TopTop
Begin typing your search above and press return to search.

അല്‍ ജസീറയുടെ അമേരിക്കന്‍ പതനം

അല്‍ ജസീറയുടെ അമേരിക്കന്‍ പതനം

ടീം അഴിമുഖം

പ്രവര്‍ത്തനം തുടങ്ങി മൂന്നുവര്‍ഷം തികയും മുന്‍പേ അല്‍ ജസീറ അമേരിക്ക പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. തീരുമാനം കഴിഞ്ഞയാഴ്ച മുന്നറിയിപ്പൊന്നുമില്ലാതെ ജീവനക്കാരെ അറിയിക്കുകയായിരുന്നു. ഏപ്രില്‍ 30 ആയിരിക്കും അവസാന സംപ്രേഷണ ദിനം.

തുടക്കം മുതല്‍ പ്രശ്‌നത്തിലായിരുന്നു അല്‍ ജസീറ അമേരിക്ക. ആദ്യദിനത്തില്‍ സംപ്രേഷണം തുടങ്ങി ഏഴുമണിക്കൂറിനകം കാരിയര്‍മാരില്‍ ഒന്നായ എ ടി ആന്‍ഡ് ടിയുമായി നിയമക്കുരുക്കിലായി. ചാനലിന്റെ സംപ്രേഷണം ഉപേക്ഷിക്കാന്‍ എ ടി ആന്‍ഡ് ടി തീരുമാനിക്കുകയായിരുന്നു. പ്രൈം ടൈമില്‍പ്പോലും ചാനലിന്റെ കാഴ്ചക്കാരുടെ എണ്ണം 20,000 - 40,000 കടന്നില്ല എന്നത് മറ്റൊരു കാര്യം. 2015ന്റെ മൂന്നാം പാദത്തില്‍ ഫോക്‌സ് ന്യൂസ് ശരാശരി കാഴ്ചക്കാരുടെ എണ്ണം 1.95 മില്യണ്‍ ആയിരുന്നു എന്നോര്‍ക്കുക.

കേബിള്‍ പ്ലാനുകളില്‍ അല്‍ ജസീറയെ ഉള്‍പ്പെടുത്താന്‍ മിക്ക ഓപ്പറേറ്റര്‍മാരും തയാറായില്ല. തയാറായവരാകട്ടെ ചെലവുകൂടിയ പ്ലാനുകളാണു നല്‍കിയത്. യുഎസിലെ യാഥാസ്ഥിതിക പരസ്യവിപണിയില്‍ ചാനലിന്റെ മധ്യപൂര്‍വേഷ്യ ബന്ധം വിലങ്ങുതടിയായി. ഇങ്ങനെ പല തരത്തിലും അമേരിക്കയില്‍ കാലുറപ്പിക്കാന്‍ അല്‍ ജസീറയ്ക്കു സാധിച്ചില്ല.

ആദ്യ സിഇഒ ഇഹാബ് എല്‍ ഷിഹാബിയെ മാറ്റി ചാനലിനെ രക്ഷിക്കാന്‍ അല്‍ ആന്‍സ്റ്റെയെ കൊണ്ടുവന്നു. ഏതാനും ആഴ്ചകള്‍ക്കകം ജീവനക്കാര്‍ യൂണിയന്‍ പ്രഖ്യാപിച്ചപ്പോള്‍ മാനേജ്‌മെന്റ് മുതിര്‍ന്ന ജീവനക്കാരെ ഉള്‍പ്പെടുത്താന്‍ തയാറായില്ല.

ഡിജിറ്റല്‍ ഓപ്പറേഷനുകള്‍ വ്യാപിപ്പിക്കുമെന്നാണ് നെറ്റ്‌വര്‍ക്ക് അറിയിച്ചിരിക്കുന്നത്. 'മഹത്തായ മാധ്യമപ്രവര്‍ത്തനത്തിനുവേണ്ടിയുള്ള ജീവനക്കാരുടെ എതിരില്ലാത്ത പ്രതിബദ്ധതയെയും മികവുറ്റ പ്രവര്‍ത്തനത്തെയും ബഹുമാനിക്കുന്നു,' അടച്ചുപൂട്ടല്‍ തീരുമാനം അറിയിച്ചുകൊണ്ടുള്ള വാര്‍ത്താക്കുറിപ്പില്‍ ആന്‍സ്റ്റെ പറയുന്നു. ' മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തമായി നാം മികച്ച പ്രവര്‍ത്തനം നടത്തി. കഴിഞ്ഞ രണ്ടര വര്‍ഷത്തെ നേട്ടങ്ങള്‍ എല്ലാവര്‍ക്കും അഭിമാനിക്കാവുന്നവയാണ്.'ടിവി ന്യൂസ് ഇന്‍ഡസ്ട്രി ന്യൂസ് ലെറ്റര്‍ 'ദ് ടിന്‍ഡാല്‍ റിപ്പോര്‍ട്ടി'ന്റെ പ്രസാധകന്‍ ആന്‍ഡ്രൂ ടിന്‍ഡാല്‍ ഇങ്ങനെ പറയുന്നു: ' ആദ്യം മുതല്‍ ഞാന്‍ ഇതു ചോദിച്ചതാണ്. എന്തിനാണ് അവര്‍ ഇത് തുടങ്ങിയത്? കേബിള്‍ ന്യൂസ് നെറ്റ്‌വര്‍ക്ക് എന്നത് തൊണ്ണൂറുകളിലെ ആശയമാണ്. കഴിഞ്ഞുപോയ കാലത്തിന്റെ മാധ്യമത്തില്‍ ഒരു ബ്രാന്‍ഡ് സ്ഥാപിക്കാനാണ് അവര്‍ ശ്രമിച്ചത്. എന്തുകൊണ്ട് ഒരു വെബ്‌സൈറ്റ് നടത്താന്‍ തീരുമാനിച്ചില്ല?'

അമേരിക്കന്‍ ടിവി രംഗത്തേക്കുള്ള അല്‍ ജസീറയുടെ വരവ് വളരെക്കാലം ആലോചിച്ചെടുത്ത തീരുമാനമാണ്. മധ്യപൂര്‍വേഷ്യയില്‍ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുകയും മോശം റിപ്പോര്‍ട്ടര്‍മാരെ നിയോഗിക്കുകയും ചെയ്തതിന് പല യുഎസ് ടിവി നെറ്റ് വര്‍ക്കുകളും വിമര്‍ശനം നേരിടുന്ന കാലത്താണ് ഖത്തര്‍ ആസ്ഥാനമായ അല്‍ജസീറ തെളിഞ്ഞ റിപ്പോര്‍ട്ടിങ് കൊണ്ട് ബഹുമാന്യത നേടിയത്. പ്രശംസകളില്‍ പ്രേരിതരായി ചാനല്‍ യുഎസില്‍ അല്‍ ഗോറിന്റെ കറന്റ് ടിവി 500 മില്യണ്‍ ഡോളറിന് വാങ്ങുകയായിരുന്നു. ഖത്തര്‍ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ചാനല്‍ എണ്ണപ്പണം കൊണ്ടാണ് പ്രവര്‍ത്തിച്ചിരുന്നത്.

'15 വര്‍ഷമായി ഖത്തര്‍ ഒരു ആഗോളശക്തിയാകാന്‍ ശ്രമിക്കുകയാണ്,' ടിന്‍ഡാല്‍ ചൂണ്ടിക്കാട്ടുന്നു. ' സ്‌പോര്‍ട്‌സ് കേന്ദ്രം, വിനോദസഞ്ചാര കേന്ദ്രം, വിമാന സര്‍വീസ്, അക്കാദമിക് സെന്റര്‍ തുടങ്ങി നിരവധി വഴികളില്‍ വന്‍തോതില്‍ പണം ചെലവഴിച്ച് ആഗോളബ്രാന്‍ഡായി മാറാന്‍ അവര്‍ ശ്രമിക്കുന്നു'.

എണ്ണപ്പണത്തിന് ഇപ്പോള്‍ നല്ല സമയമല്ല. ക്രൂഡ് ഓയില്‍ ബാരലിന് 30 ഡോളറില്‍ താഴെയാണ് വില. അഞ്ചുവര്‍ഷത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഈ കൊച്ചുരാജ്യത്തെ ശമ്പളവര്‍ധനയെന്നും അടുത്തിടെ വന്ന വാര്‍ത്തകള്‍ കാണിക്കുന്നു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories