TopTop
Begin typing your search above and press return to search.

'അമ്മ' മക്കളോട് ചിറ്റമ്മനയം കാണിക്കരുത്

അമ്മ മക്കളോട് ചിറ്റമ്മനയം കാണിക്കരുത്

'അമ്മ' എന്ന പേരിട്ട എല്ലാം അമ്മയോളം മക്കളെ സ്‌നേഹിക്കണമെന്നില്ല എന്ന് തെളിയിക്കുന്ന തരത്തിലായിപ്പോയി സിനിമാക്കാരുടെ സംഘടനയുടെ ജനറല്‍ ബോഡി മീറ്റിംഗ്. പ്രമുഖ നടിയും, പ്രമുഖ നടനും; ഇരയും കുറ്റാരോപിതനും, രണ്ടു പേരും അമ്മയുടെ മക്കളാണെന്ന് ഊന്നിയൂന്നി പറയാന്‍ ശ്രമിക്കുമ്പോള്‍ ഒക്കെയും മകനെയും മകളെയും രണ്ടു തട്ടില്‍ കാണുന്ന അമ്മയാണ് എന്നുകൂടി പറയാതെ പറയുന്നത് പോലെ തോന്നി. മാധ്യമങ്ങള്‍ പലപ്പോഴും പ്രകോപിതരാക്കാന്‍ വേണ്ടിയും സെന്‍സേഷന് വേണ്ടിയും ചോദ്യങ്ങള്‍ ചോദിച്ചേക്കാം എന്ന തിരിച്ചറിവ് പോലും വികാര വിക്ഷോഭം കൊണ്ട് മറുപടി പറഞ്ഞ ഗണേഷ്‌കുമാറിനോ മുകേഷിനോ ഉണ്ടായില്ല. ഇന്നസെന്റ് എം.പി യുടെ ശരീരഭാഷ പോലും പലപ്പോഴും ദയനീയ അവസ്ഥയിലും മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും മൗനം വാചാലവുമായി തോന്നിയത് എനിക്ക് മാത്രമാണോ എന്നറിയില്ല.

ഒരു നടി ആയതുകൊണ്ട് മാത്രമാണോ ആ കുട്ടിക്ക് ഇങ്ങനെയൊരു ആക്രമം നേരിടേണ്ടിവന്നത്? അല്ല, അല്ലേ അല്ലാ! നമ്മുടെ ഇന്ത്യയില്‍, കൊച്ചു കേരളത്തില്‍ ഒക്കെ ഓരോ ദിവസവും ഓരോ നിമിഷവും പീഡനവും പീഡനശ്രമങ്ങളും നടന്നു കൊണ്ടിരിക്കുന്നു. പക്ഷേ, ഇത്രയും പ്രശസ്തയായ, സാമൂഹികമായി ഉയര്‍ന്ന നിലയില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് പോലും എറണാകുളം പോലൊരു നഗരത്തില്‍, അതും ആള്‍ക്കൂട്ടവും ബഹളവും ഉള്ള ഒരു സമയത്ത് ഇങ്ങനെയൊരു ആക്രമണം, ശാരീരിക പീഡനം ഏല്‍ക്കേണ്ടി വന്നു എന്നതാണ് ചിന്തിക്കേണ്ട വിഷയം.

എന്തുകൊണ്ടാണ് ആദ്യം മുതലേ ഈ സംഭവവുമായി ബന്ധപ്പെട്ട് ദിലീപിന്റെ പേരുയര്‍ന്നു വന്നത് എന്ന ന്യായമായ ചോദ്യം സാധാരണക്കാര്‍ക്കുണ്ടാകാം. എന്തുകൊണ്ടാണ് സംഭവം നടന്ന് ഇത്രയും നാളായിട്ടും, കുറ്റവാളികളെ പോലീസിന്റെ കൈവശം കിട്ടിയിട്ടും ദിലീപിനെതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണെന്നു തെളിയിക്കാന്‍ കഴിയാത്തത്? ദിലീപ് എന്ന വ്യക്തി എത്രയൊക്കെ കുരുട്ടുബുദ്ധിയുള്ള ആളായാലും ഇത്തരം ഒരു കാര്യം ചെയ്യില്ല എന്ന് വ്യക്തിപരമായി വിശ്വസിക്കുന്ന ആളാണ് ഞാന്‍. എന്തുകൊണ്ടെന്നാല്‍, ദിലീപിന് ബുദ്ധി ഉള്ളതുകൊണ്ടുതന്നെ! ഇത്തരത്തിലുള്ള ഒരു ആക്രമണം നടത്തിയാല്‍ സത്യം പുറത്തുവരും എന്ന് മനസിലാക്കാനുള്ള അനുഭവ സമ്പത്ത് കുറച്ചേറെ നാളായി സിനിമാലോകത്ത് നില്‍ക്കുന്ന ദിലീപിന് ഉണ്ടാകില്ലേ?

'അമ്മ'യില്‍ നിന്ന് ദിലീപിനെതിരെയുള്ള ഒരു നീക്കവും പ്രതീക്ഷിക്കാത്തപ്പോള്‍ തന്നെ, ആക്രമിക്കപ്പെട്ട നടിയെ കുറച്ചുകൂടി ചേര്‍ത്തു നിര്‍ത്തേണ്ട കടമ, ഉത്തരവാദിത്തം അമ്മയ്ക്കുണ്ടെന്നു തോന്നുന്നു. ദിലീപിനെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കൊണ്ട് ആക്രമിക്കാന്‍ പലരും ഉണ്ടാകാം. സിനിമാലോകത്ത് ഉള്ള ശത്രുക്കള്‍ തന്നെയാകാം, അല്ലെങ്കില്‍ ദിലീപ് എന്ന ബിസിനസുകാരനോട് ഉള്ള മത്സരമാകാം. പക്ഷേ, ദിലീപിനെ സംരക്ഷിക്കാന്‍, സപ്പോര്‍ട്ട് ചെയ്യാന്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയിലും ചാനലുകളിലും വന്നിരുന്നു ക്രൂരത വിളിച്ചു പറയുന്നവരോടാണ് അമര്‍ഷം. അങ്ങനെയുള്ളവര്‍ അമ്മ എന്ന സംഘടനയില്‍ അംഗങ്ങളാണ് എന്നത് വികാരാവേശത്തള്ളലില്‍ മറുപടി പറഞ്ഞ ജനപ്രതിനിധികള്‍ എങ്കിലും മനസിലാക്കേണ്ടതായിരുന്നു.

അജുവും സലിം കുമാറും ഒക്കെ നടിയുടെ പേര് പറഞ്ഞു പ്രസിദ്ധീകരിച്ച കുറിപ്പുകള്‍ അല്ല പ്രശ്‌നം. അതിലൂടെ അവര്‍ നല്‍കുന്ന തെറ്റായ സന്ദേശങ്ങള്‍ ആണ്. നിയമവ്യവസ്ഥയില്‍, പീഡിപ്പിക്കപ്പെട്ട ആളുടെ പേര് പരസ്യമായി പറയാന്‍ പാടില്ല എന്നാണെങ്കില്‍ അത് പാലിക്കേണ്ടത് എല്ലാവരുടെയും കടമയാണ്. പക്ഷേ, സലിംകുമാറിനെ പോലുള്ള ഒരു മുതിര്‍ന്ന സിനിമാപ്രവര്‍ത്തകന്‍ സഹപ്രവര്‍ത്തകയെ വേദനിപ്പിക്കുന്ന തരത്തില്‍, അവര്‍ അനുഭവിച്ച ശാരീരികവും മാനസികവുമായ ആക്രമണത്തെ ചെറുതാക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ഏതു രീതിയിലാണ് ന്യായീകരിക്കാന്‍ കഴിയുക? ദിലീപിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കല്‍ ബോധതലത്തിനും മുകളിലായ രീതിയിലാണ് ചാനലില്‍ സിനിമാ നിര്‍മ്മാതാവ് സജി നന്ത്യാട്ട് അഭിപ്രായം പ്രകടിപ്പിച്ചത്. 'ആ പെണ്‍കുട്ടി വെറും രണ്ടര മണിക്കൂറാണ് പീഡിപ്പിക്കപ്പെട്ടത്. അതിന്റെ പേരില്‍ ദിലീപ് കഴിഞ്ഞ നാലുമാസമായി പീഡിപ്പിക്കപ്പെടുകയാണ്, ദിലീപിനെന്താ മനുഷ്യാവകാശങ്ങളില്ലേ?'. ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ ദിലീപിന് ഗുണത്തെക്കാള്‍ ദോഷം ചെയ്യുമെന്ന് മനസിലാക്കാന്‍ പോലുമുള്ള ബോധം ഇല്ലാതെ പോകുന്നത് ദിലീപിന്റെ സമയദോഷം എന്നല്ലാതെ എന്ത് പറയാന്‍!

'അമ്മ'യുടെ നിലപാടിനെക്കുറിച്ച് സിനിമയിലെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സംഘടനയായ വിമന്‍ കളക്ടീവിനെ പ്രതിനിധീകരിച്ച് റിമ കല്ലിങ്ങല്‍ ഒരു ചാനലില്‍ പറഞ്ഞത്, 'അവര്‍ എല്ലാ സപ്പോര്‍ട്ടും തരാം എന്ന് പറഞ്ഞു' എന്നാണ്. ആരാണീ അവര്‍? അമ്മ എന്ന സംഘടനയില്‍ അപ്പോള്‍ അവരും നമ്മളും നിങ്ങളും ഒക്കെ ഉണ്ടെന്നു റിമയ്ക്ക് തന്നെ ഒരു സംശയം ഉണ്ടോ? അമ്മ എന്ന സംഘടന എല്ലാവര്‍ക്കും വേണ്ടി ഉള്ളതാണെന്ന തരത്തില്‍, സുതാര്യമായാണ് ആ ജനറല്‍ മീറ്റിംഗ് നടന്നത് എന്ന രീതിയില്‍ റിമയ്ക്ക് സംസാരിക്കാന്‍ കഴിഞ്ഞില്ല എന്ന് തോന്നി. റിമ പറഞ്ഞ പല കാര്യങ്ങളും പ്രസക്തമാണ്, അതില്‍ ഏറ്റവും പ്രധാനം 'ഇപ്പോള്‍ ഈ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്നത് ഞങ്ങളുടെ കൂട്ടുകാരി തന്നെയാണ്. അവള്‍ കടന്നു പോയ അരക്ഷിതാവസ്ഥയിലൂടെയോ സഹനത്തിലൂടെയോ മറ്റാരും തന്നെ കടന്നു പോകുന്നില്ല.' ഓരോരുത്തരും വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന രീതിയില്‍ പാടും മുന്‍പ്, ചാനലിലും സ്വന്തം സോഷ്യല്‍ ടൈം ലൈനുകളിലും പോസ്റ്റും മുന്‍പ് ഒന്നുകൂടി ചിന്തിക്കാം! ഇതൊക്കെ ആ പെണ്‍കുട്ടി കാണുന്നുണ്ട്, വായിക്കുന്നുണ്ട്, അറിയുന്നുണ്ട്... ചിലരുടെയൊക്കെ വാക്കുകളും ചൂണ്ടിക്കാട്ടലുകളും അവളെ വീണ്ടും വീണ്ടും പീഢിപ്പിക്കുന്നുണ്ട്.

ദിലീപിനെ എല്ലാവരും ചേര്‍ന്ന് കുറ്റക്കാരനാക്കാന്‍ ശ്രമിക്കണ്ട, അദ്ദേഹം തെറ്റ് ചെയ്‌തെങ്കില്‍ തീര്‍ച്ചയായും അത് പുറത്തുവരും. പക്ഷേ, അദ്ദേഹത്തെ സപ്പോര്‍ട്ട് ചെയ്യാന്‍ സിനിമാക്കുടുംബം ശ്രമിക്കുന്നതിന്റെ അതേ അളവില്‍ ആ പെണ്‍കുട്ടിയേയും സപ്പോര്‍ട്ട് ചെയ്തുകൂടെ? ദിലീപിനെ പിന്താങ്ങാന്‍ എന്തിനാണ് ആ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിക്കുന്നത്? മറ്റേതൊരു ഓര്‍ഗനൈസേഷനിലും ഇത്തരം ഒരു സംഭവം നടന്നിരുന്നു എങ്കില്‍ കൈക്കൊള്ളുമായിരുന്ന നടപടികള്‍ അമ്മ എന്ന സംഘടനയില്‍ നിന്നും നടിക്ക് കിട്ടിയില്ല എന്ന് സാധാരണ ജനത്തിന് തോന്നലുണ്ടാക്കാന്‍ മാത്രമേ ഇന്നലത്തെ ജനറല്‍ ബോഡി മീറ്റിങ്ങിനു കഴിഞ്ഞുള്ളു.'അമ്മ' എന്ന സംഘടനയ്ക്ക് ഒരല്‍പം കൂടി ഉച്ചത്തില്‍ പറയാമായിരുന്നു, മകളെ പീഡിപ്പിച്ചവരെ വെറുതെ വിടില്ല എന്ന്, ന്യായത്തിനായി ഏത് അറ്റം വരെയും പോകും എന്ന്. സുരക്ഷ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന്. ദിലീപിനെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ ആരേയും സമ്മതിക്കില്ല എന്ന് ഉറക്കെ വിളിച്ചുപറയാന്‍ കാണിച്ച അതേ ആവേശം, ഇരയാക്കപ്പെട്ട ആളുടെ കാര്യത്തിലും കാണിക്കണമായിരുന്നു. സ്വന്തം സംഘടനയിലുള്ള 'മകള്‍' ആണെന്ന് നിര്‍ത്താതെ അവകാശപ്പെടുന്ന ഒരാള്‍ക്ക് വേണ്ടി ആരെങ്കിലും ഉന്നയിച്ചാല്‍ മാത്രമേ ചര്‍ച്ചയ്ക്ക് എടുക്കേണ്ട കാര്യമുള്ളൂ എന്ന് പ്രസ്താവിക്കും മുന്‍പ് ഒന്നാലോചിക്കാമായിരുന്നു, 'അമ്മ' എന്ന പേരിനെ എങ്കിലും കുറച്ചുകൂടി ബഹുമാനിക്കാമായിരുന്നു അതിലെ ജനപ്രതിനിധികള്‍ക്കും സംഘാടകര്‍ക്കും. അമ്മയല്ല ചിറ്റമ്മയാണ് എന്ന പോലെ വേണമായിരുന്നോ ഈ സമ്മേളനം?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories