യുഡിഎഫിനും ബിജെപിക്കും സുവര്‍ണ്ണാവസരം, ഭരണത്തുടര്‍ച്ച സ്വപ്നം കാണുന്ന എല്‍ഡിഎഫിന് മേല്‍ അശനിപാതം; ചരിത്രം ആവര്‍ത്തിക്കുന്നോ?

By - കെ എ ആന്റണി
Update: 2020-07-07 07:48 GMT

ഒട്ടും നിനച്ചിരിക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസിനെ സംശയത്തിന്റെ നിഴലിൽ നിറുത്താൻ പോന്ന ഒരു വിഷയം പ്രതിപക്ഷത്തിന് വീണുകിട്ടിയിരിക്കുന്നു. വിഷയം ഒട്ടും നിസ്സാരമല്ല. സംഗതി ദുബായിൽ നിന്നും തിരുവനന്തപുരത്തെ യു എ ഇ കോൺസുലേറ്റിലേക്കെന്ന പേരിൽ വന്ന ഡിപ്ലോമാറ്റിക് ബാഗേജിൽ നിന്നും 30 കിലോ സ്വർണം കസ്റ്റംസ് പിടികൂടി എന്നതാണെങ്കിലും കേവലം ഒരു കള്ളക്കടത്തു കേസിൽ ഒതുങ്ങുന്നതോ ഒതുക്കാവുന്നതോ അല്ല ഈ വിഷയം. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളാക്കാൻ പോന്ന ഒന്ന് എന്നതിനപ്പുറം ഒരു രാജ്യദ്രോഹ കുറ്റം എന്ന നിലയിലേക്ക് കൂടി കാര്യങ്ങൾ വളർന്നിരിക്കുന്നു. കേസിലെ പ്രതികളിൽ ഒരാൾ മുഖ്യമന്ത്രി പിണറായി വിജയന്റെ തന്നെ കീഴിലുള്ള ഐ ടി വകുപ്പിന്റെ സ്‌പേസ് പാർക് ഓപ്പറേഷണൽ മാനേജർ ആയ ഒരു വനിതയാണെന്നത് ഉടനെ തന്നെ തദ്ദേശ തിരഞ്ഞെടുപ്പും തൊട്ടു പിന്നാലെ തന്നെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കേണ്ട കേരളത്തിൽ പ്രതിപക്ഷത്തിന്റെ ജോലി കൂടുതൽ എളുപ്പമാക്കുന്നു. കേസിന്റെ അന്താരാഷ്ട്ര ബന്ധവും ദേശ വിരുദ്ധ സ്വഭാവവും പരിഗണിക്കുമ്പോൾ ഒരു പക്ഷെ കോൺഗ്രസ് നയിക്കുന്ന യു ഡി എഫിനേക്കാൾ കേന്ദ്രം ഭരിക്കുന്ന ബി ജെ പി ക്കു കേരളത്തിൽ പ്രതീക്ഷക്കു വക നൽകുന്ന ഒന്നായി ഈ വിഷയം പരിണമിച്ചിരിക്കുന്നു എന്നും വേണമെങ്കിൽ കരുതാവുന്നതാണ്. അതോടൊപ്പം തന്നെ ലോകമെമ്പാടും വിനാശം വിതച്ചുകൊണ്ടിരിക്കുന്ന കോവിഡ്-19 എന്ന മഹാമാരിക്കെതിരെ മികച്ച പ്രതിരോധം തീരത്തിന്റെ പേരിൽ പ്രതിച്ഛായ മിനുക്കി നിൽക്കുന്ന, അതിന്റെ പേരിൽ തുടർഭരണം സ്വപ്നം കാണുന്ന ഇടതു മുന്നണിക്കും സർക്കാരിനും മേൽ തികച്ചും അപ്രതീക്ഷിതമായി പെയ്തിറങ്ങിയ ഒരു അശനിപാതമായും ഇതിനെ വിശേഷിപ്പിക്കാം. സ്വർണ കള്ളക്കടത്തിന് പിന്നിലെ സൂത്രധാരകരിൽ ഒരാളായ സരിത്തിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ അയാളുടെ കൂട്ടാളി സ്വപ്ന സുരേഷ് ഒളിവിലാണ്. സരിത് യു എ ഇ കോൺസുലേറ്റിൽ നേരത്തെ പി ആർ ഓ ആയിരുന്നു. സ്വപ്നയും കുറച്ചുകാലം കോൺസുലേറ്റിൽ ജോലി നോക്കിയിരുന്നു. പക്ഷെ പ്രശ്നം അതല്ല, ഇപ്പറയുന്ന സ്വപ്ന നിലവിൽ ജോലി ചെയ്തിരുന്നത് മുഖ്യമന്ത്രിയുടെ തന്നെ ചുമതലയിലുള്ള ഐ ടി വകുപ്പിന്റെ സ്‌പേസ് പാർക് ഓപ്പറേഷനൽ മാനേജർ ആയിട്ടായിരുന്നു എന്നതാണ്. പ്രൈസ് വാട്ടർ കൂപ്പേഴ്‌സ് വഴിയാണത്രെ അവർ ആ തസ്തികയിൽ എത്തിപ്പെട്ടത്. ഡാറ്റ ശേഖരണത്തിന്റെ പേരിൽ വിവാദത്തിലായ സ്പ്രിംഗ്ളറിനു പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിടാതെ പിടികൂടിയിട്ടുള്ള സ്ഥാപനമാണ് ഇപ്പറഞ്ഞ പ്രൈസ് വാട്ടർ കൂപ്പേഴ്‌സ് എന്നതും ഈ കോവിഡ് കാലത്തു പിണറായി സർക്കാരിനെതിരെ ഉയർന്നു വന്ന എല്ലാ വിവാദങ്ങളുടെയും കേന്ദ്ര ബിന്ദു ഐ ടി വകുപ്പാണെന്നതും കാര്യങ്ങളുടെ ഗൗരവം വർധിപ്പിക്കുന്നു. സ്വപ്നയുടെ നിയമനം താൻ അറിഞ്ഞു കൊണ്ട് നടന്ന ഒന്നല്ലെന്ന് മുഖ്യമന്ത്രി പറയുമ്പോഴും ഐ ടി സെക്രട്ടറി എം ശിവശങ്കറിന്‌ അത്ര എളുപ്പത്തിൽ കൈകഴുകുവാൻ കഴിയുന്ന ഒന്നല്ല പുതിയ വിവാദം.പ്രത്യേകിച്ചും ടിയാൻ സ്വപ്നയുടെ ഫ്ളാറ്റിലെ പതിവുകാരൻ കൂടിയായിരുന്നു എന്ന തരത്തിലുള്ള വാർത്തകൾ കൂടി പുറത്തുവരുന്ന സാഹചര്യത്തിൽ. ഐ ടി സെക്രട്ടറി എന്നതിലുപരി മുഖ്യമന്ത്രിയുടെ സെക്രട്ടറി കൂടിയാണ് ശിവശങ്കരൻ എന്നുവരുമ്പോൾ ദേശ വിരുദ്ധ പ്രവർത്തനം എന്ന തലത്തിലേക്ക് എത്തിനിൽക്കുന്ന ഈ കേസ് മുഖ്യമന്ത്രിക്ക് ഉണ്ടാക്കിയേക്കാവുന്ന തലവേദനയുടെ തീവ്രത എത്രകണ്ട് വലുതായിരിക്കുമെന്നു ഊഹിക്കാവുന്നതേയുള്ളു. (ഇതെഴുതിക്കൊണ്ടിരിക്കുന്ന വേളയിൽ പുറത്തുവന്ന ബ്രേക്കിംഗ് ന്യൂസ് മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നും ശിവശങ്കറിനെ നീക്കിയെന്നതാണ്. പക്ഷെ ഐ ടി വകുപ്പ് ആരോപണത്തിന്റെ നിഴലിൽ നിൽക്കുമ്പോൾ ആ വകുപ്പിന്റെ തലപ്പത്തു ആരോപണ വിധേയൻ തുടരുന്നത് കൂടുതൽ ആക്ഷേപത്തിന് വഴി ഒരുക്കുകയെ ഉള്ളു)

സ്വര്‍ണ്ണക്കടത്തില്‍ സംശയിക്കുന്ന മുഖ്യ പ്രതിയായ സ്ത്രീയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നതോടെ പൊതുവില്‍ ഉയരുന്ന ചര്‍ച്ച ചരിത്രം ആവര്‍ത്തിക്കുകയാണ് എന്നതാണ്. ചരിത്രം ഒരിക്കലും അതേപടി ആവർത്തിക്കാറില്ലെങ്കിലും സമാനതകൾ പലപ്പോഴും ഉണ്ടായിട്ടുണ്ട്, പ്രത്യേകിച്ചും ഭരിക്കുന്നവർക്കു പാരയായി മാറുന്ന നിരവധി സംഭവങ്ങൾ. നമ്മുടെ കൊച്ചു കേരളത്തിലും ഉദാഹരണങ്ങൾ നിരവധിയാണ്. 1964 ലെ പീച്ചി വിവാദവും ഐ എസ് ആര്‍ ഒ ചാരക്കേസും മുതല്‍ ഇക്കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന് പാരയായി മാറിയ സോളാർ വിവാദം വരെ. അതിനിടയിൽ 1996 ൽ സൂര്യനെല്ലി കേസും 2004 ൽ കോഴിക്കോട് ഐസ്ക്രീം പാർലർ കേസും. അന്നൊക്കെ പ്രതിസ്ഥാനത്തു കോൺഗ്രസ്സിലെയും മുസ്ലിം ലീഗിലെയുമൊക്കെ നേതാക്കൾ ഉണ്ടായിരുന്നവെന്നതിനാൽ തൊട്ടുപിന്നാലെ നടന്ന തിരഞ്ഞെടുപ്പുകളിൽ യു ഡി എഫിന് ഉണ്ടായ തിരിച്ചടി ചെറുതൊന്നുമായിരുന്നില്ല . ഇതൊക്കെ ഇവിടെ ഇപ്പോൾ പറയേണ്ടിവരുന്നത് ഏഷ്യാനെറ്റ് - സീ ഫോർ സർവ്വേ പിണറായി വിജയൻ സർക്കാറിന് തുടർഭരണ സാധ്യത പ്രവചിച്ചതിനു തൊട്ടു പിന്നാലെ തന്നെയായാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലിൽ ആയത് എന്നതുകൊണ്ട് കൂടിയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് ഇനിയും സമയം ഉണ്ടെന്നും മികച്ച ഭരണാധികാരി എന്ന് ഇതിനകം തന്നെ തെളിയിച്ചുകഴിഞ്ഞ ആളാണ് പിണറായി എന്നത് കൊണ്ട് മാത്രം ഇപ്പോൾ ഉയർന്നിട്ടുള്ള ആരോപണങ്ങളെ എളുപ്പത്തിൽ മറികടക്കാൻ കഴിയുമോ എന്ന ചോദ്യത്തിനാണ് കേരളം മറുപടി തേടുന്നത്.

Similar News