Top

നോട്ട് നിരോധനം അഴിമതി ഇല്ലാതാക്കില്ല; സ്വന്തം അനുഭവം കൊണ്ട് ഒരു മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ പറയുന്നു

നോട്ട് നിരോധനം അഴിമതി ഇല്ലാതാക്കില്ല; സ്വന്തം അനുഭവം കൊണ്ട് ഒരു മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ പറയുന്നു

എന്തുകൊണ്ട് പ്രധാനമന്ത്രിയുടെ നോട്ട് നിരോധനം ഇന്ത്യന്‍ സമൂഹത്തിലെ അഴിമതി ഇല്ലാതാക്കാന്‍ സഹായിക്കില്ലെന്ന് വ്യക്തമാക്കുകയാണ് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ അമിതാഭ പാണ്ഡെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. സ്വന്തം അനുഭവം വിവരിച്ചുകൊണ്ടാണ് മോദിയുടെ നീക്കം വലിയ പരാജയമായിരിക്കുമെന്ന് സമര്‍ത്ഥിക്കാന്‍ അദ്ദേഹം തയ്യാറാവുന്നത്.

തൊണ്ണൂറുകളില്‍ പ്രതിരോധ മന്ത്രായത്തില്‍ ജോയിന്റ് സെക്രട്ടറിയായി ചുമതലയേറ്റ് പാണ്ഡെയ്ക്ക് കരസേനയുടെ വാണിജ്യ കൈമാറ്റങ്ങള്‍ കൈകാര്യം ചെയ്യുന്ന ജോലിയാണ് പതിച്ചു നല്‍കിയത്. രാഷ്ട്രത്തിന്റെ ഏറ്റവും വലിയ ബജറ്റ് വിഹിതത്തിന്റെ കടലാസുകള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ പല ഉന്നത വ്യക്തികളും തന്നെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു. ജോലിയുടെ സമ്മര്‍ദവും ഇത്തരക്കാരില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുക എന്ന ലക്ഷ്യവുമായി ജിംഖാന ക്ലബ്ബുകള്‍ പോലെയുള്ള സ്ഥലങ്ങളില്‍ പാര്‍ട്ടികള്‍ക്കും മറ്റും പോകുന്നത് അദ്ദേഹം നിറുത്തി.

എന്നാല്‍ ഒരു ദിവസം ഒരു അടുത്ത ബന്ധുവിന്റെ വീട്ടില്‍ നടന്ന ഒരു ചടങ്ങില്‍ അദ്ദേഹത്തിന് പങ്കെടുക്കേണ്ടി വന്നു. അവിടെ വച്ച് ഒരു വ്യവസായ പ്രമുഖനെ അദ്ദേഹം പരിചയപ്പെട്ടു. ഡല്‍ഹി ജീവിതത്തെ കുറിച്ച് അദ്ദേഹം ചോദിച്ചപ്പോള്‍, ജോലി ഭാരത്തെ കുറിച്ചും കുറഞ്ഞ ശമ്പളത്തെ കുറിച്ചും പാണ്ഡെ പരാതിപ്പെട്ടു. എന്തുകൊണ്ട് ഓഹരി കമ്പോളത്തില്‍ നിക്ഷേപിച്ചുകൂടാ എന്നായിരുന്നു വ്യവസായ പ്രമുഖന്റെ ചോദ്യം. ഒരാള്‍ക്ക് നിക്ഷേപിക്കണമെങ്കിലും കാശു വേണമല്ലോ എന്ന് പറഞ്ഞ് പാണ്ഡെ ചര്‍ച്ച അവസാനിപ്പിച്ചു.

ഹര്‍ഷദ് മേത്തയുടെ ഇടപെടലില്‍ ഓഹരി വില കുതിച്ചുയരുന്ന സമയമായിരുന്നു അത്. മറ്റൊരവസരത്തില്‍ അതേ ബന്ധുവിന്റെ വീട്ടിലെത്തിയപ്പോഴും വ്യവസായപ്രമുഖന്‍ അവിടെയുണ്ടായിരുന്നു. അദ്ദേഹം പാണ്ഡെയെ രഹസ്യമായി മറ്റൊരു മുറിയിലേക്ക് വിളിച്ച് അന്ന് നല്ല വിലയുണ്ടായിരുന്ന കുറെ ഓഹരികള്‍ കൈമാറി. ഇത് താന്‍ കുറഞ്ഞ വിലയ്ക്ക് മേടിച്ചതാണെന്നും പാണ്ഡെയ്ക്ക് ഒരു സഹായമാകട്ടെ എന്നു കരുതി കൈമാറുകയാണെന്നും വ്യവസായി പറഞ്ഞു. കുപിതനായ പാണ്ഡെ ബന്ധുവിനെ വിളിച്ച് തന്റെ കാര്യങ്ങളില്‍ നിന്നും വ്യവസായി പൂര്‍ണമായും ഒഴിഞ്ഞു നിന്നില്ലെങ്കില്‍ മേലില്‍ ഇങ്ങോട്ട് വരില്ല എന്നറിയിച്ചു. പിന്നീട് അതേ വ്യവസായി സൈനിക കരാറുകള്‍ ഏറ്റെടുത്തിരുന്നതായും പാണ്ഡെ സാക്ഷ്യപ്പെടുത്തുന്നു.

അഴിമതി എന്നത് ഇന്ത്യന്‍ സംവിധാനത്തിന്റെ അധികാരഘടനയില്‍ അന്തര്‍ലീനായിരിക്കുന്ന ഒന്നാണെന്ന് പാണ്ഡെ ചൂണ്ടിക്കാട്ടുന്നു. ആ ആധികാരത്തിന്റെ ശേഷി കുറയ്ക്കാനായില്ലെങ്കില്‍ അഴിമതി തുടര്‍ന്നു കൊണ്ടേയിരിക്കും. വളരെ ലളിതരും അവിദഗ്ധരുമായ ആളുകള്‍ മാത്രമേ പണമായി അഴിമതിയുടെ ഫലങ്ങള്‍ കൊയ്യാന്‍ ശ്രമിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതിനാല്‍ തന്നെ മോദി പ്രശ്‌നത്തിന്റെ തെറ്റായ വശത്താണ് തന്റെ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നതെന്ന് അമിതാഭ പാണ്ഡെ വ്യക്തമാക്കുന്നു. നോട്ട് നിരോധന നടപടി വലിയ പിശകായിപ്പോയി എന്ന് അനുദിനം തെളിഞ്ഞുകൊണ്ടിരിക്കെയാണ് പാണ്ഡെയെ പോലെയുള്ളവരുടെ അനുഭവസാക്ഷ്യങ്ങള്‍ പുറത്തുവരുന്നത്.


വിശദമായി വായിക്കാം; https://goo.gl/q1vmLsNext Story

Related Stories