UPDATES

സിനിമാ വാര്‍ത്തകള്‍

എന്‍റെ പേര് അലന്‍സിയര്‍ ലെ ലോപ്പസ്, ഞാന്‍ ഇന്ത്യയില്‍ ജനിച്ചവനാണ്; അത് ഒരുത്തനെയും ബോധ്യപ്പെടുത്തേണ്ട കാര്യം എനിക്കില്ല

ആര്‍ട്ടിസ്റ്റുകള്‍ സെഫ്സോണിലല്ല; സിനിമാ പ്രവര്‍ത്തകന്‍ എന്ന നിലയ്ക്കല്ല, ഞാന്‍ പ്രതിഷേധിച്ചത് നാടക പ്രവര്‍ത്തകനായിട്ട്

സിനിമ പ്രവര്‍ത്തകനായിട്ടല്ല  നാടക പ്രവര്‍ത്തകന്‍ എന്ന രീതിയില്‍ ഉള്ള പ്രതിഷേധമാണ് താന്‍ നടത്തിയത് എന്നു സിനിമാ നാടക പ്രവര്‍ത്തകനായ അലന്‍സിയര്‍ ലെ ലോപ്പസ്. സംവിധായകന്‍ കമലിനോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ ആവശ്യപ്പെട്ട് ബി ജെ പി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ നടത്തിയ പ്രസ്താവനയെ എതിര്‍ത്തുകൊണ്ട് സംഘ പരിവാര്‍   അസഹിഷ്ണുതക്കെതിരെ കാസര്‍ക്കോട് വെച്ചു അലന്‍സിയര്‍ നടത്തിയ ഒറ്റയാള്‍ പ്രതിഷേധം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  ഒരു പരിധിവരെ അലന്‍സിയറുടെ ഈ പ്രതിഷേധമാണ് ബി ജെ പിയെ കൂടുതല്‍ പ്രതിരോധത്തില്‍ ആക്കിയത് എന്നു പറയാം. ഈ പശ്ചാത്തലത്തില്‍ അലന്‍സിയര്‍ ലോപ്പസ് മാധ്യമം വാരികയ്ക്ക് നല്കിയ അഭിമുഖത്തിലൂടെ തന്‍റെ നിലപാട് ഒരിക്കല്‍ കൂടി വ്യക്തമാക്കുകയാണ്.

ഞാന്‍ ഒരു നാടക പ്രവര്‍ത്തകനാണ്. നാടക പ്രവര്‍ത്തകനായിരുന്ന കാലത്തെല്ലാം ഒട്ടും റിഹേഴ്സല്‍ ഇല്ലാതെ ശീലമുള്ള നാടകരീതിയില്‍ നിന്നു മാറി ഞാന്‍ ഇത്തരം പ്രതിഷേധങ്ങള്‍ നടത്തിയിട്ടുണ്ട്. ക്രിസ്ത്യന്‍ സഭയോടു പ്രതിഷേധിച്ച് അവരെ ഞെട്ടിച്ചു കൊണ്ട് പള്ളിയില്‍ നാടകം ചെയ്തിട്ടുണ്ട്. ബാബരി മസ്ജിദ് പൊളിച്ച സമയം നിരോധനാജ്ഞ നിലനില്‍ക്കുന്ന സമയത്ത് ‘അള്ളാഹു അക്ബര്‍, ഈ ഭൂമിക്ക് എന്തോ സംഭവിക്കാന്‍ പോകുന്നു,ഈ രാജ്യത്തിന് എന്തോ സംഭവിക്കാന്‍ പോകുന്നു’ എന്നു നിലവിളിച്ച് ആറു തവണ സെക്രട്ടറിയേറ്റിന് ചുറ്റും ഓടിയിട്ടുണ്ട് ഞാന്‍. അതൊരു പ്ലേ ആയിരുന്നു. അന്നൊന്നും എന്നെ ആരും തിരിഞ്ഞു നോക്കിയില്ല. മാധ്യമ ശ്രദ്ധ കിട്ടുകയോ ഞാന്‍ പറഞ്ഞതിന് തുടര്‍ച്ചയുണ്ടാവുകയോ ചെയ്തില്ല. ദേശാഭിമാനിയില്‍ പോലും വാര്‍ത്ത വന്നില്ല. പോലീസുകാര്‍ ഞാനൊരു ഭ്രാന്തനാണെന്ന് വിചാരിച്ചു.

പള്ളിയില്‍ കരിസ്മാറ്റിക് ധ്യാനം നടക്കുമ്പോള്‍ പാതിരിമാര്‍ വിഭവ സമൃദ്ധമായ ഭക്ഷണം കഴിക്കുന്ന സ്ഥലത്തു ഒരാളെ ഭിക്ഷക്കാരനായി കൊണ്ടിരുത്തി ധ്യാനത്തില്‍ അവര്‍ പറയുന്നതൊക്കെ നുണയാണെന്നും അവര്‍ ഭിക്ഷക്കാരോട് എങ്ങിനെയാണ് പെരുമാറുന്നതെന്നും ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതുമൊരു നാടകമായിരുന്നു. ഗുലാമലി ഇവിടെ പാടാന്‍ പാടില്ലെന്ന് ശിവസേനക്കാര്‍ പറഞ്ഞപ്പോള്‍ അതിനെതിരെ ഗായകനും നാട്ടുകാരനുമായ നസീമിനെ കൊണ്ട് ചുപ്കെ ചുപ്കെ പാടിച്ച് പ്രതിഷേധിച്ചിട്ടുണ്ട്. ഒരു ആക്ടര്‍ എന്ന നിലയില്‍ ഞാനിത്തരം പ്രതിഷേധ രീതി എന്നും പ്രകടിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ അത് ചെയ്തപ്പോള്‍ എല്ലാവര്‍ക്കും അത്ഭുതം തോന്നുന്നത് ഞാന്‍ ഒരു സിനിമാക്കാരന്‍ ആയതുകൊണ്ടാണ്. എല്ലാറ്റിനും ഞാന്‍ ചാടിക്കയറി പ്രതിഷേധിക്കാറൊന്നും ഇല്ല. എനിക്കു ചില നിമിഷങ്ങളില്‍ തോന്നും. അതിനെ വേണമെങ്കില്‍ വെളിപാടെന്ന് പറയാം. പ്രതികരിക്കണമെന്ന് തോന്നിയ നിമിഷങ്ങളിലൊക്കെ ഞാന്‍ പ്രതികരിച്ചിട്ടുണ്ട്.

നമ്മള്‍ സേഫ് സോണിലാണ് ഇരിക്കുന്നതെന്ന് കരുതുന്ന ഒരുകൂട്ടം മനുഷ്യര്‍ നമുക്ക് ചുറ്റും ഉണ്ട്. ഭൂരിപക്ഷവും അത്തരക്കാരാണ്. ആര്‍ട്ടിസ്റ്റുകള്‍ സെഫ്സോണിലാണെന്ന ധാരണയുണ്ട്. അത് അപകടമാണ്. അടുത്ത വിരല്‍ നമുക്ക് നേരെയും ചൂണ്ടപ്പെടാം എന്നു സൂചനകളിലൂടെ മനസ്സിലാക്കാന്‍ കലാകാരന് കഴിയണം. അല്ലെങ്കില്‍ അവര്‍ കലാകാരന്‍മാരല്ല എന്നാണ് എന്‍റെ അഭിപ്രായം. മനുഷ്യര്‍ക്ക് കരയാനെങ്കിലും പറ്റണം. അല്ലെങ്കില്‍ കണ്ടിട്ടു സങ്കടം തോന്നുന്ന അവസ്ഥയെങ്കിലും ഉണ്ടാകണം. അതല്ലാതെ പോകുന്ന ജീര്‍ണ്ണാവസ്ഥയുണ്ടല്ലോ ശവത്തിന് തുല്യമാണത്. നിങ്ങള്‍ മൌനിയാകുന്നിടത്താണ് ഫാസിസം നുഴഞ്ഞു കയറുന്നതെന്ന് എം എന്‍ വിജയന്‍ മാഷ് പണ്ട് പറഞ്ഞിട്ടുണ്ട്.

കമലും രാധാകൃഷ്ണനും തമ്മിലുള്ള പ്രശ്നമല്ല ഇവിടത്തെ വിഷയം. ചില ദുസ്സൂചനകളാണ്. ഇത് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയമെന്നത് നിങ്ങളെ ഏക സ്വരത്തിലേക്ക് എത്തിക്കുക എന്നതാണ്. ബഹുസ്വരതയാണ് ഭാരതത്തിന്റെ മുഖമുദ്ര. എന്‍റെ പേര് അലന്‍സിയര്‍ ലെ ലോപ്പസ്.  ഞാന്‍ ഇന്ത്യയില്‍ ജനിച്ചവനാണ്. അത് എനിക്കു ബോധ്യപ്പെട്ടാല്‍ മതി. വേറൊരുത്തനെയും ബോധ്യപ്പെടുത്തേണ്ട കാര്യമൊന്നും ഇല്ല, എന്‍റെ നാടിനോടുള്ള കൂറും നാടിനോടുള്ള വിശ്വാസവും എന്‍റെ മണ്ണിനോടുള്ള ആഴത്തിലുള്ള സ്നേഹവും ഞാന്‍ ഒരുത്തനെയും ബോധ്യപ്പെടുത്തണ്ട. ഒരു രാഷ്ട്രീയക്കാരന്‍റെയും സര്‍ട്ടിഫിക്കറ്റും എനിക്കു വേണ്ട.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍