TopTop
Begin typing your search above and press return to search.

ഭാംഗ് കുടിക്കും, നൃത്തം ചെയ്യും, പാട്ട് പാടും; ശിവ ഭഗവാന്‍ ഒരു റിബല്‍

ഭാംഗ് കുടിക്കും, നൃത്തം ചെയ്യും, പാട്ട് പാടും; ശിവ ഭഗവാന്‍ ഒരു റിബല്‍

അമീഷ് ത്രിപഠി/അഥീന


ദി ഇമ്മോര്‍ട്ടല്‍സ് ഓഫ് മെലൂഹ, ദി സീക്രട്ട് ഓഫ് ദി നാഗാസ്, ദി ഓത്ത് ഓഫ് ദി വായുപുത്രാസ്, സയണ്‍ ഓഫ് ഇക്ഷ്വാകു തുടങ്ങിയ നോവലുകളിലൂടെ പ്രശസ്തനായ നോവലിസ്റ്റ് അമീഷ് ത്രിപഠിയുമായി അഴിമുഖം പ്രതിനിധി അഥീന സംസാരിക്കുന്നു.

സയണ്‍ ഓഫ് ഇക്ഷ്വാകുവില്‍ലെ ഭരതന്‍, രാമന്‍ കഥാപാത്രങ്ങളുടെ അവതരണരീതിയെപ്പറ്റി
ഭരതനില്‍ കൃഷ്ണ ഭഗവാന്റെ അംശം കല്‍പ്പിച്ചിട്ടുണ്ട്. ഭരതന്റെ നെറ്റിയിലെ മയില്‍പ്പീലി ഇതിലൊന്നാണ്. രാമ ഭഗവാന്‍ നമ്മള്‍ കേട്ട് പരിചയിച്ച അതേ കഥാപാത്രം തന്നെയാണ്. ഇരുവരുടെയും ജീവിതത്തിലൂടെ ജീവിതത്തിന്റെ വിവിധ വശങ്ങള്‍ വ്യക്തമാക്കാനാണ് ശ്രമിച്ചത്. ഇന്ത്യയിലെ സാമൂഹിക ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളുമായി സംവദിക്കുന്നതാണ് ഇരുവരുടെയും ജീവിതം.

ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന വ്യക്തിത്വമാണ് ഇപ്പോള്‍
ശരിയാണ്. ഇതൊരു സ്വപ്‌നലോകം പോലെ തോന്നുന്നുണ്ട്. ഇവിടെ നിന്ന് ആരും എന്നെ ഉണര്‍ത്തി ഈ സ്വപ്‌നം ഇല്ലാതാക്കരുത്.(ചിരിക്കുന്നു). കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ ഉയര്‍ച്ചകളും താഴ്ചകളും എപ്പോഴുമുണ്ട്. നാളെ ഞാന്‍ പുറത്തിറക്കുന്ന പുസ്തകം ഒരു പരാജയമായാല്‍ ഇന്ന് പുകഴ്ത്തുന്ന, പ്രോത്സാഹിപ്പിക്കുന്നവരാരും നാളെ ഉണ്ടാവില്ല. ഭഗവദ്ഗീതയില്‍ പറയുന്ന പ്രകാരം ഫലം ഇച്ഛിക്കാതെ കര്‍മ്മം ചെയ്യാനാണ് ഞാന്‍ ശ്രദ്ധിക്കുന്നത്. എഴുതുമ്പോള്‍ അതുകൊണ്ട് തന്നെ ഞാന്‍ വായനക്കാരെയോ, പ്രസാധകരെയോ, വിപണനത്തെ പറ്റിയോ ആലോചിക്കാറില്ല. മനസ് സംസാരിക്കുന്നത് പകര്‍ത്തുക മാത്രമാണ് ചെയ്യുന്നത്.

അടുത്തത്?
ശിവ ട്രിലോജിക്ക് ശേഷം രാംചന്ദ്ര സീരീസിലെ രണ്ടാമത്തെ പുസ്തകമാണ് അടുത്തത്. അതിന്റെ ജോലി ഒന്നോ രണ്ടോ ആഴ്ചകള്‍ക്കുള്ളില്‍ ആരംഭിക്കും. പ്രസാധകരോട് ചില ഉത്തരവാദിത്തങ്ങളുണ്ടല്ലോ. എഴുത്തിന്റെ സമയത്ത് മറ്റൊന്നിനെ കുറിച്ചും ഞാന്‍ ആലോചിക്കാറില്ല. ഇപ്പോള്‍ പക്ഷെ പുസ്തകം വിപണനം ചെയ്യുന്നതിനും, അതിന്റെ പ്രചാര വര്‍ധനവിനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ എന്റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്. അതിന് വേണ്ടിയുള്ള പരിശ്രമത്തിലാണ്. രാജ്യം മുഴുവന്‍ ഏതാണ്ട് സഞ്ചരിച്ചിട്ടുണ്ട്. ഇത് പൂര്‍ത്തിയായാല്‍ അടുത്ത പുസ്തകത്തിന്റെ ജോലികളിലേക്ക് ഉടനടി കടക്കും.ശിവ ഭഗവാന്റെ മാനുഷിക ഭാവത്തിന് ലഭിച്ച പ്രതികരണം
ഒരിക്കല്‍ യു കെയില്‍ നടന്ന ഒരു ചടങ്ങില്‍ വച്ച്, അവിടെ വന്ന ഒരു സ്ത്രീ എന്നോട് ഒരു ചോദ്യം ചോദിച്ചു. അവര്‍ പറഞ്ഞത് ഇപ്രകാരമാണ്. ശിവന്‍ നിങ്ങളുടെ ഈശ്വരനാണ് എന്നറിയാം. എങ്കിലും ഇത്തരത്തില്‍ ഒരു മനുഷ്യനെ നേരില്‍ കാണാന്‍ സാധിക്കുമോയെന്ന്. ഞാനവര്‍ക്ക് നല്‍കിയ മറുപടി പുരാണത്തില്‍ മാത്രമേ കാണാനാകൂ എന്നായിരുന്നു. ശിവന്‍ എന്നെ സംബന്ധിച്ച് ഒരു റിബല്‍ ആണ്. ഭാംഗ് കുടിക്കും, നൃത്തം ചെയ്യും, പാട്ട് പാടും, ഭാര്യയ്ക്ക് തുല്യസ്ഥാനം നല്‍കി ബഹുമാനിച്ചു, തുടങ്ങി നമ്മള്‍ നല്ലതെന്നും ചീത്തയെന്നും പറയുന്ന പല ഗുണങ്ങളും അദ്ദേഹത്തിന് ഉണ്ട്. സാഹിത്യത്തില്‍ നമ്മുടെ നാട്ടില്‍ വലിയ കോലാഹലങ്ങളൊന്നും സംഭവിക്കാറില്ല. നമ്മുടെ നല്ല ഗുണങ്ങളില്‍ ഒന്നാണത്. ഇവിടെ എല്ലാവരും അടിയുറച്ച വിശ്വാസികളാണ്. എങ്കിലും ഒരാളുടെ കാഴ്ചപ്പാടിന്, സാഹിത്യ സൃഷ്ടിക്ക് പ്രത്യേകിച്ചും അര്‍ഹമായ ബഹുമാനം എന്നും കല്‍പ്പിക്കാറുണ്ട് ഇന്ത്യക്കാര്‍.

ഇന്ത്യക്കാരുടെ ഏത് ദുഷ്പ്രവൃത്തിയാണ് ശിവ ട്രിലോജിയിലൂടെയും സയണ്‍ ഓഫ് ഇക്ഷ്വാകുവിലൂടെയും സംവദിക്കുന്നത്?
ഒന്നാമതായി, കണക്കുകള്‍ പരിശോധിച്ചാല്‍ നമ്മുടെ നാട്ടില്‍ നടക്കുന്ന അപകടങ്ങളേക്കാള്‍, വര്‍ഗ്ഗീയ സംഘട്ടനങ്ങളെക്കാള്‍ എത്രയോ വലുതാണ് സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍. നിങ്ങള്‍ ശ്രദ്ധിക്കേണ്ട ഒന്ന് നമ്മുടെ ഋഗ്വേദത്തില്‍ സന്യാസിനിമാരുടെ സംഭാവനകള്‍ ഉണ്ട്. എന്നാല്‍ വേദം സ്ത്രീകള്‍ പഠിക്കരുതെന്ന മൂഢത്വമാണ് നമ്മള്‍ പഠിച്ചിരിക്കുന്നത്. സ്ത്രീകള്‍ എഴുതിയ വേദം സ്ത്രീകള്‍ പഠിക്കരുതെന്ന്. ശിവ ഭഗവാനില്‍ നിന്നും നമ്മള്‍ സ്വായത്താമാക്കേണ്ടുന്ന മൂല്യമാണത്. പൗരാണിക കാലത്ത് എല്ലായ്‌പ്പോഴും സമൂഹത്തില്‍ സ്ത്രീ പുരുഷന് തുല്യമായ സ്ഥാനത്തായിരുന്നു. ആ സ്ഥാനം പക്ഷെ ഇന്നത്തെ സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല. അത് ലഭ്യമാക്കേണ്ടതുണ്ട്.

പുരാണങ്ങള്‍ പ്രമേയമാക്കുന്നതിന് പിന്നില്‍ വിപണന താത്പര്യമുണ്ടോ?
എഴുതാന്‍ പ്രേരണയായ വിഷയം ശിവ ട്രിലോജിയായിരുന്നു. പുസ്തകം എഴുതാനിരിക്കുമ്പോള്‍ അതിന് ലഭിക്കാവുന്ന വായനക്കാരെയോ, പ്രസാധകരെയോ പറ്റി ഞാന്‍ ആലോചിച്ചിരുന്നില്ല. ശിവ ട്രിലോജിയിലെ ആദ്യ പുസ്തകം എഴുതിയ ശേഷം 20 പ്രസാധകരെ ഞാന്‍ ബന്ധപ്പെട്ടു. ആരും അതിന് തയ്യാറായില്ല. പിന്നീട് പി ഡി എഫ് ഫോര്‍മാറ്റില്‍ ആദ്യ പുസ്തകത്തിലെ ഒരു ഭാഗം നെറ്റില്‍ പ്രസിദ്ധീകരിച്ചു. ശേഷമാണ് വെസ്റ്റ്‌ലാന്റ് പ്രസിദ്ധീകരിക്കാനുള്ള സന്നദ്ധത അറിയിച്ചത്. എഴുതാന്‍ ഇരിക്കുമ്പോഴോ, എഴുതുമ്പോഴോ ഞാന്‍ വായനക്കാരെയോ, വിപണിയെയോ സംബന്ധിച്ച് ആലോചിക്കാറില്ലെന്ന് പറഞ്ഞല്ലോ. പക്ഷെ എഴുതി കഴിയുമ്പോള്‍ പ്രസാധകരുമായി നമുക്ക് ചില ബാദ്ധ്യതകളുണ്ട്. അവര്‍ അവരുടെ പണം ധാരാളമായി നിക്ഷേപിച്ചിട്ടുണ്ട്. അതിന് അനുയോജ്യമായ രീതിയില്‍ പുസ്തകത്തിന്റെ പ്രചാര വര്‍ദ്ധനവിന് എന്നാല്‍ സാധിക്കുന്നതെല്ലാം ഞാന്‍ ചെയ്യുന്നുണ്ട്.

സെല്‍ഫ് പബ്ലിഷിംഗിനെ അനുകൂലിക്കുന്നുണ്ടോ?
നല്ലൊരു ചോദ്യമാണത്. എല്ലാ പ്രസാധകരും അവരുടെ പണം നിക്ഷേപിക്കുന്നതില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നവരാണ്. അതുകൊണ്ട് തന്നെ എല്ലാവരും പുസ്തകം പ്രസിദ്ധീകരിക്കാന്‍ ചെന്നാല്‍ അവര്‍ പരിഗണിച്ചെന്ന് വരില്ല. പ്രത്യേകിച്ചും ഒരു പുതിയ എഴുത്തുകാരനാവുമ്പോള്‍. എന്നുവെച്ച് നമ്മുടെ ആശയം മറ്റുള്ളവര്‍ അറിയേണ്ടതല്ലെന്ന് അതിന് അര്‍ത്ഥമില്ല. ഇത് ചൈനയല്ല, ഇന്ത്യയാണല്ലോ. അങ്ങനെ വരുമ്പോള്‍ നമ്മുടെ സൃഷ്ടി ലാപ്‌ടോപ്പില്‍ അനങ്ങാതെ കിടക്കുന്നതിനേക്കാള്‍ നല്ലത്, ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ ഉപയോഗിക്കുകയാണ്. അപ്പോഴും പ്രസാധകരെ നിലനിര്‍ത്തുന്നതിനോടാണ് എനിക്ക് യോജിപ്പ്. വെസ്റ്റ്‌ലാന്റിനെയോ, സമാന പ്രസാധകരെയോ വിട്ട് ഇന്റര്‍നെറ്റില്‍ പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഞാന്‍ ആലോചിക്കുന്നില്ല.ഒരു ഹിന്ദു പുരാണ എഴുത്തുകാരന്‍ എന്ന രീതിയില്‍ വായിക്കപ്പെടുമെന്ന് തോന്നുന്നുണ്ടോ?ഞാന്‍ ഒരു ഹിന്ദുവാണ്. വിശ്വാസിയാണ്. എഴുത്തുകാരനാണ്. ഇന്ത്യാക്കാരനാണ്. എന്റെ പ്രാര്‍ത്ഥനാ മുറിയില്‍ ക്രിസ്തുവിന്റെയും, ഗുരു നാനാക്കിന്റെയും. ഖാബായുടെയും, ബുദ്ധന്റെയുംചിത്രങ്ങളും ശില്‍പ്പങ്ങളുമുണ്ട്. ഇത് കേട്ടാല്‍ ഇന്ത്യാക്കാരാരും ആശ്ചര്യപ്പെടില്ല. കാരണം, എല്ലാ മതങ്ങളും സത്യമാണെന്ന തിരിച്ചറിവ് നമുക്കുണ്ട്. പിന്നെ പുരാണങ്ങള്‍ വീണ്ടും എഴുതുകയാണെങ്കിലും അവയിലെ മൂല്യങ്ങള്‍ സാമൂഹിക ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണമെന്ന സന്ദേശവും അതിലുണ്ട്. അത് മതവിശ്വാസം നിലനിര്‍ത്തി തന്നെ പ്രാവര്‍ത്തികമാക്കാവുന്നവയാണ്.

മതേതര മൂല്യങ്ങളെ കുറിച്ച്
ഇന്ത്യയില്‍ മാത്രം നമുക്ക് കാണാവുന്ന ഒന്നാണത്. എല്ലാ വിശ്വാസങ്ങള്‍ക്കും തുല്യ പരിഗണന. യു കെ യിലും , യു എസിലും എന്റെ പൂജാമുറിയില്‍ ക്രിസ്തുവിന്റെയും, ബുദ്ധന്റെയും ചിത്രങ്ങളുണ്ടെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് അമ്പരപ്പായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ അത് സ്വീകരിക്കുന്നത് മറ്റൊരു രീതിയിലാണ്. ആര്‍ക്കും ഒരു ഭാവഭേദവും കാണില്ല. എല്ലാവര്‍ക്കും അറിയാം എല്ലാം സത്യമാണ് എന്ന്. ലോകം പകര്‍ത്തേണ്ട ഇന്ത്യയുടെ മൂല്യങ്ങളില്‍ ഏറ്റവും മഹത്തരമായത് അതാണ്.

അന്താരാഷ്ട്ര തലത്തില്‍ വായനക്കാരിലേക്ക് എത്തുന്നതിനെ കുറിച്ച്
ഹാരി പോട്ടര്‍ പോലെ ഒരു സാഹിത്യ സൃഷ്ടിയൊന്നുമല്ല എന്റേത്. ഇന്ത്യന്‍ പുരാണകഥകള്‍ നൂറ് കണക്കിന് വര്‍ഷങ്ങള്‍ക്കും, ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കും മുന്‍പ് തന്നെ പുനരെഴുതപ്പെട്ടിരുന്നു. ഞാന്‍ അതിലൊരു കണ്ണിയാവുക മാത്രമാണ്. വളരെ ദീര്‍ഘമേറിയ ഒരു കഥ മൂന്ന് ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്നുവെന്ന് മാത്രമേ ഉള്ളൂ അതില്‍. 1500 പേജുള്ള ഒരു നോവല്‍ മനുഷ്യാവകാശ ലംഘനമാണെന്ന് തന്നെ കരുതിയാല്‍ എന്തുകൊണ്ട് ഞാന്‍ മൂന്ന് ഭാഗങ്ങളാക്കി പ്രസിദ്ധീകരിച്ചുവെന്ന് മനസിലാക്കാം. എല്ലാ പുസ്തകങ്ങളും യു കെ യിലും, യു എസ്സിലും ലഭ്യമാണ്. അതുകൂടാതെ സ്പാനിഷ്, ഇന്തോനേഷ്യന്‍ തുടങ്ങിയ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ചിലയിടത്ത് നല്ല പ്രതികരണം ലഭിച്ചിട്ടുണ്ട്. ചിലയിടത്ത് അത്ര നന്നായിട്ടില്ല. എന്തായാലും ഇന്ത്യയില്‍ ലഭിച്ച അത്രയും സ്വീകാര്യത ലഭിച്ചിട്ടില്ല.

പുതിയ തലമുറ താങ്കള്‍ എഴുതിയ പുരാണങ്ങള്‍ വായിച്ച് വളരും
(ചിരിക്കുന്നു) അത് നല്ലൊരു ചിന്ത തന്നെയാണ്. പക്ഷെ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ രാമായണത്തിനും ഭാഗവതത്തിനും പുനര്‍വായനകള്‍ നടത്തി, വീണ്ടുമെഴുതപ്പെട്ടിട്ടുണ്ട്. ഞാന്‍ ആദ്യത്തെയാളല്ല. അങ്ങനെ വിശേഷിപ്പിക്കുന്നത് കേള്‍ക്കാന്‍ സന്തോഷമുണ്ട്. എന്തായാലും അടുത്ത ഒരു ഇരുപത് വര്‍ഷത്തിനുള്ളില്‍ ഈ ചിത്രം വ്യക്തമായി മനസിലാകുമല്ലോ. നമുക്ക് കാത്തിരുന്ന് കാണാം.

(മാധ്യമ പ്രവര്‍ത്തകയാണ് അഥീന)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories