TopTop

അമിത് ഷാ എന്ന 'നിരപരാധി': എവിടെ സി.ബി.ഐ? എവിടെ പ്രതിപക്ഷം?

അമിത് ഷാ എന്ന

ടീം അഴിമുഖം

ഈ സന്ദര്‍ഭം ഒന്ന് സങ്കല്‍പ്പിക്കുക; അധികാരത്തില്‍ കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേര് ഒരു കൊലപാതകകേസിലെ കുറ്റപത്രത്തില്‍ വരുന്നു. കേസ് സി ബി ഐക്ക് കൈമാറുന്നു, പ്രത്യേക കോടതിയുടെ മുന്നിലുമെത്തുന്നു. സി ബി ഐ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നില്ല. സോണിയ ഗാന്ധിയുടെ അഭിഭാഷകന്‍ മൂന്നുദിവസം നീണ്ട കടുത്ത വാദം നടത്തിയപ്പോള്‍ സി ബി ഐ അഭിഭാഷകന്‍ 15 മിനിറ്റ് എന്തെങ്കിലും പറഞ്ഞ് സലാം പറയുന്നു. സോണിയ ഗാന്ധിയെ കേസില്‍ നിന്നും സ്ഥിരമായി ഒഴിവാക്കുന്നതിനെ സി ബി ഐ എതിര്‍ക്കുന്നില്ല. കേസ് കേട്ട ആദ്യത്തെ സി ബി ഐ പ്രത്യേകകോടതി ന്യായാധിപനെ സ്ഥലം മാറ്റുന്നു.

എന്തായിരിക്കും പ്രതിപക്ഷത്തുള്ള ബി ജെ പി അപ്പോള്‍ ചെയ്യുമായിരിക്കുക? സോണിയ ഗാന്ധി സി ബി ഐയെ ദുരുപയോഗം ചെയ്യുന്നു എന്നാരോപിച്ച് കാവിപ്പടയുടെ അരുണ്‍ ജെയ്റ്റ്ലിമാര്‍ പുരപ്പുറത്ത് കയറി കാഹളം മുഴക്കിയേനെ.

ഇനി നമുക്ക് സങ്കല്‍പ്പലോകത്തുനിന്നും യാഥാര്‍ത്ഥ്യത്തിലേക്കിറങ്ങാം.

സൊഹ്റാബുദ്ദീന്‍ ഷെയ്ഖ്, തുള്‍സീറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ ബി ജെ പി അധ്യക്ഷന്‍ അമിത് ഷാക്ക് എതിരെ ചുമത്തിയ കുറ്റാരോപണങ്ങളില്‍ രാഷ്ട്രീയച്ഛായ ഒളിഞ്ഞിരിക്കുന്നു എന്നു നിരീക്ഷിച്ച് സി ബി ഐ പ്രത്യേക കോടതി അയാളെ കേസില്‍നിന്നും ഒഴിവാക്കിയിരിക്കുന്നു. “രാഷ്ട്രീയ കാരണങ്ങളാലാണ് സി ബി ഐ തന്നെ കേസില്‍ കുരുക്കിയതെന്ന ഹര്‍ജിക്കാരന്റെ (ഷാ) പ്രധാന വാദത്തില്‍ കഴമ്പുണ്ടെന്നാണ് ഞാന്‍ കാണുന്നത്,” പ്രത്യേക സി ബി ഐ കോടതി ജഡ്ജി എം.ബി ഗോസാവി പറഞ്ഞു.അടുത്ത നടപടികള്‍ തീരുമാനിക്കും മുമ്പായി തങ്ങള്‍ കോടതി ഉത്തരവ് പഠിക്കുമെന്ന് സി ബി ഐ ഡയറക്ടര്‍ അനില്‍ ശര്‍മ പറഞ്ഞു. ഷായെ കുറ്റവിമുക്തനാക്കിയ കോടതി ഉത്തരവ്, കോണ്‍ഗ്രസ് സി ബി ഐയെ ദുരുപയോഗം ചെയ്തു എന്ന തങ്ങളുടെ നിലപാടിനെ ശരിവെക്കുന്നതും ‘സത്യത്തിന്റെ വിജയ'വും ആണെന്ന് ബി ജെ പി വിശേഷിപ്പിച്ചു. കോണ്‍ഗ്രസാകട്ടെ, ബി ജെ പി, സി ബി ഐയെ സര്‍ക്കാരിന്റെ ചട്ടുകമാക്കി എന്ന് ആക്ഷേപിച്ചു. സി ബി ഐ തങ്ങളുടെ വാദമുഖങ്ങള്‍ വിശ്വസനീയമായി അവതരിപ്പിച്ചില്ല എന്നാണ് പാര്‍ടി വക്താവ് അഭിഷേക് മാനു സിംഗ്വി കുറ്റപ്പെടുത്തുന്നത്.

ഷെയ്ഖിനെയും ഭാര്യ കൌസര്‍ബിയെയും കൊലപ്പെടുത്തിയ 2005 നവംബറിലെ വ്യാജ ഏറ്റുമുട്ടലിന്റെ ദൃക്സാക്ഷിയായ പ്രജാപതിയെ ഡിസംബര്‍ 2006-നാണ് ഗുജറാത്ത് പോലീസ് ഇല്ലാതാക്കിയത്.

സെപ്റ്റംബര്‍ 2012-നു അമിത് ഷായടക്കം 47 പ്രതികള്‍ക്കെതിരെ ഒരു ഗുജറാത്ത് കോടതിയില്‍ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു. അഹമ്മദാബാദ് ഭീകര വിരുദ്ധ സംഘത്തിലെ മുന്‍ പൊലീസ് എസ് പി രാജ്മാകുമാര്‍ പാണ്ഡ്യന്‍, അന്നത്തെ സി ഐ ഡി വിഭാഗം ഐ ജി ഗീത ജോഹ്രി, മുന്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ ഡി ജി വന്‍സാര എന്നിവര്‍കൂടിയടങ്ങുന്ന പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 (കൊലപാതകം), 120-ബി (കുറ്റകരമായ ഗൂഡാലോചന), 201 (തെളിവ് നശിപ്പിക്കല്‍) എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കുറ്റം ചുമത്തിയത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ തനിക്കെതിരായ കേസ് രാഷ്ട്രീയലക്ഷ്യം വെച്ചു കെട്ടിച്ചമച്ചതാണെന്ന് കാണിച്ച് ഷാ ഒരു വിടുതല്‍ ഹര്‍ജി നല്കി. ജൂണ്‍ മാസത്തില്‍, കേസ് ആദ്യം കേട്ട സി ബി ഐ പ്രത്യേക കോടതി ജഡ്ജി ജെ ജെ ഉത്പതിനെ സ്ഥലം മാറ്റി. തുടര്‍ച്ചയായി കോടതിയില്‍ കേസ് വിളിക്കുമ്പോള്‍ ഹാജരാകാത്തതിന് ഷായുടെ അഭിഭാഷകനെ ഉത്പത് ശാസിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു സ്ഥലംമാറ്റം. സ്ഥലംമാറ്റം ഒരു സാധാരണ പതിവാണെന്നും, കഴിഞ്ഞ മാസം ജഡ്ജി തന്നെ ആവശ്യപ്പെട്ടിരുന്നതാണെന്നും ന്യായീകരണം വന്നു. അതിനുമുമ്പ് കേസിനെക്കുറിച്ച് അകംപുറം അറിയുന്ന സി ബി ഐയുടെ രണ്ടു ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിരുന്നു.

സൊഹ്റാബുദ്ദീന്‍-തുള്‍സീറാം കേസില്‍ ഇതുവരെയും സി ബി ഐ ഒരു പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചിട്ടില്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. ബലാത്സംഗവും ഭീഷണിപ്പെടുത്തിയുള്ള പണംപിടുങ്ങലും അടക്കമുള്ള കുറ്റങ്ങളുള്ള മൂന്നു കൊലപാതക കേസുകളില്‍ എന്തുകൊണ്ട് ഷായെ പ്രതിയാക്കി വിചാരണ ചെയ്യരുതെന്ന് അയാളുടെ നിയമസംഘം കോടതിയില്‍ മൂന്നുദിവസം തിരിഞ്ഞും മറിഞ്ഞും വാദിച്ചതിന് മറുപടിയായി സി ബി ഐ അഭിഭാഷകന്‍ വാദിച്ചത് വെറും 15 മിനിറ്റാണ്.

കൊല്ലപ്പെട്ട മൂന്നുപേരെയും ഇല്ലാതാക്കാന്‍ ഗൂഡാലോചന നടത്തിയവരിലെ മുഖ്യകക്ഷി ഷായാണെന്ന് നേരത്തെ നല്കിയ കുറ്റപത്രത്തില്‍ സി ബി ഐ പറഞ്ഞിരുന്നു. ഗുജറാത്ത് പൊലീസിലെ ചില ഉദ്യോഗസ്ഥരും സൊഹ്റാബുദ്ദീനെ പോലുള്ള കുറ്റവാളിസംഘതലവന്മാരുമായി ചേര്‍ന്ന് നടത്തിയ ഭീഷണിപ്പെടുത്തിയുള്ള പണം പിടുങ്ങല്‍ സംഘത്തിന്റെ അച്ചുതണ്ടും ഷായാണെന്ന് സി ബി ഐ ആരോപിച്ചു. ഈ ഘട്ടത്തില്‍ സാക്ഷികളുടെ മൊഴികളുടെ വിശ്വാസ്യതയും സത്യസന്ധതയും നിശ്ചയിക്കാനാവില്ലെന്നും അത് വിചാരണക്കോടതി മുമ്പാകെ മൊഴി നല്കുമ്പോള്‍ വരുന്ന കാര്യമാണെന്നുമായിരുന്നു സി ബി ഐ വാദങ്ങളുടെ കാതല്‍.പിന്നീട്, തങ്ങളുടെ കുറ്റപത്രങ്ങളിലും, സുപ്രീം കോടതി മുമ്പാകെ നല്കിയ തല്‍സ്ഥിതി റിപ്പോര്‍ടിലും ഗൂഡാലോചനയിലെ ഷായുടെ മുഖ്യപങ്കിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ സി ബി ഐ തുടര്‍ന്നില്ല. നേരത്തെ അവതരിപ്പിച്ച പോലെ കേസിലെ ഗൂഡാലോചനയിലെ മുഖ്യ സൂത്രധാരനായല്ല മറ്റേത് പ്രതിയേയും പോലെയാണ് സി ബി ഐ ഷായെ അവതരിപ്പിച്ചത്. ഷായ്ക്കെതിരായ തെളിവുകളുടെ വിവരം പോലും നല്കാന്‍ അവര്‍ തയ്യാറായില്ല. സി ബി ഐ വാദങ്ങള്‍ കേവലം സാങ്കേതികവും ഉപരിപ്ലവവുമായിരുന്നു. അന്വേഷണ ഏജന്‍സിയുടെ ഈ നടപടികള്‍ അതിന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെക്കുറിച്ച് ഗൌരവമേറിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഷാ വിഷയത്തിലെ വഴുക്കന്‍ നിലപാട് ഷായെ രക്ഷിക്കാന്‍ സര്‍ക്കാരും സി ബി ഐയും ഒത്തുകളിച്ചുനടത്തിയ ഒരു നിന്ദ്യമായ ഗൂഡാലോചനയെക്കുറിച്ചുള്ള സംശയങ്ങള്‍ ഉയര്‍ത്തുന്നു.

ഡിസംബര്‍ 30-നു അമിത് ഷായെ ഈ കേസില്‍ നിന്നും ഒഴിവാക്കിക്കൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചു.

ഈ ഘട്ടത്തില്‍ സി ബിഐ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കണം; അവര്‍ക്ക് ഉത്തരമുണ്ടെങ്കില്‍:

എന്തുകൊണ്ട് സി ബി ഐ ഒരു പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചില്ല? അമിത് ഷായുടെ വിടുതല്‍ ഹര്‍ജിക്കുള്ള മറുപടിയില്‍ അയാളാണ് ഗൂഡാലോചനയിലെ മുഖ്യകണ്ണി എന്ന് എന്തുകൊണ്ട് സി ബി ഐ പരാമര്‍ശിച്ചില്ല?ഷായുടെ ദീര്‍ഘമായ വിടുതല്‍ അപേക്ഷക്ക് ഇത്തരമൊരു മുടന്തന്‍ മറുപടി നല്‍കാനുള്ള കാരണമെന്താണ്?ഷായുടെ അഭിഭാഷകര്‍ മൂന്നു ദിവസത്തോളം നടത്തിയ വാദങ്ങള്‍ക്ക് ഒരു ജൂനിയര്‍ അഭിഭാഷകന്‍ വെറും 15 മിനിറ്റ് എതിര്‍വാദമാണ് നടത്തിയതെന്നത് വസ്തുതയല്ലേ?ഷായെ സ്ഥിരമായി ഒഴിവാക്കണമെന്ന ആവശ്യത്തെ സി ബി ഐ എതിര്‍ക്കാഞ്ഞതെന്തുകൊണ്ട്?

വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നീതിക്കായി അപ്പീല്‍ കോടതിയെ സമീപിക്കുന്നില്ലെങ്കില്‍ ഷായ്ക്കെതിരായ കേസ് ഏതാണ്ട് തീര്‍ന്നെന്ന് കരുതാം. പ്രതിപക്ഷകക്ഷികള്‍ ഇതിനോട് നിശബ്ദമായാണ് പ്രതികരിച്ചത്. പതിവ് പത്രക്കുറിപ്പിനപ്പുറം കോണ്‍ഗ്രസും ഇടതുകക്ഷികളും ആവേശം കാണിച്ചുമില്ല.

ഷാ നിസാരക്കാരനല്ല. അയാള്‍ കേന്ദ്രത്തിലെ ഭരണകക്ഷിയുടെ ദേശീയ അദ്ധ്യക്ഷനാണ്. രാജ്യത്തെ ഏറ്റവും ശക്തരായ ആളുകളില്‍ ഒരാളാണ്. ഇത്തരമൊരു നിര്‍ണായകമായ വിഷയത്തോട് പ്രതികരിക്കുമ്പോള്‍ പ്രതിപക്ഷം കുറെക്കൂടെ ഊര്‍ജവും വീര്യവും പ്രകടിപ്പിക്കേണ്ടതായിരുന്നു; എന്തുകൊണ്ടോ അതുണ്ടായില്ല എന്നുമാത്രം.Next Story

Related Stories