TopTop
Begin typing your search above and press return to search.

ചിരിക്കാന്‍ മാത്രം കൊള്ളാം ഈ അമര്‍ അക്ബര്‍ അന്തോണിമാര്‍

ചിരിക്കാന്‍ മാത്രം കൊള്ളാം ഈ അമര്‍ അക്ബര്‍ അന്തോണിമാര്‍

മൊയ്തീന്‍ തരംഗം കഴിഞ്ഞു റിലീസ് ആയാല്‍ മതി എന്ന് ആരാധകര്‍ ആഗ്രഹിച്ച സിനിമയാണ് അമര്‍ അക്ബര്‍ അന്തോണി. മള്‍ട്ടിസ്റ്റാര്‍ സിനിമ, നാദിര്‍ഷയുടെ ആദ്യ സംവിധാന സംരംഭം എന്നീ ഘടകങ്ങള്‍ ഒരു 'മാസ്സ്' പടമാകും അമര്‍ അക്ബര്‍ അന്തോണി എന്ന മുന്‍വിധിയില്‍ പ്രേക്ഷകരെ എത്തിച്ചു. പാട്ടുകളും ട്രെയിലറും ഒരു കംപ്ലീറ്റ് എന്റര്‍ടെയ്നര്‍ ആവും സിനിമ എന്ന് തോന്നിച്ചു.

പൃഥ്വിരാജിന്റെ അമറും ജയസൂര്യയുടെ അക്ബറും ഇന്ദ്രജിത്തിന്റെ അന്തോണിയും സിനിമ ഇറങ്ങും മുന്നേ നമ്മള്‍ അറിഞ്ഞ പോലെ ആത്മ മിത്രങ്ങളാണ്. ഫോര്‍ട്ട് കൊച്ചിയിലെ ഒരു കോളനിയിലാണ് ഇവര്‍ ജീവിക്കുന്നത്. ചെറിയ ജോലികള്‍ ചെയ്ത് കുടുംബം പുലര്‍ത്തുന്ന ഇവരുടെ ഏറ്റവും വലിയ സ്വപ്‌നം തായ്‌ലാന്‍ഡിലെ പട്ടായയില്‍ പോകണം, അവിടത്തെ സ്ത്രീകളെ കൊണ്ട് മസ്സാജ് ചെയ്യിക്കണം എന്നൊക്കെയാണ്. കിട്ടുന്ന ശമ്പളത്തില്‍ നിന്ന് ഇതിനു വേണ്ടി മിച്ചം വെക്കുന്നുണ്ട്. മൂന്നു പേരും അല്പം സീരിയസ് ആയി വായ്‌നോക്കുന്ന പെണ്‍കുട്ടിയാണ് നമിത പ്രമോദിന്റെ ജെന്നി. തമാശകളുമായി രസകരമായി പോകുന്നുണ്ട് ഈ ഭാഗം. നായകന്മാരും രമേശ് പിഷാരടിയും നന്നായി കോമഡി കൈകാര്യം ചെയ്തിരിക്കുന്നു. കുട്ടി പാടുമ്പോള്‍ സദസ്സിലിരുന്നു പാടുന്ന അമ്മ പോലുള്ള നിത്യ ജീവിത കാഴ്ചകള്‍ സിനിമയില്‍ ഉണ്ട്. ജീവിതാനുഭവങ്ങളെ കോമഡിയിലേക്ക് സന്നിവേശിപ്പിച്ചിട്ടുണ്ട്.

നാദിര്‍ഷയുടെ രണ്ടു പതിറ്റാണ്ട് നീണ്ട മിമിക്രി ജീവിതത്തിലെ അനുഭവ പരിചയം സിനിമയിലെ തമാശകളെ ആസ്വാദ്യമാക്കുന്നുണ്ട്. ദേ മാവേലി കൊമ്പത്ത് വമ്പന്‍ ഹിറ്റ് ആയ 90 കളുടെ മധ്യത്തെ നിത്യ ജീവിത ഹാസ്യത്തെ രണ്ടു മൂന്നു രംഗങ്ങള്‍ ഓര്‍മിപ്പിക്കുന്നുണ്ട് സംവിധായകന്‍. ചിരിക്കാന്‍ സാധ്യത ഇല്ലെങ്കിലും 'അച്ഛനൊരിക്കല്‍ രാധികയെ വഴിയില്‍ മറന്ന ; കെ ആര്‍ മീരയുടെ 'ആ മരത്തെയും മറന്നു മറന്നു ഞാനി'ന്റെ തുടക്കം പോലെ തോന്നി സിനിമ തുടക്കം. മാസ്സ് പടം ഇമേജിനെ മറികടക്കുന്ന ഒന്ന്. ചില രംഗങ്ങള്‍ 90 കളിലെ പ്രശസ്ത ഹിന്ദി ചിത്രം ദുശ്മനെ ഓര്‍മിപ്പിച്ചു. നല്ല തമാശകള്‍, അടി, ഇടി, ബഹളം, സസ്‌പെന്‍സ് എല്ലാം ഉണ്ട്. തമാശകള്‍ക്കിടയില്‍ അവിചാരിതമായുണ്ടാവുന്ന ഞെട്ടിക്കുന്ന സംഭവങ്ങളാണ് രണ്ടാം പകുതി.പക്ഷെ ഇതര സംസ്ഥാന തൊഴിലാളികളെ അന്യസംസ്ഥാന തൊഴിലാളികള്‍ എന്ന് വിളിക്കുന്നിടത്തു തുടങ്ങി വളരെ വിചിത്രമാണ് സംവിധായകന്റെയും തിരകഥാകൃത്തിന്റെയും മനോഭാവം എല്ലാ പ്രതികളെയും ആള്‍ക്കൂട്ടത്തിന് എറിഞ്ഞു കൊടുക്കുന്നതും, ആള്‍ക്കാര്‍ അവരെ കൈകാര്യം ചെയ്യുന്നത് അഭിമാനത്തോടെ നോക്കി നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥനുമെല്ലാം വികലമായി തോന്നി. ഗോവിന്ദ ചാമിക്ക് ജയിലില്‍ സുഖമല്ലേ എന്ന് അരിശം കൊള്ളുന്ന സംവിധായകന്‍ പക്ഷെ മറ്റൊരിടത്ത് ഇല വന്നു മുള്ളില്‍ വീണാലും മുള്ള് വന്നു ഇലേല്‍ വീണാലും പീഡനമാവുന്നതിന്റെ അനീതിയെ കുറിച്ചോര്‍ത്ത് വിലപിച്ചു. യാദൃശ്ചികമായി സുപ്രീം കോടതി പരാമര്‍ശത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നുണ്ട്. അടുത്ത വീട്ടിലെ ചേച്ചി പണി ചെയ്യുമ്പോള്‍ അവരറിയാതെ നായകരില്‍ എടുക്കുന്ന ഇടുപ്പിന്റെ ക്ലോസ് അപ്പ് പടം പിന്നെ മറ്റു പലയിടത്തും എന്ന പോലെ ഇവിടെയും ഒരു സാമാന്യ നിയമം മാത്രമാണ്, നിയമ ലംഘനമേ അല്ല. വലിയ സ്വാധീനമില്ലാത്ത ഒറ്റ പ്രതികള്‍ക്കെതിരെ വാളും പരിചയും എടുക്കുമ്പോള്‍ ഉന്നതര്‍ ഉണ്ടെന്ന ആരോപണങ്ങളെ ഇരയുടെ പല വിധ ആര്‍ത്തികളായി വ്യാഖ്യാനിക്കുന്ന പതിവ് ഇവിടെയും ആവര്‍ത്തിക്കുന്നു. കാമുകന്‍ കള്ളം പറയുന്നതല്ല കളവുകള്‍ മനസിലാകി കാമുകി വിട്ടു പോകുന്നതാണ് തെറ്റ് എന്നും നാദിര്‍ഷ ഉറച്ചു വിശ്വസിക്കുന്നുണ്ട്.

പല കുറി ആവര്‍ത്തിക്കപ്പെട്ട മനുഷ്യ വിരുദ്ധതകളെ ശ്രദ്ധിക്കേണ്ട കാര്യമില്ലെന്നും അഥവ ശ്രദ്ധിക്കാമെങ്കില്‍ അത് ഇത്തരം ഒരു പടത്തില്‍ അല്ല ശ്രദ്ധിക്കേണ്ടത് എന്നും അഭിപ്രായം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഈ സിനിമ കാണാം..ചിന്തിക്കാതെ കുറച്ചു ചിരിക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories