TopTop
Begin typing your search above and press return to search.

ഹോളിവുഡ് ക്ലാസ്സിക് 'ആള്‍ ദി പ്രസിഡന്റ്സ് മെന്‍' 40 തികയുമ്പോള്‍

ഹോളിവുഡ് ക്ലാസ്സിക് ആള്‍ ദി പ്രസിഡന്റ്സ് മെന്‍ 40 തികയുമ്പോള്‍

മൈക്കല്‍ കാവ്നാ
(വാഷിംഗ്ടണ്‍ പോസ്റ്റ്)

കാല്‍ ബേന്‍സ്റ്റീന്റെ ഇഷ്ട ദൃശ്യം-വാഗ്പെരുപ്പം നിറഞ്ഞ ഒരു ചിത്രത്തിലെ വാക്കുകളില്ലാത്ത ശക്തമായ ഒരു ദൃശ്യം. എല്ലാം ഒരു രൂപകമായി ഉയരുന്ന നിമിഷമാണത്.

അത് ബേന്‍സ്റ്റീന്‍ പറയുന്നു,”ലൈബ്രറി കോണ്‍ഗ്രസ് ദൃശ്യമാണ്.”

'ആള്‍ പ്രസിഡന്റ്സ് മെന്‍' എന്ന അലന്‍ ജെ പാകുലയുടെ മാധ്യമപ്രവര്‍ത്തനവുമായി ഇഴചേര്‍ത്ത പ്രശസ്ത ചലച്ചിത്രത്തിന്റെ 40-ആം വാര്‍ഷികമാണിത്. വാഷിംഗ്ടണ്‍ പോസ്റ്റിന്റെ വാട്ടര്‍ഗേറ്റ് റിപ്പോര്‍ട്ടര്‍മാര്‍ ബേന്‍സ്റ്റീനും (ഡസ്റ്റിന്‍ ഹോഫ്മാന്‍), ബോബ് വുഡ്വാര്‍ഡും (റോബര്‍ട് റെഡ്ഫോര്‍ഡ്) ലൈബ്രറിയിലെ ആയിരക്കണക്കിന് പുസ്തകസൂചികകളിലൂടെ നടത്തുന്ന ആയാസകരമായ തെരച്ചിലേക്കാണ് പരാമര്‍ശിക്കപ്പെട്ട ദൃശ്യം പോകുന്നത്.

“തറയില്‍ നിന്നും ലൈബ്രറിയുടെ ഗോളശാലയിലേക്കുള്ള പോക്കാണ് ഏറ്റവും മികച്ച നിമിഷം,” ബേന്‍സ്റ്റീന്‍ പറഞ്ഞു. “ആവശ്യപ്പെട്ടതിനെക്കാളും കൂടുതല്‍ സൂചികരേഖകള്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് ലഭിക്കുന്ന ആ നിമിഷം യഥാര്‍ത്ഥ റിപോര്‍ട്ടിംഗിന്റെ വെല്ലുവിളികള്‍ വ്യക്തമാക്കുന്നു. ആ ഘട്ടത്തില്‍ ഞങ്ങളുടെ സാഹചര്യത്തിലൂടെ കടന്നുപോയിരുന്നതെന്താണെന്നും.”

എന്നാല്‍ വാക്കുകള്‍ വളരെ പ്രധാനമായ രണ്ടു രംഗങ്ങളാണ് ഈ 1976 ചിത്രത്തില്‍ വുഡ്വാര്‍ഡിന് പ്രിയപ്പെട്ടത്. ഓസ്കാര്‍ ജേതാവ് ജാസന്‍ റോബാഡ്സ് അവതരിപ്പിച്ച പോസ്റ്റിന്റെ എക്സിക്യൂട്ടീവ് എഡിറ്റര്‍ ബെന്‍ ബ്രാഡ്ലീയുടെ കഥാപാത്രത്തെ നിര്‍വചിക്കാനും ഈ രംഗങ്ങള്‍ സഹായിക്കുന്നു.

ഇതിലൊന്ന് പോസ്റ്റ് തങ്ങളുടെ രണ്ടു റിപ്പോര്‍ട്ടര്‍മാര്‍ക്കൊപ്പം നില്‍ക്കുമെന്ന് ബ്രാഡ്ലീ സൂചിപ്പിക്കുന്നതാണെന്ന് വുഡ്വാര്‍ഡ് പറയുന്നു. മറ്റൊന്ന് റിപ്പോര്‍ട്ട് നോക്കികൊണ്ട്, ഇരുവരോടും ‘നിങ്ങള്‍ക്കത് കിട്ടിയില്ല’ എന്നു ബ്രാഡ്ലീ പറയുന്നതാണ്. “അദ്ദേഹം രണ്ടു കാര്യങ്ങള്‍ എപ്പോഴും ചെയ്തിരുന്നു: വിശ്വസ്തതയും പ്രകടന നിലവാരം ഉയര്‍ത്തലും.” 2014-ല്‍ ബ്രാഡ്ലീ അന്തരിച്ചു.

ഇത് ചലച്ചിത്രത്തില്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ വര്‍ഷമാണ്. ‘സ്പോട്ട് ലൈറ്റ്’ മികച്ച ചിത്രത്തിനുള്ള ഓസ്കാര്‍ നേടി. തങ്ങളെ പ്രചോദിപ്പിച്ച സിനിമ “ആള്‍ പ്രസിഡെന്റ്സ് മെന്‍’ ആണെന്ന് മികച്ച തിരക്കഥക്കുള്ള (സ്പോട്ട് ലൈറ്റ്)പുരസ്കാരം നേടിയ ടോം മക്കാര്‍ത്തിയും ജോഷ് സിങ്ങരും പറയുന്നു.

“ആള്‍ ദി പ്രസിഡന്റ്സ് മെന്‍” സിനിമയുടെ ദൃശ്യ മികവുകള്‍ ഒന്നു നോക്കാം1. ബേന്‍സ്റ്റീന്റെ ഇഷ്ട ദൃശ്യം

ഏതാണ്ട് സംഭവിക്കാതിരുന്ന ഒരു ഷോട്ട്.

ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് ആദ്യം ലൈബ്രറി ഓഫ് കോണ്‍ഗ്രസ് ഉപയോഗിക്കാന്‍ അനുമതി കിട്ടിയില്ല. പിന്നെ MPAA അദ്ധ്യക്ഷന്‍ ജാക് വാലെന്‍റിയുടെ സ്വാധീനം ഉപയോഗിച്ചാണ് അത് കിട്ടിയത്. എന്നാല്‍ അകത്തുകടന്നപ്പോള്‍ സംവിധായകനും ഛായാഗ്രാഹകനും വിഷമത്തിലായി; ജെഫേഴ്സണ്‍ കെട്ടിടവും അതിന്റെ കൂറ്റന്‍ ഗോളശാലയും പരമാവധി മിഴിവോടെ എങ്ങനെ ഉപയോഗിക്കും.

സിനിമയിലെ എല്ലാ രംഗങ്ങളും വിവരങ്ങള്‍ നല്കുന്നു. സംഭാഷങ്ങളില്ലാത്ത അപൂര്‍വ രംഗങ്ങള്‍ അടക്കം. രണ്ടു റിപ്പോര്‍ട്ടര്‍മാരും വൈക്കോല്‍ക്കൂനയില്‍ സൂചി തപ്പുന്നത്ര ദുര്‍ഘടമായ പണിയാണ് ചെയ്തത് എന്നു കാണിക്കാനായിരുന്നു ഈ ഷോട്ട് എന്നു അന്തരിച്ച മഹാനായ ഛായാഗ്രാഹകന്‍ ഗോര്‍ഡന്‍ വില്ലിസ് പറഞ്ഞു.

അത്തരം സാവധാനത്തിലുള്ള അന്വേഷണങ്ങളെ സൂചിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യമിശ്രണവും സൂചികരേഖകളുടെ കൂനയും വന്‍കെട്ടിടങ്ങളും കാണിക്കുന്നിടത്തുള്ള ഡേവിഡ് ഷീറുടെ സംഗീതവും ഇതിനോട് ചേര്‍ന്നുനില്‍ക്കുന്നു.

ദ്വന്ദ്വാത്മകമായ ദൃശ്യങ്ങളിലാണ് ഈ സിനിമയുടെ ശക്തി. ബേന്‍സ്റ്റീന്‍ പറഞ്ഞപോലെ ചെറുതും വലുതുമായ വികാരങ്ങളെ ഒരുപോലെ സംവേദിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍.

യഥാര്‍ത്ഥ റിപ്പോര്‍ട്ടിംഗ് അധികാരത്തിന്റെ ചക്രങ്ങള്‍ക്ക് തടയിട്ടേക്കാം. ശക്തരും ഉന്നതരും അവരുടെ തന്നെ അഴിമതി യന്ത്രത്തില്‍ നിന്നും തെറിച്ചുവീഴുന്നതുവരെ.

2. വുഡ്വാര്‍ഡിന്റെ ഇഷ്ട രംഗം

ബ്രാഡ്ലിയുടെ വേഷം ചെയ്യാന്‍ ജാസന്‍ റോബാര്‍ഡ്സ് ആദ്യം വിസമ്മതിച്ചിരുന്നു.

എന്തായിരിക്കും തനിക്ക് കിട്ടിയ തിരക്കഥയില്‍ അദ്ദേഹം കണ്ടിരിക്കുക? ഉറക്കെ സംസാരിക്കുകയും ആവശ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്ന ഒരു കഥാപാത്രമാണ് റോബാര്‍ഡ്സ് ആദ്യം കരുതിയത്. “കഥ എവിടെയാണ്?”

പോസ്റ്റിന്റെ പത്രാധിപര്‍ ചെയ്യുന്നതെന്തൊക്കെ എന്നും വേഷം അതെങ്ങിനെ അഭിനയിക്കാം എന്നതാണെന്നും റോബാര്‍ഡ്സിനോട് വിശദീകരിച്ചു. അങ്ങനെയാണ് നാമിന്ന് കാണുന്ന ഉത്തേജിപ്പിക്കുന്ന നേതൃത്വവും വിശസ്തതയും നാടകീയമായ കരുത്തോടെ ചെയ്യുന്ന രംഗങ്ങള്‍ ഉണ്ടായത്.

ഈ സിനിമയ്ക്ക് ഒരു വര്‍ഷം മുമ്പ് റെഡ്ഫോര്‍ഡ് സിഡ്നി പോളോക്കിന്റെ സി ഐ എ കഥ 'ത്രീ ഡേയ്സ് ഓഫ് ദി കോന്‍ഡോറി'ല്‍ അഭിനയിച്ചിരുന്നു. ആ ചിത്രത്തില്‍ റെഡ്ഫോര്‍ഡിന്‍റെ കഥാപാത്രം അധികമൊന്നും നോക്കുന്നതായി തോന്നില്ലെങ്കിലും ഒന്നും വിട്ടുകളയാത്ത ഒരാളാണ്.

ആള്‍ ദി പ്രസിഡന്റ്സ് മെന്‍-ലെ ബ്രാഡ്ലീയുടെ കഥാപാത്രത്തെ വിശേഷിപ്പിക്കാന്‍ ഇത് മതിയാകും. തന്റെ മുമ്പിലുള്ളതും ഇല്ലാത്തതും എന്താണെന്ന് ഞൊടിയിടയില്‍ മനസിലാക്കുന്ന അയാളുടെ കണ്ണുകള്‍ പതിയും വിധമാണ് രംഗങ്ങള്‍ ചിത്രീകരിച്ചത്.

നാം വെള്ളിത്തിരയില്‍ കണ്ടത് യഥാര്‍ത്ഥ ജീവിതത്തില്‍ എങ്ങനെയാണെന്നത് ശ്രദ്ധേയമാണ്. വാട്ടര്‍ഗേറ്റിന്പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ബ്രാഡ്ലീയോടുള്ള വുഡ്വാര്‍ഡിന്‍റെ കടുത്ത ആരാധന പ്രകടമാണ്.

പലതവണയും രണ്ടുപേരെയും ഞാന്‍ ഒറ്റയ്ക്ക് കണ്ടിട്ടുണ്ട്. പക്ഷേ നിരവധി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വാട്ടര്‍ഗേറ്റ് ഹോട്ടലില്‍ ചോരുന്ന മേല്‍നിലയില്‍ വെള്ളക്കുഴലുകള്‍ക്കടുത്തായി ഞാനവരെ ഒരുമിച്ച് കണ്ടത്. വാട്ടര്‍ഗേറ്റിന്റെ 40-ആം വാര്‍ഷിക ചടങ്ങായിരുന്നു അത്. മഹാനായ ഈ പത്രാധിപരുടെ കൂടെ ഒരുമിച്ച് ജോലിചെയ്യാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്ന് പറഞ്ഞ് വുഡ്വാര്‍ഡ് ബ്രാഡ്ലീയുടെ നെറുകയില്‍ ചുംബിച്ചു.

എല്ലാവരും ഇഷ്ടപ്പെട്ടിരുന്ന അയാളുടെ സ്വന്തം വാക്കുകളില്‍ പറഞ്ഞാല്‍,“വിശ്വസ്തതയും പ്രകടന നിലവാരം ഉയര്‍ത്തലും” ആവശ്യപ്പെട്ട ഒരാളോടുള്ള അടുപ്പമായിരുന്നു അത്.

3. സത്യത്തിന്റെ ഇരുളും വെളിച്ചവും

ഇതിഹാസം പോലൊരു ഛായാഗ്രാഹകനായിരുന്ന ഗോര്‍ഡന്‍ വില്ലിസ് അറിയപ്പെട്ടിരുന്നത് ‘ഇരുട്ടിന്റെ രാജകുമാരന്‍’ എന്നായിരുന്നു. പക്ഷേ അദ്ദേഹം എപ്പോഴും പറയാറുള്ളപോലെ നിഴലുകള്‍ മാത്രമല്ല കാര്യം, ഇരുളും വെളിച്ചവും ഇടകലര്‍ന്നുള്ള കളിയാണ്.

എന്താണ് നമുക്ക് കണ്ടെടുക്കാനാവുക, ആ നിഴലുകളില്‍ നിന്നും എന്തു സത്യമാണ് ഇനി വെളിപ്പെടുത്താനാവുക? പാകുലയോടൊത്തുള്ള ‘ക്ലൂട്ട്’‘ദി പരല്ലാക്സ് വ്യൂ’ എന്നീ സിനിമകളിലും മൂന്നു ‘ഗോഡ്ഫാദര്‍’ സിനിമകളില്‍ അന്നുവരെ ഇറങ്ങിയ രണ്ടെണ്ണത്തിലും വില്ലിസ് ഇത്തരം ആഖ്യാനമാനങ്ങള്‍ വരച്ചിട്ടിരുന്നു. അതുകൊണ്ടു ഈ സിനിമയ്ക്ക് വില്ലിസിനെക്കാള്‍ മെച്ചപ്പെട്ട ഒരു ഛായാഗ്രാഹകനെ കിട്ടാനില്ലായിരുന്നു.

ഒരു ന്യൂസ്റൂമിന്റെ ചുമരുകളും വെളിച്ചവും മടുപ്പിക്കുന്നതായി തോന്നുമെങ്കിലും സിനിമയില്‍ അത് റിപ്പോര്‍ട്ടര്‍മാര്‍ കൊണ്ടുവരുന്ന ലാബ് സാംപിളുകളും മറ്റും പരിശോധിക്കുന്ന വേളയില്‍ അതൊരു സത്യത്തിന്റെ വെളിച്ചത്തിലേ പരിശോധനയായി തോന്നാം.

വുഡ്വാര്‍ഡിന്‍റെ പാര്‍ക്കിംഗ് ഗാരേജും ഇതുപോലെ സത്യം പതിയെ വെളിപ്പെടുന്ന തരത്തില്‍ വെളിച്ചം കടക്കാന്‍ മടിക്കുന്ന വിധത്തിലാണ് ഒരുക്കിയത്.

പിന്നീട് വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം വുഡ്വാര്‍ഡിന്‍റെ ‘ഡീപ് ത്രോട്ട്’ എന്ന രഹസ്യവിവരക്കാരന്‍ മാര്‍ക് ഫെല്റ്റ് ആണെന്ന് തെളിഞ്ഞപ്പോള്‍ സിനിമയില്‍ ഫെല്‍റ്റിനെ അവതരിപ്പിച്ച ഹാള്‍ ഹോള്‍ബ്രൂക്കിനോട് ആരായിരിക്കും യഥാര്‍ത്ഥ ഡീപ് ത്രോട്ട് എന്നതിനെക്കുറിച്ച് എന്തെങ്കിലും ഊഹമുണ്ടായിരുന്നോ എന്നു ഞാന്‍ ചോദിച്ചു.

“ആ പാര്‍കിംഗ് ഗാരേജില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ അക്ഷരാര്‍ത്ഥത്തിലും ആലങ്കാരികമായും ഇരുട്ടിലായിരുന്നു,” ഹോള്‍ബ്രൂക് മറുപടി പറഞ്ഞു.4. ഇടുങ്ങിയ ഇടങ്ങള്‍

യാഥാര്‍ത്ഥ്യം അതേപടി പകര്‍ത്തുകയല്ല മറിച്ച് അതിനെ പ്രതിനിധീകരിക്കുകയാണ് ചലച്ചിത്രകാരന്മാരുടെ പണി എന്നു വില്ലിസ് പറഞ്ഞിരുന്നു. യഥാര്‍ത്ഥ ജീവിത സംഭവങ്ങളെ അങ്ങനെ രൂപകല്‍പന ചെയ്യുന്നതിലാണ് കല.

ഇതിന്റെ ഭാഗമായി വളരെ ചുരുങ്ങിയ ഇടങ്ങളുണ്ടാക്കാന്‍ പാകുലയും വില്ലിസും ശ്രമിച്ചിരുന്നു. ഒരാള്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ മടിക്കുന്ന അഭിമുഖം ഒരു പരസ്പര സഹകരണമുള്ള ഇരട്ട ഷോട്ട് അല്ല. പകരം അഭിമുഖം ചെയ്യപ്പെടുന്നയാല്‍ മൂലക്കാണ്. അതൊരു ചോദ്യം ചെയ്യല്‍ പോലെയാണ് കാണിക്കുന്നത്.

5. ദൃശ്യ ഭാഷണം

പത്ര ഡെസ്കിലെ അഞ്ചോ ആറോ മിനിറ്റ് നീളമുള്ള ഒരു ഫോണ്‍വിളി എങ്ങനെയാണ് നാടകീയമാക്കി ചിത്രീകരിക്കുക? അതിനാടകീയതകള്‍ ഒഴിവാക്കി?

ഒതുക്കത്തിന്റെ ആശാന്‍മാരായ പാകുലയും വില്ലിസും മികച്ച ഇരട്ട ദൃശ്യങ്ങള്‍ ന്യൂസ് റൂം ഷോടില്‍ ഉള്‍ക്കൊള്ളിച്ചാണ് അല്ലെങ്കില്‍ വെറുതെ ഇമ്പമുണ്ടാക്കാതെ പോകുമായിരുന്ന ഒരു രംഗത്തെ ഭംഗിയാക്കിയത്.

വുഡ്വാര്‍ഡ് ആരും ശ്രദ്ധിക്കാത്ത ഒരു വാര്‍ത്തയുടെ പിന്നാലേ പോകുമ്പോള്‍ ന്യൂസ് റൂമിലെ ആളുകള്‍ മറ്റൊരു വാര്‍ത്ത കേള്‍ക്കാന്‍ ടി വീക്ക് മുന്നില്‍ തിക്കിത്തിരക്കുന്നു. വുഡ്വാര്‍ഡിന്‍റെ വെളിപ്പെടുത്തലുകള്‍ അയാളുടെ ശപ്രവര്‍ത്തകര്‍ക്കുപോലും ശ്രദ്ധിക്കാന്‍ പാകത്തിലുള്ളതല്ല. (ക്ലോസ് അപ് ഷോടും ദൂരെയുള്ള ചലനവും ഒരുപോലെ ഫോക്കസില്‍ വരുന്ന ഒരു split adopter ഉപയോഗിച്ചാണ് വില്ലിസ് ഈ ഷോട് എടുത്തത് )

ഇങ്ങനെ സാങ്കേതികമായി കുഴപ്പം പിടിച്ച ഒരു ഷോട് എടുക്കാന്‍ ശ്രമിക്കുന്നതില്‍ സംശയിച്ചുനിന്ന ഒരു സഹായിയെ സിനിമയില്‍ നിന്നും പുറത്താക്കി വില്ലിസ്. ആ റിപ്പോര്‍ടര്‍മാരെപ്പോലെ ചരിത്രം ഉണ്ടാക്കുകയായിരുന്നു വില്ലിസ്.

6. ടൈപ്പിംഗ് ദൃശ്യം

റിപോര്‍ട്ടറുടെ ഫോണ്‍വിളി ചിത്രീകരിക്കല്‍ വെല്ലുവിളിയാണെങ്കില്‍ അയാള്‍ ടൈപ്പ് ചെയ്യുന്നതോ? വിലങ്ങനെ രണ്ടായി കാണിക്കുന്ന വെളിത്തിരയില്‍ സമര്‍ത്ഥമായി മുന്നിലായി ഒരു ടി വിയും കൂടി വെക്കുന്നു. ഒരു നിക്സണ്‍ വിജയ നിമിഷം പങ്കിടുന്ന ഇലക്ട്രോണിക് മാധ്യമം.

അതിനിടെ പോസ്റ്റ് റിപ്പോര്‍ടര്‍ പഴയ ശൈലിയിലെ മാധ്യമപ്രവര്‍ത്തനത്തിന്റെ ടൈപ്പിംഗ് തുടരുകയാണ്. ടൈപ്റൈറ്ററിലെ കട്ടകള്‍ സത്യത്തിലേക്കാണ് ചലിക്കുന്നത്. നിക്സണ്‍ മുന്നിലെ ടി വിയിലുണ്ട്.

ഒരു തിരുത്തല്‍ ശക്തിയായും ഒരായുധമായും ഉപയോഗിക്കുന്ന അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനമാണ് 'ആള്‍ ദി പ്രസിഡന്‍റ്സ്ആ മെന്‍' ആഘോഷിക്കുന്നത്. ക്ലോസ് അപ്പില്‍ കാണിക്കുന്ന ടൈപ് റൈറ്റര്‍ കട്ടകള്‍ ഒരു ശക്തിയാണ്, ഓരോ അടിയും സത്യത്തിലേക്കുള്ള ഒരു പീരങ്കിവെടിയാണ്.


Next Story

Related Stories