TopTop
Begin typing your search above and press return to search.

അസഹിഷ്ണുത വളരുമ്പോള്‍ കലാകാരന് വെറുതെയിരിക്കാനാകില്ല- അലന്‍സിയര്‍ സംസാരിക്കുന്നു

അസഹിഷ്ണുത വളരുമ്പോള്‍ കലാകാരന് വെറുതെയിരിക്കാനാകില്ല- അലന്‍സിയര്‍ സംസാരിക്കുന്നു

ബസ്സുകള്‍ വന്നും പോയും കൊണ്ടിരിക്കുന്ന കാസര്‍ഗോട്ടെ പുതിയ ബസ്സ് സ്റ്റാന്റില്‍ ഒരു കൈലിയും ചുറ്റിക്കൊണ്ടൊരു മധ്യവയസ്‌കന്‍ എവിടെ നിന്നോ കടന്നുവന്നു. കുട്ടിക്കളിപ്പാട്ടം കിലുക്കി ശബ്ദമുണ്ടാക്കി ചുവടുവെച്ച് നടന്നുവന്ന മനുഷ്യന്‍ നിര്‍ത്തിയിട്ട ബസുകളിലെല്ലാം പാഞ്ഞുകയറി. അമേരിക്കയിലേക്കാണ് പുള്ളിക്ക് പോകേണ്ടതെന്ന്. ശബ്ദം കേട്ട് യാത്രക്കാരും കച്ചവടക്കാരും ഓടിക്കൂടി. ഏതോ ഭ്രാന്തനാണെന്നാണ് ഞങ്ങളാദ്യം കരുതിയത് പിന്നയല്ലേ ആളെ മനസ്സിലായത് നമ്മുടെ ബേബിച്ചേട്ടന്‍... ആര്‍ട്ടിസ്റ്റ് ബേബി, പരിസരത്ത് കൂടി നിന്നവരില്‍ ഒരാള്‍ അടക്കം പറഞ്ഞു. ക്യാമറയും തൂക്കി പത്രക്കാരെക്കൂടി കണ്ടപ്പോള്‍ കളിയല്ല, കാര്യം തന്നെയാണെന്ന് ജനക്കൂട്ടത്തിന് പിടികിട്ടി.

''ഞാന്‍ ഈ മണ്ണില്‍ ജനിച്ചവനാണ്... എന്നിട്ടും എന്നോട് ആരൊക്കെയോ പറയുന്നു, പാകിസ്താനിലേക്ക് പോകണമെന്ന്... നിങ്ങളും വരുന്നോ..?'' എന്നും ചോദിച്ച് അലന്‍സിയര്‍ പീപ്പിയൂതി നടന്നു.

ഇനി നമ്മുടെ 'ബേബിച്ചേട്ടന്‍' പറയട്ടെ

'തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയുടെ ഷൂട്ടിംഗിന്റെ ഭാഗമായാണ് ഞാന്‍ കാസര്‍ഗോഡ് വന്നത്. ഷൂട്ട് തുടങ്ങുന്നത് വരെ ഹോട്ടല്‍ മുറിയിലിരിക്കാന്‍ മടുപ്പ് തോന്നിയപ്പോഴാണ് ഈ ആശയം മനസ്സില്‍ തോന്നിയത്. കെട്ടിപ്പൊക്കിയ വേദിയോ, മുന്‍കൂട്ടി തയ്യാറാക്കിയ ഡയലോഗുകളോ ആവശ്യമില്ലായിരുന്നതിനാല്‍ യാത്രക്കാര്‍ക്കൊപ്പം യാത്രികനായി തന്നെ കടന്നുവന്നു. നമ്മുടെ സമൂഹം സ്പൂണ്‍ ഫീഡിംഗ് ആവശ്യമില്ലാത്ത ജനതയുടെ കൂട്ടമായതിനാല്‍ തന്നെ ഞാനൊരു നാടകം കളിക്കുകയാണെന്ന മുഖവുരയൊന്നും ആവശ്യമായി തോന്നിയില്ല. തുടക്കം പോലെതന്നെ ഒരു ഫുള്‍സ്റ്റോപ്പിടാതെയാണ് ഞാന്‍ പ്രകടനം അവസാനിപ്പിച്ചതും. അത് കാഴ്ചക്കാരന്റെ സ്‌പെയ്‌സാണ്. അവര്‍ ചിന്തിക്കട്ടെ, ചര്‍ച്ച ചെയ്യട്ടെ.

മന:പൂര്‍വ്വം മാധ്യമങ്ങളെ വിളിച്ചു വരുത്തിത്തന്നെയാണ് ഞാന്‍ നാടകം കളിച്ചത്. അലന്‍സിയര്‍ എന്ന കലാകാരന്റെ ആദ്യത്തെ പ്രതിരോധമല്ല ഇത്. ബാബറി മസ്ജിദ് പള്ളി തകര്‍ക്കപ്പെട്ട സമയത്ത് സെക്രട്ടറിയേറ്റിന് ചുറ്റും അള്ളാഹു അക്ബര്‍ വിളിച്ച് ഓടിയിട്ടുണ്ട്. നിരോധനാജ്ഞ കാരണം അന്ന് കൂട്ടം കൂടിനില്‍ക്കാന്‍ പാടില്ലായിരുന്നു. ഗുലാം അലി ഇന്ത്യയില്‍ പാടാനാകാതെ മടങ്ങിയപ്പോള്‍ ആ പ്രതിഭയെ തിരിച്ചുകൊണ്ടുവരാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു സിനിമാ നടന്‍ എന്ന പരിവേഷമില്ലാത്തതിനാല്‍ അതൊന്നും ചര്‍ച്ച ചെയ്യപ്പെടാതെ പോയി.

നാടകം നവ മാധ്യമങ്ങളിലും, യുവാക്കള്‍ക്കിടയിലും ചര്‍ച്ചയാകുന്നുണ്ടെന്നറിയുമ്പോള്‍ വളരെ സന്തോഷം. പലപ്പോഴും കണുന്നത് പോലെ വെറുമൊരു ലൈക്കിലും, കമന്റിലും ഒതുക്കാതെ ഇടപെടലുകള്‍ നടത്തണം. അതാണ് വേണ്ടത്. അസഹിഷ്ണുത വളരുമ്പോള്‍ ഒരിക്കലും ഒരു കലാകരന് വിശ്രമിക്കാനാകില്ല. ഒരു സിനിമാനടനായതോടെ എന്നെ ആളുകള്‍ തിരിച്ചറിഞ്ഞുതുടങ്ങി, സാമ്പത്തികമായി മെച്ചപ്പെട്ടു എന്നതിനപ്പുറം അലന്‍സിയറിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. നാടകമാണ് എന്റെ തട്ടകം. മുന്‍പും തെരുവില്‍ നാടകം കളിച്ചിട്ടുണ്ട്. ആളുകളെയും ആള്‍ക്കൂട്ടത്തേയും ഭയപ്പെടേണ്ടതില്ലെനിക്ക്. ഇടപെടലുകള്‍ അനിവാര്യമാകുന്ന ഘട്ടങ്ങളില്‍ ഇനിയും ഇടപെടും.'

അലന്‍സിയറിന്റെ പ്രതിഷേധം മീഡിയ വണിന്റെ വീഡിയോ

(മാധ്യമപ്രവര്‍ത്തകയാണ് ദില്‍ന)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories