TopTop
Begin typing your search above and press return to search.

ആലെപ്പോ; യുദ്ധം നഷ്ടപ്പെടുത്തിയ ഒരു നഗരത്തിന്റെ ഓര്‍മ്മ

ആലെപ്പോ; യുദ്ധം നഷ്ടപ്പെടുത്തിയ ഒരു നഗരത്തിന്റെ ഓര്‍മ്മ

ലവ്ഡെ മോറിസ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ആയിരക്കണക്കിന് വര്‍ഷത്തോളം ഏഷ്യ, മെസപൊട്ടോമിയ, ഇന്ത്യ, യൂറോപ്പ് എന്നീ ദേശങ്ങളെ ബന്ധിപ്പിക്കുന്ന ലോകത്തെ മഹത്തായ വ്യാപാര പാതകളുടെ സംഗമ ഭൂമിയായി നിലകൊണ്ട സിറിയന്‍ നഗരമാണ് ആലെപ്പോ. കിഴക്കു നിന്ന് പടിഞ്ഞാറോട്ട് പട്ടുപാത വഴി പേര്‍ഷ്യന്‍ പട്ടും ഇന്ത്യന്‍ സുഗന്ധവ്യജ്ഞനങ്ങളും കടന്നു പോയപ്പോള്‍ പല ഉല്‍പ്പന്നങ്ങളും സ്വന്തമായി ഉല്‍പ്പാദിപ്പിച്ച് ഈ നഗരം ഒരു സാമ്പത്തിക ശക്തികേന്ദ്രമായി വികസിക്കുകയായിരുന്നു.

പുഷ്ടിപ്പെട്ട ഈ വ്യാപാരമാണ് എട്ടു മൈലോളം നീണ്ടു കിടക്കുന്ന ആലെപ്പോയിലെ ജനനിബിഢമായ, വളഞ്ഞുപുളഞ്ഞ, കമാനങ്ങളാല്‍ മൂടപ്പെട്ട സൂഖുകള്‍ക്ക് (ചന്തകള്‍) ജന്മം നല്‍കിയത്. ദുരന്തമെന്നു പറയട്ടെ, വിഭജിക്കപ്പെട്ട ഈ നഗരത്തിന്റെ പ്രധാന തെരുവീഥിയില്‍ നിലകൊള്ളുന്ന ഈ സൂഖുകള്‍ ഇന്ന് സിറിയന്‍ യുദ്ധത്തിന്റെ പല നഷ്ടങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു.

റിപ്പോര്‍ട്ടിങ്ങിനായി ഈയിടെ ഇവിടെ എത്തിയ ഞാനും കൂടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍ ലോറന്‍സോ ടഗ്നോലിയും ഈ നാശനഷ്ടങ്ങള്‍ക്ക് ദൃക്‌സാക്ഷിയാവുകയുണ്ടായി.

ആലെപ്പോയിലെ പുരാതനമായ പഴയ നഗരത്തിന്റെ അതിര്‍ത്തികളില്‍ സിറിയന്‍ പട്ടാളക്കാര്‍ യാത്ര രേഖകള്‍ പരിശോധിച്ച ശേഷമാണ് ഞങ്ങളെ കടത്തി വിട്ടത്. ഇത് പുതിയൊരു സൈനിക മേഖലയാണ്. കെട്ടിടങ്ങളുടെ മൂലകളില്‍ പതിയിരിക്കുകയും ആലെപ്പോയിലെ 11-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച, ഇപ്പോള്‍ പ്രവേശനമില്ലാത്ത ഗ്രേറ്റ് മോസ്‌കിലേക്കു നയിക്കുന്ന വിശാലമായ റോഡ് മുറിച്ചു കടന്നു നീങ്ങുകയും ചെയ്യുന്ന ടാങ്കുകളില്‍ നിന്നുള്ള ഒളിയാക്രമണങ്ങള്‍ങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ എന്തെങ്കിലും ഒരു മറ ആവശ്യമാണ്.

സൂഖിന്റെ ഊടുവഴികളിലേക്ക് പ്രവേശിക്കവെ ഞങ്ങള്‍ കണ്ടത് വെടിയുണ്ടകള്‍ പതിഞ്ഞ ഷട്ടറുകളും തരിപ്പണമായ അവശിഷ്ടങ്ങള്‍ നിറഞ്ഞ സ്റ്റാളുകളുമാണ്.2012-ല്‍ നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ വിമതരും സിറയന്‍ പട്ടാളവും തമ്മില്‍ നടത്തിയ യുദ്ധത്തില്‍ കമാനങ്ങള്‍ നിറഞ്ഞ ഈ പുരാതന ചന്തയിലെ നടപ്പാതകളിലൂടെയും വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞിട്ടുണ്ട്. ഇടക്കിടെ കാണുന്ന പട്ടാളക്കാരും അവര്‍ക്ക് കാപ്പി നല്‍കാനായി കടതുറന്നിരിക്കുന്ന ഒരു ചായക്കാരനേയും മാറ്റി നിര്‍ത്തിയാല്‍ ഈ ചന്തയിലെവിടെയും ഒരു ആള്‍പ്പെരുമാറ്റവുമില്ല.

നിരപ്പാക്കിയ ബെല്‍ജിയന്‍ കോണ്‍സുലേറ്റ് കെട്ടിടത്തിനു സമീപത്തുള്ള ഖാന്‍ അല്‍ ഖാത്തിനിലൂടെ ഞങ്ങള്‍ കടന്നു പോയി. ആലെപ്പോയില്‍ പാടെ തകര്‍ന്നു പോയതെന്ന് യുഎന്‍ വിലയിരുത്തിയ 19 സൂഖുകളില്‍ ഒന്നാണിത്. ഇവിടുത്തെ 45 സൂഖുകളെ യുഎന്‍ സാങ്കല്‍പ്പികമായാണ് പ്രത്യാഘാത പരിശോധന നടത്തിയത്. മറ്റു 11 സൂഖുകള്‍ പാടെ തകര്‍ക്കപ്പെട്ടതായും യുഎന്‍ വിദഗ്ധര്‍ വിശ്വസിക്കുന്നു.

ഇവയില്‍ ചില സൂഖുകള്‍ക്ക് 13-ാം നൂറ്റാണ്ടോളം പഴക്കമുണ്ട്. ഈയടുത്ത കാലം വരെ മേഖലയിലെ മികച്ച രീതിയില്‍ സംരക്ഷിച്ചു പോന്നവയായിരുന്നു ഇതെല്ലാം. പൂര്‍ണമായും മൂടപ്പെട്ട ഈ ബസാറുകളുടെ മുറ്റങ്ങള്‍ സിനഗോഗുകളും ചര്‍ച്ചുകളും പള്ളികളും നിറഞ്ഞതായിരുന്നു. ശൈത്യകാലങ്ങളില്‍ മഴയില്‍ നിന്നും അഭയം നല്‍കുന്ന ഇവിടുത്തെ കമാന മേല്‍ക്കൂരകള്‍ വേനലില്‍ ചൂടില്‍ നിന്നു രക്ഷിക്കുന്ന ശീതീകരണിയായും പ്രവര്‍ത്തിക്കും.

ടൂറിസ്റ്റുകളുടെ ആകര്‍ഷണ കേന്ദ്രങ്ങള്‍ എന്നതിലപ്പുറം നഗര ഹൃദയവും നഗര കെട്ടുറപ്പിന്റെ ഭാഗവുമായിരുന്ന ജീവിക്കുന്ന, പുഷ്ടിപ്പെടുന്ന സമൂഹങ്ങളായിരുന്നു ഇവിടെ.

ആലെപ്പോയിലെ ഏറ്റവും പ്രശസ്തമായ ചന്തകളിലൊന്നായ, ഒരു കാലത്ത് പരുത്തി വ്യാപാരത്തിന്റെ കേന്ദ്രമായിരുന്ന ഖാന്‍ അല്‍ വസീറിന്റെ അത്യാകര്‍ഷകമായ ബ്ലാക്ക് ആന്റ് വൈറ്റ് പ്രവേശന കവാടം ഇന്നും അതുപോലെ ഉണ്ട്. അതിനു സമീപത്തെ 14-ാം നൂറ്റാണ്ടിലെ അല്‍ സാഹിബിയ പള്ളിയും അതെ. എന്നാല്‍ ചുറ്റുപാടും തകര്‍ന്നടിഞ്ഞിട്ടുണ്ട്. ഒളിയാക്രമണങ്ങള്‍ തടയാന്‍ തെരുവില്‍ കൂട്ടിയിട്ടിരിക്കുന്ന അവശിഷ്ടങ്ങള്‍ക്കു മുകളില്‍ ഇരുമ്പു മറകള്‍ കെട്ടിയുണ്ടാക്കിയിരിക്കുന്നു. ആലെപ്പോയുടെ മുഖമുദ്രയായി മാറിയ ഉല്‍പ്പന്നമായ സോപ്പുകളുടെ ചന്തയായ ഖാന്‍ അല്‍ സാബൂന്‍ കത്തിച്ചാമ്പലായിരിക്കുന്നു.ഏതുതരം ഉല്‍പ്പന്നങ്ങള്‍ വിറ്റിരുന്ന ഷോപ്പാണെന്നു തിരിച്ചറിയാനാവാത്ത വിധം പല സ്റ്റോറുകളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ചില തുമ്പുകളില്‍ നിന്ന് കാന്‍ഡീസ് ആന്റ് ടോഫീസ് എന്നു വായിച്ചെടുക്കാനായപ്പോള്‍ അത് ഒരു മിഠായി കടയായിരുന്നെന്ന് സൂചന ലഭിച്ചു. അഞ്ച് വര്‍ഷം മുമ്പ് വിനോദ സഞ്ചാരികള്‍ അലഞ്ഞു തിരിഞ്ഞ ഇടമായിരുന്നു ഇതെന്ന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നില്ല.

നടപ്പാതകള്‍ ഇടുങ്ങി വന്ന് ചെരിഞ്ഞ് മുകളിലെ ഒരു പുരാതന കോട്ടയിലേക്ക് നീണ്ട് കിടക്കുന്നു. ഈ കോട്ട ഇപ്പോള്‍ സിറിയന്‍ പട്ടാളത്തിന്റെ കേന്ദ്രമാണ്. ഒന്നര നൂറ്റാണ്ട് പഴക്കമുള്ള കാള്‍ട്ടണ്‍ സിറ്റാഡല്‍ ഹോട്ടല്‍ ഇന്നില്ല. ഇസ്ലാമിക് ഫ്രണ്ട് വിമത സംഘം ഭൂമിക്കടിയിലൂടെ തുരങ്കമുണ്ടാക്കി അതില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച് പൊട്ടിച്ചാണ് അതു തകര്‍ത്തത്.

ഏറ്റവും ചുരുങ്ങിയത് 7000 വര്‍ഷമായി മനുഷ്യ വാസമുള്ള ആലെപ്പോ പലതവണ തകര്‍ക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യപ്പെട്ടിട്ടുണ്ട്. ബൈസാന്റിയന്‍ രാജാക്കന്മാരും മുഗള്‍ ചക്രവര്‍ത്തിമാരും ഇവിടെ തേരോട്ടം നടത്തിയിട്ടുണ്ട്. എന്നാല്‍ ആധുനിക യുദ്ധമുറകള്‍ ഇവിടമാകെ പാടെ തരിപ്പണമാക്കിയിരിക്കുന്നു. ചരിത്രത്തില്‍ ആണ്ടിറങ്ങിപ്പോയ ഈ നഗരത്തിന്റെ നിധികളില്‍ പലതുമിന്ന് എന്നെന്നേക്കുമായി നഷ്ടമായിരിക്കുന്നു.


Next Story

Related Stories