TopTop
Begin typing your search above and press return to search.

സൈന്യത്തെ ഒരു മണ്ടന്‍ നാടകത്തിലേക്ക് തള്ളിവിടുന്ന അമേരിക്ക

സൈന്യത്തെ ഒരു മണ്ടന്‍ നാടകത്തിലേക്ക് തള്ളിവിടുന്ന അമേരിക്ക

ആന്ദ്ര്യൂ ജെ ബസേവിച്ച്
(വാഷിംഗ്ടണ്‍ പോസ്റ്റ്)


ഇസ്ലാമിക് സ്റ്റേറ്റിനെ 'തളര്‍ത്താനും അന്തിമമായി നശിപ്പിക്കാനും' ഉള്ള അമേരിക്കന്‍ ശ്രമങ്ങള്‍ സിറിയയിലേക്ക് വ്യാപിച്ചതോടെ ഇറാഖ് യുദ്ധം-III, വളരെ കൃത്യമായി വിശാല പശ്ചിമേഷ്യന്‍ പോരാട്ടഭൂമി XIV-ലായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. അതായത്, ഇസ്ലാമിക ലോകത്ത് യു.എസ് സേന അതിക്രമിച്ചു കടക്കുകയോ, അധിനിവേശം നടത്തുകയോ ചെയ്യുന്ന, അമേരിക്കന്‍ സൈനികര്‍ കൊല്ലുകയോ, കൊല്ലപ്പെടുകയോ ചെയ്യുന്ന 14 ആമത്തെ രാജ്യമാണ് സിറിയ. അതും 1980നു ശേഷം തൊട്ടുള്ള കണക്ക് മാത്രം.

ഒന്നു കണക്കെടുത്താല്‍: ഇറാന്‍ (1980, 1987-88), ലിബിയ (1981, 1986, 1989, 2011), ലെബനന്‍ (1983), കുവൈത്ത് (1991), ഇറാക്ക് (1991-2011, 2014), സൊമാലിയ (1992-93, 2007), ബോസ്‌നിയ (1995), സൌദി അറേബ്യ(1991,1996), അഫ്ഗാനിസ്ഥാന്‍ (1998,2001),സുഡാന്‍ (1998), കൊസോവോ (1999), യെമന്‍ (2000, 2002), പാകിസ്ഥാന്‍ (2004), ഇപ്പോള്‍ സിറിയയും. മോശമല്ല!!

പതിനാലാമത് യുദ്ധമുഖം തുറന്നിട്ടെയുള്ളൂ, വര്‍ഷങ്ങള്‍ നീളാനിടയുള്ള ഒരു പരിപാടിയാണ് പെന്‍റഗണ്‍ മുന്‍കൂട്ടി കാണുന്നത്. വളരെ നേരത്തെയാണെങ്കിലും, ഇപ്പോള്‍ത്തന്നെ ചിലതൊക്കെ വ്യക്തമാണ്; നമ്മള്‍ ജയിക്കുകയാണെങ്കിലും, നമ്മള്‍ തോല്‍ക്കും. ഇസ്ലാമിക് സ്റ്റേറ്റ്സിനെ തോല്‍പ്പിക്കുന്നത് യു.എസിനെ പതിറ്റാണ്ടുകള്‍ നീളുന്ന ഒരുപാട് പണച്ചെലവുള്ളതും, തിരിച്ചടിക്കുന്നതുമെന്ന് തെളിഞ്ഞ ഒരു സംരഭത്തിലേക്ക് കൂടുതല്‍ ആഴത്തില്‍ തള്ളിവിടും.
1980ലാണ്, പേര്‍ഷ്യന്‍ ഗള്‍ഫ് തെറ്റായ കൈകളിലേക്ക് പോകുന്നത് തടയാന്‍ യു.എസ് ബലപ്രയോഗം നടത്തുമെന്ന് അന്നത്തെ പ്രസിഡണ്ട് ജിമ്മി കാര്‍ടര്‍ പ്രഖ്യാപിച്ചത്. വാസ്തവത്തില്‍, യൂറോപ്യന്‍ സാമ്രാജ്യശക്തികള്‍പ്രത്യേകിച്ചും ബ്രിട്ടീഷുകാര്‍ ഒന്നാം ലോകമഹായുദ്ധത്തിനുശേഷം സൃഷ്ടിച്ച ഒട്ടോമന്‍ സാമ്രാജ്യാനന്തര വ്യവസ്ഥയുടെ തകര്‍ച്ച തടയാന്‍ യു.എസ് ഒരു നിര്‍ണായക തീരുമാനം എടുക്കുകയായിരുന്നു. 'സൂയെസിന്റെ കിഴക്ക്' നിന്നുമുള്ള ബ്രിട്ടന്റെ പിന്‍മാറ്റവും, ഒപ്പം നടന്ന ഇറാനിലെ വിപ്ലവവും, അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് ഇടപെടലുമെല്ലാം അതുവരെ ഗൗരവമായ സൈനിക ഇടപെടലുകള്‍ ഒഴിവാക്കിയിരുന്ന ഒരു ഭൂപ്രദേശത്തേക്ക് സാന്നിധ്യമറിയിക്കാന്‍ യു.എസിനെ പ്രേരിപ്പിച്ചു.


ആ സമയത്ത്, എണ്ണയായിരുന്നു- സ്വാതന്ത്ര്യമോ, ജനാധിപത്യമോ, മനുഷ്യാവകാശങ്ങളോ ഒന്നുമല്ലായിരുന്നു അമേരിക്കന്‍ താത്പര്യത്തെ നിശ്ചയിച്ചത്. സ്ഥിരതയായിരുന്നു ലക്ഷ്യം. ആ ലക്ഷ്യം നേടിയെടുക്കാന്‍ സൈനിക ശക്തി മാര്‍ഗമായി. സായുധബലം എന്തിനും മൂടിയിടും. പാത്രത്തിനുള്ളില്‍ തിളച്ചേക്കാം, പക്ഷേ തിളച്ചുമറിയില്ല.

ബെസ്റ്റ് ഓഫ് അഴിമുഖം


ബുഷ് : ചില വന്‍വിനകള്‍
ഇറാഖ് : ഇന്നും പേടിപ്പിക്കുന്ന ഓര്‍മകള്‍
ഒബാമ വിജയിക്കില്ല
ഇറാനെതിരെ സദ്ദാമിന്റെ രാസായുധ പ്രയോഗത്തിന് പിന്നില്‍ അമേരിക്ക - റിപ്പോര്‍ട്ട്
അമേരിക്ക ആദ്യം സ്വയം നന്നാവട്ടെപക്ഷേ പ്രയോഗത്തില്‍, കരയുദ്ധത്തിലേര്‍പ്പെട്ടാലും, മിസൈലും, പോര്‍വിമാനങ്ങളും ഉപയോഗിച്ച് വ്യോമാക്രമണം നടത്തിയാലും സ്ഥിരതയ്ക്ക് വേണ്ടിയുള്ള യു.എസ് ശ്രമങ്ങള്‍ നേരെ എതിരായ ഫലമാണ് സൃഷ്ടിച്ചിട്ടുള്ളത്. കുഴപ്പത്തിന്റെ ഒരു കാരണം, അവസാനം നീണ്ട കാലത്തേക്കുള്ള ഒരു സംവിധാനം ഉയര്‍ന്നുവരുമെന്ന് വാദിച്ച്, യു.എസ് നയരൂപകര്‍ത്താക്കള്‍ നിലവിലെ അവസ്ഥ ആകെ അലങ്കോലപ്പെടാന്‍ അനുവദിക്കും എന്നതാണ്.

വിയറ്റ്‌നാമില്‍ ഒരു ഗ്രാമത്തെ രക്ഷിക്കാന്‍ അത് മുഴുവന്‍ ചുട്ടെരിക്കുക എന്നതായിരുന്നു യു.എസ് രീതി. വിശാല പശ്ചിമേഷ്യയില്‍ കൂടുതല്‍ അനുയോജ്യമായ ഒന്നിനെ സ്ഥാപിക്കാനായി ഒരു രാജ്യത്തെ തുണ്ടംതുണ്ടമാക്കുക എന്നാണവസ്ഥ . 'ഭരണ മാറ്റം' എന്നത് 'രാഷ്ട്ര നിര്‍മ്മാണത്തിന്റെ' ആമുഖമാണ്.

മിക്കപ്പോഴും നിര്‍ബന്ധിത ഭരണമാറ്റം അധികാര ശൂന്യതക്കാണ് വഴിയൊരുക്കാറ്. പ്രത്യക്ഷ ഉദാഹരണം ഇറാഖ് തന്നെ. വാഷിംഗ്ടണ്‍ വളരെ തന്ത്രപൂര്‍വം ഒഴിവാക്കുന്നുണ്ടെങ്കിലും, ഗദ്ദാഫിക്ക് ശേഷമുള്ള ലിബിയ രണ്ടാമത്തെ ഉദാഹരണം. ദൈവങ്ങള്‍ ആവോളം കനിഞ്ഞില്ലെങ്കില്‍, യു.എസും, നാറ്റോയും പിന്‍വാങ്ങുന്നതോടെ അഫ്ഗാനിസ്ഥാന്‍ മിക്കവാറും മൂന്നാമത്തെ ഉദാഹരണമാകും.

നിലനില്ക്കാന്‍ അനുവദിക്കാനാവില്ലെന്ന് യു.എസ് തീരുമാനിച്ച ഭരണസംവിധാനങ്ങളുടെ സ്ഥാനത്ത്, കാര്യക്ഷമമായ ഒരു ഭരണസംവിധാനമെ ഇല്ലാത്ത അവസ്ഥയുമായാണ് വാഷിംഗ്ടണ്‍ പൊരുത്തപ്പെടേണ്ടിവരുന്നത്. തലവേദന മാറ്റാന്‍ തല വെട്ടിക്കളഞ്ഞ അവസ്ഥ.

അസ്ഥിരതയുടെ വിത്ത് അറിയാതെയെങ്കിലും വിതച്ചതിന്റെ ഫലമായി, യൂറോപ്പ് അടിച്ചേല്‍പ്പിച്ച ഒട്ടോമന്‍ സാമ്രാജ്യാനന്തര ഘടനയെ, തങ്ങള്‍ക്ക് അനുയോജ്യമായ മറ്റൊരു ഘടനയാക്കി മാറ്റാന്‍ ശ്രമിക്കുന്ന പാശ്ചാത്യ വിരുദ്ധരായ തീവ്ര ഇസ്ലാമിക വാദികളുടെ കയ്യില്‍ കളിക്കുകയാണ് യു.എസ് ചെയ്തത്. ഇതാണ് ഒസാമ ബിന്‍ ലാദന്‍ സൃഷ്ടിക്കാന്‍ ആഗ്രഹിച്ച ഖിലാഫത്. ഇപ്പോള്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ നിയന്ത്രിക്കുന്ന ഇറാക്കിന്റെയും സിറിയയുടെയും ചില ഭാഗങ്ങളില്‍ ഭ്രൂണാവസ്ഥയിലുള്ള സംവിധാനം.

പശ്ചിമേഷ്യക്കായുള്ള അമേരിക്കന്‍ യുദ്ധം കഴിഞ്ഞ 13 അങ്കങ്ങളിലും നേടിയതെന്താണെന്ന് അളക്കണോ? നേട്ടങ്ങളുടെ ഏത് പട്ടികയിലും ഇസ്ലാമിക് സ്റ്റേറ്റ് ആദ്യനിരയിലുണ്ടാകും. ഇറാഖിക്കില്‍ ചുരുങ്ങിയ കാര്യക്ഷമതയെങ്കിലും പുലര്‍ത്തുന്ന ഒരു സുരക്ഷാ സേന ഉണ്ടായിരുന്നെങ്കില്‍ ഇസ്ലാമിക് സ്റ്റേറ്റിന് സാധ്യത ഇല്ലായിരുന്നു. പക്ഷേ, അമേരിക്ക സൃഷ്ടിച്ച ഇറാഖി സൈന്യം ശരിക്കുള്ള രീതിയില്‍ യുദ്ധം ചെയ്യില്ല. കാരണം, അമേരിക്ക സൃഷ്ടിച്ച ഇറാഖി സര്‍ക്കാര്‍ ഭരിക്കുന്നില്ല.ഈ സാഹചര്യത്തിലേക്കെത്തിച്ച നീണ്ട, വ്യതിരിക്തങ്ങളായ സൈനികനടപടികളുടെ സംഭവ പരമ്പരകള്‍ തുടങ്ങിവെച്ചത് പ്രസിഡണ്ട് ഒബാമയല്ല. എന്നിട്ടും അയാള്‍ ഈ കുഴപ്പത്തില്‍ കുടുങ്ങിക്കിടക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റിനു സ്വതന്ത്ര വ്യവഹാരം അനുവദിക്കുകയെന്നുവെച്ചാല്‍, ഒബാമയടക്കം തുടങ്ങിവെച്ച പല യു.എസ് പരിപാടികളുടെയും ഫലമായ അസ്ഥിരതയെ മുതലെടുക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റിനെ അനുവദിക്കുക എന്നതാണ്. പക്ഷേ സിറിയയെ, ഒരിയ്ക്കലും അവസാനിക്കാത്ത അമേരിക്കയുടെ പശ്ചിമേഷ്യന്‍ എടുത്തുചാട്ടത്തിലെ പുതിയ വെടിക്കെട്ടുകളമാക്കുക എന്നാല്‍, ആ രാജ്യം കടന്നുപോകുന്ന ദുരിതങ്ങളെ വീണ്ടും രൂക്ഷമാക്കുകയും നീട്ടുകയും ചെയ്യുക എന്നതാണ്. അതിന്റെ പ്രത്യാഘാതങ്ങള്‍ അപ്രവചനീയവും.
യു.എസും സഖ്യകക്ഷികളും ഈ തീവ്രവാദി സംഘത്തെ തുരത്തുന്നതില്‍ വിജയിച്ചു എന്നുവന്നാലും, അതിന്റെ ഫലങ്ങള്‍ സിറിയക്ക് ഗുണമാകും എന്നു കരുതാന്‍ ന്യായമൊന്നുമില്ല, അല്ലെങ്കില്‍ മേഖലാ സമാധാനം മെച്ചപ്പെടുമെന്ന് കരുതാനും. രോഗലക്ഷണങ്ങള്‍ ഒതുക്കിയാലും രോഗം മറ്റ് രൂപങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കും. എപ്പോള്‍ വേണമെങ്കിലും പുറത്തുവരാനായി മറ്റൊരു ഇസ്ലാമിക് സ്‌റ്റെയ്റ്റ് അരികുകളില്‍ കാത്തിരിപ്പുണ്ട്.

കാര്‍ടര്‍ മുതല്‍ക്കുള്ള തന്റെ മുന്‍ഗാമികള്‍ വെച്ച അതേ കളത്തില്‍ തന്നെയാണ് ഒബാമയും വാതുവെക്കുന്നത്. അതായത് യു.എസ് സൈനികശേഷി വേണ്ടവിധത്തില്‍ പ്രയോഗിച്ചാല്‍ ഈ കുഴപ്പത്തില്‍നിന്ന് പുറത്തുകടക്കാനാവുമെന്ന്. അവര്‍ക്ക് തെറ്റിപ്പോയി, ഇയാള്‍ക്കും അതുതന്നെ പറ്റും.

ഈ മേഖലയിലെ രാജ്യങ്ങളില്‍ അതിക്രമിക്കുന്നതും, അധിനിവേശം നടത്തുന്നതും ഗുണം ചെയ്യില്ലെന്ന് തന്റെ മുന്‍ഗാമിയില്‍ നിന്നും ഒബാമ പഠിച്ചെന്നത് നല്ല കാര്യം തന്നെ. ആളില്ലാ വിമാനാക്രമണവും, കമാന്‍ഡോ ദൗത്യങ്ങളും പ്രശ്‌നം പരിഹരിക്കില്ലെന്നാണ് തന്റെ പിന്‍ഗാമിക്കായി അയാള്‍ അവശേഷിപ്പിക്കുന്ന പാഠം.

ഇസ്ലാമിക് സ്റ്റേറ്റിനു മേലുള്ള വിജയത്തിനായി നമുക്കാഗ്രഹിക്കാം. പക്ഷേ അത് സംഭവിച്ചാലും, ആ ജയം പതിറ്റാണ്ടുകള്‍ നീളുന്ന, തുടക്കത്തിലെ പാളിയ ഒരു സൈനിക നടപടിയെ ദീര്‍ഘിപ്പിക്കുകയല്ലാതെ അവസാനിപ്പിക്കുകയില്ല. 14 ആമത് ദൗത്യം നടക്കുമ്പോള്‍ പതിനഞ്ചാമന്‍ കാത്തിരിക്കുകയാണ്. അതൊരുപക്ഷേ ജോര്‍ദാനിലാകാം, അല്ലെങ്കില്‍ ഒരു മടക്കസന്ദര്‍ശനത്തിനായി യെമനിലോ, സോമാലിയയിലോ, ലിബിയയിലോ ഉള്ള ഏതെങ്കിലും ഇനിയും തീരാത്ത ഒരു പോരാട്ടഭൂമിയിലേക്കാകാം.


വിശാല പശ്ചിമേഷ്യയെ വരുതിയില്‍ നിര്‍ത്താനുള്ള അശ്രാന്ത ശ്രമത്തിലാണ് യു.എസെങ്കിലും അന്തിമവിധി ഇപ്പോഴേ വന്നിരിക്കുന്നു. ഇസ്ലാമിക ലോകത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് യുക്തമായൊരു പ്രതികരണം യു.എസ് സൈനികശക്തി ഇതുവരെ നല്‍കിയിട്ടില്ല. സേനയെ ഒരു മണ്ടന്‍ നാടകത്തിലേക്ക് തള്ളിവിടുകയാണ് അമേരിക്ക.

ഈ കളി അനാവശ്യമാണെന്നുകൂടി തെളിയുകയാണ്. വടക്കേ അമേരിക്കയിലെ ഊര്‍ജ്ജ ശേഖരം ഇപ്പോള്‍ പ്രാപ്യമാണെന്നിരിക്കെ, 1980നു ശേഷമുള്ള നമ്മുടെ സൈനിക ഇടപെടലുകള്‍ക്ക് ന്യായം പറഞ്ഞ പേര്‍ഷ്യന്‍ ഗള്‍ഫിലെ എണ്ണ ഇന്നാവശ്യമില്ല. എന്തെല്ലാമോ കാരണങ്ങള്‍കൊണ്ടു, ഈ വിഭവസ്രോതസ്സുകള്‍ക്ക് പശ്ചിമേഷ്യയിലെ നയങ്ങള്‍ക്കുമേലുള്ള സ്വാധീനം കാണാതെപോവുകയാണ് വാഷിംഗ്ടണിലെ ദേശീയ സുരക്ഷാ പ്രമാണിമാര്‍.

എത്രകാലം നീണ്ടുനിന്നാലും ശരി വിശാല പശ്ചിമേഷ്യക്കായുള്ള അമേരിക്കയുടെ യുദ്ധം തോല്‍വിയില്‍ അവസാനിക്കും. അങ്ങനെ സംഭവിക്കുമ്പോള്‍, അത് തീര്‍ത്തും വ്യര്‍ത്ഥമായിരുന്നു എന്നും അമേരിക്കക്കാര്‍ തിരിച്ചറിയും.


Next Story

Related Stories