TopTop
Begin typing your search above and press return to search.

നമ്മുടെ സൂപ്പര്‍ താരങ്ങള്‍ കണ്ടു പഠിക്കണം ഈ വയോവൃദ്ധനെ

നമ്മുടെ സൂപ്പര്‍ താരങ്ങള്‍ കണ്ടു പഠിക്കണം ഈ വയോവൃദ്ധനെ

അഴിമുഖം പ്രതിനിധി

നാലാം തവണയാണ് അമിതാഭ് ബച്ചന്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടുന്നത്. ഈ നേട്ടം ബച്ചനുമാത്രം സ്വന്തം. ഇതുവരെ മൂന്നുവീതം ദേശീയ അവാര്‍ഡുകള്‍ നേടി കമല്‍ ഹാസനും മമ്മൂട്ടിയും അമിതാഭും ഒപ്പമായിരുന്നു. മറ്റു രണ്ടുപേരെയും ബച്ചന്‍ ഇപ്പോള്‍ പിന്നിലാക്കിയിരിക്കുന്നു. എണ്ണത്തിന്റെ കാര്യത്തിലല്ല ബച്ചന്റെ നേട്ടം കണക്കിലെടുക്കേണ്ടത്. ആ നേട്ടം എങ്ങനെ സ്വന്തമാക്കി എന്നിടത്താണ് ചര്‍ച്ച വേണ്ടത്. അഭിനയത്തിന്റെ കാര്യത്തില്‍ അമിതാഭ് ബച്ചന് ഇവരേക്കാള്‍(അല്ലെങ്കില്‍ മറ്റു നടന്മാരെക്കാള്‍) അത്രയേറെ മികവ് പറയാന്‍ കഴിയില്ല. ഓരോരുത്തര്‍ക്കും അവരുടേതായ മികവുണ്ട്. ഒരാള്‍ മറ്റൊരാള്‍ക്ക് പകരക്കാനാവില്ല. ഇനി മോഹന്‍ ലാലുമായി താരതമ്യം ചെയ്താലോ, ലാല്‍ ബച്ചനെക്കാള്‍ ഒരു പണത്തൂക്കം മുന്നില്‍ തന്നെയാണ്. എന്നിട്ടും ഇന്ത്യയില്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റവുമധികം തവണ നേടിയ വ്യക്തി അമിതാഭ് ബച്ചനാകുന്നു.

അവിടെയാണ് മമ്മൂട്ടിയും ലാലും കമലുമെല്ലാം അമിതാഭില്‍ നിന്നും പഠിക്കേണ്ടത്. തങ്ങളാണ് സിനിമ എന്ന വിശ്വാസം പുലര്‍ത്തുന്നവരാണ് ബാക്കി മൂന്നുപേരും. എന്നാല്‍ ബച്ചനെ ശ്രദ്ധിക്കു-അദ്ദേഹത്തിന്റെ രണ്ടാം തിരിച്ചുവരവിനുശേഷമെങ്കിലും-താന്‍ സിനിമയുടെ ഒരുഭാഗം മാത്രമാണ് എന്ന തിരിച്ചറിവിലാണ് ബച്ചന്‍ നില്‍ക്കുന്നത്. തന്റെ പ്രായം, തനിക്ക് ചെയ്യാന്‍ കഴിയുന്ന കഥാപാത്രങ്ങള്‍, തെരഞ്ഞെടുക്കുന്ന സിനിമകള്‍; ഇവയിലെല്ലാം കൃത്യമായ ധാരണ ബച്ചനുണ്ട്. എബിസിയുടെ തകര്‍ച്ചയും വന്‍ സാമ്പത്തിക പ്രതിസന്ധിയും മൂലം സിനിമയില്‍ നിന്നു മാറി നിന്ന ബച്ചന്‍ തിരിച്ചു വരുന്നത് 2000 ല്‍ ഇറങ്ങിയ യഷ് ചോപ്രയുടെ മൊഹബത്തേന്‍ എന്ന സിനിമയിലൂടെയാണ്. ബച്ചന് അപ്പോള്‍ പ്രായം 58. ഷാരുഖിന്റെ പിതാവായാണ് ബച്ചന്‍ ആ ചിത്രത്തില്‍ അഭിനയിച്ചത്. തിരിച്ചുവരവില്‍ ചില ബോധ്യങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു, സിനിമയാണ് തന്റെ ഇനിയുള്ള ഭാവി തീരുമാനിക്കുന്നത്. സിനിമയില്‍ നിന്നു കിട്ടിയതെല്ലാം നഷ്ടപ്പെട്ടു. ഇനി മുന്നോട്ടു പോകാന്‍ നേടേണ്ടതും സിനിമയില്‍ നിന്നാണ്. അവിടെയൊരു പിടിച്ചുനില്‍ക്കലിന്റെ ആവശ്യകത ബച്ചന്‍ തിരിച്ചറിഞ്ഞിരുന്നു.

താനെന്ന നടന്റെ മാര്‍ക്കറ്റിനെ കുറിച്ചും അദ്ദേഹത്തിനു നല്ലബോധ്യമുണ്ട്. പക്ഷെ എത്ര നല്ല ഉത്പന്നമാണെങ്കിലും വില്‍ക്കപ്പെടണമെങ്കില്‍ മാര്‍ക്കറ്റിംഗ് വിജയിക്കണം. ചിലപ്പോള്‍ കവറുമാറ്റി പരീക്ഷിച്ചാലെ ആളുകള്‍ ശ്രദ്ധിക്കു. നായകനാകുന്നതില്ല, നായകന്റെ അച്ഛനായാലും അമിതാഭ് ബച്ചന്‍ എന്ന പ്രൊഡക്ടിന്റെ വില്‍ക്കാന്‍ കഴിുന്നിടത്താണ് വിജയം. പിടിവാശികള്‍ ഗുണകരമാവില്ല. മൃത്യുദാദ എന്ന സിനിമ ഉണ്ടാക്കിയ ദുരന്തം മറക്കാന്‍ പറ്റാത്തതാണ്. ഇരുണ്ടകാലത്തിന്റെ തുടക്കം അതിലൂടെയാണ്. വീണ്ടും വെളിച്ചത്തിന്റെ ലോകത്തേക്കു വരുമ്പോള്‍ കഴിഞ്ഞകാലം പഠിപ്പിച്ച പാഠങ്ങള്‍ ആവര്‍ത്തനം ചെയ്തു പഠിച്ചു.രണ്ടാംവരവില്‍ തന്നിലെ അഭിനേതാവിനെ ഈ പ്രായോഗികതയുടെ നൂല്‍ബന്ധിച്ചാണ് ബച്ചന്‍ സിനിമയ്ക്ക് നല്‍കിയത്. പ്രായോഗികതയ്ക്ക് വലിയ പ്രാധാന്യമുണ്ട്, മറ്റേതിലുമെന്നപോലെ സിനിമയിലും. ഭ്രമത്തിങ്കല്‍ വാഴുന്ന നമ്മുടെ സൂപ്പര്‍ താരങ്ങള്‍ക്ക് ഇല്ലാത്തത്.

ബ്ലാക്ക്(1995), പാ( 1999), പിക്കു(2015) ഈ മൂന്നു ചിത്രങ്ങള്‍ ബച്ചന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്തവയാണ് (ആദ്യത്തെ അവാര്‍ഡ് അഗ്നീപഥ്-1990). സിനിമയില്‍ ബച്ചന്‍ യുഗം അവസാനിച്ചു എന്നു കരുതിയിരുന്നിടത്തു നിന്നും തിരിച്ചു വന്നശേഷം നേടിയ മൂന്നു ദേശീയ അവാര്‍ഡുകള്‍. ഈ മൂന്നു ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ നോക്കണം; ബ്ലാക്കില്‍ ദേബ്‌രാജ് സഹായ് എന്ന മധ്യവയസ്‌കനായ അല്‍ഷിമേഴ്‌സ് രോഗി, പായില്‍ പ്രൊജേറിയ ബാധിതനായ ഓറോ എന്ന 12 കാരന്‍, പിക്കുവില്‍ ബാഷ്‌കോര്‍ ബാനര്‍ജി എന്ന 70 കാരന്‍. ഇതിലൊന്നും ബച്ചന്‍ എന്ന താരം ഇല്ല. ബച്ചന്‍ എന്ന, പ്രായോഗികമതിയായ, അഭിനയവൈഭവമുള്ള, ബുദ്ധിമാനായ നടനെയാണ് കാണുന്നത്.

74 വയസായി ബച്ചന്. പ്രായത്തെ പേടിക്കുന്നവരാണ് മമ്മൂട്ടിയും ലാലും കമലുമെല്ലാം. ബച്ചന് തന്റെ പ്രായം ഒരു ഭാരമല്ല, സഹായമാണ്. കോസ്മറ്റിക് സര്‍ജറി ചെയ്ത് ജരാനരകള്‍ മറച്ചുപിടിക്കാന്‍ ബച്ചന്‍ ശ്രമിച്ചില്ല. പകരം ഇതാണ് താനെന്നും തനിക്കിത്ര പ്രായമുണ്ടെന്നും ഇതിനു ചേരുന്ന വേഷങ്ങള്‍ ഉണ്ടെങ്കില്‍ അഭിനയിക്കാമെന്നും നിലപാടെടുത്തു. അതുകൊണ്ട് ബച്ചനെ വേണമെന്നുള്ളവര്‍ ബച്ചന് ഇണങ്ങുന്ന വേഷങ്ങളുമായി അദ്ദേഹത്തെ സമീപിച്ചു. നാല്‍പ്പതിനു മുകളില്‍ കടക്കാത്ത നായകന്റെ കെട്ടിച്ചമച്ച വേഷങ്ങളുമായി ആരും ബച്ചനെ തേടിചെന്നില്ല. അത്തരം കെട്ടിയാഘോഷങ്ങളിലാണ് നമ്മുടെ സൂപ്പര്‍ താരങ്ങള്‍ അഭിനിവേശം കൊള്ളുന്നത്. ഈയടുത്ത് സംവിധായകന്‍ കമല്‍ പറയന്നതു കേട്ടു, തന്റെ പ്രായത്തിനനുസരിച്ചുള്ള വേഷങ്ങള്‍ അല്ലാത്തവ ചെയ്യുന്നതിന്റെ ത്രില്‍ അനുഭവിക്കാനാണത്രേ മമ്മൂട്ടി ചെറുപ്പക്കാരനായ കഥാപാത്രങ്ങള്‍ തേടുന്നതെന്നു. മമ്മൂട്ടിയുടെ സമീപനത്തെ അഭിനന്ദിച്ചുകൊണ്ടാണ് കമല്‍ ഇതു പറയുന്നത്. അഭിനന്ദിക്കാന്‍ എന്താണിവിടെയുള്ളത്? വേഷപ്രച്ഛന്നതയാണോ ഒരു നടന്റെ ത്രില്‍? 64 ലും യുവകോമളെനെന്നു വിളിച്ചു കേള്‍ക്കുന്നതിന്റെ ത്രില്ലാണോ മമ്മൂട്ടി എന്ന ഇന്ത്യ കണ്ട മികച്ച നടന്മാരില്‍ ഒരാള്‍ കൊതിക്കേണ്ടത്? നാലാളെ ഒരുമിച്ച് ഇടിച്ചിടുന്നതും കാസനോവമാരായി പ്രണയിക്കുന്നതും നിലവാരമില്ലാത്ത കോമഡി പറയുന്നതുമൊക്കെയാണ് നായകത്വം എന്നു വിശ്വസിക്കാന്‍ തക്ക ബുദ്ധിശോഷണം പ്രായാധിക്യത്താല്‍ ഇവര്‍ക്കു സംഭവിക്കുന്നുണ്ടോ?ലാലിനായാലും മമ്മൂട്ടിക്കായാലും ബച്ചന്‍ ഹിന്ദിയില്‍ ചെയ്യുന്ന അതേ വേഷങ്ങള്‍ അഭിനയിച്ച് ഫലിപ്പിക്കാന്‍ പ്രാപ്തിയുണ്ട്. പക്ഷേ അവരതിനു തയ്യാറാകില്ല. ഇമേജ് പേടി. 70 കാരനായി അഭിനയിക്കാന്‍ അവര്‍ക്ക് പേടിയാണ്? അല്‍ഷിമേഴ്‌സ് രോഗിയായാലും ഇന്റര്‍വെല്‍വരെ ആരോഗ്യദൃഡഗാത്രനും സുന്ദരനുമായി പ്രത്യക്ഷപ്പെടണം, പാട്ടുപാടണം, നായികയുടെ വയറില്‍ കിള്ളണം. സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാറിന്റെ ഡയലോഗുകള്‍ എത്രമാത്രം ശരിയാവുകയാണ്. അതുകൊണ്ടു നമ്മുടെ സൂപ്പര്‍ താരം ഭാസകര്‍ എന്ന മുഖം തുടുത്ത സുന്ദരനകാനെ തയ്യാറാകു, ദിപിക പദുകോണിനെപോലൊരു മുപ്പതുകാരിയുടെ അച്ഛനായ എഴുപതുകാരന്‍ ബാഷ്‌കോര്‍ ബാനര്‍ജിയാകാന്‍ സമ്മതിക്കില്ല. കാരണം അവര്‍ താരങ്ങളായി നില്‍ക്കുന്നവരാണ്, പണ്ടവര്‍ നടനായി നിന്ന കാലം മറക്കുന്നു. ബച്ചന്‍ ആദ്യം താരമായിരുന്നു, പിന്നെയയാള്‍ ഒരു നടന്‍ മാത്രമായി. നടന്‍ ഒരു ടൂളാണ്, സിനിമയ്ക്ക് ആ ടൂള്‍ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം. താരങ്ങള്‍ നിയന്ത്രിതാവാണ്, സിനിമയെ അവരാണ് ഉപയോഗിക്കുന്നത്. അതു തന്നെയാണ് അമിതാഭ് ബച്ചനും നമ്മുടെ സൂപ്പര്‍ താരങ്ങളും തമ്മിലുള്ള വ്യത്യാസം.

ഇവിടെ ഒരു ചോദ്യം വരാം; അവാര്‍ഡിനു വേണ്ടിയാണോ അഭിനയിക്കേണ്ടതെന്ന്? അല്ല. എന്നാല്‍ തിരിച്ചു ചോദിക്കട്ടെ, മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ഒരു സിനിമയില്‍ 'അഭിനയിച്ചിട്ട്' എത്രകാലമായി? നാം കാണുന്നതെല്ലാം അവരുടോ ഷോ ഓഫ് അല്ലേ? മമ്മൂട്ടി, അല്ലെങ്കില്‍ മോഹന്‍ലാല്‍ എന്ന താരശരീരത്തിന്റെ മായാപ്രകടനങ്ങള്‍. ഒരു മോഡല്‍ ഫാഷന്‍ റാമ്പില്‍ ചെയ്യുന്നതെന്നപോല്‍. അമിതാഭ് ബച്ചന്‍ ഇപ്പോള്‍ അതല്ല...


Next Story

Related Stories