"പ്രചാരണ സമയത്ത് സാധാരണക്കാരായ ജനങ്ങള്‍ ഉപയോഗിക്കുന്ന സാധനങ്ങളാണ് അദ്ദേഹവും ഉപയോഗിച്ചത്: കുപ്പി വെള്ളത്തിനു പകരം ചെറിയ പ്ലാസ്റ്റിക് കവറില്‍ കിട്ടുന്ന വെള്ളം കുടിച്ചു, വൈനിനു പകരം നാടന്‍ വാറ്റായ കലിപ്സോയും. നഗരങ്ങള്‍ക്കു പകരം ഗ്രാമങ്ങളിലെ പ്രചാരണത്തില്‍ ശ്രദ്ധിച്ചു. ഇതെല്ലാം ഫലം ചെയ്തു," സാമുവല്‍ എന്‍റിവുസു പറഞ്ഞു.

1992ല്‍ സിവിലിയന്‍ ഭരണത്തില്‍ തിരിച്ചെത്തിയ ശേഷം ഘാനയുടെ രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന രണ്ട് പ്രധാന പാര്‍ട്ടികള്‍ക്കാണ് അവയുടെ നേതാക്കളേക്കാള്‍ ജനങ്ങള്‍ പ്രാധാന്യം കൊടുക്കുന്നത്. നയപരമായ നിലപാടുകളും ഇത്തവണ നിര്‍ണ്ണായകമായിരുന്നു.

"ഇത്തവണ തെരഞ്ഞെടുപ്പ് ഫലം തീരുമാനിച്ചത് പോളിസി ലക്ഷ്യങ്ങളാണ്," സോന്‍ഘായ് അഡ്വൈസറിയിലെ ഡാര്‍ക്വ പറഞ്ഞു. "ജനങ്ങള്‍ പ്രതീക്ഷിച്ചതു പോലെ മഹാമ അഴിമതിക്കെതിരെ പ്രവര്‍ത്തിച്ചില്ല. തോല്‍വിയുടെ പല കാരണങ്ങളില്‍ ഒന്നായി അത്. പല വലിയ അഴിമതിക്കേസുകള്‍ ഉണ്ടായി, അവയുടെ വിചാരണ ഗവണ്‍മെന്‍റ് വളരെ സാവധാനമാണ് നടപ്പിലാക്കിയത്. ജനങ്ങള്‍ക്ക് അതില്‍ അമര്‍ഷമുണ്ട്."

മഹാമ ഭരണത്തിന്‍റെ കീഴില്‍ നാണ്യപ്പെരുപ്പം ഉയര്‍ന്നതായിരുന്നു. പാചക എണ്ണ, തക്കാളി മുതലായവ തുടങ്ങി ഗാസൊലിന്‍ വരെയുള്ളവയുടെ വില മാസംതോറും കുതിച്ചുയര്‍ന്നു. രണ്ടു വര്‍ഷം കൊണ്ട് സെഡിയുടെ മൂല്യം മൂന്നിലൊന്നു കുറഞ്ഞു. ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാന്‍ ഗവണ്‍മെന്‍റ് പാടുപെട്ടു; ഓരോ 36 മണിക്കൂര്‍ കഴിയുമ്പോഴും 24 മണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ടി വന്നു. ആഗോളതലത്തിലുള്ള വിലയിടിവ് സ്വര്‍ണ്ണത്തില്‍ നിന്നും എണ്ണയില്‍ നിന്നുമുള്ള വരുമാനത്തെ സാരമായി ബാധിച്ചു.

കഴിഞ്ഞ വര്‍ഷം ആക്രയിലെ വെള്ളപ്പൊക്ക സമയത്ത് ഒരു ഗ്യാസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തില്‍ 150 പേര്‍ മരിച്ചു. 2001ല്‍ ഒരു സ്റ്റേഡിയത്തിലെ തിക്കും തിരക്കും മൂലം ഉണ്ടായ അപകടത്തിനു ശേഷം നടന്ന ഏറ്റവും വലിയ ദുരന്തമായിരുന്നു അത്.

ജനുവരി 7നു നടക്കുന്ന ഉദ്ഘാടനത്തിനു ശേഷം അക്കൂഫോ-ആഡോ നേരിടുന്ന പ്രധാന വെല്ലുവിളി മഹാമയുടെ വീഴ്ചകള്‍ പരിഹരിക്കുക എന്നതാവും.

"തീരുമാനങ്ങളെടുക്കുന്നതില്‍ അക്കൂഫോ-ആഡോയുടെ കഴിവുകള്‍ സംശയാസ്പദമാണ്," വെരിസ്ക് മേപിള്‍ക്രോഫ്റ്റിലെ അനലിസ്റ്റായ മാള്‍ട്ട് ലീവര്‍ഷൈറ്റ് ഈ-മെയിലില്‍ പറഞ്ഞു. "അദ്ദേഹത്തിന്‍റെ പാര്‍ട്ടിയായ ന്യൂ പേട്രിയോട്ടിക് പാര്‍ട്ടിയിലെ ഭിന്നതകള്‍ ഭരണത്തെ പ്രതികൂലമായി ബാധിക്കും."

നാഷണല്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ്സിന്‍റെ എട്ടു വര്‍ഷം നീണ്ട ഭരണത്തിന്‍റെ അവസാനം കുറിക്കുന്നതാണ് അക്കൂഫോ-ആഡോയുടെ വിജയം. അദ്ദേഹത്തിന്‍റെ ന്യൂ പേട്രിയോട്ടിക് പാര്‍ട്ടിയുടെ തോല്‍വിയെ തുടര്‍ന്നാണ് നാഷണല്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ്സ് അധികാരത്തിലേറിയത്.

"ഘാനക്കാര്‍ക്ക് എട്ടു വര്‍ഷം കൂടുമ്പോള്‍ ഗവണ്‍മെന്‍റിനെ മാറ്റുന്ന സ്വഭാവമുണ്ടെന്നാണ് നമുക്കിപ്പോള്‍ കാണാന്‍ കഴിയുന്നത്. നിങ്ങള്‍ എന്തൊക്കെ നയങ്ങള്‍ രൂപീകരിച്ചാലും അടിസ്ഥാനസൌകര്യങ്ങള്‍ക്കായി എന്തൊക്കെ പ്രോജക്റ്റുകള്‍ ചെയ്താലും എട്ടു വര്‍ഷം കഴിയുമ്പോള്‍ അവര്‍ നിങ്ങളെ വോട്ടു ചെയ്തു പുറത്താക്കാനും മതി," എന്‍റിവുസു പറഞ്ഞു.


Next Story

Related Stories