TopTop
Begin typing your search above and press return to search.

അതൊരു യന്ത്രമായിരുന്നുവെന്ന്‍ അറിയാന്‍ വൈകുന്ന കാലം

അതൊരു യന്ത്രമായിരുന്നുവെന്ന്‍ അറിയാന്‍ വൈകുന്ന കാലം

ഡൊമിനിക് ബസൂള്‍ട്ടോ
(വാഷിംഗ്ടണ്‍ പോസ്റ്റ്‌)


താനൊരു മനുഷ്യനാണെന്ന് ഒരു കൂട്ടം മനുഷ്യരെ തെറ്റിദ്ധരിപ്പിക്കാനൊരു കമ്പ്യൂട്ടറിനാവുന്ന ദിവസമായിരിക്കും യാന്ത്രിക ബുദ്ധിയുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട ദിവസമെന്നു ബ്രിട്ടീഷ് ഗണിതജ്ഞനായ അലന്‍ ട്യൂറിംഗ് 65 വര്‍ഷങ്ങള്‍ക്കു മുന്പ് പ്രവചിച്ചിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു കൂട്ടം മനുഷ്യ വിധികര്‍ത്താക്കളില്‍ മൂന്നിലൊന്നു പേരെയും താന്‍ ഉക്രൈനില്‍ നിന്നുള്ള 13 വയസ്സുകാരന്‍ യൂജീന്‍ ഗൂസ്റ്റ്മാനാണെന്നു വിശ്വസിപ്പിക്കാന്‍ ഒരു സൂപ്പര്‍ കമ്പ്യൂട്ടറിന് സാധിച്ചതോടെ ട്യൂറിംഗിന്റെ പ്രവചനം സത്യമായ് മാറി.


ട്യൂറിംഗ് ടെസ്റ്റില്‍ വിജയിക്കാന്‍ ഒരു കമ്പ്യൂട്ടറിനു സാധിച്ചതോടെ ഇനി വരാനിരിക്കുന്നത് എല്ലാ മാനുഷിക വികാരങ്ങളും, പഞ്ചേന്ദ്രിയങ്ങളും, തെറ്റുകളില്‍ നിന്ന് പഠിക്കാനും സാധിക്കുന്ന യന്ത്രങ്ങളുടെ യുഗമാണ്. മാനുഷിക ഗുണങ്ങളെല്ലാം നേടാന്‍ യന്ത്രങ്ങള്‍ക്കായാല്‍ അവരിലും മനുഷ്യനിലുള്ളതു പോലുള്ള ആത്മബോധം ഉണ്ടെന്ന് സമ്മതിക്കേണ്ടതായ് വരും. മനുഷ്യര്‍ക്ക് മാത്രം അവകാശപ്പെടാനാവുന്ന ഗുണങ്ങള്‍ കൃത്രിമ ബുദ്ധിയുടെ ഭാഗമാക്കാനുള്ള ശാസ്ത്രജ്ഞന്‍മാരുടെ കഠിന പരിശ്രമത്തിന്റെ ഫലങ്ങള്‍ നമ്മള്‍ കണ്ടുതുടങ്ങുന്നതേയുള്ളൂ. 'ചിന്ത' ഒന്നാമത്തെ ചവിട്ടു പടി മാത്രമാണ്, പക്ഷെ വളരെ പ്രധാനപ്പെട്ടതും. ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെ വിദഗ്ദ്ധത ആവശ്യമുള്ള എല്ലാ രംഗങ്ങളിലും യൂജീന്‍ ഗൂസ്റ്റ്മാനെ മാതൃകയാക്കിയുള്ള സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ വലിയൊരു വിപ്ലവമായിരിക്കുമെന്ന് ചിന്തിച്ചു നോക്കിയാല്‍ തന്നെ നമുക്ക് മനസ്സിലാകും.

13 വയസ്സുകാരനായ യൂജീനു പകരം 40 വയസ്സുള്ള മിഷേല്‍ യൂഗോ അമേരിക്കയില്‍ നിന്നു കൊണ്ട് ഓണ്‍ലൈന്‍ വഴി നിങ്ങുടെ രോഗങ്ങള്‍ക്ക് മരുന്നും നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും മറുപടിയും നല്‍കുന്ന കാലം നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാവുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. നിങ്ങളുടെ രോഗനിദാനം സ്മാര്‍ട്ട് ഫോണ്‍ വഴിയോ ഓണ്‍ലൈന്‍ വഴിയോ ലഭിക്കുകയാണെങ്കില്‍ അപ്പുറത്തിരിക്കുന്നയാള്‍ യന്ത്രമാണോ അതോ മനുഷ്യനാണോ എന്ന കാര്യം നിങ്ങള്‍ ഒരിക്കലും അറിയാന്‍ പോകുന്നുമില്ല. വിദ്യാഭ്യാസ രംഗത്ത് ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്കു വേണ്ടി (MOOC- massive open online course) സൂപ്പര്‍ അധ്യാപകാരെ നിയമിക്കാന്‍ നമുക്ക് സാധിക്കും, നിങ്ങളുടെ സംശങ്ങള്‍ക്ക് മറുപടിയും പിറന്നാളിന് ഇ-പുസ്തകങ്ങള്‍ സമ്മാനവും തരുന്ന ഒരു അധ്യാപകനെ ആരാണ് ഇഷ്ടപ്പെടാത്തത്?

ബെസ്റ്റ് ഓഫ് അഴിമുഖം

തോമസ് ആല്‍വ എഡിസണ്‍ എന്തുകൊണ്ട് പെട്രോളിയം വ്യവസായത്തില്‍ പണം മുടക്കിയില്ല?
നിങ്ങള്‍ എത്ര കാലം ജീവിക്കും? ഇനി എല്ലാം കമ്പ്യൂട്ടര്‍ പറയും
ഇനി നിങ്ങള്‍ക്ക് വാച്ചിനോട് പറയാം ടാക്സി വിളിക്കാന്‍
യന്ത്രമനുഷ്യർ മനുഷ്യരോടടുക്കുന്നു
ഡ്രൈവര്‍ വേണ്ടേ വേണ്ട! റോബോട്ടിക് കാര്‍ ഉടന്‍

ചിന്തിക്കുന്ന യന്ത്രങ്ങള്‍ മനുഷ്യകുലത്തെ ഭരിക്കുന്ന കാലത്തെക്കുറിച്ച് ഭയപ്പെടേണ്ട കാര്യമൊന്നും ഇന്നില്ല. എങ്കിലും സൈബര്‍ ക്രിമിനലുകള്‍ ചിന്തിക്കുന്ന സൂപ്പര്‍ കമ്പ്യൂട്ടറുകളെ അവരുടെ കുതന്ത്രങ്ങള്‍ക്ക് കൂട്ടാളിയാക്കുമെന്ന ഭയം എല്ലാവരുടെയുള്ളിലുമുണ്ട്. നിങ്ങളുടെ ലോക്കല്‍ ബാങ്കില്‍ നിന്നുള്ള ഒരു കസ്റ്റമര്‍ സര്‍വീസ് പ്രതിനിധി നിങ്ങളെ വിളിച്ച് പ്രധാനപ്പെട്ട വിവരങ്ങള്‍ തിരക്കുകയാണെങ്കില്‍ അതൊരു യന്ത്രമാണെന്ന് നിങ്ങള്‍ക്കെങ്ങനെ മനസ്സിലാകും? ' ഗൂസ്റ്റ്മാന്‍ ടെസ്റ്റി' ന്റെ ഭാഗമായിരുന്ന ഒരു വിധികര്‍ത്താവാണ് ഇത്തരത്തിലുള്ള ഒരു അപകടത്തിന്റെ സാധ്യത മുന്നില്‍ കണ്ടത്.
കമ്പ്യൂട്ടറുകളെ ചിന്തിക്കാന്‍ പഠിപ്പിക്കുമ്പോള്‍ നമ്മളറിയാതെ വലിയൊരു മാറ്റം മനുഷ്യകുലത്തിനു സംഭവിക്കുന്നുണ്ട്. ട്യൂറിംഗ് ടെസ്റ്റിനെക്കുറിച്ചുള്ള 'ദി മോസ്റ്റ് ഹ്യൂമന്‍ ഹ്യൂമന്‍ ' എന്ന തന്റെ പുസ്തകത്തില്‍ ബ്രയാന്‍ ക്രിസ്ത്യന്‍ ചൂണ്ടിക്കാണിക്കുന്നത് പോലെ ' കമ്പ്യൂട്ടറുകളെ മനുഷ്യനാക്കാനുള്ള ശ്രമത്തില്‍ നമ്മള്‍ കമ്പ്യൂട്ടറുകളെപ്പോലെയായ് മാറുകയാണ് '. ' നമ്മുടെ ചിന്താ മാതൃകകളും മാറിക്കൊണ്ടിരിക്കയാണ് , കമ്പ്യൂട്ടറുകളെ അനുകരിക്കാനാണ് നാമിന്ന് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. നൂറായിരം ഉദാഹരാണങ്ങള്‍ നമുക്ക് മുന്നിലുണ്ട്, ചെസിന്റെ (Chess) കാര്യം തന്നെയെടുക്കാം ഗ്രാന്‍ഡ് മാസ്റ്ററുകളുടെ പാത പിന്‍പറ്റിയിരുന്ന നാമിന്ന് കമ്പ്യൂട്ടറിലെ ചെസ്സ് ഗെയിമുകളെയാണ് കൂടുതലും പരിശീലനത്തിനു വേണ്ടി ആശ്രയിക്കുന്നത്, എത്രമാത്രം ഗെയിമുകള്‍ ഓര്‍മ്മിച്ചെടുക്കാനാവും, ഗണിത ശാസ്ത്രപരമായ് എങ്ങനെ നീക്കം നടത്താം എന്നതിനനുസരിച്ചിരിക്കും വിജയം.' ക്രിസ്ത്യന്‍ തന്റെ ആശങ്ക പ്രകടിപ്പിച്ചു.
മനുഷ്യനും കമ്പ്യൂട്ടറുകളും തമ്മിലുള്ള അകലം കുറഞ്ഞു കൊണ്ടിരിക്കയാണ് , ഒരിക്കല്‍ നമ്മള്‍ യന്ത്രങ്ങളുമായ് മാനസിക-ശാരീരീക ബന്ധത്തിലേര്‍പ്പെടാന്‍ തുടങ്ങും. ഡോക്ടര്‍മാരും വക്കീലന്‍മാരും അധ്യാപകരും തങ്ങളുടെ ജോലി യന്ത്രങ്ങള്‍ വിട്ടു കൊടുക്കേണ്ടി വരുന്ന കാലം വിദൂരമല്ല.

'യൂജീന്‍ ഗൂസ്റ്റ്മാന്‍ ടെസ്റ്റി 'ന്റെ കുറവുകളെ ചൂണ്ടിക്കാട്ടുന്നവരും കമ്പ്യൂട്ടറിന് ചിന്തിക്കാന്‍ സാധിക്കുമോ എന്ന കാര്യം മനസ്സിലാക്കാന്‍ ട്യൂറിംഗ് ടെസ്റ്റ് വികസിപ്പിച്ചെടുത്ത അലന്‍ ട്യൂറിംഗി ന്റെ ബുദ്ധി ശക്തിയെ സമ്മതിക്കാതെ തരമില്ല. നമ്മള്‍ മനുഷ്യര്‍ക്ക് മാത്രം കല്പ്പിച്ചു കൊടുത്ത ഗുണങ്ങള്‍ യന്ത്രങ്ങള്‍ നേടിയാല്‍, തത്ത്വചിന്താപരമായും സദാചാരപരമായും നമ്മള്‍ വലിയൊരു പ്രതിസന്ധി നേരിടേണ്ടി വരും. ' ചിന്ത' വെറും അല്‍ഗോരിതം മാത്രമാണെങ്കില്‍ നമ്മള്‍ പൂവിട്ടു പൂജിക്കുന്ന ' സ്‌നേഹം, അന്തര്‍ബോധം (consciousness) തുടങ്ങിയ ആശയങ്ങള്‍ എന്താണ് ? എന്തൊക്കെയായാലും കമ്പ്യൂട്ടറിനെക്കുറിച്ചു കണ്ടെത്തലുകള്‍ നമ്മെ മനുഷ്യനാക്കുന്നത് എന്താണെന്ന് മനസ്സിലാക്കുന്നതിനും നമ്മെ സഹായിക്കും എന്ന കാര്യത്തില്‍ യാതൊരു സംശവുമില്ല.


Next Story

Related Stories