ഒന്നു കാണണം, അതിനു വന്നതാണ്,അണ്ടലൂര്‍ കടവിലെ എണ്‍പതുകാരി അലിമ ഉമ്മ മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ വന്നതിന്റെ ഉദ്ദേശം അതായിരുന്നു, അതുമാത്രമായിരുന്നു. കണ്ടു കഴിഞ്ഞപ്പോള്‍ ഒരാവശ്യവും മുന്നോട്ടുവച്ചു; ഞാന്‍ മരിച്ചാല്‍ വീട്ടിലൊന്നു വരണം.
എന്തായാലും അലിമ ഉമ്മ മടങ്ങിയത് നിറഞ്ഞ ചിരിയോടെയായിരുന്നു.
ഇന്നത്തെ ദേശാഭാമിന പത്രത്തിലെ ഒരു വാര്‍ത്തയിലാണു മുഖ്യമന്ത്രിയെ കാണാനെത്തിയ അലിമ ഉമ്മയുടെ കഥയുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന് ബുധനാഴ്ച മണ്ഡലം ഓഫിസില്‍ ഉണ്ടെന്നറിഞ്ഞാണ് അലീമ ഉമ്മയും എത്തിയത്. ആലീമ ഉമ്മയെ കണ്ടതോടെ പിണറായിയുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. കൈകൊടുത്തു കുശലാന്വേഷണം നടത്തിയപ്പോഴാണു അലീമഉമ്മ തന്റെ വരവിന്റെ കാരണങ്ങള്‍ പറഞ്ഞത്. പരാതിയൊന്നും തരാനല്ല, ഞാന്‍ മരിച്ചാല്‍ വീട്ടില്‍ വരണം. വേറൊന്നും ഞാനിതുവരെ ചോദിച്ചിട്ടുമില്ല, ഇനി ചോദിക്കുകയുമില്ല; ഉമ്മ പിണറായിയോടു പറഞ്ഞു.
ജനങ്ങളില്‍ നിന്നു നേരിട്ട് പരാതികളും നിവേദനങ്ങളും മുഖ്യമന്ത്രി നേരിട്ടു സ്വീകരിക്കുമെന്നറിയിച്ചതോടെ നൂറുകണക്കിനാളുകള്‍ ഓഫിസില്‍ എത്തിയിരുന്നു. എല്ലാ പരാതികളും വായിച്ച മുഖ്യമന്ത്രി നടപടിയെടുക്കാവുന്നതിന് ഉറപ്പു നല്‍കുകയും നടക്കാത്ത കാര്യമാണെങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കി കൊടുക്കുകയും ചെയ്തു. ചികിത്സാ സഹായം, വീടുവയ്ക്കാനുള്ള സഹായം തുടങ്ങിയ പരാതികളായിരുന്നു ഏറെയും. വീടുവയ്ക്കാന്‍ സഹായം തേടിയെത്തിയവര്‍ക്ക് സര്‍ക്കാരിന്റെ 'ലൈഫ്' പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടിയെടുക്കാമെന്ന് മറുപടി. പഞ്ചായത്തുകള്‍ വഴി അപേക്ഷിക്കണമെന്ന് പ്രത്യേകം ഓര്‍മിപ്പിച്ചു. ചികിത്സാ സഹായങ്ങളും ദുരിതാശ്വാസനിധിയില്‍നിന്നുള്ള സഹായങ്ങളും അനുബന്ധ രേഖകള്‍ കൃത്യമായി നല്കിയാല് വൈകാതെ അനുവദിക്കുമെന്നും ഉറപ്പ്. വഴിത്തര്ക്കംമുതല് ബാങ്ക് വായ്പ കുടിശ്ശികയില്‍ ഇളവ് വേണമെന്ന അപേക്ഷകള്‍വരെ പരാതിയായെത്തി. മകന്റെ ഭാര്യയുടെ ബന്ധുവും പരാതിയുമായി വന്നവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. വഴിയുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ പഞ്ചായത്തിനെ സമീപിക്കാനായിരുന്നു നിര്‍ദേശം.
റാങ്ക് ഹോള്‍ഡര്‍മാരായ നിരവധി യുവതീയുവാക്കളും എത്തി. ജില്ലാ ബാങ്ക് മാറി കേരള ബാങ്കാകുമ്പോള്‍ ജില്ലാ ബാങ്ക് കാഷ്യര്‍ ലിസ്റ്റിലുള്ളവരെ ഒഴിവാക്കരുതെന്ന് നിവേദനം. റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ നിയമനം വൈകുന്നത് ശ്രദ്ധയില്‍പ്പെടുത്താനും ഏറെപേരെത്തി. പരാതിയുമായെത്തിയവരെ മുഴുവന്‍ കണ്ടുകഴിഞ്ഞശേഷം പഴയ സഹപ്രവര്‍ത്തകരെയും സഹപാഠികളെയും അകത്തേക്ക് വിളിച്ചു. ഓരോരുത്തരോടും ആരോഗ്യസ്ഥിതിയും കുടുംബകാര്യങ്ങളുമൊക്കെയായി കുറച്ചുനേരം. അവര്‍ക്കിടയില്‍ പഴയ സതീര്‍ഥ്യനും സഹപ്രവര്‍ത്തകനുമായി അല്പ്പനേരത്തേക്ക് മുഖ്യമന്ത്രി മാറിയെന്നും ദേശാഭിമാനി റിപ്പോര്‍ട്ട ചെയ്യുന്നു