ഇന്ത്യന്‍ നഗരങ്ങളെ കൂടുതല്‍ എളുപ്പത്തില്‍ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഉദാന്‍ (ഉഡെ ദേശ് ക ആം നാഗരിക്) പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തു. സിംലയ്ക്കും ന്യൂഡല്‍ഹിക്കും ഇടയില്‍ യാത്ര ചെയ്യുന്ന ആദ്യവിമാനത്തിന് പച്ചക്കൊടി കാണിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം.
ഉദാന്‍ പദ്ധതിയുടെ പ്രധാന സവിശേഷതകള്‍ താഴെ പറയുന്നു.
1. 800 കിലോമീറ്റര്‍ വരെ ദൂരമുള്ള സ്ഥലങ്ങളെ കമ്പോളാധിഷ്ടിതമായ വ്യോമയാന മാര്‍ഗങ്ങളിലൂടെ ബന്ധിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഉദാന്‍ പദ്ധതി.
2. ഇന്ത്യയുടെ വ്യോമബന്ധപ്പെടല് ശൃംഖലയില്‍ 43 നഗരങ്ങളെ ബന്ധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. അപൂര്‍വം വിമാനങ്ങള്‍ മാത്രം ഇറങ്ങുന്ന പരിമിത സൗകര്യങ്ങളുള്ള ഒരു ഡസനിലേറെ വിമാനത്താവളങ്ങളെ പദ്ധതി വഴി പരസ്പരം ബന്ധിപ്പിക്കും. വിമാനത്താവളം ഉണ്ടായിട്ടും വെറുതെ കിടക്കുന്ന 31-ാം സ്ഥലങ്ങൡലേക്ക് സര്‍വീസുകള്‍ വ്യാപിപ്പിക്കും.
3. എയര്‍ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ അലൈന്‍സ് എയര്‍ ആണ് ആദ്യ സര്‍വീസ് നടത്തിയത്.
4. റണ്‍വേയുടെ നീളക്കുറവും ഉയരവും ഊഷ്മവിലെ നിയന്ത്രണവും നിമിത്തം വിമാനത്തിന്റെ പൂര്‍ണശേഷിയില്‍ യാത്രക്കാരെ കയറ്റാന്‍ സാധിച്ചില്ല. 48 പേരെ വഹിക്കാവുന്ന വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്നും സിംലയിലേക്ക് 35 യാത്രക്കാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ മടക്കത്തില്‍ 15 യാത്രക്കാര്‍ മാത്രമേ ഉണ്ടാവൂ. കമ്പനിക്ക് ഉണ്ടാവുന്ന നഷ്ടം നികത്താന്‍ സീറ്റ് ഒന്നിന് 3,000 രൂപ ആശ്വാസമായി നല്കാന് സര്‍ക്കാര്‍ ആലോചിക്കുന്നു.
5. വിമാനസര്‍വീസ് നടത്തുന്നതിനുള്ള ചിലവും പ്രതീക്ഷിക്കുന്ന വരുമാനവും തമ്മിലുള്ള വിടവ് നികത്തുന്നതിനാണ് സര്‍ക്കാര്‍ ധനസഹായം (വയബിലിറ്റി ഗ്യാപ് ഫണ്ട്-വിജിഎഫ്) നല്‍കുന്നത്. ആദ്യഘട്ടത്തിലെ അപേക്ഷകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കമ്പനികള്‍ക്ക് പ്രതിവര്‍ഷം 205 കോടി രൂപ വരെ ഇത്തരത്തില്‍ ധനസഹായം നല്‍കും. ഇതിനുള്ള കരാറില്‍ ഇതുവരെ 19 സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളും ഒപ്പിട്ടിട്ടുണ്ട്.
6. ഭൂലഭ്യത ഉറപ്പാക്കല്‍, സുരക്ഷ ഉറപ്പാക്കല്‍, അവശ്യസേവനങ്ങള്‍ പ്രദാനം ചെയ്യല്‍ തുടങ്ങിയവയാണ് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വങ്ങള്‍. പ്രാദേശികമായി ബന്ധിപ്പിക്കപ്പെടുന്ന വിമാനത്താവളങ്ങള്‍ക്ക് അത്യാവശ്യമുള്ള ഭൂമി സൗജന്യമായി സംസ്ഥാനങ്ങള്‍ നല്‍കണമെന്ന് കേന്ദ്രം ആഗ്രഹിക്കുന്നു. കൂടാതെ വിജിഎഫിന്റെ 20 ശതമാനം സംസ്ഥാനങ്ങള്‍ വഹിക്കണം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും വിഹിതം പത്ത് ശതമാനമായിരിക്കും.
7. ഒരു ലേല പ്രക്രിയയ്ക്ക് ശേഷം അലൈന്‍സ് എയര്‍, സ്പൈസ്ജെറ്റ്, ടര്‍ബോ മേഘ, എയര്‍ ഒഡീഷ, എയര്‍ ഡെക്കാന്‍ എന്നീ അഞ്ച് വിമാനക്കമ്പനികള്‍ക്ക് 128 റൂട്ടുകള്‍ വിഭജിച്ച് നല്കിയിരിക്കുന്നു.
8. പ്രതിമണിക്കൂര്‍ പറക്കുന്നതിന് സീറ്റൊന്നിന് 2500 നിരക്കില്‍ സാധാരണക്കാര്‍ക്ക് പോലും വിമാനയാത്ര സാധ്യമാക്കുന്ന തരത്തിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. 500 കിലോമീറ്റര്‍ ദൂരമുള്ള യാത്രയ്ക്ക് ശേഷമുള്ള ഓരോ അരമണിക്കൂറിനും 2500 രൂപ വച്ച് ഈടാക്കും എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നു.
9. 2016 ജൂണ്‍ 15ന് പുറത്തിറങ്ങിയ ദേശിയ വ്യോമയാന നയത്തിന്റെ ഭാഗമാണ് ഈ പദ്ധതി.
10. ഹൈദരാബാദ്-കടപ്പ, ഹൈദരാബാദ്-നന്ദഡ്, നന്ദഡ്-മുംബെ, ചെന്നൈ-മൈസൂര്‍, ചെന്നൈ-സേലം, മുംബെ-പോര്‍ബന്ദര്‍, കൊല്‍ക്കത്ത-ഐസ്വാള്‍, പൂനെ-നാസിക്, ഡല്‍ഹി-ദറാദൂണ്, റാഞ്ചി-റെയ്പൂര്‍ തുടങ്ങിയവയാണ് നിര്‍ദ്ദിഷ്ട റൂട്ടുകളില്‍ ചിലത്.