TopTop
Begin typing your search above and press return to search.

ഇതൊരു 'ഫക്കിംഗ് ജോക്ക’ല്ല! ഇന്ത്യ അമേരിക്കയാണ് (51 വര്‍ഷം പിന്നിലാണെന്നു മാത്രം)

ഇതൊരു ഫക്കിംഗ് ജോക്ക’ല്ല! ഇന്ത്യ അമേരിക്കയാണ് (51 വര്‍ഷം പിന്നിലാണെന്നു മാത്രം)

സമ്പന്നമായ ജനാധിപത്യവും (ശരിക്കും എന്താണെന്ന് പലരും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുന്ന) ഒരു ആണവ കരാറും മാത്രമല്ല ഇന്ത്യയേയും യു.എസിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നത്. 1960-കളില്‍ അമേരിക്കന്‍ സമൂഹത്തിന്റെ സവിശേഷതയായിരുന്ന ‘പ്രതിസംസ്കാര കാലഘട്ടം’ (counterculture era) എന്നറിയപ്പെട്ട ഏകാധിപത്യ-വിരുദ്ധ, വിലക്കുകളെ ഭേദിക്കുന്ന സാംസ്കാരിക വേലിയേറ്റത്തിന്‍റെ വക്കിലാണെന്നു തോന്നുന്നു നമ്മുടെ രാജ്യവും.

അമേരിക്കന്‍ സമൂഹത്തില്‍ ലൈംഗിക, ഭാഷാപരമായി നിലനിന്നിരുന്ന സമൂഹത്തിന്റെ ഇറുകിപ്പിടിച്ച ചിന്താഗതികളെ ചോദ്യം ചെയ്തതിന് സ്റ്റാന്‍ഡ്-അപ് കൊമേഡിയൻമാരായിരുന്ന ലെന്നി ബ്രൂസിനും ജോര്‍ജ് കാര്‍ലിനുമെതിരെയുണ്ടായ 1960-കളിലെ ശത്രുതാപരമായ തിരിച്ചടികള്‍ക്കും അടുത്തിടെ ആള്‍ ഇന്ത്യ ബക്ചോദ് (എ.ഐ.ബി.) മുംബൈയില്‍ സംഘടിപ്പിച്ച കോമഡി സ്റ്റേജ് ഷോ റോസ്റ്റിനെതിരെ രൂപപ്പെട്ട യാഥാസ്ഥിതികവാദികളുടെ അമര്‍ഷ-പ്രതിഷേധങ്ങള്‍ക്കും സാമ്യങ്ങളൊരുപാടുണ്ട്.

ഇത്തരമൊരു ആക്ഷേപ-ഹാസ്യശാഖയുടെ തുടക്കക്കാരെന്നു വിശേഷിപ്പിക്കാവുന്ന (ഇന്ത്യയില്‍ എ.ഐ.ബി. ഇതിലെ വിദഗ്ധരാണ്) ബ്രൂസും ശിഷ്യനായ കാര്‍ലിനും, ലൈംഗികത, ധാര്‍മികത, മതം തുടങ്ങിയ വിഷയങ്ങളില്‍ അമേരിക്കന്‍ സമൂഹം പാലിച്ചു പോന്നിരുന്ന ഇരട്ടത്താപ്പിനും മാമൂലിനുമെതിരെ അവരുടെ അശ്ലീല ഹാസ്യങ്ങളും ആംഗ്യ വിക്ഷേപങ്ങളും തൊടുത്തതിന്റെ പേരില്‍ പലതവണ നിയമ പ്രശ്നങ്ങളെ അഭിമുഖീകരിച്ചിരുന്നു.

വാസ്തവത്തിൽ, തന്റെ പതിവു പരിപാടികളിലൂടെ ബ്രൂസ് എപ്പോഴും കുടുങ്ങിയിരുന്നതിനാല്‍ അദ്ദേഹം “അറസ്റ്റ് ചെയ്യപ്പെടാന്‍ സാദ്ധ്യതയുള്ള” കൊമേഡിയന്‍ എന്നറിയപ്പെട്ടിരുന്നു. തന്റെ പരിപാടിയില്‍ അശ്ലീല പദങ്ങളും അസഭ്യരീതികളുമുപയോഗിച്ചതിന്റെ പേരിലായിരുന്നു എല്ലാ അറസ്റ്റുകളും. ബ്രൂസ് ആദ്യം അറസ്റ്റ് ചെയ്യപ്പെട്ടത് ‘കോക്ക് സക്കര്‍’ എന്ന പദം (രണ്‍വീര്‍ സിംഗേ, ജാഗ്രതൈ!) സാന്‍ ഫ്രാന്‍സിസ്കോയിലെ ഒരു ജാസ് വര്‍ക്ക്ഷോപ്പ് വേദിയില്‍ ഉപയോഗിച്ചതിനാണ്. ക്രമേണ കുറ്റവിമുക്തനായെങ്കിലും പലതവണ ഇതേ പ്രശ്നത്തില്‍ തന്നെ ചെന്ന് ചാടിയ ബ്രൂസ് തന്റെ വാമൊഴി കുറ്റങ്ങളുടെ പേരില്‍ 1964-ല്‍ ന്യൂയോര്‍ക്കില്‍ ശിക്ഷിക്കപ്പെട്ടു.

എ.ഐ.ബി. ഷോ കണ്ട് വികാരം വ്രണപ്പെട്ട വലതുപക്ഷ ‘ബ്രാഹ്മിന്‍ ഏകതാ സംസ്ഥ’, രണ്‍വീര്‍ സിംഗ്, അര്‍ജുന്‍ കപൂര്‍, കരണ്‍ ജോഹര്‍ എന്നീ താരങ്ങളുള്‍പ്പെടെ പരിപാടി അവതരിപ്പിച്ച എല്ലാവര്‍ക്കുമെതിരെ പരാതി നല്‍കിയത് പോലെ, ബ്രൂസിനും കൂട്ടാളികള്‍ക്കുമെതിരെ റോമന്‍ കാത്തലിക് ചര്‍ച്ച് വലതുപക്ഷ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ഒരു കുഞ്ഞിനെ പീഡിപ്പിച്ച കുറ്റത്തില്‍ മുങ്ങി നടന്ന് ഇപ്പോള്‍ വിചാരണക്കായി തീഹാര്‍ ജയിലില്‍ കഴിയുന്ന ജോസഫ് ജയ്പോള്‍ എന്ന കാത്തലിക് വൈദികന്റെ പ്രവര്‍ത്തികളില്‍ രോഷം കൊള്ളുന്നതിനു പകരം, പീഡിപ്പിക്കുന്ന വൈദികരെ പറ്റിയുള്ള ഷോയിലെ ചില പരാമര്‍ശങ്ങളെ കുറിച്ചറിഞ്ഞ കാത്തലിക്ക് ഗ്രൂപ്പുകളും, അതുവരെ ഇല്ലാതിരുന്ന വികാരവിക്ഷോഭത്തില്‍പ്പെട്ടു എ.ഐ.ബി.ക്കു നേരെ പരാതി നല്‍കിയെന്നത് അവരുടെ ഇരട്ടത്താപ്പിനെ കാണിക്കുന്നു. ഷോയ്ക്ക് ശേഷമുണ്ടായ വിവാദങ്ങളെ പ്രതി ചില റെസ്ടോറന്‍റുകളും ക്ലബ്ബുകളും എ.ഐ.ബി.യെ ബ്ലാക്ക് ലിസ്റ്റു ചെയ്തതും, പരിണിതഫലം ഭയന്ന് ചില അമേരിക്കന്‍ നിശാ ക്ലബ്ബുകള്‍ ബ്രൂസിന്റെ പരിപാടി സംഘടിപ്പിക്കുന്നത് അവസാനിപ്പിച്ചതും കൂട്ടി വായിക്കാവുന്നതാണ്.

എന്നാല്‍ അമേരിക്കന്‍ ‘പ്രതി സംസ്കാര’ താരങ്ങളും അവരുടെ ഇന്ത്യന്‍ അനുകരണ സംഘവും തമ്മിലുള്ള വ്യത്യാസം എങ്ങനെയാണ് അവര്‍ ഏകാധിപത്യ സ്വഭാവമുള്ള വലതുപക്ഷ ഭീഷണിയെ നേരിട്ടതെന്നതിലാണ്. നിയമ, സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടും ബ്രൂസ് അവസാനം വരെ കീഴടങ്ങിയില്ല. ഒരു കോമഡി കലക്ടീവ് എന്ന നിലയിലും സോഷ്യല്‍ മീഡിയയുടെ പരസ്പര ബന്ധിക്കലുകള്‍ക്കുള്ളില്‍ നിലനില്‍ക്കുന്നതിനാലും തങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതാന്‍ ബ്രൂസിനെക്കാള്‍ എ.ഐ.ബി. സംഘാടകര്‍ക്ക് എളുപ്പമായിരുന്നു.

എ.ഐ.ബി. വീഡിയോ പേജില്‍, വീഡിയോ ഇഷ്ടപ്പെടാത്തവരുടെ എണ്ണത്തെക്കാള്‍ പത്തിരട്ടിയായിരുന്നു ഇഷ്ടപ്പെട്ടവരുടെ എണ്ണം. ഇത് ഇഷ്ടപ്പെട്ടവര്‍ക്കിടയില്‍ വീഡിയോ എത്രമാത്രം ജനപ്രീതി ഉണ്ടാക്കി എന്നതിന്റെ തെളിവാണ്. എങ്കിലും, വീഡിയോ ഇഷ്ടപ്പെട്ട എണ്‍പത് ലക്ഷം പ്രേക്ഷകരുടെ താത്പര്യം വേണ്ടവിധം ഉപയോഗിക്കാതെ ആ വീഡിയോ ഡിലീറ്റ് ചെയ്യുന്നതിലൂടെ എ.ഐ.ബി. സംഘാടകര്‍ രാജ്യത്തെ അഭിപ്രായ-പ്രകടന-സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടാനുള്ള ഒരു സുവര്‍ണ്ണാവസരമാണ് കളഞ്ഞത്.


സംഗീത് സെബാസ്റ്റ്യന്‍

സംഗീത് സെബാസ്റ്റ്യന്‍

ന്യൂഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ലൈംഗികത, മതം, ആണത്തം എന്നിവയുമായി ബന്ധപ്പെട്ട് സാംസ്‌കാരിക മനോഭാവങ്ങള്‍ ഉരുത്തിരിയുന്നത് നിരീക്ഷിക്കുന്നു. മതം, പോണോഗ്രഫി, സ്വയംഭോഗം എന്നിവയുമായി ബന്ധപ്പെട്ട പുസ്തകത്തിന്റെ പണിപ്പുരയിലാണ്.

Next Story

Related Stories