TopTop
Begin typing your search above and press return to search.

മോഹന്‍ലാലിനെ ആര്‍ക്കാണ് പേടി? ഒരു പത്തനാപുരം പൊളിറ്റിക്കല്‍ സ്കിറ്റ്

മോഹന്‍ലാലിനെ ആര്‍ക്കാണ് പേടി? ഒരു പത്തനാപുരം പൊളിറ്റിക്കല്‍ സ്കിറ്റ്

മലയാളത്തില്‍ എണ്ണം പറഞ്ഞ രാഷ്ട്രീയ സിനിമകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ സിനിമയില്‍ പറഞ്ഞ രാഷ്ട്രീയത്തെക്കാള്‍ ഇപ്പോള്‍ സിനിമാക്കാര്‍ പറയുന്ന രാഷ്ട്രീയമാണ് പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്നത്. ഹീറോയിസവും കോമഡിയും സെന്റിമെന്റ്‌സുമൊക്കെയായി ഒരു പക്കാ പൊളിറ്റക്കല്‍ പാക്കേജ് ആണ് മലയാളത്തിലെ പ്രമുഖ താരങ്ങള്‍ ചേര്‍ന്ന് അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. പോളണ്ടിനെ പറ്റി(ഇപ്പോള്‍ സൊമാലിയയെ പറ്റിയും ) ഒരക്ഷരം മിണ്ടരുതെന്നു പറയുന്നതുപോലെ, സിനിമാക്കാര്‍ രാഷ്ട്രീയത്തെക്കുറിച്ച് മിണ്ടിപ്പോകരുതെന്ന് ആരും വാശിപിടിച്ചിട്ടില്ല. എന്നാല്‍ ഒറ്റതിരിഞ്ഞ ചിലരൊഴിച്ചാല്‍ ഈയടുത്തകാലം വരെ സിനിമാക്കാര്‍ സിനിമയിലല്ലാതെ രാഷ്ട്രീയം പറയത്തില്ലായിരുന്നു. ഭൂരിഭാഗത്തിനും പറയാന്‍ അറിയില്ലായിരുന്നു, അറിയുന്നവരാകട്ടെ ബുദ്ധിപൂര്‍വം മിണ്ടാതിരുന്നു.

തമിഴ്‌നാട്ടിലെയോ ആന്ധ്രയിലെയോ കര്‍ണാടകത്തിലെയോ സ്ഥിതിയായിരുന്നില്ല കേരളത്തില്‍. അവിടങ്ങളിലൊക്കെ സിനിമാക്കാര്‍ ഒരുഘട്ടം കഴിഞ്ഞ് രാഷ്ട്രീയത്തിലിറങ്ങുകയും നാടുഭരിക്കുകയും ചെയ്യും. അവിടെ സിനിമയും രാഷ്ട്രീയവും ഇഴചേര്‍ന്നു കിടക്കുകയാണ്. വൈകാരികമായി പ്രതികരിക്കുന്നവരാണ് ആ സംസ്ഥാനങ്ങളിലെ പ്രേക്ഷകരായാലും അണികളായാലും. എന്നാല്‍ കേരളത്തിലെ സ്ഥിതി അതല്ലായിരുന്നു. നമ്മള്‍ ഏതൊരു വിഷയത്തെയും പക്വതയോടെ സമീപിക്കുന്നവരും പയറും മുതിരയും വേര്‍തിരിച്ചറിയുന്നവരുമായിരുന്നു. അതുകൊണ്ട് സിനിമാക്കാര്‍ക്ക് സിനിമയും രാഷ്ട്രീയക്കാര്‍ക്കും രാഷ്ട്രീയവും എന്നായിരുന്നു പോളിസി (ഈ രണ്ടു കൂട്ടര്‍ക്കും ഒരുമിച്ചു കൈകോര്‍ക്കാനുള്ള വേദി ബിസിനസുകള്‍ മാത്രമായിരുന്നു). എന്നിരിക്കിലും സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലെത്തുകയും തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരും ഉണ്ടായിരുന്നു. നടന്‍ മുരളിയൊക്കെ അതിനുദാഹരണം. മുരളി പക്ഷേ ഇടതുപക്ഷക്കാരനായി തന്നെയാണ് എന്നും നിന്നിരുന്നത്. തന്റെ രാഷ്ട്രീയം വ്യക്തമാക്കുന്ന മുരളിയെപോലുള്ളവര്‍ ഒന്നോ രണ്ടോ പേര്‍ മാത്രമായിരുന്നു പിന്നെയുണ്ടായിരുന്നത്. രാഷ്ട്രീയക്കാരന്റെയും നടന്റെയും പ്രധാന ഇന്‍വെസ്റ്റ്‌മെന്റ് ജനങ്ങളുടെ/ പ്രേക്ഷകന്റെ പിന്തുണയാണ്. അതു നഷ്ടപ്പെടുത്താതിരിക്കാനുള്ള സകല കളികളും ഇരുകൂട്ടരും നടത്തും. കേരളത്തിലെ ജനങ്ങള്‍ക്ക് കൃത്യമായി രാഷ്ട്രീയം പറയുന്നവരാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് ഒരു താരം അവന്റെ രാഷ്ട്രീയം വ്യക്തമാക്കാതെ മറച്ചുപിടിച്ചു നിന്നത്. വെളിച്ചത്തായാല്‍ താന്‍ അനുകൂലിക്കുന്ന രാഷ്ട്രീയത്തിന്റെ പ്രതിയോഗികളായ പ്രേക്ഷകര്‍ തനിക്കു നഷ്ടപ്പെടുമെന്നുള്ള അന്യായമായ ഭയം അവരിലുണ്ടായിരുന്നു.

ഇതൊക്കെ പഴയ കഥയാണ്. സിനിമാക്കാരന് രാഷ്ട്രീയത്തില്‍ രാശിയില്ലെന്ന ധാരണ തിരുത്തിയത് കെ ബി ഗണേഷ് കുമാര്‍ ആണ്. ഗണേശന്‍ പത്തനാപുരത്ത് മത്സരിക്കുകയും ജയിച്ച് മന്ത്രിയാവുകയും ചെയ്തു. പക്ഷേ അപ്പോഴും ചില വാദങ്ങള്‍ ഉയര്‍ന്നു. സിനിമാക്കാരനാണെങ്കിലും ഗണേശന് രാഷ്ട്രീയം പാരമ്പര്യമാണ്. ആര്‍. ബാലകൃഷ്ണ പിള്ള എന്ന രാഷ്ട്രീയമേരുവിന്റെ മകനാണ്. സിനിമാക്കാരന്റെ ലേബലല്ല, രാഷ്ട്രീയപാരമ്പര്യം തന്നെയാണ് ഗണേശന് തുണയായതെന്നും ഈ സൗകര്യം മറ്റൊരു താരത്തിനും ഇല്ലാത്തതിനാല്‍ ഗണേശന്റെ വിജയം ആവര്‍ത്തിക്കാന്‍ മറ്റൊരാള്‍ക്ക് കഴിയില്ലെന്നും പറഞ്ഞു. പറഞ്ഞതില്‍ കാര്യമില്ലാതെയുമില്ലായിരുന്നു.2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പാണ് യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയത്തില്‍ സിനിമാക്കാരുടെ സമയം നേരെയാക്കിയത്. ചാലക്കുടിയില്‍ ഇടതുസ്വതന്ത്രനായി ഇന്നസെന്റ് മത്സരിക്കാന്‍ എത്തിയപ്പോള്‍, സിപിഎമ്മിന്റെ ഏറ്റവും വലിയ മണ്ടത്തരമായി അതിനെ കണ്ടവരാണ് ഏറെയും. എന്നാല്‍ ഇന്നസെന്റ് ജയിച്ചു, എം പി ആയി. ഇന്നസെന്റിന്റെ വിജയം അക്ഷരാര്‍ത്ഥത്തില്‍ ഒരു മാറ്റത്തിന്റെ തുടക്കം കൂടിയായിരുന്നു. പല താരങ്ങള്‍ക്കും അവരുടെ രാഷ്ട്രീയം വ്യക്തമാക്കാന്‍ ധൈര്യം വന്നു. ഈ വ്യക്തത തന്നെയാണ് ഇപ്പോള്‍ ഒറ്റക്കെട്ടായി നിന്നിരുന്നുവെന്ന് വിശ്വസിച്ചിരുന്ന ഒരു സംഘടനയില്‍ കൃത്യമായ ചേരിതിരിവ് ഉണ്ടാക്കിയിരിക്കുന്നതും.

അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആക്ടേഴ്‌സ് അഥവ അമ്മ എന്ന ചലച്ചിത്രതാരസംഘടന കേരളത്തിലെ ശക്തമായൊരു സംഘടന തന്നെയായിരുന്നു. ഗ്രൂപ്പുകളികളോ ഉള്‍പ്പാര്‍ട്ടിപ്പോരോ ഒന്നും തന്നെയില്ലായിരുന്നു. എന്നാല്‍ അതിനൊരു കേഡര്‍ സ്വഭാവമോ ജനാധിപത്യമുഖമോ (പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും) ഇല്ലായിരുന്നു. മറിച്ച് അതൊരു ന്യൂനപക്ഷത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നതായിരുന്നു. സൂപ്പര്‍താരങ്ങളായിരുന്നു ഈ നിയന്ത്രണത്തിന് സിനിമയിലെന്നപോലെ സംഘടനയിലും ചുക്കാന്‍ പിടിച്ചിരുന്നത്. ഇവരോട് ബാക്കിയുള്ളവര്‍ക്ക് രാജഭക്തിയായിരുന്നു. ഒരുതരത്തില്‍ ഈ വിധേയത്വം തന്നെയായിരുന്നു ഒരേകാധിപത്യരാജ്യത്ത് ഏതുവിധത്തില്‍ അച്ചടക്കം നിലനില്‍ക്കുന്നോ അതേമാതിരി അമ്മയിലും അച്ചടക്കം നിലനിന്നുപോരാന്‍ കാരണം.

ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റ് ആയി നിന്നാണ് രാഷ്ട്രീയത്തില്‍ ഇറങ്ങി മത്സരിച്ചതും ജയിച്ചതും. ഒരു പ്രത്യേകരാഷ്ട്രീയത്തെ പിന്തുണച്ചിട്ടും അമ്മയില്‍ ഇന്നസെന്റിന്റെ പിന്തുണയ്ക്ക് ഇളക്കം തട്ടിയില്ലെന്നുമാത്രമല്ല, തുടര്‍ന്നും സംഘടനയെ അദ്ദേഹം തന്നെ നയിക്കണമെന്ന ആവശ്യം ഉണ്ടാവുകയും ചെയ്തു. സംഘടനയുടെ പ്രസിഡന്റിന്റെ രാഷ്ട്രീയം വ്യക്തമായതുപോലെ മറ്റു ചില താരങ്ങള്‍ അവരുടെ രാഷ്ട്രീയം സ്വയമേവ തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. അതില്‍ പ്രധാനി മമ്മൂട്ടി ആയിരുന്നു. കൈരളി ചാനലിന്റെ ഡയറക്ടര്‍ ആയതോ, ഗുജറാത്ത് വിഷയത്തില്‍ ഡിവൈഎഫ്‌ഐയെ പ്രകീര്‍ത്തിച്ചു പ്രസംഗിച്ചതോ മാത്രമായിരുന്നില്ല മമ്മൂട്ടിയുടെ ഇടതുചായവ് (സിപിഐഎം) വ്യക്തമാക്കിയിരുന്ന ഘടകങ്ങള്‍. ജഗദീഷ്, സലിം കുമാര്‍ എന്നിവര്‍ തങ്ങള്‍ കോണ്‍ഗ്രസുകാരാണെന്നും പലതവണ വ്യക്തമാക്കിയരുന്നു. അമ്മയില്‍ സജീവമല്ലെങ്കിലും സുരേഷ് ഗോപി തനിക്ക് രാഷ്ട്രീയനിലപാടുകളുണ്ടെന്ന് പരസ്യമാക്കിയിരുന്നയാളാണ്. സുരേഷ് ഒരു കോണ്‍ഗ്രസുകാരാനാണെന്നായിരുന്നു മോദിയെ ഷാള്‍ ആണിയിക്കുന്നതുവരെ കരുതിയിരുന്നത്. ഇപ്പോള്‍ ഇന്നസെന്റിനു പിന്നാലെ സുരേഷും പാര്‍ലമെന്റിലെത്തിയിരിക്കുന്നു (രണ്ടും രണ്ടുവഴിയിലൂടെയാണെന്നു മാത്രം), മറ്റൊരാള്‍ മുകേഷാണ്. ഗണേശനെന്നപോലെ മുകേഷിനും രാഷ്ട്രീയ പാരമ്പര്യമുണ്ട്. 2006 ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ സംഗീതനാടക അക്കാദമി ചെയര്‍മാനായി മുകേഷിനെ നിയോഗിച്ചതും അതേ രാഷ്ട്രീയത്തിന്റെ പുറത്താണ്. തെളിഞ്ഞും മറഞ്ഞുമാണെങ്കിലും താനൊരു ഇടതുപക്ഷവിരോധിയാണെന്നും അതേസമയം ദേശീയമുസ്ലിം ആണെന്നുമുള്ള സൂചനകള്‍ നല്‍കിയ ആളായിരുന്നു സിദ്ദിഖ്...ഇത്തരത്തില്‍ ഒന്നാംനിര/ രണ്ടാംനിര താരങ്ങളുടെ രാഷ്ട്രീയം ലോക്‌സഭ തെരഞ്ഞെടുപ്പിനു പിന്നാലെ കൂടുതല്‍ വ്യക്തമായി വന്നു.

നിയമസഭ തെരഞ്ഞെടുപ്പ് വന്നതോടെയാണ് കാര്യങ്ങള്‍ കൈവിട്ടു പോകാന്‍ തുടങ്ങിയത്. സംഘടനയുടെ കെട്ടുറപ്പിനു തന്നെ ഇളക്കം തട്ടുന്നവിധത്തില്‍ രാഷ്ട്രീയം ഉള്ളിലേക്ക് പടര്‍ന്നു. പത്തനാപുരത്ത് മോഹന്‍ലാല്‍ എത്തിയതിനു പിന്നാലെ ഉയര്‍ന്ന വിവാദങ്ങള്‍ കാര്യങ്ങള്‍ കൂടുതല്‍ ഗൗരവമാക്കിയിരിക്കുന്നു.താരങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയിരുന്നില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രചരാണവേദികളില്‍ സാന്നിധ്യമായിട്ടുണ്ട്. പണ്ട് പ്രേംനസീറിനെ ഇത്തരത്തില്‍ കോണ്‍ഗ്രസ് ഉപയോഗിച്ചിരുന്നു. നസീറിന്റെ മനസില്‍ ചില മോഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആ മനുഷ്യനോട് കാണിക്കാവുന്നതില്‍വച്ച് ഏറ്റവും വലിയ നന്ദികേട് തന്നെ കോണ്‍ഗ്രസ് പാര്‍ട്ടി തിരിച്ചു കാണിച്ചു. ഇടതുപക്ഷമാണ് കൂടുതലായും സിനിമാക്കാരുടെ സേവനം ഉപയോഗിച്ചുപോന്നത്. അതുപക്ഷേ ഹയറിംഗ് ഒന്നുമായിരുന്നില്ല. ഒട്ടുമിക്ക സിനിമാക്കാരും ഇടതുപക്ഷ ചായ്‌വുള്ളവരായിരുന്നു. 2001 ല്‍ ഗണേശന്‍ ആദ്യമായി പത്തനാപുരത്ത് മത്സരിക്കുമ്പോള്‍ പ്രമുഖതാരങ്ങളെയടക്കം അദ്ദേഹം തന്റെ പ്രചരണത്തിനു കൊണ്ടു വന്നു. ഇന്നസെന്റിനുവേണ്ടിയും താരങ്ങള്‍ പ്രചരണത്തിനെത്തി. അതിലൊന്നും ആരും രാഷ്ട്രീയം കണ്ടില്ല. പക്ഷേ 2014 നുശേഷം സ്ഥിതി മാറി.

നിയമസഭ തെരഞ്ഞെടുപ്പില്‍ എട്ടോളം താരങ്ങള്‍ മത്സരിക്കാനുണ്ടാകുമെന്ന് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ തുടക്കം മുതല്‍ കേട്ടിരുന്നു. ഇതില്‍ നാലുപേരാണ് ഇപ്പോള്‍ മത്സരരംഗത്തുള്ളത്. പത്താനപുരത്ത് മൂന്നുപേരും കൊല്ലത്ത് ഒരാളും. ഇതില്‍ പത്തനാപുരമാണ് അക്ഷരാര്‍ത്ഥത്തില്‍ താരപ്പോരാട്ടവേദിയായത്. ഗണേഷ് കുമാര്‍, ജഗദീഷ്, ഭീമന്‍ രഘു എന്നിവരാണ് ഇവിടെ നേര്‍ക്കുനേര്‍ വന്നത്. ഈ മണ്ഡലം തന്നെയാണ് ഒരര്‍ത്ഥത്തില്‍ സിനിമാക്കാരെ തമ്മിലടിപ്പിക്കാന്‍ കാരണമായതും.

താരങ്ങള്‍ പരസ്പരം മത്സരിക്കുന്നയിടങ്ങളില്‍ മറ്റുള്ളവര്‍ നിഷ്പക്ഷത പാലിക്കണമെന്ന അലിഖിത നിയമം സംഘടനയ്ക്കുള്ളിലുണ്ടെന്നും ആ നിയമം തെറ്റിച്ച് മോഹന്‍ലാല്‍ ഗണേശിനുവേണ്ടി വോട്ടഭ്യര്‍ത്ഥിക്കാന്‍ പോയി എന്നതുമാണ് ഇപ്പോഴത്തെ പ്രശ്‌നം. പ്രതിഷേധവുമായി കോണ്‍ഗ്രസുകാരനായ സലിംകുമാര്‍ അമ്മയില്‍ നിന്നു രാജിവച്ചു. ഗണേശിന്റെ എതിര്‍സ്ഥനാര്‍ത്ഥിയായ ജഗദീഷ് വൈകാരികമായി മോഹന്‍ലാലിന്റെ നടപടയില്‍ വിയോജിപ്പ് രേഖപ്പെടുത്തി. എന്നാല്‍ ഭീമന്‍ രഘു ഇവിടെ വ്യത്യസ്തനായി. വില്ലനായി തിളങ്ങിയ ഭീമന്‍ അടുത്തകാലത്തായി സിനിമയില്‍ കോമഡി ചെയ്യാന്‍ പരിശ്രമിക്കുന്നുണ്ടെങ്കിലും സ്ഥാനാര്‍ത്ഥിയായതോടെയാണു ഭീമനിലെ തമാശക്കാരനെ ശരിക്കും ആസ്വദിക്കാന്‍ കഴിയുന്നത്. മോഹന്‍ലാല്‍ അല്ല അമിതാഭ് ബച്ചന്‍ വന്നാലും ഇവിടെ താന്‍ തന്നെ ജയിക്കുമെന്നുള്ള ഭീമന്റെ ഡയലോഗ് ഭീകരകോമഡിയാണ്. ആ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് കൈയടി കൊടുക്കണം.

മോഹന്‍ലാലിന്റെ വരവ് ഗണേശന്റെ ജനസമ്മിതി കൂട്ടുകയോ മറ്റുള്ളവരുടെതു കുറയ്ക്കുകയോ ചെയ്യുമെന്ന് ബുദ്ധിയുള്ളവരാരും നിരീക്ഷിക്കില്ല. സാക്ഷാല്‍ വി എസ് പറഞ്ഞാലും വോട്ട് ആര്‍ക്ക് ചെയ്യണമെന്നത് ജനത്തിന്റെതാണ് തീരുമാനം. അങ്ങനെ വരുമ്പോള്‍ മോഹന്‍ലാലിന്റെ വരവ് സലിം കുമാറും ജഗദീഷുമെല്ലാം കണ്ടത് തികച്ചും രാഷ്ട്രീയ കണ്ണുകൊണ്ടു മാത്രമാണ്. അതുകൊണ്ട് ഇപ്പോള്‍ സലിം പറയുന്ന സംഘടനാതത്വങ്ങളെല്ലാം വെറും ഡയലോഗ് മാത്രമാണ്. ഒരു താരത്തെ തങ്ങളുടെ പ്രചാരകനാക്കുന്നതിലൂടെ ആ താരത്തിനുള്ള ജനസമ്മിതി എന്ന മാധ്യമം ഉപയോഗിക്കുകയാണ് രാഷ്ട്രീയക്കാര്‍ ചെയ്യുന്നത്. താരം വരുമ്പോള്‍ ആളുകൂടും. ഈ മാസിലൂടെ തങ്ങളുടെ വിസിബിളിറ്റി ഉയര്‍ത്തുകയാണ് അവര്‍ ചെയ്യുന്നത്. പത്തനാപുരത്ത് ഗണേശന് അതുപയോഗിക്കാന്‍ പറ്റി. ഇതൊരു സ്ട്രാറ്റജി മാത്രമാണെന്നിരിക്കെ അതിനെതിരെ വിമര്‍ശനം ഉയര്‍ത്തുന്നവര്‍ കാണിക്കുന്നത് അവരുടെ കൊതിക്കെറുവാണ്. സലിം കുമാര്‍ പറയുന്നതുപോലെ ഒരു അലിഖിത നിയമം സംഘടനയില്‍ ഉണ്ടെങ്കില്‍ അത് ഈയടുത്തകാലത്ത് മാത്രം ഉണ്ടാക്കിയതാവണം. മാത്രവുമല്ല അതൊരു ക്വാഷ്വല്‍ ടോക്കുമായിരുന്നിരിക്കണം. കാരണം അമ്മയില്‍ പ്രകടമായ രാഷ്ട്രീയം കടന്നുവന്നത് ലോകസഭ തെരഞ്ഞെടുപ്പിനുശേഷമാണ്. പോരാത്തതിന് അമ്മ ഒരു കേഡര്‍ സംഘടനയല്ല. അവിടെ ജനാധിപത്യമുണ്ടെന്നു പറയുന്നവര്‍ തന്നെ ഇത്തരമൊരു നിയമത്തിന്റ പേരില്‍ വാശിപിടിക്കുന്നത് അപഹാസ്യവുമാണ്.മോഹന്‍ലാലിന്റെ വരവ് വൈകാരികപ്രശ്‌നമായിട്ടല്ല സലീമും ജഗദീഷും എടുത്തതെന്ന് അവരുടെ ആരോപണങ്ങളില്‍ നിന്നും വ്യക്തമാണ്. ഗണേശന്‍ ആനക്കൊമ്പ് കേസില്‍ ലാലിനെ ബ്ലാക് മെയിലിംഗ് ചെയ്താണെന്നുള്ള ആരോപണം ബുദ്ധിയുള്ളവര്‍ക്ക് ദഹിക്കില്ല. ഗണേശന്‍ രാഷ്ട്രീയതന്ത്രങ്ങള്‍ അറിയാവുന്നൊരാളാണ്. അദ്ദേഹത്തിന് ആ മണ്ഡലത്തെ കുറിച്ച് വ്യക്തമായ ബോധമുണ്ട്. അവിടെ മോഹന്‍ലാല്‍ വന്നാലും ഇല്ലെങ്കിലും തന്റെ വിജയത്തിന് അതൊരു തടസമാകില്ലെന്ന് ഗണേശനറിയാം. എന്നാല്‍ അനന്തരഫലങ്ങള്‍ ഉണ്ടാകുമെന്നറിഞ്ഞിട്ടും എന്തിനു ലാലിനെ കൊണ്ടുവന്നു എന്നന്വേഷിച്ചാല്‍ അതാണ് പൊള്ളിറ്റിക്കല്‍ സ്ട്രാറ്റജി. ജഗദീഷ് ഉള്‍പ്പെടെ ഗണേശനെതിരെ ഉന്നയിച്ചത് അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലെ കുഴപ്പങ്ങളായിരുന്നു. രാഷ്ട്രീയമായി ഗണേശനെ നേരിടാന്‍ പറയത്തക്ക പ്രശ്‌നങ്ങളൊന്നും എംഎല്‍എ എന്ന നിലയിലും മന്ത്രിയെന്ന നിലയിലും ഗണേശനില്ല. ജനപ്രതിനിധിയായിട്ടും ഭരണകര്‍ത്താവായിട്ടും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചതും. എന്നാല്‍ സ്വകാര്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ തന്റെ പ്രതിഛായയ്ക്ക് വിഘാതങ്ങള്‍ സംഭവിപ്പിക്കുമോയെന്ന ഭയം ഗണേശനുണ്ടായിരുന്നു. ഈയൊരവസരത്തില്‍ തനിക്ക് കൂടുതല്‍ പേരുടെ പിന്തുണ ഉണ്ടെന്നു കാണിക്കേണ്ട ചുമതല അദ്ദേഹത്തിനു വന്നു. ഇതെത്തുടര്‍ന്നു സിനിമയിലെ തന്റെ സഹപ്രവര്‍ത്തകരുടെ പിന്തുണ അദ്ദേഹം നേടിയെടുക്കുകയായിരുന്നു. മോഹന്‍ലാലിനു പിന്നാലെ ദിലീപും നേരിട്ടെത്തിയില്ലെങ്കിലും നിവിന്‍ പോളിയുമെല്ലാം ഗണേശനെ പിന്തുണയ്ക്കുന്നതിലൂടെ തന്റെ ഉദ്യമം വിജയത്തിലെത്തിക്കാന്‍ ഇടതുസ്ഥാനാര്‍ത്ഥിക്കു കഴിഞ്ഞു. ഈയൊരുഘട്ടത്തില്‍ ഗണേശന്റെ നീക്കത്തെ രാഷ്ട്രീയമായി നേരിട്ടില്ലെങ്കില്‍ അദ്ദേഹത്തിനെതിരെ വോട്ടാക്കാന്‍ ഉപയോഗിച്ച വ്യക്ത്യാരോപണങ്ങള്‍ ഫലം ചെയ്യാതെപോകുമെന്ന് ഉറപ്പാണ്. ഈ വേവലാതി തന്നെയാകണം വലിയൊരു വിവാദമാക്കി മോഹന്‍ലാലിന്റെ വരവിനെ മാറ്റിയെടുക്കാന്‍ കാരണമായത്.

കേരളത്തില്‍ ഏറ്റവും അധികം ആരാധകരുള്ള ഒരു താരമെന്ന നിലയില്‍ മോഹന്‍ലാലിന്റെ സാന്നിധ്യമുണ്ടായ വേദിയില്‍ നിന്നും ഗണേശന് കിട്ടിയ വിസിബിളിറ്റി വളരെ വലുതാണ്. ഈ വിസിബിളിറ്റി തനിക്ക് നഷ്ടമായത് ജഗദീഷിലെ രാഷ്ട്രീയക്കാരനെ ഏറെ അലോസരപ്പെടുത്തിയിട്ടുണ്ട്. സലീം കുമാറിലെ കോണ്‍ഗ്രസുകാരനെയും അതു ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് ലാലിന്റെ പ്രവര്‍ത്തി അമ്മയിലെ രണ്ടംഗങ്ങളെയോ സിനിമാപ്രവര്‍ത്തകരെയോ അല്ല, ജഗദീഷ്, സലീം കുമാര്‍ എന്ന രണ്ടു കോണ്‍ഗ്രസുകാരെയാണ് അസ്വസ്ഥതപ്പെടുത്തിയത്. ലാല്‍ പറഞ്ഞതുപോലെ ഈ വരവ് തികച്ചും സൗഹൃദപരമാണെന്ന് കരുതിയെങ്കില്‍ ഒരു നഷ്ടവും ആര്‍ക്കും സംഭവിക്കാന്‍ പോകുന്നില്ലായിരുന്നു. ലാല്‍ ഇതുവരെ തന്റെ രാഷ്ട്രീയം വ്യക്തമാക്കിയിട്ടില്ല. അതേസമം തന്റെ രാഷ്ട്രീയ ഇംഗിതം വെളിവാക്കിയിട്ടുള്ള പ്രിയദര്‍ശനും അതേ വേദിയില്‍ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിനെതിരെ സംഘികള്‍പോലും ശബ്ദിച്ചിട്ടില്ല എന്നും നോക്കി കാണണം. ഇവിടെ ലാല്‍ എന്ന താരം തന്നെയാണ് പ്രശ്‌നമായത്.

ഈക്കൂട്ടത്തില്‍ പറയേണ്ട മറ്റു ചിലകാര്യങ്ങളുണ്ട്. സലീം കുമാറിന് ഇപ്പോള്‍ തോന്നുന്ന ധാര്‍മികച്യുതി അമ്മ നേരത്തെ പലസമയത്തും പ്രകടമാക്കിയപ്പോള്‍ തോന്നിയിരുന്നില്ല. അമ്മ എന്ന സംഘടനയുടെ മേല്‍ നിന്നും ഒരിക്കലും മാഞ്ഞുപോകാത്ത പാപക്കറയാണ് തിലകനോട് പുലര്‍ത്തിയ വിരോധം. സലീംകുമാര്‍ ഒരിക്കല്‍ പോലും അതിലെ അധാര്‍മികതയെ കുറിച്ച് വികാരം കൊണ്ടിട്ടില്ല. ജഗദീഷും പറഞ്ഞിട്ടില്ല. സ്വന്തം സംഘടനയ്ക്കുള്ളിലെ പുഴുക്കുത്തുകളോട് കലഹിക്കാതിരുന്നവര്‍ ഇപ്പോള്‍ മൂല്യവും ധാര്‍മികതയും പറയുന്നതില്‍ പൊരുത്തക്കേടുണ്ട്. അതുകൊണ്ട് തന്നെ സലീംകുമാറിന്റെ രാജി തികച്ചും രാഷ്ട്രീയമായി തന്നെ കാണണം. ജഗദീഷിന്റെ വികാരവും.


Next Story

Related Stories