TopTop
Begin typing your search above and press return to search.

ക്യൂബ മുകുന്ദന്‍മാര്‍ക്ക് ആവേശം നഷ്ടപ്പെടുമ്പോള്‍

ക്യൂബ മുകുന്ദന്‍മാര്‍ക്ക് ആവേശം നഷ്ടപ്പെടുമ്പോള്‍

ടീം അഴിമുഖം

അവര്‍ കമ്മ്യുണിസ്റ്റുകാരോ അല്ലാത്തവരോ ആയിക്കൊള്ളട്ടെ, കേരളത്തിലെ തലമുറകളെ സംബന്ധിച്ചിടത്തോളം 'അമേരിക്കന്‍ സാമ്രാജ്യത്വ'ത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നത് ഫിഡല്‍ കാസ്‌ട്രോയും ക്യൂബയുമായിരുന്നു. ക്യൂബയുടെ പ്രതിരോധത്തെ കുറിച്ച് ആവേശത്തോടെ പറയുന്ന നിരവധി ക്യൂബാ മുകുന്ദന്മാര്‍ ഉണ്ടായിരുന്നു. എന്നാല്‍ യുഎസിന്റെ കാഴ്ചപ്പാടില്‍ അത് അമേരിക്കന്‍ വിദേശകാര്യനയത്തില്‍ നിന്നുള്ള ഒരു വലിയ വ്യതിയാനമായിരുന്നു.


വളരെ കാലം മുമ്പ് തന്നെ കമ്മ്യൂണിസ്റ്റ് ചൈനയുമായുള്ള ബന്ധങ്ങള്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് സാധാരണ നിലയിലാക്കി. 50,000 അമേരിക്കന്‍ ജീവന്‍ നഷ്ടപ്പെടുത്തുന്ന വിധത്തില്‍ കടുത്ത യുദ്ധം നടത്തിയ വിയറ്റ്‌നാമുമായി പോലും അവരുടെ ബന്ധം സാധാരണനിലയിലായി. എന്നാല്‍ അമേരിക്കയ്ക്ക് എന്തെങ്കിലും ഭീഷണി ഉയര്‍ത്താനുള്ള സാധ്യത നേരത്തെ നഷ്ടമായ ക്യൂബയുമായുള്ള ബന്ധങ്ങള്‍ ശീതയുദ്ധകാലത്തെ പോലെ തന്നെ മരവിച്ചു നിന്നു. 1961ല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം ഏതായാലും വിദേശകാര്യനയത്തിന്റെ ഭാഗമായിരുന്നില്ല. 21-ാം നൂറ്റാണ്ടിലെ ക്യൂബയുമായുള്ള ബന്ധങ്ങള്‍ വളരെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധ്യതയുള്ള സമഗ്രമാറ്റങ്ങളാണ് ഡിസംബര്‍ 17-ാം തീയതി പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുകയും കാര്യാലയങ്ങള്‍ വീണ്ടും തുറക്കുകയും ചെയ്യുന്നത് സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചകള്‍ ഉടനടി ആരംഭിക്കും. ക്യൂബയിലേക്കുള്ള യാത്ര വിലക്കുകളില്‍ ഇളവുകള്‍ അനുവദിക്കുന്നതിന് പ്രസിഡന്റ് തന്റെ ഭരണനിര്‍വഹണ അധികാരങ്ങള്‍ ഉപയോഗിക്കും; സാധാരണ ക്യൂബക്കാര്‍ക്കും അവരുടെ ചെറുകിട വ്യവസായസ്ഥാപനങ്ങളിലേക്കും അയയ്ക്കാവുന്ന പണത്തിന്റെ പരിധി മുന്നു മാസത്തില്‍ ഒരിക്കല്‍ 500 ഡോളര്‍ എന്നത് 2000 ഡോളറായി വര്‍ദ്ധിപ്പിക്കും; കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍, കാര്‍ഷിക ഉപകരണങ്ങള്‍, വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ എന്നിവയുടെ കയറ്റുമതി അനുവദിക്കും. അമേരിക്കക്കാര്‍ക്ക് ഇനിമുതല്‍ തങ്ങളുടെ ക്രെഡിറ്റ്, ഡബിറ്റ് കാര്‍ഡുകള്‍ ദ്വീപിലും ഉപയോഗിക്കാന്‍ സാധിക്കും. മാത്രമല്ല, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും ക്യൂബയെ സാവധാനത്തില്‍ ഒഴിവാക്കുകയും ചെയ്യും.2008ല്‍ തന്റെ മൂത്ത സഹോദരന്‍ ഫിഡല്‍ കാസ്‌ട്രോയില്‍ നിന്നും അധികാരം ഏറ്റെടുത്ത റൗള്‍ കാസ്‌ട്രോയുടെ സര്‍ക്കാരും അമേരിക്കന്‍ ഉദ്യോഗസ്ഥരും തമ്മില്‍ കാനഡയില്‍ കഴിഞ്ഞ 18 മാസമായി നടന്ന രഹസ്യ സംഭാഷണങ്ങളെ തുടര്‍ന്നാണ് ഈ പ്രഖ്യാപനങ്ങള്‍ വന്നിരിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ മുന്‍കൈയെടുത്താണ് സംഭാഷണങ്ങള്‍ക്കുള്ള സാഹചര്യം ഒരുക്കിയത്. ഡിസംബര്‍ 16ന് റൗള്‍ കാസ്‌ട്രോയും ഒബാമയും തമ്മില്‍ 45 മിനിട്ട് നീണ്ടുനിന്ന ഒരു ഫോണ്‍ സംഭാഷണത്തിലാണ് ചര്‍ച്ചകള്‍ അവസാനിച്ചത്. അന്താരാഷ്ട്ര വികസനത്തിനുള്ള യുഎസ് ഏജന്‍സിയുടെ തൊഴിലാളി അലന്‍ ഗ്രോസിനെ ഉപഗ്രഹ-വാര്‍ത്തവിനിമയ ഉപകരണങ്ങള്‍ കൈകാര്യം ചെയ്തതിന് 2009 ക്യൂബ തടവിലാക്കിയതായിരുന്നു. ഉപരോധം നീക്കുന്നതിനുള്ള ഏറ്റവും വലിയ തടസം ഇതായിരുന്നു. ആരോഗ്യം മോശമായ ഗ്രോസിനെ ഡിസംബര്‍ 17ന് ക്യൂബ മോചിപ്പിച്ചു. പകരം, നാടുകടത്തപ്പെട്ടവരുടെയും ഫ്‌ളോറിഡയിലെ അമേരിക്കന്‍ സൈനിക ആസ്ഥാനങ്ങളിലെയും രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചു എന്ന ആരോപണത്തിന്റെ പേരില്‍ 2001ല്‍ ദീര്‍ഘകാലം തടവിന് ശിക്ഷിക്കപ്പെട്ട മൂന്ന് ക്യൂബന്‍ ചാരന്മാരെ യുഎസ് വിട്ടയച്ചു.

നയതന്ത്ര ബന്ധങ്ങള്‍ സാധാരണഗതിയിലാക്കാനുള്ള അന്വേഷണത്തിനിടയില്‍, പുറം ലോകം വളരെ കാലം മുമ്പേ വ്യക്തമായിരുന്ന ഒരു കാര്യം അമേരിക്കന്‍ ഭരണകൂടം തിരിച്ചറിഞ്ഞു: കാസ്‌ട്രോമാരെ അട്ടിമറിക്കുന്നതില്‍ ഉപരോധം പ്രത്യക്ഷമായി തന്നെ പരാജയപ്പെട്ടു. റൗള്‍ കാസ്‌ട്രോയുടെ കീഴില്‍ ക്യൂബയ്ക്കുള്ളില്‍ നിന്ന് തന്നെ മാറ്റങ്ങള്‍ പ്രത്യക്ഷപ്പെടാനും തുടങ്ങിയിരുന്നു. സ്വകാര്യ കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവ ഇപ്പോള്‍ ക്യൂബയിലെ മൊത്തം തൊഴില്‍സേനയുടെ അഞ്ചിലൊന്നായി വളര്‍ന്നു.

യുഎസിന്റെ ക്യൂബന്‍ നയങ്ങള്‍ മറ്റ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുമായുള്ള ബന്ധങ്ങളെയും ബാധിച്ചിരുന്നു. ഇപ്പോള്‍ ആ ബന്ധങ്ങളും സാധാരണ നിലയിലാവാനുള്ള അന്തഃരീക്ഷമാണ് തെളിഞ്ഞുവരുന്നത്. പനാമയില്‍ ഏപ്രിലില്‍ നടക്കുന്ന അമേരിക്കാസ് ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് ഒബാമ പറഞ്ഞു. കാസ്‌ട്രോയെയും ഈ ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ക്യൂബയിലെ മനുഷ്യാവകാശത്തിനും ജനാധിപത്യത്തിനും വേണ്ടി ഇനിയും സമ്മര്‍ദ്ദം ചെലുത്തുമെന്ന് ഒബാമ വ്യക്തമാക്കി. യുഎസുമായി നല്ല ബന്ധം വേണമെന്ന് കാസ്‌ട്രോ ആഗ്രഹിക്കുന്നതിന് പിന്നിലുള്ള കാരണങ്ങള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടില്ല. അത്യാസന്ന നിലയിലുള്ള ക്യൂബന്‍ സാമ്പത്തികരംഗത്തെ കഴിഞ്ഞ കുറെ വര്‍ഷമായി താങ്ങി നിറുത്തുന്നത് വെനസ്വേലയില്‍ നിന്നുള്ള സബ്‌സിഡികളാണ്. പ്രത്യേകിച്ചും അവിടെ നിന്നും വരുന്ന വിലകുറഞ്ഞ എണ്ണയിലൂടെ. എന്നാല്‍ എണ്ണ വിലയില്‍ ഉണ്ടായിട്ടുള്ള ഇടിവ് വെനസ്വേലിയന്‍ സാമ്പത്തിക രംഗത്തെ ആഴത്തിലുള്ള പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അവിടുത്തെ പ്രസിഡന്റ് നിക്കളോസ് മദുറോയുടെ പൊതുസമ്മതി 25 ശതമാനമായി താണിട്ടുണ്ട്. അതിനാല്‍ വെനസ്വേലയില്‍ നിന്നുള്ള സഹായത്തിന്റെ ആയുസിനെ സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുന്നു. നയതന്ത്ര ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള തീരുമാനത്തിന്റെ അര്‍ത്ഥം, 'പ്രധാന പ്രശ്‌നം (അതായത് ഉപരോധം) പരിഹരിക്കപ്പെട്ടു എന്നല്ല,' എന്ന് കാസ്ട്രോ വ്യക്തമാക്കുന്നു.

ഉപരോധം പുനഃപരിശോധിക്കാന്‍ യുഎസ് കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂ. അതിന്റെ മൂര്‍ച്ഛ കുറയ്ക്കാന്‍ മാത്രമേ ഒബാമയുടെ ഇപ്പോഴത്തെ നടപടികള്‍ സഹായിക്കുകയുള്ളൂ. അടുത്തകാലത്ത് ഉപരോധത്തിനെതിരെ ഉണര്‍ന്ന പൊതുജനാഭിപ്രായത്തിലാണ് ഒബാമ പ്രതീക്ഷ അര്‍പ്പിക്കുന്നത്. ഉപരോധ അനുകൂല ക്യാമ്പിനെ സാന്ത്വനപ്പെടുത്തുന്നതിന്റെ ഭാഗമായി, പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്ന വെനസ്വേലിയന്‍ ഉദ്യോഗസ്ഥര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ ലക്ഷ്യമിട്ട ഈ മാസം ആദ്യം പാസാക്കിയ പ്രതിപക്ഷ ബില്ലിനെതിരെയുള്ള എതിര്‍പ്പ് ഉപേക്ഷിക്കാന്‍ യുഎസ് ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.

അതേ അങ്ങ് ദൂരെ കേരളത്തില്‍, ആയിരങ്ങള്‍ ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരു ബിംബത്തിന് അത്രകണ്ട് വൈകാരിക തീവ്രതയില്ലെന്ന് സാരം.


Next Story

Related Stories